പ്രണയിക്കുന്ന മനുഷ്യര്‍
പ്രണയിച്ചിട്ടില്ലാത്തവര്‍ എന്ന് പറയുന്ന ആരെങ്കിലും ഉണ്ടാകുമോ? കൃത്യമായ ഒരുത്തരം എന്‍റെ പക്കലില്ല. ഒരു വ്യക്തിയെ കാണുമ്പോള്‍ മനസ്സില്‍ തോന്നുന്ന വികാരം മാത്രമാണ് പ്രണയം എന്ന് കരുതുന്നിടത്താണ് നമ്മളില്‍ പലരുടെയും ചിന്ത ചുരുങ്ങിപ്പോകുന്നത് എന്ന് തോന്നിയിട്ടുണ്ട്. പ്രണയം ഇഷ്ട്ടമില്ലാത്തവര്‍ എന്ന് പറയുന്ന ആരെങ്കിലും ഈ ലോകത്ത് കാണുമെന്ന് കരുതാന്‍ കഴിയുന്നില്ല. നേരത്തേ സൂചിപ്പിച്ചത് പോലെ, പലര്‍ക്കും പലതിനോടാണ് പ്രണയം. അത് ഒരു വ്യക്തിയാവാം, വസ്തുവാകാം, ചില അനുഭൂതികളോട് ആയെന്നു വരാം. നിര്‍വചിക്കാന്‍ വയ്യാത്ത ഒരു അവസ്ഥയാണിത് എന്ന് പ്രണയിച്ചവര്‍ പറയും. ഹൃദയം മനസ്സിന് മുന്‍പില്‍ കീഴ്പെടുന്നു. മനോധൈര്യം അതിന്‍റെ ഏറ്റവും അറ്റത്തെത്തിനില്‍ക്കുന്ന അവസ്ഥ എന്നും ഇതിനെ വിശേഷിപ്പിക്കാം.
ഏറ്റവും ഇഷ്ടമായ പ്രണയചിത്രം 'അന്നയും റസൂലും'. പ്രണയത്തെ കാല്‍പ്പനികമായി കാണിക്കാതെയുള്ള ആഖ്യാനം എന്നെ ആ ചിത്രത്തിലേക്ക് ആകര്‍ഷിച്ചു. കെവിന്‍- നീന സംഭവം അറിഞ്ഞപ്പോള്‍ ഓര്‍മ്മയില്‍ വന്നത് കിസ്മത്ത് എന്ന സിനിമയും, അതിലെ കമിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട മോശം അനുഭവങ്ങളുമാണ്. അതുപോലെ ആഞ്ഞുകൊത്തുന്ന മറാത്തി ചിത്രമാണ് 'സൈരാത്ത് '. പ്രണയത്തിലെ ജാതി-രാഷ്ട്രീയത്തെ ചിത്രം പ്രതിപാദിക്കുന്നു.
എന്തിന് പ്രണയിക്കണം എന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്താകും മറുപടി നല്‍കുക? പ്രണയിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഉണ്ടായിക്കൊള്ളണം എന്നൊന്നുമില്ല. പ്രണയത്തിന് കണ്ണില്ല എന്ന് കേട്ടിട്ടില്ലേ?
ഇനി എന്‍റെ പ്രണയത്തെക്കുറിച്ച് അല്‍പ്പം പറയാം. പ്രണയത്തിന്‍റെ ഭാവങ്ങള്‍ പുസ്തകങ്ങള്‍ വായിച്ചും, ചില മനോഹരമായ ഗാനങ്ങള്‍ കേട്ടും ആസ്വദിച്ചിരുന്ന, ഇപ്പോഴും ആസ്വദിക്കുന്ന ഒരാളാണ് ഈ കുറിപ്പെഴുതുന്നത്. ചില ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രണയത്തെ മനോഹരമായി വരച്ചു കാട്ടുന്നത് കണ്ടിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തില്‍ വിരിഞ്ഞ 'കണ്മണീ അന്പോട് കാതലന്‍, 'പൂങ്കാറ്റിനോടും' , റഹ്മാന്‍റെ 'ഉയിരേ', 'മലര്‍ഗളെ ', വിദ്യാസാഗറിന്‍റെ ചില പാട്ടുകള്‍-ഇവയൊക്കെ കേള്‍ക്കുമ്പോള്‍ ലഭിക്കുന്ന സുഘകരമായ ഒരനുഭൂതി എന്നെ പാട്ടുകളെ പ്രണയിക്കാന്‍ തോന്നിപ്പിച്ചു. ഒരു നിര്‍ദോഷകരമായ പ്രണയം എന്ന് ഇതിനെ കാണാന്‍ കഴിയും.
ക്രിക്കറ്റിനോട് പ്രണയം തുടങ്ങിയത് 2003 ലോകകപ്പ് ഫൈനലിന് ശേഷമാണ്. ഇഷ്ടതാരം ദ്രാവിഡ്. ഇഷ്ടം തോന്നിയ കളിക്കാര്‍, ടീമുകള്‍ എടുത്തു പറയാന്‍ കഴിയാത്തത്ര വിപുലമാണ്. ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ മടുപ്പ് തോന്നാത്ത ചുരുക്കം ചിലരില്‍ പെടുന്നയാള്‍ എന്ന സര്‍ട്ടിഫിക്കറ്റ് കളിക്കമ്പക്കാര്‍ ചാര്‍ത്തിതന്നിട്ടുണ്ട്.
ഇപ്പോള്‍ പറഞ്ഞ പ്രണയങ്ങളെ കൂടാതെ വിപ്ലവത്തെ പ്രണയിക്കുന്ന, യാത്രയെ, സിനിമയെ, എഴുത്തിനെ, ഫുട്ബോളിനെ, വാഹനങ്ങളെ, ഭക്ഷണത്തെ -- അങ്ങനെ പലതിനെയും പ്രണയിക്കുന്ന കുറെയേറെ ആളുകള്‍ നമുക്ക് ചുറ്റുമുള്ളതായി ശ്രദ്ധിച്ചിട്ടില്ലേ?
പ്രണയത്തെ ഒരു വ്യക്തിയിലേക്ക് ചുരുക്കാന്‍ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതില്‍ പ്രത്യേകിച്ച് നിരാശയോ, അഭിമാനമോ ഇല്ല. ചിലപ്പോള്‍ 'പ്രണയം' എന്ന വികാരത്തെ ആയിരിക്കും ഞാന്‍ ഇഷ്ടപ്പെടുന്നത്.
എത്രയെത്ര ആളുകള്‍ക്ക് ഉത്തേജനം പകരുന്ന മരുന്നാണ് പ്രണയം. ഇതറിയാന്‍ നമ്മുടെ തന്നെ ജീവിതത്തിലേക്ക് കണ്ണോടിച്ചാല്‍ മതി. ഇഷ്ടമുള്ളയാളെ ഒന്ന് വിളിക്കാത്ത ദിവസങ്ങള്‍ ഉണ്ടോ? അന്ന് മനസ്സിന് തോന്നിയ വേവലാതിക്ക് കയ്യും കണക്കുമുണ്ടോ?
രണ്ട് വ്യക്തികള്‍ ചേരുമ്പോള്‍ സംഭവിക്കുന്ന മനോഹരമായ രസതന്ത്രമാണ് പ്രണയം. അതിനെ പല കാരണങ്ങള്‍ പറഞ്ഞ് തകര്‍ക്കുന്ന മനുഷ്യര്‍ ഇവിടെ കുറവല്ല. പ്രണയിച്ചു എന്ന 'കുറ്റം' ആരോപിച്ച് നാടുകൂട്ടം വിലക്ക് കല്‍പ്പിച്ച കമിതാക്കള്‍ മുതല്‍ കെവിന്‍- നീന പ്രണയം നേരിട്ട ദുരന്തം വരെ നീളുന്ന അനേകായിരം ഉദാഹരണങ്ങള്‍ നമുക്ക് മുന്‍പില്‍ ഉണ്ട്. ആരുടെ കൂടെ ജീവിക്കണം എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഭരണഘടന കല്‍പ്പിച്ചുതന്നിരിക്കുന്ന സ്വാതന്ത്ര്യമാണ്. അതിനെ കാരണമില്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഇല്ലാതാക്കുന്നവര്‍ അപലപനം അര്‍ഹിക്കുന്നു.
ഏറ്റവും ഇഷ്ടമായ പ്രണയചിത്രം 'അന്നയും റസൂലും'. പ്രണയത്തെ കാല്‍പ്പനികമായി കാണിക്കാതെയുള്ള ആഖ്യാനം എന്നെ ആ ചിത്രത്തിലേക്ക് ആകര്‍ഷിച്ചു. കെവിന്‍- നീന സംഭവം അറിഞ്ഞപ്പോള്‍ ഓര്‍മ്മയില്‍ വന്നത് കിസ്മത്ത് എന്ന സിനിമയും, അതിലെ കമിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട മോശം അനുഭവങ്ങളുമാണ്. അതുപോലെ ആഞ്ഞുകൊത്തുന്ന മറാത്തി ചിത്രമാണ് 'സൈരാത്ത് '. പ്രണയത്തിലെ ജാതി-രാഷ്ട്രീയത്തെ ചിത്രം പ്രതിപാദിക്കുന്നു.
പുസ്തകങ്ങളിലെ പ്രണയം സിനിമകളിലെ പോലെ വൈവിധ്യം നിറഞ്ഞതാണ്. ജിബ്രാന്‍ മുതല്‍ ചേതന്‍ ഭഗത് വരെയുള്ള എഴുത്തുകാരുടെ രചനകള്‍ നമുക്ക് മുന്‍പിലുണ്ട്. വായിച്ചതില്‍ പ്രിയപ്പെട്ടത് ബഷീറിന്‍റെ ബാല്യകാലസഖിയാണ്. ഇനിയും ഒരായിരം ആവര്‍ത്തി ആ പുസ്തകം വായിക്കാന്‍ എനിക്ക് സാധിക്കും.
മനുഷ്യനില്‍ മാത്രമല്ല പ്രണയമുള്ളത്. സ്നേഹം, പ്രണയം, കരുതല്‍ ഇതെല്ലാം കൂടിച്ചേരുന്ന ചില ചിത്രങ്ങള്‍ നമ്മെ പൊള്ളിക്കും. അങ്ങനെയൊരു ചിത്രമാണ് വാഹനാപകടത്തില്‍ മരിച്ച കുരങ്ങിനെ ചേര്‍ത്തുപിടിച്ച ആണ്കുരങ്ങിന്‍റെ ചിത്രം. മാതൃഭൂമിയില്‍ ഒന്നാം പേജില്‍ ഈ ചിത്രം അച്ചടിച്ചു വന്നിരുന്നു.
'പ്രണയം മരണമാണ് ' എന്ന് തുടങ്ങുന്ന സുഹൃത്തിന്‍റെ കവിത വായിച്ചതായി ഓര്‍ക്കുന്നു. ആ സുഹൃത്ത്, പ്രണയത്തെ ' ഞാന്‍, നീ' എന്നതിന്‍റെ മരണമായാണ് നിര്‍വചിച്ചത്. ലോകം നിലനില്‍ക്കുന്ന അത്രയും കാലം തന്നെ പ്രണയത്തിനും ആയുസ്സുണ്ട് എന്ന് സംശയമില്ലാതെ പറയുന്നു.

Comments
Post a Comment