റൂബാരൂ റോഷ്‌നി
2006ൽ തീയേറ്ററുകളിൽ റിലീസായ ഒരു ഹിന്ദി ചിത്രം വീണ്ടും കാണാൻ നിരവധി ചെറുപ്പക്കാർ തയ്യാറാകുന്നു എങ്കിൽ ആ ചിത്രം ഇപ്പോഴും പ്രസക്തമാണ് എന്ന് പറയേണ്ടി വരും. രംഗ് ദേ ബസന്തി എന്ന രാകേഷ് ഓംപ്രകാശ് മെഹ്‌റ ചിത്രം ഓരോ കാഴ്ചയിലും പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. തികച്ചും വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങളെ കൂട്ടിച്ചേർത്തു രാജ്യത്തെ യുവതയുടെ കഥ പറഞ്ഞ ചിത്രമാണ് ഇത്.
പാകിസ്ഥാൻ വിലക്കിയ ചിത്രം, ഒരു രാഷ്ട്രീയ കക്ഷിയെ പേര് ചേർത്ത് വിമർശിക്കുന്ന ചിത്രം, യുവാക്കളെ അക്രമത്തിനും, അരാജകവാദത്തിനും പ്രേരിപ്പിക്കുന്ന ചിത്രം - വിമർശനങ്ങളും, വിവാദങ്ങളും കുറവായിരുന്നില്ല. പക്ഷെ, അതിനെയൊക്കെ അവഗണിച്ചു ഈ സിനിമ ഇന്നും ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ, അതിനർത്ഥം ഈ സിനിമ ആഴത്തിൽ സ്പര്ശിച്ച കുറേയാളുകൾ ഉണ്ടെന്നല്ലേ?
ഈ സിനിമയെ ഒരു മോഡേൺ ക്ലാസ്സിക് എന്ന് വിളിക്കാൻ ഇഷ്ടപെടുന്നു. വളരെ ഗൗരവമുള്ള ഒരു വിഷയമാണ് ചിത്രം സംസാരിക്കുന്നത്. പക്ഷെ, ഒരു ഘട്ടത്തിൽ പോലും സിനിമയുടെ രസച്ചരട് മുറിയുന്നില്ല. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് വിപ്ലവ മാർഗം തിരഞ്ഞെടുത്ത അഞ്ചു ചെറുപ്പക്കാർ - ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖർ ആസാദ്, രാംപ്രകാശ് ബിസ്മിൽ, അവരുടെ പോരാട്ടം പറയുന്ന ഒരു ഭാഗം. ഡൽഹിയിൽ കൂട്ടുകാരുമൊത്ത്
ജീവിതം ആഘോഷിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ അവരെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് പറയുന്ന മറ്റൊരു ഉപകഥ. ഇത് രണ്ടും കൂട്ടിവായിക്കുമ്പോൾ, ഈ കാലത്തിനു പ്രസക്തി ഏറെയുള്ള ഒരു ചോദ്യത്തിൽ നമ്മൾ എത്തിചേരും. സ്വാതന്ത്ര്യം കിട്ടി ഇത്ര നാൾ കഴിഞ്ഞിട്ടും, കൊളോണിയൽ മനോഭാവം വെടിയാത്ത മനുഷ്യരെ കണക്കിന് വിമർശിക്കുന്നുണ്ട് ചിത്രം.
കെട്ടുറപ്പുള്ള തിരക്കഥ, കവിത പോലെ സുന്ദരമായ ഗാനങ്ങൾ, ഹൃദയത്തിൽ കൊള്ളുന്ന സംഗീതം, സിനിമാട്ടോഗ്രഫി, അനാവശ്യ രംഗങ്ങൾ ഇല്ലാത്ത എഡിറ്റിങ് -- ഓരോ കാഴ്ചയിലും സിനിമയുടെ ഫ്രഷ്‌നെസ്സ് നഷ്ടപ്പെടുന്നില്ല. അമീർ ഖാൻ, മാധവൻ, അതുൽ കുൽക്കർണി, കുനാൽ കപൂർ, സോയ അലി ഖാൻ, ആലിസ് പാറ്റൻ, വഹീദ റഹ്‌മാൻ, അനുപം ഖേർ, സിദ്ധാർഥ്, ഷർമാൻ ജോഷി ഇവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദേശസ്നേഹം പ്രമേയമാക്കിയ ചിത്രങ്ങൾ കൂടുതലായി റിലീസ് ചെയ്യുന്ന ഈ കാലത്ത്, ഈ ചിത്രം കൂടുതൽ ജനശ്രദ്ധ അർഹിക്കുന്നുണ്ട് . രാകേഷ് ഓംപ്രകാശ് മെഹ്‌റ, കമലേഷ് പാണ്ഡെ, റെൻസിൽ ഡിസിൽവ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന. എ ആർ റഹ്‌മാൻ, പ്രസൂൺ ജോഷി, ബ്‌ളാസ് ടീം തയ്യാറാക്കിയ ഗാനങ്ങൾ ഒന്നിനൊന്ന് മികച്ചതാണ്. ലതാ മങ്കേഷ്‌ക്കർ ആലപിച്ച ലുക്കാ ചുപ്പീ എന്ന ഗാനം പലരെയും ഈറനണിയിക്കും എന്ന് തീർച്ച . ഇന്ത്യൻ സിനിമകൾക്ക് കൂടുതൽ ലോകശ്രദ്ധ ഇപ്പോൾ കിട്ടുന്നു. കാലം തെറ്റി പുറത്തിറങ്ങിയ, നമ്മൾ വിസ്മരിച്ച കുറെ സുന്ദരമായ സിനിമകളുണ്ട്. ആ പട്ടികയിൽ ഈ സിനിമയുടെ പേര് കാണാതിരിക്കട്ടെ.
ഇന്നത്തെ പ്രസക്തി
സിനിമ സംസാരിക്കുന്ന വിഷയം ഇന്നും നിലനിൽക്കുന്നു എന്നതിൽ മാത്രം സിനിമയുടെ പ്രസക്തി ഒതുക്കിനിർത്താൻ കഴിയില്ല. കലുഷിതമായ കാമ്പസുകൾ കണ്ടപ്പോൾ, അഴിമതിക്കെതിരെ ഇന്ത്യ ഒത്തുചേർന്നപ്പോൾ, പ്രതിരോധ കരാറുകൾ കച്ചവടമായപ്പോൾ, ചെറുപ്പക്കാർ പ്രതികരിച്ചപ്പോൾ, ആളുകൾ മതം പറഞ്ഞു മാറിനിന്നപ്പോൾ ഏറ്റവുമൊടുവിൽ ഷഹീൻബാഗ് സമരം നടന്നപ്പോൾ രംഗ് ദേ ബസന്തിയെ ഓർത്തു. കാരണമെന്തെന്ന് സിനിമ കണ്ടവർക്ക് മനസ്സിലാകും. ഒന്ന് മാത്രം പറയാം! നമ്മുടെ കാലത്തിൻ്റെ കഥയാണ് ഈ സിനിമ.
Where to watch: NetFlix, YouTube
Recommended read: https://www.youthkiawaaz.com/2018/10/rang-de-basanti-a-testament-of-university-culture/

Comments
Post a Comment