അർമാൻ ഉണ്ണി ഭായ് ഭായ്
1
അറിയപ്പെടുന്ന കേരളത്തിൽ വന്നെത്തിയ
അനേകായിരം അതിഥിതൊഴിലാളികളിൽ ഒരാളാണ് അർമാൻ ഭായ്. ഭായ് എന്ന ഹിന്ദി വാക്കിന് സഹോദരൻ എന്നാണ് അർഥം.
തന്റെ കുടുംബത്തിൽ നിന്ന് കേരളത്തിൽ ജോലി അന്വേഷിച്ചെത്തിയ മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം.മറ്റുള്ളവരെ പോലെ, കേരളത്തിൽ ജോലി ചെയ്യാൻ വന്ന് അവിടെ കൂടുതൽ കാലം കഴിയാൻ അർമാനും തീരുമാനിച്ചു. ഭായിക്ക് നമ്മുടെ നാടിനെ തന്റെ കർമ്മഭൂമിയാക്കാൻ അധികമൊന്നും ആലോചിക്കേണ്ടതായി വന്നില്ല.
"ഇവിടെ എനിക്ക് ദിവസവും പണിക്ക് പോവാൻ പറ്റുന്നുണ്ട്. ബീഹാറിനെക്കാൽ കൂലിയും കിട്ടുന്നുണ്ട്. വീട്ടുവാടക കഴിഞ്ഞ് മിച്ചം പിടിച്ചു നല്ലൊരു തുക വീട്ടിലേക്ക് കൊടുക്കുന്നുമുണ്ട്. ഇവിടം എനിക്ക് താമസിക്കാൻ കൊള്ളാവുന്ന സ്ഥലമാണ്."
വീട്ടിൽ പറമ്പുപണിക്ക് എത്തിയപ്പോഴാണ് അർമാനെ പരിചയപ്പെടുന്നത്. ആവശ്യത്തിന് പൊക്കം, ഉറച്ച ശരീരഘടന, സത്യസന്ധമായ പെരുമാറ്റം. തനിക്ക് കിട്ടുന്ന കൂലി അധികമായാൽ കൂലിയുടെ മിച്ചത്തുക തന്നെ പണി ചെയ്യാൻ വിളിച്ചയാൾക്ക് തിരികെ കൊടുക്കും.
അർമാനും, നാട്ടിലെ അറിയപ്പെടുന്ന പണിക്കാരനായ ഉണ്ണിച്ചേട്ടനും ചേർന്നാണ്
പറമ്പുജോലി ചെയ്യുന്നത്. ഉണ്ണിച്ചേട്ടന് ഹിന്ദി കാര്യമായി വശമില്ലെങ്കിലും അർമാന് മലയാളം കുറേശ്ശെ മനസ്സിലാവും. മറ്റൊരു നാട്ടിൽ ജോലിക്ക് വരുമ്പോൾ അവിടുത്തെ ഭാഷ അൽപ്പം വശത്താക്കണമെന്ന സാമാന്യബോധം അയാളെ കണക്കിന് സഹായിക്കുന്നുണ്ട്.
"ഭായി, യഹാം ക്യാ കർനാ ഹേ?"
അർമാന്റെ ചോദ്യം ഉണ്ണിച്ചേട്ടനോടാണ്.
ഉണ്ണിച്ചേട്ടന് ആദ്യമൊന്നും കത്തിയില്ല! ചേട്ടൻ മുഖം ചെരിച്ചു അർമാനെ ഒന്ന് സൂക്ഷിച്ചുനോക്കി. പക്ഷെ, രക്ഷയില്ല!
ഉണ്ണിച്ചേട്ടന് താൻ ഉദ്ദേശിച്ചതെന്തെന്ന്
ശരിക്ക് മനസ്സിലായില്ല എന്ന് അർമാനും ബോധ്യമായി. അതുകൊണ്ടാണ്
അർമാൻ ആംഗ്യഭാഷയെ കൂട്ടുപിടിച്ചത്.
അപ്പോൾ ഉണ്ണിച്ചേട്ടൻ മലയാളത്തിലും ഒന്ന് പയറ്റിനോക്കി. അത് നന്നായി ഫലിച്ചു!
അതോടെ, ഉച്ചവരെയുള്ള പണി സുഗമമായി മുന്നോട്ടുപോയി.
2
ഉച്ചയ്ക്ക് ശേഷം ഉണ്ണിച്ചേട്ടനെ കാണാതായപ്പോൾ അർമാന്റെ മാലയാളത്തിലുള്ള ചോദ്യം.
"ഉണ്ണിഭായ് എവിടെപ്പോയി"
"വീട്ടിൽ... കഴിക്കാൻ പോയതാ അർമാൻ"
"ടീക്ക് ഹേ നിധീഷ് ഭായി"
അർമാൻഭായ് ഉണ്ണിചേട്ടൻ വരാൻ കാത്തിരുന്നു. അവർ പണി ചെയ്യുന്നത് അൽപ്പം അകലെ മാറിനിന്നു ഞാനും വീക്ഷിച്ചു. മലയാളത്തിൽ ഉണ്ണിച്ചേട്ടൻ ഓരോന്നും വളരെ സാവകാശം പറയുന്നു. അർമാൻ അതെല്ലാം തലകുലുക്കി അനുസരിക്കുന്നു. എന്തെങ്കിലും ചെയ്യുന്നത് അർമാന്
തെറ്റിപ്പോയാൽ അത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഉണ്ണിച്ചേട്ടൻ അർമാന്
കാണിച്ചുകൊടുക്കുന്നു.
ആദ്യദിവസത്തെ ജോലി കഴിഞ്ഞതോടെ അർമാനെ ഉണ്ണിച്ചേട്ടനും, ഉണ്ണിച്ചേട്ടനെ അർമാനും ബോധിച്ചുവെന്ന് അവരുടെ പെരുമാറ്റരീതികളിൽ നിന്ന് വ്യക്തമായി.
ദിവസങ്ങൾ പലത് കഴിഞ്ഞതോടെ അവർ പരിചിതരായി. അവരുടെ ഇടപെടലുകൾ സൗഹാർദപരമായി. അവരുടെ ഭാഷാപരമായ വ്യത്യസ്തതകൾ പതിയെ
ഇല്ലാതായി. ഇടനിലക്കാരുടെ സഹായം കൂടാതെ ഇരുവർക്കും അവരവരുടെ ഭാഗങ്ങൾ വിശദീകരിക്കാനായി.
അവർക്കിടയിലെ സൗഹൃദത്തിന് ഭാഷയുടെ ആവശ്യം അധികമായി വേണ്ടിവന്നില്ല.
3
അർമാന് പണി ചെയ്യാൻ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഞങ്ങളുടെ നാടാണ്. അതിഥിതൊഴിലാളികളെ അതിഥിയായി പരിചരിക്കുന്ന ഒരു ഗ്രാമത്തിൽ തനിക്കിഷ്ടമുള്ള വേല ചെയ്യുന്നതും, ജന്മനാടിനോട് ചേർന്ന ഓർമ്മകൾ ഇവിടെ നിൽക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നതും, ഉണ്ണിച്ചേട്ടന്റെ സ്വഭാവരീതികളും ഒക്കെയാവണം അർമാന് ഇവിടം ഇഷ്ടമാവാൻ കാരണം.
അതിഥി തൊഴിലാളിയായി വന്ന് സാഹോദര്യം വിളമ്പിയവൻ
ReplyDelete