പ്രായത്തെ തോൽപ്പിച്ച പ്രണയം

ചില പ്രണയങ്ങളുണ്ട്. കടലലകൾ പോലെ മനസ്സിൽ ഇരച്ചു കയറുന്ന ആത്മബന്ധങ്ങൾ.  നമ്മുടെയൊക്കെ സാമാന്യയുക്തിക്കും അപ്പുറമാവും അവയുടെ ആഴം. കാലത്തിൻ്റെ, ഭാഷയുടെ, വയസ്സിൻ്റെ അതിരുകൾ കടന്നു ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന തീവ്രമായ ആ ഇഷ്ടത്തെ പക്ഷെ നമ്മളിൽ പലരും വേണ്ടെന്നു വെയ്ക്കുന്നു. അങ്ങനെ നഷ്ടപെടുന്ന  പ്രണയബന്ധങ്ങൾക്ക്  നോവേറെയാണ്. പരസ്പരം ജീവനുതുല്യം പ്രേമിച്ചിട്ടും, ഒരിക്കലും ഒന്നിക്കാൻ കഴിയാതെ പഴയ ഓർമ്മകളിൽ ജീവിച്ച വയസ്സായ രണ്ടു പേർ -  റോബർട്ട്, ഫ്രാൻസിസ്ക - അവർ കണ്ടുമുട്ടാനിടയായ മാഡിസൺ കൗണ്ടിയിലെ പാലം. 1995ൽ ക്ലിന്റ് ഈസ്റ്റ്‌വുഡിൻ്റെ സംവിധാനത്തിൽ റിലീസായ 'ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി' പ്രണയത്തിൻ്റെ ആഴങ്ങളിൽ ചാലിച്ച മനോഹരമായ ഒരനുഭവമാണ്. വിവാഹശേഷം തൻ്റെ  ഇഷ്ടങ്ങൾ മറന്നു ജീവിക്കുന്ന  ഫ്രാൻസിസ്കയും (മെറിൽ സ്ട്രീപ്പ്), നാഷണൽ ജോഗ്രഫിക്ക് ഫോട്ടോഗ്രാഫറായ റോബർട്ടും (ക്ലിന്റ് ഈസ്റ്റ്‌വുഡ്) തമ്മിലുള്ള  നാല് ദിവസം നീണ്ട പ്രണയമാണ് സിനിമയുടെ ഇതിവൃത്തം.
രണ്ട് കുട്ടികളുടെ അമ്മയായ ഫ്രാൻസിസ്കയ്ക്ക് റോബർട്ടിനെ സ്വന്തമാക്കാൻ കഴിയില്ലെന്നറിയാം. വിവാഹമോചിതനായ റോബർട്ടിനും, ഫ്രാൻസിസ്കക്കൊപ്പം പുതിയൊരു ജീവിതം സാധിക്കില്ലെന്ന് തീർച്ചയാണ്. പക്ഷെ, ഇങ്ങനെയൊരു പ്രണയം ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണെന്ന് അയാൾക്ക്  ബോധ്യമുണ്ട്. മാഡിസൺ കൗണ്ടിയിലെ പാലത്തിൽ അവർ പങ്കിട്ട സുന്ദരമായ നിമിഷങ്ങൾ, അവർക്കിടയിലെ അടുപ്പം വളർത്തിയിരുന്നു. പിരിച്ചുമാറ്റാൻ കഴിയാത്തത്ര വലിഞ്ഞു മുറുകിയിരുന്നു. പക്ഷെ,  തനിക്ക്  നഷ്ടമായ പ്രണയത്തെ നിസ്സഹായനായി നോക്കിനിൽക്കാനേ ഇരുവർക്കും ആയുള്ളൂ. വൈകുന്നേരത്തെ മഴയിൽ, ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയ വ്യക്തിയെ അവസാനമായി കണ്ട് നീറുന്ന മനസ്സോടെ അയാൾ ആ നാടിനോട് യാത്ര പറയുകയാണ് . തൻ്റെ ഇഷ്ടങ്ങൾ വേദനയോടെ മാറ്റിവെയ്ക്കാനാണ്  ഫ്രാൻസിസ്കയും തീരുമാനിക്കുന്നത്.
റോബർട്ടിനെ എന്തുകൊണ്ട് ഫ്രാൻസിസ്ക ഇഷ്ടപ്പെട്ടു എന്ന് പലരും ചോദിക്കാം.  മൂടി വെച്ച തൻ്റെ നിറമുള്ള  സ്വപ്നങ്ങളാണ് അവർ റോബർട്ടിൽ കണ്ടത്. പക്ഷെ, തൻ്റെ ഉത്തരവാദിത്തങ്ങൾ വെടിയാൻ അവർ ആഗ്രഹിച്ചില്ല. രോഗിയായ ഭർത്താവിനെ  നോക്കി, അയാളുടെ മരണശേഷം പുതിയ ഒരു ജീവിതം പ്രത്യാശിച്ചു കുറെ അലഞ്ഞു. പക്ഷെ,  റോബർട്ടിൻ്റെ ഓർമ്മകളുടെ സമ്പാദ്യം അവരുടെ കൈകളിൽ എത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു.  എന്നാൽ ഫ്രാൻസിസ്ക തോൽക്കാൻ നിന്നില്ല. മക്കളോട് പറയാനുള്ളതെല്ലാം ഒരു ഡയറിയിൽ എഴുതിവെച്ചു, അവസാനത്തെ ആഗ്രഹവും കുറിച്ചിട്ട് അവർ യാത്ര പോയി. റോബർട്ട് പോയ അതേ വഴിയിൽ, മാഡിസൺ നദിയിൽ വീണ്ടും ഒരുമിക്കുമെന്ന പ്രതീക്ഷയോടെ..

ചിത്രം 
ദി ബ്രിഡ്‌ജസ് ഓഫ് മാഡിസൺ കൗണ്ടി
വർഷം 
1995
പോസിറ്റീവ്സ് 
സംഗീതം, അഭിനയം, സിനിമാട്ടോഗ്രാഫി, മികച്ച തിരക്കഥ.
പ്രസക്തി
റിലീസായി 25 വർഷം തികയുന്നു.




Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ