ഇ-സ്കൂട്ടറുകള്‍

വാഹനങ്ങളോട് പണ്ടു മുതലേ കമ്പം തോന്നാത്ത ഒരാളാണ് ഇതെഴുതുന്നത് എന്നാദ്യമേ പറഞ്ഞുകൊള്ളട്ടെ. ജോലി സംബന്ധമായ ആവശ്യങ്ങള്‍ ഏറിവന്നപ്പോളാണ് പുതിയ വാഹനം വാങ്ങുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങുന്നത്. കുറേ ആലോചനകള്‍ക്കും, ചര്‍ച്ചയ്ക്കുമൊടുവില്‍ 2017ല്‍ പുറത്തിറങ്ങിയ ഒകിനാവ റിഡ്ജ് എന്ന ഇലക്ട്രിക് വാഹനം സ്വന്തമാക്കാന്‍ തീരുമാനമെടുക്കുന്നു. വാഹനം ഉപയോഗിച്ചു തുടങ്ങിയിട്ട് ഇപ്പോള്‍ 3 മാസം കഴിയുന്നു.

ഇതിന് മുന്‍പ്‌ വാഹനം ഒരാവശ്യമായി തോന്നാതിരുന്നതിനാലാണ് അവയോട് മുഖം തിരിച്ചു നടന്നത്. എന്തു കൊണ്ട് ഇലക്ട്രിക് വാഹനം എന്ന് ചോദിച്ചാല്‍, മലിനീകരണം ഒഴിവാക്കുന്നതിനും, താരതമ്യേന ചിലവ് കുറവായത് കൊണ്ടും എന്ന മറുപടിയാണ് എനിക്കുള്ളത്. സാധാരണ പെട്രോള്‍ വാഹനത്തില്‍ ലഭിക്കുന്ന പല സൗകര്യങ്ങളും ഈ വാഹനത്തില്‍ ഇല്ല എന്നത് നേര് തന്നെ. അതറിഞ്ഞിട്ടും ഇത് വാങ്ങാന്‍ തുനിഞ്ഞത് പരിസ്ഥിതിയോടുള്ള സ്നേഹം കൊണ്ടാണെന്നു പറഞ്ഞാല്‍ എനിക്ക് വട്ടാണെന്ന് പലരും കരുതിയേക്കാം, പക്ഷെ അതു തന്നെയാണ് വാസ്തവം.

വാഹനം വാങ്ങിക്കുമ്പോള്‍ ആണ് off-road/ on-road വില വ്യത്യാസങ്ങളെ കുറിച്ച് മനസ്സിലാക്കുന്നത്. ഒകിനാവയിലേക്ക് എങ്ങനെ എത്തി എന്ന് ചോദിച്ചാല്‍, ഈ വാഹനം ഉള്‍പ്പെടുന്ന segment ആയ ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകളില്‍ ഇതിനാണ് അല്‍പ്പം വിലക്കുറവ് കണ്ടത്. അതേ തുടര്‍ന്ന് വാഹനത്തെ കൂടുതല്‍ അറിയാന്‍ വെബ്‌ ബ്ലോഗുകള്‍, യൂട്യുബ് വീഡിയോകള്‍ എന്നിവ ആശ്രയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ അധികമൊന്നും നിരത്തില്‍ ഓടുന്നില്ല എന്നറിയാമല്ലോ. അതു കൊണ്ട്, ഉപയോഗിക്കുന്നവരുടെ അഭിപ്രായം അറിയാനും നെറ്റിനെതന്നെയാണ് ആശ്രയിച്ചത്. 

കമ്പനി പരസ്യത്തിനു ഉപയോഗിച്ച 80 km മൈലേജ് അവകാശവാദം വെറും പൊള്ളയായിരുന്നു എന്ന് ഉപയോഗത്തിലൂടെ മനസ്സിലാക്കി. ഇതിനെതിരെ കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ 50-55 km ആണ് എനിക്ക് ഹൈദരാബാദ് റോഡുകളില്‍ ലഭിക്കുന്നത്. അല്‍പ്പം ഉയര്‍ന്ന പ്രദേശമായത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഇതെപ്പറ്റി തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. 65ന് മുകളില്‍ ലഭിക്കുന്ന ആരെങ്കിലും ഉള്ളതായി ഞാന്‍ കരുതുന്നില്ല. ലെഡ് ആസിഡ് ബാറ്ററിയിലാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് തന്നെ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ 7/8 മണിക്കൂര്‍ എങ്കിലും വേണം.

ഈ വാഹനത്തില്‍ കണ്ട പ്രധാന പോരായ്മകള്‍ ഇനി പറയാം.

1) ചാര്‍ജിങ്ങിനു വേണ്ടിവരുന്ന സമയം.
2)  റിമൂവബിള്‍ ബാറ്ററി (ബാറ്ററി വാഹനത്തിന് പുറത്തെടുത്ത് ചാര്‍ജ് ചെയ്യാനുള്ള സംവിധാനം) ഇല്ലാതിരുന്നത്.
3) കൃത്യമായ മൈലേജ് പറയാതെ കമ്പനി നടത്തിയ മാര്‍ക്കറ്റിംഗ്.  

ഇതില്‍ പറഞ്ഞ 3 പ്രശ്നങ്ങള്‍ക്കും പരിഹാരം മാര്‍ക്കറ്റില്‍ ലഭ്യമാണ്. ലിഥിയം -അയന്‍ ബാറ്ററി കിട്ടുന്നതോടെ ഇതെല്ലാം പരിഹരിക്കപ്പെടും. ബാറ്ററിയുടെ GST നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിന്‍റെ നേട്ടങ്ങള്‍ ഉടനെ തന്നെ വാഹന ഉടമകള്‍ക്ക് ലഭിച്ചു തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ബാറ്ററിക്ക് 2/3 വര്‍ഷത്തെ വാറണ്ടി നല്‍കുന്നുണ്ട്. 

ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കുന്ന ഒരു കാലം വരുമോ? അങ്ങനെ ഒന്ന് സംഭവിക്കണമെങ്കില്‍ കമ്പനികള്‍ പ്രധാനമായും ചെയ്യേണ്ടത്, ഉപഭോക്താവിന്‍റെ ആവശ്യങ്ങള്‍ നന്നായി അറിഞ്ഞു കൊണ്ട് വാഹനങ്ങള്‍ നിര്‍മ്മിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ നിരത്തിലുള്ള പല വാഹനങ്ങളും സബ്സിഡിക്ക് ശേഷവും ഉയര്‍ന്ന വിലയ്ക്കാണ് വാങ്ങാന്‍ കിട്ടുന്നത്. ഞാന്‍ വാങ്ങിയ വാഹനത്തിന് മറ്റു സ്കൂട്ടറുമായി താരതമ്യം ചെയ്‌താല്‍ വിലവ്യത്യാസം  ഉണ്ടെങ്കിലും,  ഒരു ബജറ്റ് സ്കൂട്ടര്‍ എന്ന് പേരെടുക്കാന്‍ ഈ കമ്പനികള്‍ക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്.

കൂടുതല്‍ അറിയാന്‍ :

https://auto.ndtv.com/okinawa-bikes/ridge

 https://timesofindia.indiatimes.com/auto/bikes/top-5-electric-scooters-that-are-worth-buying/articleshow/64731154.cms

PS: ഒകിനാവ റിഡ്ജ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ റിവ്യു
 ഒരു വെബ്സൈറ്റിന് നല്‍കിയിട്ടുണ്ട്. അത് പബ്ലിഷ് ആവുന്ന മുറയ്ക്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. 





Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ