പ്രിയപ്പെട്ട പാട്ടുകള്‍ (മലയാളം)

പണ്ട് പാട്ടുകള്‍ ഓഡിയോ കാസറ്റിലും, ആകാശവാണിയിലും, ചിത്രഗീതത്തിലും കേട്ടിരുന്ന കാലം ഓര്‍മ്മയില്ലേ? ഇന്ന്, ഒരു ക്ലിക്കിന്‍റെ അകലത്തില്‍ പ്രിയപ്പെട്ട പാട്ടുകള്‍ ലഭ്യമാണ്. എന്നാല്‍ അന്നോ? ചില പാട്ടുകള്‍ക്ക് വേണ്ടി ആഴ്ചകള്‍ കാത്തിരുന്ന ഒരു കാലത്തിലേക്ക്  നമുക്ക്
തിരിഞ്ഞുനോക്കേണ്ടി വരും. 

2003ലെ ഐ പാഡിന്‍റെ വരവാണ് പാട്ടുകള്‍ ഫോണില്‍ കേള്‍ക്കുന്ന പ്രവണതയിലേക്ക് തിരിയാൻ കാരണമായത്. വിവിധ സംവിധാനങ്ങള്‍ ഒരു ഉപകരണം വഴി കൈകാര്യം ചെയ്യാം എന്ന സാധ്യതയാണ്  ആളുകളെ ഫോണിലേക്ക് ആകര്‍ഷിച്ചത്. ഫോണിലും, ടേപ്പ് റിക്കോര്‍ഡറിലും ഒരു പോലെ മിന്നിയ ചില മധുരഗാനങ്ങള്‍ ഉണ്ട്. നമ്മള്‍ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നവ. കുറെ ഓര്‍മ്മകള്‍ കൂട്ടിനുള്ള ആ പാട്ടുകളെക്കുറിച്ചാണ് ഈ കുറിപ്പ്.



"ആയിരം കണ്ണുമായ്"


ഒരു പക്ഷെ, ഈ കുറിപ്പ് വായിക്കുന്നവരില്‍ ഏറ്റവുമധികം പേര്‍ ഇഷ്ട്ടപ്പെടുന്ന ഗാനം ഇതായിരിക്കും. സ്നേഹത്തെ ഇത്ര മനോഹരമായി അവതരിപ്പിച്ച കമ്പോസിഷന്‍ അധികം കാണില്ല എന്ന് തോന്നുന്നു.


https://youtu.be/SSIoUpiBSC4



"ആരോ കമഴ്ത്തി വെച്ചോരോട്ടോരുളി പോലെ"

പഴയ ടേപ്പ്കാസറ്റില്‍ കേട്ടപ്പോള്‍ തന്നെ മനസ്സില്‍ ചേക്കേറിയ പാട്ട്. യേശുദാസിന്‍റെ ശബ്ദത്തില്‍ ആണ് ആദ്യം കേള്‍ക്കുന്നത്. പിന്നീട്, സുജാതയുടെ ആലാപനം എപ്പോഴോ കേള്‍ക്കാന്‍ ഇടയായി. ഇതിന് ഈണം നല്‍കിയ വിദ്യാസാഗര്‍ ഈ നാട്ടുകാരന്‍ അല്ലെന്ന കാര്യം അത്ഭുതത്തോടെ വായിച്ചറിഞ്ഞ എന്നെത്തന്നെ ഓര്‍ത്തു പോകുന്നു.


https://youtu.be/U8CJ7KNClKE



"വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ"


മറ്റൊരു വിദ്യാസാഗര്‍ വിസ്മയം. ലാളിത്യമാണ് ഈ പാട്ടിന്‍റെ മുഖമുദ്ര. പ്രണയവും, ഗൃഹാതുരത്വവും മാറി മാറി വരുന്ന ഈ പാട്ട് പഴയകാല ഓര്‍മ്മകളിലേക്ക് തിരിച്ചു നടത്താന്‍  പ്രേരിപ്പിക്കും.


https://youtu.be/DCwnvQIf054




"മാലേയം മാറോടലിഞ്ഞു"

പാടാന്‍ വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു പാട്ടിനെ എത്ര അനായാസമായാണ് കെ.എസ് ചിത്ര ആലപിച്ചിരിക്കുന്നത്. പാട്ടിന്‍റെ ഭാവം ഉള്‍ക്കൊണ്ട് പാടുന്നത് ആ കമ്പോസിഷനെ എത്രത്തോളം സഹായിക്കുമെന്ന് കാട്ടിത്തരുന്ന പാട്ട്.


https://youtu.be/GlmiHGXpJFQ


"പാടി തൊടിയിലേതോ"

രവീന്ദ്രന്‍ മാസ്റ്ററുടെ അനുപമമായ സംഗീതം. ഉജ്ജ്വലമായ ആലാപനം. കേള്‍ക്കും തോറും  മധുരം കൂടുന്ന ഗാനങ്ങളുടെ പട്ടികയില്‍ ഉറപ്പായും സ്ഥാനം  പിടിക്കേണ്ട ഒരു ഗാനം.

https://youtu.be/cXX_EV1R7nA


"താരം വാല്‍ക്കണ്ണാടി നോക്കി"


ഭരതന്‍റെ കമ്പോസിംഗ് മികവ് നേരത്തേ തന്നെ പ്രസിദ്ധമാണ്. വല്ലാത്ത വശ്യത തോന്നിപ്പിക്കുന്ന ലളിതമായ പാട്ടാണിത്. കണ്ണടച്ച് ഒറ്റയ്ക്കിരുന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്ത പ്രസന്നത അനുഭവപ്പെടും.


https://youtu.be/jYCWAElP-jE



"ഒരു രാത്രി കൂടി വിടവാങ്ങവേ"

സ്നേഹം, നഷ്ടബോധം അങ്ങനെ പല വികാരങ്ങള്‍ ചേര്‍ന്ന ഒരു പാട്ടാണിത്. സിനിമയുടെ കഥാസന്ദര്‍ഭത്തിന് നന്നായി ഇണങ്ങുന്ന ഒരു പാട്ട് കൂടെയാണ്. കേള്‍ക്കുമ്പോള്‍ വളരെ ആഴം തോന്നുന്ന വിധമാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്.


https://youtu.be/qiHpYtCbBKY




ഇനിയും ഒരുപാട് പാട്ടുകളുണ്ട്. ശ്രീരാഗമോ, ആടി വാ കാറ്റേ, വരമഞ്ഞളാടിയ,   പൂങ്കാറ്റിനോടും, എന്‍റെ സിന്ദൂരരേഖയില്‍ എന്നോ, ഒന്നാം രാഗം പാടി. അങ്ങനെ പോകുന്ന ഒരു  നീണ്ട നിര. പുതിയ പാട്ടുകള്‍ മോശമാണ് എന്ന അഭിപ്രായം തീരെ ഇല്ല. അവ ആവര്‍ത്തനസുഖം നല്‍കുമോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. എന്തായാലും, കേട്ടാലും, കേട്ടാലും മടുപ്പ് ഉളവാക്കാത്ത കുറെ മനോഹര ഗാനങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ.



































Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ