വീട്ടുജോലി

ഒരു ദിവസം തുടങ്ങിയത് മുതൽ അത് അവസാനിക്കുന്നത് വരെ എത്രയെത്ര ജോലികളാണ് നമ്മൾ ചെയ്യുന്നത്! വേണ്ടതും, വേണ്ടാത്തതും, ആവശ്യമുള്ളതും, ഇല്ലാത്തതുമായ ആയിരമായിരം പ്രവൃത്തികളിലൂടെയാണ്  നമ്മുടെ ഓരോ നാളുകളും കടന്നുപോകുന്നത്. നിർഭാഗ്യവശാൽ, ഈ ദുരവസ്ഥ ചില കൂട്ടർക്ക് ജീവിതാവസാനം വരെ 'വിധിക്കപ്പെട്ട' ഒന്നാണ്.



എന്നാൽ, കാലം മാറുന്നു. വീട്ടുജോലികൾ ഒരു ലിംഗത്തിൽ പെട്ടയാളുകൾക്ക് മാത്രമായുള്ളതാണെന്ന ചിന്തകൾ ഇന്ന് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ആണും, പെണ്ണും ഒരുമിച്ച് കയറുന്ന അടുക്കളകൾ ഇന്നൊരു അപൂർവ്വതയല്ല. ലിംഗപരമായ കടമകൾ എന്നോണം നോക്കിക്കണ്ടിരുന്ന ചില ജോലികളെങ്കിലും ആൺ-പെൺ വ്യത്യാസമില്ലാതെ പങ്കുവെയ്ക്കുന്ന ഒരു പ്രവണത സമൂഹത്തിലിന്ന് കുറച്ചിടങ്ങളിലെങ്കിലും കാണാൻ പറ്റുന്നുണ്ട്. മലയാളിയുടെ മാറുന്ന ജീവിതവീക്ഷണവും, ജീവിതരീതിയുമെല്ലാം ഇതിൽ വളരെ നിർണ്ണായകമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. 

വീട്ടുജോലിയെപ്പറ്റി ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സാവിത്രി രാജീവൻ്റെ പ്രതിഷ്‌ഠ എന്ന സുന്ദരമായ കവിതയാണ്. അടുക്കളയിൽ പ്രതിഷ്‌ഠിച്ചുപോയ സ്ത്രീജന്മങ്ങളെ സമർത്ഥമായി ചിത്രീകരിച്ച രചനയാണിത്. "അടുക്കളയിലെ തേഞ്ഞുതീരുന്ന വീട്ടുപകരണമാണ് ഞാൻ" എന്ന് പറഞ്ഞുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. "വീട്ടുപകരണം" എന്ന പ്രയോഗം സ്ത്രീകളെ സംബന്ധിച്ച് വളരെ യോജിച്ചതാണ്. വീട്ടിലെ വലിയവരുടെയും ചെറിയവരുടെയും കാര്യങ്ങൾ മുടക്കം വരാതെ നോക്കുന്ന, ജോലികൾക്ക് തടസ്സം വരാതിരിക്കാൻ ഒരു സമയം പലത് ചെയ്യുന്ന വീട്ടമ്മമാർ അനുഭവിക്കുന്ന ദുരിതത്തെപ്പറ്റി പറഞ്ഞുതുടങ്ങിയാൽ തീരില്ല. 

സ്വന്തം വീട്ടിലെ അനുഭവമെടുത്താൽ, ഓരോനാളും  ഇടംവലം തിരിയാതെ ജോലിയെടുക്കുന്ന ഒരമ്മയെ കണ്ടാണ് എൻ്റെ ഒരു ദിവസം ആരംഭിക്കുന്നത്. സംഗീതം പഠിപ്പിക്കുന്നതുൾപ്പടെ മറ്റ് പല ജോലികളും അമ്മ ദിവസവും ചെയ്യാറുണ്ട്. ഉച്ചയ്ക്ക് അര മണിക്കൂർ മാത്രമാണ് വിശ്രമം. പിന്നെ, സന്ധ്യയോടെ ജോലികൾ ഒതുങ്ങുന്നു. സന്ധ്യക്ക് കുറച്ചു സമയത്തെ നാമജപത്തിന് ശേഷം ടിവിയിൽ ടോപ്‌സിംഗർ കാണും. പിന്നെ, ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടക്കും. 

ജോലിക്കാര്യത്തിൽ അമ്മയ്ക്ക് വലിയ സഹായമാണ് എൻ്റെ 
അച്ഛൻ. എൻ്റെ അച്ഛൻ അടുക്കളയിൽ കയറാറുണ്ട്. ചന്ദനത്തോപ്പിലും, ചെങ്ങന്നൂരും താമസിച്ചു ജോലി ചെയ്യുന്ന കാലത്ത് അച്ഛൻ പാചകവിദ്യ വശമാക്കിയിട്ടുണ്ട്. ഭക്ഷണക്കാര്യങ്ങളിൽ പെരുത്ത് താൽപ്പര്യമുള്ള അനിയത്തിയും  വീട്ടുജോലികളിൽ അമ്മയെ സഹായിക്കാൻ കൂടാറുണ്ട്. അമ്മൂമ്മയാവട്ടെ, ഒരു കാലത്ത് അടുക്കള മുഴുവൻ നിറഞ്ഞുനിന്ന ഒരു
പ്രസ്ഥാനമാണ്. ചിലപ്പോഴൊക്കെ ചെറിയ ചെറിയ കാര്യങ്ങളിൽ ഇവർക്കൊപ്പം കൂടുന്ന ഈ ഞാനും ചേരുമ്പോൾ വീട്ടിലെ അടുക്കളക്കഥ പൂർണ്ണമാകും. 

വീട്ടിലെ ജോലികൾ പുലർച്ചെ 4 മണിയോടെ തുടങ്ങും. അച്ഛനും, അമ്മയും നാട്ടുപുരാണമൊക്കെ പറഞ്ഞ്, ഇടയ്ക്ക് ഒരു കാപ്പിയും രുചിച്ചുകൊണ്ട് രാവിലത്തെ പലഹാരവും, ഉച്ചയ്ക്ക് ആവശ്യമായ പച്ചക്കറികളും തയ്യാറാക്കും. അത് കഴിഞ്ഞാൽ, വീടിനകവും, പുറവും തൂത്തുവൃത്തിയാക്കാൻ അമ്മ പോവും. അച്ഛന് രാവിലെയൊരു നടത്തം പതിവുള്ളതാണ്. പ്രഭാതസവാരിക്കും, രാവിലത്തെ പത്രംവായനയ്ക്കും ശേഷം വീട്ടുപറമ്പിലെ വാഴകൾക്ക്  വെള്ളമൊഴിക്കാനോ, വീട്ടിലെ ചെടികൾ നനയ്ക്കാനോ അച്ഛൻ പോകും. അത് കഴിഞ്ഞാൽ ഒരു കുളിയും പാസ്സാക്കി വീടിനടുത്തുള്ള അമ്പലത്തിൽ പോയി വരും. ഇതിനിടയിൽ അമ്മൂമ്മ എഴുന്നേറ്റിട്ടുണ്ടാകും. അമ്മൂമ്മ ദിവസവും രാവിലെ ശരീരം തുടയ്ക്കാറുണ്ട്. അതിനുള്ള വെള്ളം അമ്മ ചൂടാക്കും. ഇടയ്ക്ക് അമ്മൂമ്മയുടെ കാര്യങ്ങൾ നോക്കുന്നത് അനിയത്തിയും, ഞാനും ചേർന്നാണ്.  

ചോറ് വേവിക്കുന്നത് അടുപ്പിൽ തന്നെയാവണമെന്ന് അമ്മയ്ക്ക് എന്തോ നിർബന്ധം പോലെയാണോ എന്നിടയ്ക്ക് തോന്നാറുണ്ട്. കഴിഞ്ഞ വർഷം ഞങ്ങൾ മൂന്നുപേരും കണക്കിന് നിർബന്ധിച്ചതിന് ശേഷമാണ് വീട്ടിൽ ഒരു വാഷിങ്മെഷീൻ വാങ്ങാൻ അമ്മ തയ്യാറായത്. ജോലിക്കാര്യത്തിൽ അമ്മയും, അച്ഛനും, മാളുവും പൂർണ്ണതയുടെ (പെർഫെക്ഷനിസം) വക്താക്കളാണെന്ന് പറയാം. ഞാൻ വരുത്തുന്ന പിഴവുകളെ നിർദാക്ഷിണ്യം വിമർശിക്കാൻ ഇവർ മൂന്ന് പേരും ധാരാളം! ചിലപ്പോഴാവട്ടെ, ഞാൻ നിരത്തുന്ന 'ന്യായവാദങ്ങളുടെ' മുനയൊടിച്ചു തരും.  എനിക്കതിൽ വലിയ പരാതി തോന്നാറില്ല.മകനെന്നോ, സഹോദരനെന്നോ നോക്കാതെ, എന്നെ ഒരു സാധാരണ വ്യക്തിയായി കണ്ട്, എൻ്റെ കുഴപ്പങ്ങളെ തിരുത്താൻ ഇവർ മൂന്നാളും കൂടെയുണ്ട്.

ശമ്പളം കിട്ടേണ്ട ഒരു തൊഴിലാണോ വീട്ടുജോലി? വീട്ടുജോലിയെ ഒരു തൊഴിലായി അംഗീകരിക്കാനും, വീട്ടിലെ ജോലികൾ  മുടങ്ങാതെ ചെയ്യുന്ന സ്ത്രീകൾ ശമ്പളം വാങ്ങാൻ അർഹരാണെന്നുമുള്ള കോടതി നിരീക്ഷണം പുറത്തുവന്നിട്ട് അധികം നാളുകൾ കഴിഞ്ഞിട്ടില്ല. ഈയടുത്ത് ഓൺലൈനിൽ റിലീസായ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ മുന്നോട്ട് വെയ്ക്കുന്ന വിഷയം വളരെ പ്രസക്തമായ ഒന്നാണ്. പുതിയതായി താമസിക്കാൻ തുടങ്ങിയ  വീട്ടിൽ ഒരു പുതിയ ജീവിതം പ്രതീക്ഷിച്ചുവരുന്ന  ഭാര്യയെ വീട്ടുജോലികൾ ചെയ്യിപ്പിക്കാനും, അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ ചോദ്യം ചെയ്യാനും അൽപ്പം പോലും മടിക്കാത്ത, പുരോഗമനം വാക്കുകളിൽ ഒതുക്കുന്ന പിന്തിരിപ്പനായ ഭർത്താക്കന്മാരെ ഈ ചിത്രം കണക്കറ്റ് പരിഹസിക്കുന്നുണ്ട്. 

കുടുംബത്തിൽ എല്ലാവരും വീട്ടുജോലികളിൽ ഒപ്പം കൂടണമെന്നാണ് എൻ്റെ  വാദം. ഒരു വ്യക്തിക്ക് മാത്രമായി ജോലികൾ പതിച്ചുകൊടുത്താൽ അതൊരുതരത്തിലുള്ള ചൂഷണമാണ്. സമയക്കുറവെന്നോ, ഓഫീസ്/പണിസ്ഥലത്തെ തിരക്കെന്നോ പറഞ്ഞു വീട്ടുത്തരവാദിത്തങ്ങളിൽ നിന്നൊഴിഞ്ഞുമാറുന്ന പ്രവണതയും ഒരു തരത്തിലുള്ള ഒളിച്ചോടലാണ്. ഓഫീസ് ജോലിയും, വീട്ടുജോലിയും  ഒരു ലിംഗത്തിൽപെട്ടവർ ചെയ്യുമ്പോൾ, അതവരുടെ കടമയായും, മറ്റൊരു കൂട്ടർ അത് ചെയ്യാതിരിക്കാൻ ഓഫീസ് ജോലിയെ ഒരു കാരണമായി പറയുന്നതും,  നമ്മളിൽ ചിലർ അതിനെ   അംഗീകരിക്കുന്നതും എങ്ങനെ ന്യായീകരിക്കാൻ കഴിയും? 
സ്നേഹമെന്ന ഓമനപ്പേരിട്ട് അത്തരമൊരു കാര്യത്തെ അനാവശ്യമായി സ്വീകരിക്കാൻ നമ്മൾ തയ്യാറാവരുത്.  

എല്ലാ ജോലികൾക്കും അതിന്റേതായ ബുദ്ധിമുട്ടുകളും, കടുപ്പവുമുണ്ട്. ആ ജോലികൾ പങ്കിട്ടുചെയ്‌താൽ മനസ്സിലെ ജോലിഭാരം അൽപ്പമൊന്ന് കുറയും. നമ്മളെ സഹായിക്കാൻ ഈ ദുനിയാവിൽ ഒരാളുണ്ടല്ലോയെന്ന ബോധ്യത്തിൽ നമുക്ക്  തോന്നുന്ന സ്നേഹത്തിലും വലുതല്ല നമ്മളുടെ ഈ സ്നേഹപ്രകടനങ്ങളും, മധുരം പൊതിഞ്ഞ വാക്കുകളും.

  


 
 

       

Comments