വിദ്യാധരനും, ബാലചന്ദ്രനും





"ബാലചന്ദ്രൻ എന്ന ഹിന്ദുവിന് ഫാത്തിമ എന്ന മുസ്‌ലിം സഹോദരി ഉള്ളത് എന്ന് മുതലാണ് ഒരു പ്രശ്നമായത് സാർ? പുലഭ്യം പറഞ്ഞതുകൊണ്ടോ, കൈയേറ്റം ചെയ്തതുകൊണ്ടോ  നിങ്ങൾക്കെന്നെ നിശ്ശബ്ദനാക്കാൻ പറ്റിയേക്കാം.  ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യത്തിലും, നീതിയിലും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ." രഞ്ജിത്ത് എഴുതി സംവിധാനം നിർവഹിച്ച മമ്മൂട്ടി ചിത്രം 'കൈയൊപ്പ്' എന്ന സിനിമയിലെ കണ്ണ് നനയിക്കുന്ന രംഗമാണ് സന്ദർഭം. 
സിനിമ ഒരു വ്യവസായമാണ്. കാശെറിഞ്ഞു കാശുവാരുന്നവരാണ് ഇവിടെ ലാഭം വാരുക. എന്നാൽ, കുറഞ്ഞ മുടക്കുമുതലിൽ ലാഭ-നഷ്ടക്കണക്കുകളുടെ ഭാരം പേറാതെ റിലീസാവുന്ന സിനിമകളുണ്ട്. അവാർഡുകൾ ലഭിക്കുമ്പോൾ ചില ചിത്രങ്ങൾക്ക് മാധ്യമശ്രദ്ധ കിട്ടും. അപ്പോഴും കൊമേർഷ്യൽ വിജയം കൈവരിക്കാൻ പറ്റിയെന്ന് വരില്ല. സിനിമ ഉല്ലസിപ്പിക്കാൻ (entertain) ഉള്ള മാധ്യമമാണെന്ന് നമ്മൾ ചിന്തിക്കുന്നു. ജീവിതത്തോട് ചേർന്ന കഥകൾക്ക് തീയേറ്ററിൽ ആള് കൂടുന്ന സന്ദർഭങ്ങൾ കുറവാണ്.  
എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് കൈയ്യൊപ്പ്. വളം കമ്പനിയിൽ ജോലി ചെയ്യുന്ന ബാലചന്ദ്രൻ എന്ന സർഗ്ഗശേഷിയുള്ള എഴുത്തുകാരൻ്റെ എഴുതിപ്പൂർത്തിയായ ആദ്യനോവലും, അയാളെ കാത്തിരിക്കുന്ന  ചില മനുഷ്യരുടെ പ്രതീക്ഷകളും,  അതെല്ലാം തകർത്തുകൊണ്ട് ചില സംഭവങ്ങൾ ഉരുത്തിരിയുന്നതുമാണ് സിനിമയുടെ പ്രമേയം. മനുഷ്യപക്ഷത്തു നിന്നുകൊണ്ടുള്ള മനോഹരമായ കഥപറച്ചിൽരീതി സിനിമയിലുടനീളം കാണാനാകും. ബാലചന്ദ്രനും, കുഞ്ഞുചിത്രകാരി ഫാത്തിമയുമായുള്ള ഫോൺ സംഭാഷണം സിനിമ അവസാനിച്ചാലും നമ്മളെ വിട്ടെങ്ങും പോകില്ല. 
വിരസമായ ജീവിതത്തിന് വിരാമമിട്ട് ഒരു പുതിയ 'കൈയ്യൊപ്പ്' ചാർത്തി പുതിയതിനെ വരവേൽക്കാൻ ഒരുങ്ങുന്ന ബാലചന്ദ്രൻ നമ്മുടെ മനസ്സുകളിൽ ഒരു നോവായി അവശേഷിക്കും. സിനിമ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിന് ഇന്നത്തെ ഇന്ത്യയിൽ വളരെയധികം പ്രസക്തിയുണ്ട്. മനുഷ്യനെ മനുഷ്യനായി കാണാനും, നമുക്ക് നഷ്ടമാവുന്ന പല നന്മകളിലേക്ക് ഒന്ന് കണ്ണോടിക്കാനും ഈ സിനിമ വെളിച്ചം വീശുന്നു. ഇതിൽ അഭിനയിക്കാൻ മമ്മൂട്ടി പ്രതിഫലമൊന്നും വാങ്ങിയില്ല. വളരെ കുറഞ്ഞ നിർമ്മാണച്ചിലവിൽ 15 ദിവസം കൊണ്ടാണ് ഷൂട്ടിങ് അവസാനിച്ചത്. 

     
ലോഹിതദാസ് എന്ന മലയാള സിനിമയിലെ എണ്ണം പറഞ്ഞ തിരക്കഥാകാരന്മാരിൽ ഒരാൾ ആദ്യമായി സംവിധാനം ചെയ്ത, നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് 'ഭൂതക്കണ്ണാടി.' വിദ്യാധരൻ എന്ന വാച്ചുറിപ്പയറുടെ മനസ്സിൽക്കൂടെയുള്ള ഒരു സഞ്ചാരമാണ് സിനിമ. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയിൽ വിദ്യാധരനെ കൂട്ടാം. പേര് സൂചിപ്പിക്കുന്നതുപോലെ ഭൂതക്കണ്ണാടി ഒരു പ്രതീകമാണ്.  
വിദ്യാധരൻ സാധാരണക്കാരൻ്റെ പ്രതിനിധിയാണ്. അയാളുടെ ഉള്ളിലെ ഭയം പെൺമക്കളുള്ള ഏതൊരു അച്ഛനും കടന്നുപോയേക്കാവുന്ന മാനസിക സംഘർഷങ്ങളുടെ ആകെത്തുകയാണ്. അയാൾക്ക് സഹായത്തിന് അങ്ങനെ ആരുമില്ല. ജാതിയുടെ പേരിൽ ഒരുമിക്കാൻ പറ്റാതെ പോയ പഴയ പ്രണയിനി മാത്രമാണ് ഇപ്പോൾ ഒരു കൂട്ട്. തൻ്റെ ഒറ്റപ്പെടലിൽ അയാൾക്ക്  മനസ്സിൻ്റെ താളം തെറ്റുന്നു. അയാളുടെ ഉള്ളിലെ നിസ്സഹായനായ മനുഷ്യന് താൻ നേരിട്ട ദുരന്തം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. സ്നേഹിക്കാൻ മാത്രം പഠിച്ച ഒരു പാവമായിരുന്നു അയാൾ. ലോകം ഇരുണ്ടത് അറിയാൻ അയാൾ വളരെ  വൈകിപ്പോയി. അപ്പോഴേക്കും, സംഭവിക്കേണ്ടത് സംഭവിച്ചിരുന്നു. നഷ്ടങ്ങൾ ഏറ്റുവാങ്ങുമ്പോൾ പുതിയ ജീവിതത്തിൽ പ്രവേശിക്കാനുള്ള അയാളുടെ താൽപ്പര്യം പോയിരുന്നു. വിദ്യാധരനും, ബാലചന്ദ്രനും തമ്മിൽ വലിയ സാമ്യതകൾ കാണാൻ കഴിയില്ല. പക്ഷെ, അടിസ്‌ഥാപരമായി ഇരുവരും ഇരകളാണ്.  വാർത്തകൾ വഴി നമ്മൾ അറിഞ്ഞ ചില സംഭവങ്ങൾ അതിലൂടെ കടന്നുപോകുന്ന മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്നതിന് ഇവരുടെ ജീവിതങ്ങൾ നോക്കിയാൽ മനസ്സിലാകും. സമൂഹത്തിൽ നിന്ന് തുരത്തേണ്ട രണ്ട് വിപത്തുകളുടെ - തീവ്രവാദം, സ്ത്രീപീഡനം - ഫലമായി ജീവിതത്തിൽ സമാധാനം നഷ്ടപ്പെട്ടവരുടെ പ്രതിനിധികളാണ് ഈ രണ്ടു കഥാപാത്രങ്ങളും എന്ന് പറയാം. തോറ്റുപോയ രണ്ടു മനുഷ്യർ. അവരെ തോൽപ്പിച്ചത് സമൂഹത്തിൽ കൂടിയിരിക്കുന്ന ചില തിന്മകളാണ്. ഇപ്പോഴും ഒരുപാടാളുകൾ തോറ്റുകൊണ്ടേയിരിക്കുന്നു. നമ്മൾ നിസ്സഹായരായി കൂട്ടം കൂടി നിൽക്കുന്നു. അഭിപ്രായങ്ങൾ പറയുന്നു. പിന്നെ അവരവരുടെ തിരക്കുകളിലേക്ക് തിരിച്ചുപോകുന്നു. പക്ഷെ, ബാലചന്ദ്രനും, വിദ്യാധരനും അങ്ങനെ ഒഴിഞ്ഞുമാറാൻ അറിയില്ലായിരുന്നു. എന്നാൽ, അവർ കൊടുക്കേണ്ടിവന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരുന്നു.    
ഇവരോട് ചേർന്നുനിൽക്കുന്ന മറ്റൊരു മമ്മൂട്ടി കഥാപാത്രമാണ് ബ്ലെസ്സിയുടെ ആദ്യചിത്രം കാഴ്ചയിലെ മാധവൻ. മാധവന്, കൊച്ചുണ്ടാപ്രിയെ സ്നേഹിക്കാൻ അവൻ്റെ നാടോ, ഭാഷയോ ഒന്നും തടസ്സമായില്ല. മാധവനെയും അവസാനം ഈ നാട്ടിലെ ഭരണരീതികൾ തോൽപ്പിച്ചുകളയുകയാണ്. അയാൾക്ക് പ്രതീക്ഷയോടെ മുന്നോട്ട്പോകാനേ സാധിക്കൂ. 
വിദ്യാധരന്  ഒരു രണ്ടാമാവസരം ലഭിക്കുന്നുണ്ട്. അവിടെ അയാളെ കാത്തിരിക്കുന്നത് എന്തായിരിക്കും? വിദ്യാധരന്മാരെയും, ബാലചന്ദ്രനെയും  നമ്മുടെ സമൂഹത്തിന് ആവശ്യമുണ്ട്. മനസ്സിലെ നന്മ വറ്റിയിട്ടില്ലാത്ത മനുഷ്യർ ഇവിടെ കഴിയുന്നത് വേനലിലെ ഒരു കുളിർമഴയാണ്. പക്ഷെ അവരെ സമാധാനമായി ജീവിക്കാൻ അനുവദിക്കണമെന്ന് മാത്രം. ഇനിയെങ്കിലും അവരെ തോറ്റുകൊടുക്കാതെ നിർത്താൻ നമുക്ക് സാധിക്കണ്ടേ? ഇനിയും എത്രയെത്ര തോൽവികൾക്ക് നാം കണക്കു പറയേണ്ടി വരും?   

   



     





  





Comments

Post a Comment

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ