ട്രാൻസും, ബോംബെ വെൽവെറ്റും തമ്മിൽ

വലിയൊരു വിജയമാകാതെ പോയ ട്രാൻസ് കണ്ടപ്പോൾ അനുരാഗ് കശ്യപിൻ്റെ 'ബോംബെ വെൽവെറ്റ്' ആണ് ഓർമ്മയിൽ വന്നത്. അൻവറിൻ്റെ  കരിയറിൽ ഏറ്റവും ഹൈപ്പ് കിട്ടിയ ചിത്രം ആയിരിക്കും ട്രാൻസ്. ഏകദേശം മൂന്ന് വർഷം കൊണ്ടാണ് ഷൂട്ടിങ് കഴിഞ്ഞത്. ചിത്രീകരണവേളയിൽ പുലർത്തിയ രഹസ്യസ്വഭാവം സിനിമയ്ക്ക് മേലുള്ള പ്രതീക്ഷ വാനോളം
ഉയർത്തി. ആദ്യദിവസങ്ങളിൽ ഗംഭീര കളക്ഷൻ നേടിയ ചിത്രത്തിന് ഒരു ബോക്സ് ഓഫീസ് പരാജയമാവാനായിരുന്നു വിധി.    
ബോംബെ വെൽവെറ്റിൻ്റെ ഷൂട്ടിംഗ് നാളുകളിൽ, ആ ചിത്രം കശ്യപിൻ്റെ 'മാഗ്നം ഓപ്പസ്' ആകുമെന്നാണ് നിരൂപകർ കണക്കുകൂട്ടിയത്. എന്നാൽ, ബോക്സ്ഓഫീസിൽ നിലംപതിച്ചു.
ഫഹദ് ഫാസിലിൻ്റെ കരിയർ ബെസ്റ്റ് റോളുകളിൽ ഒന്നാണ് ട്രാൻസിലെ ജോഷ്വ കാൾട്ടൺ. അയാൾക്ക് ലോകത്തെ സ്വാധീനിക്കുന്ന ഒരു മോട്ടിവേഷണൽ സ്പീക്കർ ആകണം. ഒന്നുമില്ലായ്മയിൽ നിന്ന് ഉയർന്നുവന്ന ഒരാൾ.  ജോഷ്വയെപ്പോലെ മുറിവേറ്റ ബാല്യമാണ് ബോംബെ വെൽവെറ്റിലെ
ജോണി ബൽരാജിനുമുള്ളത്. അയാൾക്ക് പണമാണ് വലുത്. പണം വന്നാൽ എല്ലാ പ്രശ്നവും മാറുമെന്ന് അയാൾ സ്വപ്നം കാണുന്നു. "ബിഗ് ഷോട്ട്" ആവുന്നത് സ്വപ്നം കാണുന്നു. അയാൾ വഞ്ചിക്കപ്പെടുന്നു. ജോഷ്വയ്ക്ക് പറ്റിയത് പോലെ, അയാൾ ഉയർത്തുന്ന സാധ്യതകൾ അയാൾക്ക് ചുറ്റുമുള്ളവർ മുതലെടുക്കുന്നു. അപ്പോൾ യാഥാർഥ്യവും, സ്വപ്നവും ഇടകലർന്ന ഒരു 'ട്രാൻസിൽ' ജോണിയും ചെന്നുപെടുകയാണ്. പിന്നെയുള്ള അവരുടെ മധുരപ്രതികാരമാണ് തിരശീലയിൽ കാണുന്നത്.  ഇടയ്ക്ക് ഇവരെ യാഥാർഥ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന നിസ്സഹായയായ രണ്ട് നായികമാർ - നസ്രിയ, അനുഷ്ക ശർമ്മ - മുറിവേറ്റ് കഴിയുന്ന രണ്ട് സ്ത്രീകൾ. ജോഷ്വയെ, ജോണിയെ നശിപ്പിക്കാൻ കച്ചകൂട്ടുന്നവരുടെ കയ്യിലെ കളിപ്പാവകൾ ആണെന്ന് വൈകിയാണ് അവർ മനസ്സിലാക്കുന്നത്.
രൺബീറിൻ്റെ അഭിനയം എടുത്തുപറയണം. ആ കഥാപാത്രം കടന്നുപോവുന്ന പല അവസ്ഥകളെയും അയാൾ ഭംഗിയായി അവതരിപ്പിച്ചു. നെപ്പോട്ടിസം ലേബലിന് പുറത്തുകടന്ന രണ്ട് നടന്മാർ അവരെ മനോഹരമായി അടയാളപ്പെടുത്തിയ ചിത്രങ്ങൾ എന്ന നിലയിലും സമാനതകൾ പുലർത്തുന്നു.  


സംവിധായകരുടെ സിനിമ  

അൻവർ റഷീദിൻ്റെ കരിയറിലെ ഏറ്റവും പണച്ചിലവുള്ള ചിത്രമാണ് ട്രാൻസ്. അനുരാഗ് തൻ്റെ കരിയറിൽ  ഏറ്റവും മുതൽമുടക്കിയ, എന്നാൽ ഏറ്റവും വലിയ പരാജയചിത്രമായിരുന്നു ബോംബെ വെൽവെറ്റ്. ഇരുചിത്രങ്ങളും ടെക്നിക്കൽ സൈഡ് കുറ്റമറ്റതായിരുന്നു. അതാത് ഇൻഡസ്ട്രിയിൽ അധികമാരും മുതിരാതിരുന്ന ഒരു പരീക്ഷണമാണ് അവർ ധൈര്യപൂർവ്വം ഏറ്റെടുത്തത്. പക്ഷെ, തീയേറ്ററിൽ ആള് കയറിയില്ല, പ്രേക്ഷകർ കയ്യൊഴിഞ്ഞു. ട്രാൻസിലെ വില്ലൻ, പ്രശസ്ത സംവിധായകൻ ഗൗതം മേനോൻ ആയിരുന്നെങ്കിൽ, കശ്യപ് തിരഞ്ഞെടുത്തത് ബോളിവുഡ് സംവിധായകൻ കരൺ ജോഹറിനെയാണ്. ഇരുവർക്കും ടെയ്‌ലർമെയ്‌ഡ്‌ എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളാണ് കിട്ടിയത്.



സിനിമയുടെ പ്രസക്തി 

വിഎഫ്എക്സ്, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട് റെക്കോർഡിങ് -അതാത് ഇൻഡസ്ട്രിയിൽ മുൻ മാതൃകകൾ കാണാത്ത,  ബെഞ്ച്മാർക്ക് ലെവൽ ചിത്രങ്ങൾ ആയിരുന്നു വലിയ ചലനങ്ങൾ സൃഷ്ടിക്കാതെ പോയത്. കഥ പറഞ്ഞുപോയതിലെ പ്രെഡിക്റ്റബിലിറ്റി ഇരുസിനിമകൾക്കും വിനയായെന്ന് തോന്നി. ഇന്റർവെൽ വരെ ഇരുചിത്രങ്ങളും ഭംഗിയായി എൻഗേജ് ചെയ്യിക്കുന്നു. പിന്നീട് കഥാഗതി കുറച്ചൊക്കെ ഊഹിക്കാൻ പറ്റുന്നതാകുന്നു.
പക്ഷെ, ഇരുചിത്രങ്ങളും കുറെ സന്ദർഭങ്ങളിൽ വല്ലാതെ പിടിച്ചിരുത്തുന്നുണ്ട്.  ഇവ ഇഷ്ടപ്പെടുന്ന ഒരു മൈനോറിറ്റി പ്രേക്ഷകർ ഇവിടെയുണ്ട്.അവർ പറയുന്നത് ഇത്തരം പരീക്ഷണങ്ങൾ മറ്റ് ഭാഷകളിൽ വന്നാൽ സ്വീകരിക്കപ്പെടുമായിരുന്നു എന്നാണ്. അറിയില്ല! പത്ത്‌ വർഷത്തിന് ശേഷം ഈ കാലത്തെ ഏറ്റവുമധികം സംസാരിക്കപ്പെടാൻ പോകുന്ന ചിത്രങ്ങളുടെ നിരയിൽ  ഈ സിനിമകൾ സ്ഥാനം നേടുമോ? രണ്ബീറിൻ്റെയും, ഫഹദിൻ്റെയും മാസ്മരിക പ്രകടനങ്ങൾ ആളുകൾ കാണാതെ പോകുമോ?    





Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ