ഒറ്റയ്ക്ക്
ഒരിക്കൽ പരിചിതരായവർ, ഒരുമിച്ചു നടന്നവർ, ഒന്നിച്ചു കിനാവ് കണ്ടവർ
പിന്നീടെപ്പോഴോ വല്ലാതെ അകന്നുപോകുന്നു. അവർക്കിടയിലെ അടുപ്പം അകൽച്ചയായി പരിണമിക്കുന്നു. അവരുടെ ജീവിതത്തിൽ പുതിയ കൂട്ടുകെട്ടുകൾ ഉടലെടുക്കുന്നു. അവരുടെ പ്രിയഓർമ്മകൾ സാധാരണ സംഭവങ്ങളായി ചുരുങ്ങുന്നു. അവരുടെ ഇടപെടലുകൾ വല്ലാതെ വിരസമാവുന്നു. അവർ പങ്കിടുന്ന നിമിഷങ്ങൾ യാന്ത്രികമായി കടന്നുപോവുന്നു.
ഒറ്റപ്പെട്ടുനിൽക്കുന്നയാളുടെ മനോവിചാരങ്ങൾ കൂട്ടത്തിൽ നിൽക്കുന്നയാളുകൾക്ക് തിരിച്ചറിയാൻ കഴിയുന്നതിലും സങ്കീർണ്ണമാണ്.
ജീവിതത്തിൽ നമ്മൾ തനിച്ചാണെന്ന യാഥാർഥ്യം ചിലരെയൊക്കെ ഭ്രാന്ത് പിടിപ്പിക്കും. തന്റെയൊപ്പം അത്രയും നാൾ ഉണ്ടായിരുന്നവർക്ക് തന്നെ വേണ്ടാതായി എന്ന തോന്നൽ അവരെ അസ്വസ്‌ഥമാക്കുന്നു.
ഒറ്റയ്ക്ക് നിൽക്കുമ്പോൾ നേരിടുന്ന വലിയ പോരായ്മ എന്താണ്? ചുറ്റുമുള്ളതെല്ലാം മാറുമ്പോഴും നമ്മൾ ഒന്നുമറിയാതെ ഒരു കോണിൽ ചുരുണ്ടുകൂടുന്നു. മാറ്റത്തിന്റെ വെയിലേൽക്കാതെ ഒരു തണലിടത്ത് തനിച്ചിരിക്കുന്നു. അസ്വസ്‌ഥമാക്കുന്ന ആലോചനകൾ നമ്മെ വലിച്ചുമുറുക്കുന്നു.
കാലത്തിന്റെ അനിവാര്യമായ ചില മാറ്റങ്ങൾ നമ്മൾ തിരിച്ചറിയാതെ പോയാൽ സമൂഹത്തിൽ ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഒരാളായി മാറും. അത്തരം ഒറ്റപ്പെടലുകൾ മനസ്സിനെ വീർപ്പുമുട്ടിച്ചുകൊണ്ടേയിരിക്കും.
ഒറ്റപ്പെടലിൽ നിന്ന് പുറത്തുവരാനുള്ള ചെറിയൊരു ഒറ്റമൂലിയാണ് വായന! വായിക്കുമ്പോൾ മനസ്സ് കുറേക്കൂടെ അയഞ്ഞുതുടങ്ങും.
നമ്മുടെ വിഷമങ്ങൾ ഒരിടത്ത് ഇറക്കിവെച്ച പ്രതീതി ലഭിക്കും. വായിച്ച കഥാപാത്രങ്ങളിൽ നമ്മൾ നമ്മുടെ ജീവിതം വരച്ചിടും. ഒരു നല്ല സുഹൃത്തിനോട് മനസ്സ് തുറക്കുന്നത്ര ആശ്വാസം പകരാൻ ചില പുസ്തകങ്ങൾ വായിക്കുന്നത് നല്ലതാണ്.
വായന പോലെ ഗുണകരമാണ് യാത്രകൾ. വലിയ ദൂരങ്ങൾ താണ്ടിയില്ലെങ്കിലും ചെറിയ ഇടങ്ങളിൽ ഇടയ്ക്ക് സഞ്ചരിക്കുന്നത് മനസ്സിനെ അൽപ്പമൊന്ന് അയച്ചുനിർത്താൻ ഗുണകരമാണ്. നമ്മൾ ചോദിച്ചു വലഞ്ഞ പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ ഉയർന്നുവരുന്നതായി യാത്രാവേളയിൽ നമുക്ക് അനുഭവപ്പെടാം.
ഏത് പ്രായത്തിലും, ഏത് ജീവിതാവസ്ഥയിലും നമ്മളെ കുരുക്കാവുന്ന ഒരു കെണിയാണ് ഒറ്റപ്പെടൽ. ഒറ്റയ്ക്ക് നിൽക്കുമ്പോൾ നമ്മൾ ചെയ്യുന്നതാണ് ഏറ്റവും ശരി എന്ന തോന്നൽ നമ്മളെ വരിഞ്ഞുമുറുക്കുന്നു. പക്ഷെ, ജീവിതത്തിൽ വിജയിക്കാൻ നമുക്ക് വേണ്ടത് കൂട്ടുകെട്ടിന്റെ കരുത്തും, ഒറ്റയ്ക്ക് നിന്നതിന്റെ ജീവിതപാഠങ്ങളുമാണ്. എല്ലാ അനുഭവങ്ങളും അനുഭവങ്ങൾ മാത്രമായി നിർത്തിയാൽ ജീവിതം ലളിതസുന്ദരമനോഹരമായി തുടരും. തീർച്ച!
Comments
Post a Comment