'ഇരുവർ'
ഏറ്റവും സുഖം തരുന്ന മനുഷ്യബന്ധം ഏതാണെന്ന ചോദ്യത്തിന് സൗഹൃദം എന്ന ഉത്തരമാണ് ഞാൻ നൽകുക. ആദ്യപ്രണയം പോലെ തന്നെ ആഘോഷിക്കപ്പെടേണ്ടതാണ് ആദ്യ സൗഹൃദം. നല്ല സൗഹൃദങ്ങൾ ഇല്ലാത്ത ഒരു ജീവിതം അപൂർണ്ണമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരാൾക്ക് മറ്റെന്തെല്ലാം കാര്യങ്ങൾ ഉണ്ടെന്ന അവകാശവാദം ഉന്നയിച്ചാലും, കൂട്ടുകാരില്ലാത്ത ഒരു ജീവിതത്തിൽ സംതൃപ്തി കണ്ടെത്താൻ അയാൾക്ക് നേരിയ പ്രയാസം വന്നേക്കാം.
ചില കൂട്ടുകാർ നമ്മുടെ ജീവിതത്തിൽ വളരെ അപ്രതീക്ഷിതമായാണ് കടന്നുവരുന്നത്. എന്റെ ഓർമ്മയിൽ എന്റെ ആദ്യ ചങ്ങാതി അയൽവാസിയും, അകന്ന ബന്ധുവുമായ ജിതിൻ എന്ന ജിത്തുവാണ്. കുട്ടിക്കാലത്ത് അവന്റെ വീടായ പുത്തൻപുരയിൽ അവന്റെ സ്വന്തമായ സൈക്കിൾ അവന് ഓടിക്കാൻ ഇട കൊടുക്കാതെ ചവിട്ടിനടന്നതാണ് സൗഹൃദത്തിലെ ആദ്യ ഓർമ്മ. അവന്റെ വീട്ടിൽ വരുത്തിയിരുന്ന ചില ബാലമാസികകൾ വായിക്കാൻ ഞാൻ ഇടയ്ക്കിടെ പോയിരുന്നു. അന്നാളുകളിൽ രണ്ടു പേരും കുറഞ്ഞത് രണ്ട്-മൂന്ന് തവണയെങ്കിലും അവരവരുടെ വീടുകൾ സന്ദർശിക്കും. രാത്രിയിൽ ഇരുട്ടായാൽ ജിത്തുവിന് വീട്ടിൽ പോകാൻ അൽപ്പം പേടിയാണ്. എന്റെ പേര് ഉറക്കെ വിളിച്ചുകൊണ്ടാണ് തിരികെ വീട്ടിൽ പോവുക. ഞങ്ങൾ രണ്ടാളുടെയും വീടുകളെ തമ്മിൽ ഒരു ചെറിയ വേലിയാണ് അന്ന് വേർതിരിച്ചിരുന്നത്. എന്റെ മറുപടി ശബ്ദം എത്താൻ വൈകിയാൽ അവന്റെ വിളിയുടെ ഉച്ച കൂടും. കാഴ്ച്ചയിൽ വളരെ ശക്തനെന്ന് തോന്നിക്കുന്ന അവനിൽ നിന്ന് അത്തരമൊരു പെരുമാറ്റം ആരും പ്രതീക്ഷിക്കില്ല.
ഞങ്ങൾ രണ്ടാളും രണ്ട് വ്യത്യസ്ത വിദ്യാലയങ്ങളിലാണ് ആറാം ക്ലാസ് വരെ പഠിച്ചത്. പഠിപ്പിലും, കളിയിലും, കൂട്ടുകൂടലിലും ഒന്നാമതുള്ള അവന്റെ സ്വഭാവരീതികൾ എന്റെ ഉൾവലിഞ്ഞ പ്രകൃതത്തിന് നേർവിപരീതമായിരുന്നു. അവൻ ക്ലാസ്സിലും, സ്‌കൂളിലും സാമാന്യം പേരെടുത്ത കുട്ടിയായിരുന്നു.
സ്കൂൾ ലീഡറായും, വിദ്യാലയത്തിലെ ഏറ്റവും മികവ് പുലർത്തുന്ന വിദ്യാർഥിയായും, ക്രിക്കറ്റ് കളിക്കാരനായും തിളങ്ങിയതോടെ അവന്റെ ഗ്രാഫ് കുത്തനെ കയറി. ക്‌ളാസിലും, സ്‌കൂളിലും, നാട്ടിലും അവനില്ലാത്ത പരിചയക്കാർ ആരുമിലായിരുന്നു.
ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഞങ്ങൾ ഒരേ വിദ്യാലയങ്ങളിലാണ് പഠിച്ചത്. അവന്റെ ചില കൂട്ടുകാർ എന്റെയും കൂട്ടുകാരായി. ഞങ്ങളുടെ പഠനനിലവാരത്തിൽ സാമാന്യം വലിയ അന്തരമുണ്ടായിരുന്നു. അതൊരിക്കലും ഒരു വിലങ്ങുതടിയായില്ല എന്ന് മാത്രമല്ല, എന്റെ പഠനനിലവാരം ഉയർന്നുവരാൻ അവൻ ചെറിയ രീതിയിൽ സഹായിക്കുകയും ചെയ്തിരുന്നു.
പത്താം ക്ലാസ് വരെ സാമാന്യം ഉഴപ്പിനടന്ന ഞാൻ പിന്നീട് അവനെപ്പോലെ മാർക്ക് സ്‌കോർ ചെയ്യുവാനും, പരീക്ഷകൾക്ക് നേരാംവണ്ണം ഒരുങ്ങാനും ആരംഭിച്ചു.
പത്തു കഴിഞ്ഞ് ഞങ്ങൾ രണ്ട് വഴിയിൽ പിരിഞ്ഞു. തന്റെ ഇഷ്ടമേഖലയായ ഡോക്ടറായിത്തീരാൻ അവൻ പ്രവർത്തിച്ചപ്പോൾ ഞാൻ എന്റെ ഐച്ഛികവിഷയമായ ഹ്യുമാനിറ്റിസ് പഠനം തടസ്സങ്ങൾ വരാതെ മുന്നോട്ട് കൊണ്ടുപോകാൻ പ്രയത്‌നിച്ചു. പ്ലസ് ടു പരീക്ഷാഫലം ഞങ്ങൾ രണ്ടാളുകൾക്കും ആഹ്ലാദിക്കാൻ വക നൽകി.
ആ മാർക്കിന്റെ ബലത്തിൽ ജന്മനാട്ടിൽ നിന്ന് മാറി തലസ്ഥാനനഗരിയിൽ പ്രമുഖ കോളേജിൽ ഡിഗ്രി പഠനം നടത്താൻ ഞാൻ നാട് വിട്ടു. അവൻ കോച്ചിങ് സെന്ററിൽ ചേർന്ന് ഉറക്കമിളച്ചു പഠിച്ചതിന്റെ ഫലമായി നാട്ടിലെ ഗവർൺമെന്റ് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയായി പ്രവേശിച്ച്
ഞങ്ങളുടെ അഭിമാനപാത്രമായി മാറി.
എന്റെ പല നേട്ടങ്ങളിലും ഞാൻ സന്തോഷിക്കുന്നതിലും അപ്പുറം ആനന്ദിക്കുന്ന, എന്റെ തെറ്റുകളെ യുക്തിസഹമായി ചൂണ്ടിക്കാട്ടുന്ന കരുതലുള്ള കൂട്ടുകാരൻ എന്നതാണ് അവനിൽ ഞാൻ കണ്ട പ്രത്യേകത.
ആദ്യകാലങ്ങളിൽ ഞങ്ങൾ വളരെയധികം കാര്യങ്ങൾക്ക് വാക്ക്തർക്കങ്ങളിലേർപ്പെടുക പതിവായിരുന്നു. രാഷ്ട്രീയമായാലും, പൊതുവിഷയങ്ങളെ സംബന്ധിച്ചായാലും ഞങ്ങൾക്ക് രണ്ട് തരം അഭിപ്രായം ആയിരുന്നത് കൊണ്ട് ഞങ്ങളുടെ വാഗ്വാദങ്ങൾ വളരെ നേരം നീണ്ടുനിൽക്കുമായിരുന്നു. ഏതാണ്ട് അടുത്തകാലത്താണ് മറ്റേയാളുടെ അഭിപ്രായങ്ങൾ കൂടുതൽ സഹിഷ്ണുതയോടെ കേൾക്കാനും, അവയെ കുറച്ചെങ്കിലും അംഗീകരിച്ചുകൊടുക്കാനും പഠിച്ചത്.
കുട്ടിക്കാലത്ത് ഏറ്റവും പ്രിയപ്പെട്ട പല ഓർമ്മകളിലും അവന്റെ സാന്നിധ്യം പതിഞ്ഞിരുന്നു. ക്ലാസ് കഴിഞ്ഞ് തളർന്നു വന്ന പല രാത്രികളിൽ ഞങ്ങൾ നിരവധി കാര്യങ്ങൾ തുറന്നുസംസാരിച്ചുകൊണ്ടാണ് വീടണഞ്ഞിരുന്നത്. വീട്ടിൽ വിളിക്കുന്ന പേരിലുള്ള സാമ്യതകൾ അല്ലാതെ മറ്റൊരു കാര്യത്തിലും ഞങ്ങൾ തമ്മിൽ എന്തെങ്കിലും സമാനതകൾ ഉള്ളതായി എനിക്കിത്രയും നാളുകളിൽ തോന്നിയിട്ടില്ല.
മുതിർന്നപ്പോൾ കൂടുതൽ സൗഹൃദങ്ങൾ ഞങ്ങളെ തേടിയെത്തിയെങ്കിലും ആദ്യ സൗഹൃദത്തിന്റെ മധുരം എപ്പോഴും വേറിട്ട് നിൽക്കുക തന്നെ ചെയ്യും.
Comments
Post a Comment