ഹൈദരാബാദ് ഡയറീസ്: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി







ഒഴിവ് ദിവസം ആനന്ദകരമാക്കാൻ അഫ്സൽഗഞ്ചിലുള്ള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലേക്ക് യാത്ര തിരിച്ചു. 2/3 കൊല്ലത്തിനു ശേഷമുള്ള ലൈബ്രറി സന്ദർശനമാണ്! 151 രൂപ കൊടുത്ത് ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്തു. മലയാള പുസ്തകങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് നിരാശയോടെ മറുപടി കേട്ടു. തുടർന്ന് ടോൾസ്റ്റോയി കഥകൾ, ഷെർലക് ഹോംസ് പുസ്തകം എന്നിവ തപ്പിയെടുത്ത് ലൈബ്രറിയന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം പുസ്തകങ്ങൾ മറിച്ചൊന്ന് നോക്കി.
"നിങ്ങള് എടുത്തിരിക്കുന്ന മെമ്പർഷിപ്പ് 151 രൂപയുടെയാണ്. ആ തുകയിൽ നിൽക്കുന്ന പുസ്തകങ്ങൾ മാത്രമേ വീട്ടിൽ കൊണ്ടുപോവാൻ സമ്മതിക്കൂ. അല്ലെങ്കിൽ, പുസ്തകത്തിന് തുല്യമായ തുക ഡിപ്പോസിറ്റ് നൽകണം."
കയ്യിലിരുന്ന പുസ്തകങ്ങൾ എന്നെ നോക്കി കൊഞ്ഞനം കാട്ടുന്നതായും, മുകളിൽ ഇരുന്ന പ്രാവുകൾ ഇവൻ ആരെടാ എന്ന ഭാവത്തിൽ ചെരിഞ്ഞു നോക്കുന്നത് പോലെയും അനുഭവപ്പെട്ടു. പിന്നെ, തല താഴ്ത്തി പുസ്തകങ്ങൾ വെച്ചിരിക്കുന്ന ഷെൽഫ് ലക്ഷ്യമാക്കി വീണ്ടും നടന്നു. 60 രൂപ വിലയുള്ള ഒരു പുസ്തകം എടുത്തു.
"ഇത്ര ദൂരം യാത്ര ചെയ്തത് വന്നതല്ലേ. ഒരു പുസ്തകം കൂടെ എടുക്കൂ."
വില നോക്കി പുസ്തകം തിരഞ്ഞെടുക്കാൻ അറിയില്ല സാർ എന്ന് പറഞ്ഞാൽ കൊള്ളാമെന്ന് തോന്നി.
"ഇത് പുതിയ റൂൾ വല്ലതുമാണോ? കേരളത്തിൽ (തെറ്റാണെങ്കിൽ തിരുത്തണം) ഇങ്ങനെയൊരു സംഭവം ഉള്ളതായി കേട്ടിട്ടില്ല സാർ. "
"ഇവിടെ പണ്ട് മുതൽ ഇങ്ങനെയാണ്. പിന്നെ വായിക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് ഇവിടെ ഇരുന്ന് വായിക്കാമല്ലോ."
"പുസ്തകങ്ങൾ ഓൺലൈനിൽ നോക്കിയാൽ കിട്ടുമോ?"
"ഇവിടെ ഒന്നും ഡിജിറ്റലൈസ് ചെയ്തിട്ടില്ല സാർ. സാറിന് വേണ്ട ബുക്കുകൾ ഇവിടെ വന്ന് തന്നെ തിരഞ്ഞെടുക്കണം." വീണ്ടും നിരാശ.
നിസാം കാലത്തെ ഓർമിപ്പിക്കുന്ന പുരാതനമായ ലൈബ്രറി. അകത്തു കയറുമ്പോൾ, ഒരു കൊട്ടാരത്തിൽ ആണെന്ന് തോന്നിപ്പോകും. പക്ഷേ, അക്കാദമിക പുസ്തകങ്ങൾ മാത്രമാണ് പുതിയവ എന്ന് പറയാനായി ഉള്ളത്. മറ്റെല്ലാം ഒരു നൂറ്റാണ്ട് എങ്കിലും പിറകിലാണ്.
"തമിഴ്, കന്നഡ, മറാത്തി ബുക്കുകൾ ഉണ്ടല്ലോ. പിന്നെന്താ മലയാളം ഇല്ലാതെ പോയത്?"
"അത് സാർ, മറ്റു മൂന്ന് ഭാഷകളും ഇവിടെ പഠിക്കാനുണ്ടല്ലോ. അതാ അങ്ങനെ."
"ഓഹോ, അങ്ങനെ! എന്ന് തിരിച്ചു നൽകണം സാർ?"
"15 ദിവസം വരെ കയ്യിൽ സൂക്ഷിക്കാം."
ലൈബ്രറിയനോട് യാത്ര പറഞ്ഞ് കൂടുതൽ നഗരക്കാഴ്‌ചകൾ കാണാൻ കോട്ടിയിലേക്ക് പുറപ്പെട്ടു.

NB: ഫേസ്‌ബുക്കിൽ കുറിച്ചത്. 

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ