എഴുത്ത് എന്ന അനുഭവം

അതാത് കാലങ്ങളെ, സംഭവങ്ങളെ അടയാളപ്പെടുത്തുന്ന കുറിപ്പുകള്‍ ഇവിടെ അധികം വന്നിട്ടില്ല എന്നു വേണം പറയാന്‍. എല്ലാ വിഷയത്തിലും പ്രതികരണം രേഖപ്പെടുത്തണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അതു മാത്രമല്ല, ഒരു കാര്യത്തെ ആളുകളില്‍ സംവേദിപ്പിക്കാന്‍ ലഭ്യമായ അനേകം മാധ്യമങ്ങളില്‍ ഒന്ന് മാത്രമാണല്ലോ എഴുത്ത്. പക്ഷെ, ഒന്നുറപ്പാണ്... എഴുത്തിലൂടെ നമ്മുടെ ഉള്ളിലെ ആശയം ഒരുപാട് ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കും.

പ്രതികരിക്കാന്‍ എഴുത്തല്ലാതെ മറ്റെന്താണ് ചെയ്യാനാകുക? ഉത്തരം ഓരോരുത്തര്‍ക്കും തന്നെത്താനെ കണ്ടെത്താവുന്നതാണ്. ചിലര്‍ക്ക് കലയിലൂടെ, ചിലര്‍ക്ക് സംസാരിച്ച് , പിന്നെ ചിലര്‍ക്ക്  സ്വതസിദ്ധമായ നിസംഗതയിലൂടെ...പ്രതികരിക്കണം എന്ന് ആത്മാര്‍ഥമായി കരുതുന്നവര്‍ തന്നെ എത്ര പേരുണ്ടാവും? എല്ലാവരും ഇടപെടുന്നു, പിന്നെ ഞാന്‍ എന്തിന് മാറിനില്‍ക്കണം എന്ന് കരുതി ഇടപെടുന്നത് ആർക്ക് ഗുണം ചെയ്യും എന്ന് ആലോചിച്ചിട്ടുണ്ടോ?
എഴുതി ഒരാളെ പൂര്‍ണ്ണമായി മാറ്റാന്‍ കഴിയും എന്ന വ്യാമോഹം പണ്ടേയില്ല. നമുക്ക് മനസ്സിൽ തോന്നുന്ന ചില കാര്യങ്ങള്‍ ഒരാളെ അറിയിക്കാനും, അയാളുടെ പ്രതികരണം അറിയാനുമുള്ള മാധ്യമമാണ് എനിക്ക് എഴുത്ത്. വായിക്കാന്‍ പോകുന്നയാള്‍ എന്ത് ചിന്തിക്കുന്നു എന്ന് മനസ്സില്‍ കണ്ട് എഴുതിയാല്‍, പല ആശയങ്ങളും ഇടയ്ക്ക് വെച്ച് മുറിഞ്ഞു പോകും. ഇത് എല്ലാവരുടെ കാര്യത്തിലും ശരിയാണോ എന്ന് അറിയില്ല.
ആത്മാവിഷ്കാരത്തിന്‍റെ സ്ഫുടം ചെയ്ത രൂപമാണ് എനിക്ക് എഴുത്ത്. പറയാന്‍ കഴിയാതെ പോകുന്ന, പറയാന്‍ വൈകിയ, പറഞ്ഞാല്‍ തീരാത്ത കുറെ കാര്യങ്ങള്‍...അവ എഴുതിവയ്ക്കണം എന്ന് എപ്പോഴോ തോന്നുന്നു. പിന്നെ എഴുതിത്തീരുന്നത് വരെ ചിന്ത മറ്റൊന്നിലും പോകില്ല. അങ്ങനെ ഇരുന്ന് എഴുതിയവയാണ് ഇവിടെ നിങ്ങള്‍ക്ക് മുന്‍പില്‍ ബ്ലോഗ്‌രൂപത്തില്‍ അവതരിപ്പിക്കുന്നത്.

എഴുതുക എന്ന പ്രവൃത്തി ഏറെ ആസ്വാദ്യകരമായും, ശ്രമകരമായും തോന്നിയിട്ടുണ്ട്. അനുഭവങ്ങള്‍ കലര്‍ന്ന കുറിപ്പുകള്‍ ആയാസരഹിതമായി എഴുതിത്തീര്‍ക്കാന്‍ പറ്റുന്നുണ്ട്. വിശകലനങ്ങള്‍, ലേഖനങ്ങള്‍ ഇവ പിന്നീട് വായിക്കുമ്പോള്‍ ഒരുപാട് കുറവുകള്‍ അനുഭവപ്പെടാറുണ്ട്. ഒരു പക്ഷെ, മതിയായ ഗൃഹപാഠം ചെയ്യാത്തത് കൊണ്ടാകും ഇങ്ങനെ സംഭവിക്കുന്നത്.

മനസ്സ് ശാന്തമാകുമ്പോഴും, അല്‍പ്പം ഭ്രാന്തമായ അവസ്ഥയില്‍ ഉള്ളപ്പോഴും, എഴുത്ത് നല്ല രീതിയില്‍ പുറത്തുവരും. അങ്ങനെ എഴുതുമ്പോള്‍ നമ്മളെക്കൊണ്ട് ആരോ എഴുതിക്കുന്നതായി അനുഭവപ്പെടും. അതാരെന്ന് ചോദിച്ചാല്‍ നമ്മെ നാമാക്കിയ എല്ലാ ഘടകങ്ങളും ഉള്‍പ്പെടുന്ന എന്തോ ഒന്ന് എന്ന് പറയുകയേ നിവൃത്തിയുള്ളൂ. ഇപ്പോള്‍ തന്നെ ഈ കുറിപ്പിന്‍റെ ഘടന നോക്കൂ. എവിടെയോ തുടങ്ങി എങ്ങോ ചെന്ന് നില്‍ക്കുന്നതായി അനുഭവപ്പെടുന്നില്ലേ?

ഭാഷയെ നല്ലപോലെ സ്നേഹിക്കുന്ന ഒരാള്‍ക്ക് അതിനോടുള്ള ആദരം വാക്കാല്‍ രേഖപ്പെടുത്തുന്നതിനുള്ള അവസരമാണ് എഴുത്ത്. മറന്നു പോയ പ്രയോഗങ്ങള്‍/ വാക്കുകള്‍ വീണ്ടെടുക്കാന്‍, ഭാഷാപ്രാവീണ്യം കൈവരിക്കാന്‍, അങ്ങനെ നിരവധി കാരണങ്ങള്‍ നിങ്ങള്‍ക്ക് തന്നെ കണ്ടെത്താനാവും.
എഴുതാന്‍ ഇഷ്ടപ്പെടുന്നവരോട് ഒരു കാര്യം പറഞ്ഞുകൊണ്ട് നിര്‍ത്തട്ടെ. ഉള്ളിലെ താല്പര്യത്തെ അവിടെ കുഴിച്ചിടാതെ പുറത്തുവിടുക.
'എഴുതിത്തെളിയുക' എന്നൊരു പ്രയോഗം തന്നെയുണ്ട്.  എഴുത്ത് മെച്ചപ്പെടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വീണ്ടും എഴുതുക എന്നതാണ് എന്ന് അര്‍ദ്ധമാക്കുന്നു. അതു കൊണ്ട്, മടിച്ചിരിക്കാതെ എഴുതിത്തുടങ്ങുക.





Comments