വിഷ്ണു
ഇത് വായിക്കാൻ വിഷ്ണു എന്ന 10 വയസ്സുകാരൻ ഇന്ന് ജീവിച്ചിരിപ്പില്ല. 2003ൽ കാൻസർ രോഗത്തോട് മല്ലിട്ട് അവൻ ഈ ലോകം വിട്ടു പോയപ്പോൾ പൊന്നുമോനെ എന്ന് വിളിച്ച് അലറിക്കരഞ്ഞ അവന്റെ അമ്മയുടെ മുഖം 16 വര്ഷത്തിനിപ്പുറവും മനസ്സിൽ ഒരു മുറിവായി അവശേഷിക്കുന്നു. ശ്രീവിദ്യാപീഠം സ്‌കൂളിൽ പഠിക്കുമ്പോൾ ആണ് വിഷ്ണുവിനെ പരിചയപ്പെടുന്നത്. നല്ല വെളുത്ത, എപ്പോഴും ചിരിക്കുന്ന, കുറി തൊട്ടു വരുന്ന വിഷ്ണുവിനെ ശ്രദ്ധിക്കുന്നത് സ്‌കൂൾ ബസ്സിലെ യാത്രയിലാണ്. വിഷ്ണുവിന്റെ ചേച്ചിമാർ ഗോപിക, അനഘ പഠിച്ചിരുന്നത് ഇതേ സ്‌കൂളിൽ തന്നെയായിരുന്നു. ദിവസവും സ്‌കൂളിൽ വന്നിരുന്ന വിഷ്ണുവിനെ കുറച്ചു ദിവസം കാണാതെയായപ്പോൾ ഞങ്ങൾ കാരണം തിരക്കി. അപ്പോഴാണ് അവന്റെ രോഗവിവരം അറിയുന്നത്. കൂടുതൽ ചോദിച്ചു അവന്റെ പെങ്ങൾമാരെ വിഷമിപ്പിക്കണ്ട എന്നു കരുതി അന്നൊന്നും സംസാരിച്ചതുമില്ല. വിഷ്ണുവിന്റെ സഹോദരിമാർ തൊട്ടടുത്ത വർഷം പുതിയ ഏതോ സ്‌കൂളിൽ ചേർന്നു. അവരെ പിന്നീട് കണ്ടിട്ടില്ല. വിഷ്ണുവിനെക്കുറിച്ച് എഴുതണം എന്ന് അനിയത്തി ഒരിക്കൽ പറഞ്ഞിരുന്നു. വിഷ്ണുവിനെ ഇപ്പോൾ ഓർക്കാൻ കാരണം കഴിഞ്ഞ ദിവസം കണ്ട 'കുഞ്ഞുദൈവം' എന്ന സിനിമയാണ്. അതിൽ പ്രധാന വേഷം ചെയ്ത കുട്ടിക്...