എഴുത്തിനെ സ്നേഹിച്ച ഒരാൾ
മലയാളത്തിൽ എന്തെങ്കിലും കുത്തികുറിച്ചിട്ട് മൂന്ന് വർഷമായി! ബ്ലോഗിന്റെ കാര്യമാണ് പറഞ്ഞത്. ദുൽഖർ സൽമാൻ മലയാളത്തിൽ അവസാനമായി നായകനായ കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്‌തിട്ടും മൂന്ന് കൊല്ലം കഴിഞ്ഞു.
എന്നാൽ രണ്ട് വ്യത്യാസങ്ങൾ ഉണ്ട്. 1) ദുൽഖറിന്റെ പുതിയ മലയാള സിനിമ അയാം ഗെയിം റിലീസ് ആവാൻ പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. 2). എന്റെ കുറിപ്പ് വായിക്കാൻ രണ്ടാമതൊരാൾ ആഗ്രഹിക്കുന്നുണ്ടാവില്ല. ബ്ലോഗിൽ എഴുതുന്നവ ഇൻസ്റാഗ്രാമിലോ ഫേസ്ബുക്കിലോ വാട്സാപ്പിലോ സ്റ്റാറ്റസ് ആയി ചേർക്കാത്തത് മൂലം അവ ഇറങ്ങുന്നത് ആരും അറിയാറുമില്ല.
2023 മുതൽ 2026 വരെ അഞ്ച് ഇംഗ്ലീഷ് പോസ്റ്റുകൾ എഴുതി. ഇതിന് മുൻപ് കോവിഡ് കാലത്ത് ദിവസം രണ്ട് ബ്ലോഗ്പോസ്റ്റുകൾ ഫോൺ കീപാഡ് ഉപയോഗിച്ച് എഴുതി. അന്ന് ദിവസവും ഡയറി എഴുതിയിരുന്നു. അന്നത്തെ എന്റെ ഭാഷയ്ക്ക് ശുദ്ധി ഉണ്ടായിരുന്നു. പിന്നീട്, "വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്" എന്ന വിധേന എന്റെ ഭാഷ മലിനപ്പെട്ടെന്ന് എന്റെയുള്ളിലെ വിമർശകൻ പറയുന്നു.
എഴുതാൻ വിഷയം കണ്ടെത്തുന്നത് കുഴപ്പിക്കുന്ന സമസ്യയല്ല. പക്ഷെ, എഴുതി ഫലിപ്പിക്കാൻ കഴിവും ക്ഷമയും വേണം. ഒറ്റയെഴുത്തിൽ ആൾക്കാരെ വശീകരിക്കുന്ന ഭാഷയിൽ എഴുതാൻ അറിയില്ല. പഴയതും പുതിയതും സ്വന്തവും ആയ പ്രയോഗങ്ങൾ നർമ്മം ചാലിച്ച് എഴുതിയിടാനാണ് ആഗ്രഹം . ഫീൽഗുഡ് സിനിമാനുഭവം സമ്മാനിക്കുന്ന എഴുത്ത് എന്ന് പറയാം.
പക്ഷെ, ചുറ്റും നടക്കുന്ന കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക ഇന്ന് ശ്രമകരമാണ്. 12 വർഷമായി ഇന്ത്യ ഭരിക്കുന്ന എൻഡിഎ സർക്കാരിന്റെ നയങ്ങൾ ദേഷ്യം പിടിപ്പിക്കാറുണ്ട്. യുഎസിൽ ഡൊണാൾഡ് ട്രംപ് നടപ്പാക്കുന്ന പ്രതിലോമപരമായ ഭരണം പിടിച്ചുകുലുക്കാറുണ്ട്. ഇസ്രായേലിൽ നേതന്യാഹൂ സർക്കാർ പുലർത്തുന്ന യുദ്ധത്തോടുള്ള അഭിനിവേശം വളരെ വിഷമിപ്പിക്കുന്നുണ്ട്. കൂടാതെ, ആഫ്രിക്കയിൽ വ്യാപകമായ ഇബോള വൈറസിന്റെ വ്യാപനത്തിൽ ആശങ്കയുണ്ട്.
ദേശീയ, അന്തർദേശിയ പ്രശ്‌നങ്ങൾ മാത്രമല്ല വേറെ കാര്യങ്ങൾ കൊണ്ടും മനസ്സ് അസ്വസ്ഥമാകാറുണ്ട്. കഠിനജോലി ചെയ്യുന്ന കുട്ടികളെയും വൃദ്ധകളെയും കാണുമ്പോൾ, ആളുകളുടെ കഷ്ടപ്പാടുകൾ കേൾക്കുമ്പോൾ, സോഷ്യൽ മീഡിയയിലെ നിലവാരം കുറഞ്ഞ കമന്റുകൾ കാണുമ്പോൾ -- മനസ്സ് അസ്വസ്ഥമാവാറുണ്ട്. കഷ്ടപ്പെടുന്ന ആളുകൾക്ക് വെളിച്ചമാവാൻ കഴിയുന്നത് ചെയ്യാറുണ്ട്.
സന്തോഷം അഭിനയിക്കേണ്ടി വരുന്ന ആളുകൾ, നല്ല ഓർമ്മകൾ ഇല്ലാതെ ഉറങ്ങിയെഴുന്നേൽക്കുന്നവർ -- അവർക്ക് സുഖം പകരുന്ന വാക്കുകളും പ്രകാശം നൽകുന്ന ചിന്തകളും കുറിച്ചിടാനാണ് മനസ്സ് ആഗ്രഹിക്കുന്നത്. സിനിമകൾക്ക് മുൻപ് "ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?" എന്ന് തിയേറ്ററിൽ മുഴങ്ങിക്കേൾക്കുന്ന വാചകം ഓർത്തുപോവുന്നു.
സന്തോഷം നേടാൻ പണം കൊണ്ട് കഴിയില്ല. പക്ഷെ സന്തോഷം നൽകുന്ന കുറെ കാര്യങ്ങൾ ചെയ്യാൻ പണം സഹായിക്കും. "പണമില്ലാത്തവൻ പിണം" എന്ന പഴയ പ്രയോഗം ഒരു സമൂഹമനഃസ്ഥിതിയുടെ ഉള്ളറകളാണ് തുറന്ന് കാട്ടുന്നത്. കൂടാതെ, ഒരാളുടെ മനസ്സിനെ തൊടാനായാൽ പല മാറ്റങ്ങളും അവിടെ പിറവികൊള്ളും.
എല്ലാവരും സന്തോഷം ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, മിക്ക ആളുകൾക്കും കിട്ടാറില്ല. ഇക്കിഗൈ (Ikigai) പോലെയുള്ള പുസ്തങ്ങൾ വായിച്ചു സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവർ ഉണ്ട്. ഒരു ദിവസം എത്ര പ്രാവശ്യം മനസ്സ് തുറന്ന് ചിരിക്കാൻ ഒരാൾക്ക് കഴിയും? ആളുകൾക്ക് സന്തോഷം "തോന്നിക്കുന്ന" എഴുത്തിന് എന്നും ഇടമുണ്ട്.
പക്ഷെ യാഥാർഥ്യം എന്തെന്നാൽ -- "സന്തോഷം" മനോഹരമായി പകർത്തിയ എഴുത്തുകാരുടെ സവിശേഷ രചനകൾ ഇപ്പോൾ തന്നെ വായനശാലകളിൽ ഉണ്ട്. വൈക്കം മുഹമ്മദ് ബഷീറും സഞ്ജയനും പദ്‌മരാജനും പേരറിയുന്നതും അറിയാത്തതുമായ ആയിരമായിരം രചയിതാക്കൾ എഴുതിയ ചിന്തകൾ ഫോണിലും വാട്സാപ്പിലും പുസ്തകങ്ങളിലും പറന്നുനടക്കുന്നു. അതിനിടയിൽ പുതിയ എഴുത്തിന് എന്താണ് പ്രസക്തി എന്ന് ചിലപ്പോൾ തോന്നാം.
രണ്ട് പ്രയോജനങ്ങൾ ഓർമ്മ വരുന്നു. വായനശാലയിലോ വീട്ടിലെ പുസ്‌തക ഷെൽഫിലോ പൊടിയേറ്റ് ഇരിക്കുന്ന പുസ്തകങ്ങൾ തുറന്ന് വായിക്കുന്നവരുടെ എണ്ണം രാത്രിയിൽ സജീവമായിരുന്ന മിന്നാമിനുങ്ങുകൾ ഏതാണ്ട് അപ്രത്യക്ഷമായത് പോലെ ഇപ്പോൾ കുറഞ്ഞുവരുന്നു. "പ്രകാശം പരത്താൻ" ഇന്ന് അധികം ആളുകൾ ഇല്ല.
അതിന് ഭാഷയുടെ സൗന്ദര്യം തടസ്സമാണോ? ആണെന്നതാണ് യാഥാർഥ്യം. എങ്കിലും സ്ഥിരമായി രാകി മിനുക്കിയാൽ ഭാഷയുടെ മൂർച്ച കൂടും. എഴുതിയെഴുതിയെഴുതിയാണ് ആശയങ്ങൾ കര പറ്റുക. അവ വീണ്ടും വായിച്ചു എഴുത്തിന് വ്യക്തത നൽകാൻ നമുക്ക് സാധിക്കും. എഴുതാൻ കഴിയില്ല എന്നത് സ്വന്തം മടി മറയ്ക്കാൻ പലപ്പോഴും നമ്മളൊക്കെ കണ്ടെത്തുന്ന ഭംഗിവാക്കാണ് എന്ന് തോന്നുന്നു. സംസാരിക്കാൻ അറിയാവുന്ന എല്ലാവർക്കും എഴുതാനും സാധിക്കും.
എഴുതുന്ന വരികൾ ആളുകളുടെ ഫോണിലേക്ക് എത്താൻ സാങ്കേതികവിദ്യ സഹായിക്കുന്നു. ഓൺലൈനിൽ തപസ്സിരിക്കുന്ന ആളുകൾക്ക് വായിക്കാനും എന്തെങ്കിലും നല്ലത് വേണ്ടേ? അതിന് നമ്മുടെ ഒരു വിഹിതം ചേർക്കുന്നത് വായനയും എഴുത്തും നിലനിന്നുപോകാൻ നമ്മളെ സഹായിക്കും.
സത്യം പറഞ്ഞാൽ, എഴുത്ത് മറ്റുള്ളവരെ "നന്നാക്കാനല്ല", നമ്മളെ "നന്നാക്കാനായി" ചെയ്യുന്ന പ്രവൃത്തിയാണ്. ഭ്രാന്തമായി സഞ്ചരിച്ച മനസ്സിന് കടിഞ്ഞാണിടാനാണ് വൈക്കം മുഹമ്മദ് ബഷീർ കഥകളെഴുതിയത്, മനസ്സിലെ മുറിവുകൾ ഉണക്കാനാണ് നിമ്‌ന വിജയ് "ഏറ്റവും പ്രിയപ്പെട്ട എന്നോട്" എഴുതിയത്. അവരെല്ലാം ഒരർത്ഥത്തിൽ അവർക്ക് സന്തോഷം കണ്ടെത്താൻ എഴുത്തിനെ ഉപയോഗിക്കുകയായിരുന്നു. അതിലൂടെ കുറേയാളുകൾക്ക് സന്തോഷം പകരുകയായിരുന്നു.
നിങ്ങൾ എഴുതുന്ന ഒരാളാണ് എങ്കിൽ, "എന്തിനാണ് ഞാൻ എഴുതുന്നത്" എന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ?
അതാത് കാലത്തെ അടയാളപ്പെടുത്തുന്ന ജോലി എഴുത്തുകാർ അറിഞ്ഞു കൊണ്ടോ അല്ലാതെയോ ചെയ്യാറുണ്ട്. എഴുത്ത് സ്വയം മിനുക്കൽ കൂടെയാണ്. ഒരാൾ അയാളോട് പറയാനുള്ള കാര്യം മറ്റൊരാളോട് പറയുന്നപോലെ കുറിച്ചിടുന്നു. ആത്മസ്നേഹമാണ് എഴുത്തിന്റെ സൗന്ദര്യം. അനുഭവങ്ങൾ എഴുതി വയ്ക്കുമ്പോൾ വിരിയുന്ന പുഞ്ചിരി നമ്മുടെ മെച്ചപ്പെടലിന്റെ അടയാളമായി കരുതുന്നു.
ഒരു വർഷം ശരാശരി 30 പുസ്‌തകങ്ങൾ (അതത്ര വലിയ സംഖ്യയല്ല), മാസികകൾ, ദിവസം 5 പത്രം എന്നിവ വായിച്ച ടീനേജ് കുട്ടി കഴിഞ്ഞ കുറെ വർഷമായി കൊല്ലത്തിൽ 10 പുസ്തകങ്ങളും 2 പത്രവും 20 മാസികയും മാത്രമാണ് വായിക്കുന്നത്. അതും ഏകാഗ്രമെന്ന് വിളിക്കാൻ പറ്റാത്ത വായന.
പക്ഷെ ഒന്നറിയാം. വായിച്ചു കിട്ടുന്ന അറിവും സന്തോഷവും അതിലൂടെ സ്വയം കണ്ടെത്തലിനു ലഭിക്കുന്ന സൂചനകളും ജീവിതം രസമാക്കുന്നതിന് സഹായിക്കുന്നു. വായന എന്ന ശീലം നിലനിൽക്കേണ്ടത് സ്വയം സ്നേഹത്തിന്റെ കൂടെ ആവശ്യമാണെന്ന് തിരിച്ചറിയുന്നു. വായന നിലയ്ക്കുമ്പോൾ നിലയ്ക്കുന്നത് സ്വന്തം സന്തോഷത്തിന്റെ ഭാഗം കൂടെയാണ്.

Comments
Post a Comment