എഴുത്തിലെ തിരുത്ത്, തിരുത്തിലെ തുടിപ്പ്
വായനക്കാർക്ക് ആസ്വദിക്കാൻ സാധിക്കണമെന്ന നിർബന്ധബുദ്ധിയോടെയാണ് എഴുതാൻ തുടങ്ങുന്നത്. കുറിപ്പുകൾ തയ്യാറായാൽ ആലോചനയുടെ ഭണ്ടാരവും തുറക്കുന്നു. എഴുത്ത് നന്നായോ? എവിടെയാണ് പിഴവ് പറ്റിയത്? എല്ലാ കാര്യങ്ങളും വിശദീകരിച്ചോ? ചോദ്യങ്ങളുടെ പെരുമഴ അവസാനിക്കാതെ പെയ്യുന്നു. ഉള്ളിൽ ഒരു കുഴി കുഴിച്ചിട്ട് ജീവിതപ്പാച്ചിലിനിടയിൽ എപ്പോഴെങ്കിലും ഉത്തരം തേടാമെന്ന് കരുതുന്നു. എഴുതാനെടുത്ത പല വിഷയങ്ങളോടും നീതിപുലർത്താൻ സാധിക്കാത്തതിന്റെ വ്യസനം നമ്മളെ കൊളുത്തിവലിക്കും. ചില കുറിപ്പുകൾ പിന്നെയും ഉടച്ചുവാർക്കാൻ തുടങ്ങും. ചിലപ്പോഴൊക്കെ എത്ര എഴുതിയാലും ശരിയാകുന്നില്ലെന്ന് മനസ്സ് പറയും.നമ്മൾ നിരാശ വെടിഞ്ഞു ക്ഷമയോടെ നിലകൊള്ളുന്നതാണ് നല്ലെഴുത്തിലേക്ക് നയിക്കുന്നത്. എണ്ണമില്ലാത്തത്ര നേരം രാകിമിനുക്കിയാലാണ് ഒരു കുറിപ്പിന് വായനാക്ഷമത ലഭിക്കുക. പലകുറി പലവരി വെട്ടിത്തിരുത്തി പലയാവർത്തി വായിച്ചു അവയ്ക്ക് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ നല്ലത്. അത് ചെയ്യാൻ നമുക്ക് നമ്മൾ തന്നെയാണ് ഉള്ളത്. എഴുത്തുകാരുടെ ഏകാന്തത വളരെയേറെ എഴുതപ്പെട്ട വിഷയങ്ങളിൽ ഒന്നാണല്ലോ....