പത്മരാജൻ: എന്തൊരു എഴുത്താണിത്!

ലളിതസുന്ദരമായ പദങ്ങൾ. എന്തൊരു എഴുത്താണിത് എന്ന് തോന്നിപ്പിക്കുമാറ് പുലർത്തുന്ന രചനാവൈഭവം, സാധാരണക്കാരുടെ തീർത്തും അസാധാരണമായ ജീവിതപ്രശ്നങ്ങൾ വിളിച്ചുപറയുന്ന സിനിമകൾ  - ഇതൊക്കെയാണ് എനിക്ക് പത്മരാജൻ എന്ന മലയാളികളുടെ പപ്പേട്ടൻ! എഴുത്തിലെ ആഴവും അനായാസമെന്ന് വിചാരിക്കാവുന്ന ചിന്തോന്മുഖമായ കഥാസന്ദർഭങ്ങൾ മെനയുന്നതിലെ  പാടവവും എന്നെ പത്മരാജൻ രചനകളിലേക്ക് ഹതാകർഷിച്ചു.

പത്മരാജന്റെ സാഹിത്യകൃതികൾ അധികമൊന്നും വായിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും വായിച്ചവയെല്ലാം മനസ്സിൽ ഫോട്ടോആൽബം പോലെ പതിഞ്ഞവയാണ്. ലോലയും ഉദക്കപ്പോളയിലെ ചില ഭാഗവും കഥാസമാഹാരങ്ങളും വായിച്ചിട്ടുണ്ട്. 'നക്ഷത്രങ്ങളേ കാവൽ' എന്ന നോവലാണ് ഇനി വായിക്കാനുള്ളത്. പി കെ മെമ്മോറിയൽ വായനശാലയിൽ ഇനി  തിരയാൻ പോവുന്നത് ആ നോവൽ തന്നെയായിരിക്കും. 

പത്മരാജൻ സിനിമകൾ വ്യത്യസ്തമാണ്. 
അദ്ദേഹം കഥകൾ മെനഞ്ഞെടുക്കുന്നതിൽ പുലർത്തുന്ന സൂക്ഷ്മത സിനിമയ്ക്ക് പേരിടുന്നതിൽ  തെളിഞ്ഞുകാണാം. കാണാമറയത്ത്, തൂവാനത്തുമ്പികൾ, കൂടെവിടെ, ദേശാടനക്കിളി കരയാറില്ല എന്ന് തുടങ്ങുന്ന എത്രയെത്ര ചിന്തനീയവും സാഹിത്യ ഭംഗി നിറഞ്ഞതും കാവ്യാത്മകവുമായ ടൈറ്റിലുകളാണ് അദ്ദേഹം സിനിമകൾക്ക് ഉപയോഗിച്ചത്. ആ സിനിമാപേരുകൾ വെറുതെ ഒരു രസത്തിന് പ്രയോഗിക്കുകയല്ലെന്നും സിനിമയുടെ സാരാംശം ഉൾക്കൊള്ളുന്ന നാമങ്ങൾ ആണെന്നും സിനിമ കണ്ടതിനു ശേഷമാണ്  ബോധ്യമാവുക. ചില സിനിമാപ്പേരുകൾ കേൾക്കുമ്പോൾ തന്നെ ആ സിനിമയൊന്ന് കാണണമല്ലോ എന്ന് തോന്നിപ്പിക്കുന്ന ജാലവിദ്യയ്ക്ക് പിന്നിൽ കഥാകാരന്റെ ക്രിയാത്മകമായ കരങ്ങൾ പ്രവർത്തിക്കുന്നത് കാണാനാവുന്നു. 

എഴുത്ത്, ഭാവനയിലെ മിഴിവ് 

അദ്ദേഹത്തിന്റെ എഴുത്തുകളിൽ എന്നെ ഏറ്റവും ആകർഷിച്ചത് അവയിലെ രചനാഭംഗിയാണ്. എത്ര ബുദ്ധിമുട്ടായ കഥാസന്ദർഭവും ആ വിഷമതയുടെ എല്ലാ ഘടകങ്ങളും ചില സൂചനകളിലൂടെ അറിയിച്ചിട്ട് ഏറ്റവുമൊടുവിൽ  വിഷമച്ചുഴിയിൽ നമ്മെ ഇറക്കിനിർത്തുകയാണ് കഥാകാരൻ. കലാകാരനായ കഥാകാരന്റെ കലാവിരുത്!

ഭാവനയുടെ മിഴിവും യഥാർഥ്യത്തിലെ വൈരുധ്യതയും ഒരേ പോലെ തിരിച്ചറിയുന്ന ചില കലാകാരന്മാർക്ക് സാധിക്കുന്ന ജലവിദ്യയാണ് ഒരു പൂവിറുക്കുന്നത്ര ലാഘവത്തിൽ പപ്പേട്ടൻ കഥകളിൽ ചാരുതയോടെ പറഞ്ഞുപോകുന്നത്. 'ദേശാടനക്കിളി കരയാറില്ല' യും 'കൂടെവിടെ' യും സമ്മാനിച്ച ദുഃഖ:സുന്ദരവും വികാരതീവ്രവുമായ നിമിഷങ്ങൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാൻ സാധിക്കും. 

അദ്ദേഹത്തിന്റെ എഴുത്തിൽ പൊതുവെ നല്ല രചയിതാക്കളിൽ സ്ഥിരമായി കാണുന്ന ഒരു ഗുണവിശേഷം തിളങ്ങിനിൽക്കാറുണ്ട്. നമ്മൾ സാധാരണ സ്ഥിരമായി കേൾക്കുന്ന, ആവർത്തനവിരസമെന്ന് ഒരു വലിയ എഴുത്തുകാരൻ ചിന്തിക്കാവുന്ന ചില വാക്കുകൾ കൃത്യമായി അടുക്കിവെച്ച് അവയ്ക്ക് പ്രത്യേകമായൊരു രൂപഭംഗി സമ്മാനിക്കുന്നു. 'എനിക്ക് ആ ഭ്രാന്തന്റെ ചങ്ങലയിലെ മുറിവായാൽ മതി' എന്ന് ജയകൃഷ്ണനെ നോക്കി ക്ലാര പറയുമ്പോൾ പ്രേക്ഷകന്റെ ഉള്ളിൽ ആ സ്ത്രീ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തിന്റെ വീർപ്പുമുട്ടൽ വളരെ വ്യക്തമായി വരികൾക്കിടയിൽ വായിക്കപ്പെടുന്നു. 

ഗ്രാമത്തിലെ നന്മയെ പൊളിച്ചെഴുതി, സ്ത്രീ ശരീരത്തിന്റെ ചിത്രീകരണം 

ഗ്രാമങ്ങളെ നന്മയുടെ വിളനിലമാക്കാതെ ചിത്രീകരിച്ച പത്മരാജൻ സിനിമയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ. ശരീരം വിറ്റുജീവിച്ച സ്ത്രീകളെ കഥാപാത്രമാക്കി കഥ പറയുക എന്നത് ഒരു കാലത്ത് ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. അവിടെ പത്മരാജന്റെ തൂലിക സഞ്ചരിച്ചത് വിപരീത ദിശയിലാണ്. അരപ്പട്ടയിലെയും തൂവാനത്തുമ്പികളിലെയും സ്ത്രീ കഥാപാത്രങ്ങൾ ഇതിന് ഉദാഹരണമാണ്.

സ്ത്രീകളുടെ വികാര വിചാരങ്ങൾ, മോഹങ്ങൾ എന്നിവ യാഥാർഥ്യപരമായി 
സ്‌ക്രീനിൽ അവതരിപ്പിച്ച ചുരുക്കം സംവിധായകരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും സ്ത്രീകൾക്ക് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാൻ വ്യക്തമായ ഇടം നൽകിയിരുന്നു. എങ്കിലും ആദ്യകാല സിനിമകളിൽ സ്ത്രീകളുടെ ശരീരത്തിലേക്കുള്ള എത്തിനോട്ടം അൽപ്പം കടന്നുപോയിരുന്നുവെന്ന് വ്യക്തിപരമായ പരാതിയുണ്ട്. അന്നത്തെ സിനിമയ്ക്ക് അത് ആവശ്യമായതിനാൽ കൂട്ടിച്ചേർത്തതാണോ എന്ന് സംശയിക്കാം. 

കാലത്തിന് മുന്നേ സഞ്ചരിച്ചെന്ന് ആരാധകർ പ്രശംസിക്കുന്ന 
പത്മരാജൻ സിനിമകളാണ് കൂടെവിടെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, അപരൻ, ഞാൻ ഗന്ധർവ്വൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്നീ ചിത്രങ്ങൾ. ടോക്സിക് ബന്ധങ്ങളും, ചാരിത്ര്യം ആവശ്യമില്ലാത്ത കാമുകിയും, ഒരേ മുഖമുള്ള രണ്ട് പേർ ഉണ്ടായാലുള്ള സങ്കീർണ്ണതയും, ഓർമ്മകളുടെ നഷ്ടനൊമ്പരവും, സ്വാതന്ത്ര്യദാഹികളായ ചെറുപ്പക്കാരികളുടെ സൗഹൃദവും അദ്ദേഹം 80കളിൽ ചിത്രീകരിച്ചുകഴിഞ്ഞിരുന്നു. അതിലെ പല കഥകളും ഇപ്പോഴും എതാണ്ട് 
അതേപോലെ സിനിമയാക്കാൻ സാധിക്കും. 

ഞാൻ ഗന്ധർവൻ എന്ന സിനിമയിൽ മലയാളമറിയാത്ത രണ്ട് താരങ്ങളെ മലയാളികളായി ചിത്രീകരിച്ചതിൽ കാണാം 
അദ്ദേഹത്തിലെ കലാവിരുതുള്ള സംവിധായകന്റെ കരസ്പർശം. മലയാളിയല്ലാതിരുന്ന ഗന്ധർവനും  പെൺകുട്ടിയും മലയാളി ഏറ്റെടുത്തതിന് പിന്നിൽ ആ സിനിമയിൽ അതിവിദഗ്ധമായി
സന്നിവേശിച്ച പത്മരാജൻ ടച്ച് പ്രവർത്തിക്കുന്നുണ്ട്. 

ഇടതടവില്ലാതെ എഴുതിജീവിച്ച രചയിതാവിനെതേടി വിമർശനങ്ങൾ വരാതിരുന്നില്ല. രാഷ്ട്രീയ ശരികൾ സംസാരമാകുന്ന കാലത്ത് അദ്ദേഹത്തിന്റെ രചനകളായ തൂവാനത്തുമ്പികൾ, തിങ്കളാഴ്ച നല്ല ദിവസം എന്നീ സിനിമകളുടെ പുനർവായന പലതരം വിമർശനങ്ങൾക്കും വിധേയമാവുന്നു.

പെട്ടെന്ന് മടങ്ങി

പത്മരാജൻ സിനിമകൾ കാണുമ്പോൾ അവ പഴയതാണെന്ന് തോന്നാറില്ല. കഥയിലോ പാട്ടുകളിലോ കഥാപാത്രങ്ങളിലോ എന്തെങ്കിലും പുതുമ ഉള്ളതായി അനുഭവപ്പെടുന്നു. തിരക്കഥകൾ എഴുതുന്ന പത്മരാജനാണ് കൂടുതൽ ആരാധകർ ഉള്ളത്, സംവിധായകനല്ല.

നാല്പത്തിയാറാം വയസ്സിൽ ഇഹലോകവാസം വെടിയുമ്പോൾ അതുവരെ എഴുതിയ രചനകളുടെ കണക്ക് കണ്ടാൽ ഇത്ര ചെറിയ കാലയളവിലാണോ അദ്ദേഹം ഇത്രയും എഴുതിക്കൂട്ടിയത് എന്ന് ചിന്തിച്ചേക്കാം. 

അദ്ദേഹം കഥാപാത്രങ്ങൾക്ക് കൊടുക്കുന്ന വ്യക്തിത്വമാണ് പത്മരാജൻ എഴുത്തിൽ തോന്നിയ മറ്റൊരു ഗുണവിശേഷം. നായകൻ നയിക്കേണ്ടവനും വില്ലൻ വെറുക്കപ്പെടേണ്ടവനും ആയി ചിത്രീകരിക്കാതെ മനുഷ്യരെ മനുഷ്യരായി അവതരിപ്പിക്കുന്ന കഥനരീതി സിനിമകൾക്ക് ജീവിതത്തിന്റെ പരുക്കൻ സ്വഭാവം പകർന്നുനൽകുന്നു. 

പത്മരാജൻ സിനിമകളിൽ അപൂർണ്ണമായ കഥാപാത്രങ്ങൾ എന്നത്  അപൂർവ്വതയാണ്. എല്ലാ കതപാത്രങ്ങൾക്കും കൃത്യമായ തുടക്കവും ഒടുക്കവും ലക്ഷ്യവും നൽകിയാണ്  ഒരുക്കുന്നത്. നായകനും നായികയും മാത്രമല്ല മറ്റ് വേഷക്കാർ കൂടിയാണ് ഓർമ്മിക്കപ്പെടുന്നത്. 

പത്മരാജൻ സിനിമകളിൽ ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുക്കുക പ്രയാസമാണ്. ഓരോ നല്ല സിനിമയും ഓരോരോ അനുഭവമാണെന്ന് കരുതിയാൽ ഓരോ പത്മരാജൻ സിനിമയും പലതരം അനുഭൂതികൾ വിരിയിക്കുന്ന സിനിമാറീലുകൾ പോലെയാണ് അനുഭവപ്പെടുന്നത്. 

സിനിമകളിലോ പ്രമേയത്തിലോ ആവർത്തനവിരസതയ്ക്ക് ഇടനൽകാതെയാണ് ഒരുക്കിയിട്ടുള്ളത്. ഇതുകൊണ്ട് ഒരു ചിത്രത്തിൽ നിന്ന് മറ്റൊരു ചിത്രം നന്നേ വ്യത്യാസപ്പെട്ടുനിൽക്കുന്നു. അശോകൻ, ജയറാം, റഹ്‌മാൻ എന്നിങ്ങനെ അന്നുള്ള 'പുതിയ' താരങ്ങളെ മലയാളത്തിൽ അഭിനയിപ്പിച്ചു വിജയം കൊയ്ത സംവിധായകൻ കൂടെയാണ് പത്മരാജൻ.

തിരക്കഥയെഴുതിയ ആദ്യ ചിത്രമായ പ്രയാണത്തിൽ തുടങ്ങി ഞാൻ ഗന്ധർവനിൽ അപ്രതീക്ഷിതമായി അവസാനിച്ച യാത്ര വരെ അദ്ദേഹത്തെ മുന്നോട്ട് നയിച്ചത് സാഹിത്യരംഗത്തെ മുൻപരിചയവും സിനിമയോടുള്ള അഭിനിവേശവുമാണ്. പത്മരാജൻ യാത്ര പോയെങ്കിലും അദ്ദേഹത്തിന്റെ 
സിനിമകൾക്ക് മരണം സംഭവിക്കുന്നില്ല. മലയാളിക്ക് പ്രിയങ്കരനായ എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ വ്യക്തിക്ക് ഇനിയും പലതും സംഭാവന ചെയ്യാൻ കഴിയുമായിരുന്നു. 'മരണം രംഗബോധമില്ലാത്ത കോമാളിയാണ്' എന്ന തോന്നൽ അരക്കിട്ടുറപ്പിക്കുന്ന വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്. 

Comments