കരച്ചിലിനെ ചിരിച്ചോണ്ടും നേരിടാം..

മനസ്സ് നിറയെ ദുഖവും പേറി ഒരു വിഷാദച്ചിരിയോടെ ജീവിക്കാൻ ആരാണ് ഇഷ്ടപ്പെടുന്നത്? നിങ്ങൾക്ക് എന്തുപറ്റിയെന്ന ചോദ്യം നിങ്ങളെ വല്ലാതെ അസ്വസ്‌ഥമാക്കുന്നു. തിരിച്ചറിയാൻ പറ്റാത്ത ഏതോ വിഷാദക്കുരുക്കിൽ നിലയുറയ്ക്കാതെ പോയതായി നമുക്ക് തോന്നുന്നു.    


നമ്മുടെയെല്ലാം ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ കടന്നുവരുന്ന അതിഥിയെപ്പോലെയാണ് ദുഃഖത്തിന്റെ വരവ്. ഒരായുസ്സിലെ സന്തോഷം എരിച്ചുകളയാൻ ഒരു നിമിഷത്തെ ദുഃഖത്തിനാവും. ദുഃഖിച്ചുതുടങ്ങിയ മനസ്സ് കലുഷിതമായ കടൽ പോലെയാണ്. തിരമാലകളുടെ അലയടികൾ പോലെ ഓരോ ഓർമ്മകളും അവർക്ക് വേദന  സമ്മാനിക്കുന്നു. അവർ ചിരിയുടെ സൗന്ദര്യത്തെ മറക്കുന്നു. നേരിയ വിഷാദം പോലും താങ്ങാനുള്ള മനക്കരുത്ത് അവർക്ക് നഷ്ടമാവുന്നു. 

വിഷമിച്ചിരിക്കുന്നവരോട് സംസാരിക്കാൻ  പ്രയാസമാണ്. നമ്മൾ പറയുന്ന വാക്കുകൾ അവരെ മുറിപ്പെടുത്തുമോ എന്ന് ചിന്തിച്ചു നമ്മൾ പല വാക്കുകളും വിഴുങ്ങുന്നു. പ്രിയപ്പെട്ടയാളുകളെ നഷ്ടമാവുന്ന വേളയിൽ മനസ്സ് കലങ്ങി നിറഞ്ഞകണ്ണുകളോടെയിരിക്കുന്ന മനുഷ്യരെ കേവലം സമാധാനവാക്കുകൾ പറഞ്ഞു ആശ്വസിപ്പിക്കാൻ എനിക്ക് സാധിക്കാറില്ല. അവരുടെ കൈകൾ ചേർത്ത്പിടിച്ചു ദുഃഖത്തിൽ പങ്കുകൊള്ളുന്നതായി സൂചിപ്പിക്കുമ്പോഴും അവരുടെ വിഷമതയുടെ ഒരു പങ്ക് ഇറക്കിവെയ്ക്കാൻ നമുക്ക് സാധിക്കാറുണ്ടോ? നമ്മുടെ ആശ്വാസം പകരുന്ന വാക്കുകൾ അവർക്ക് കരുത്ത് പകരുന്നുണ്ടോ? ഒറ്റയ്ക്കാണെന്ന് പരിഭവപ്പെടുന്നവരെ ചേർത്തുനിർത്താൻ നമ്മുടെ കരങ്ങൾക്കോ, നമ്മുടെ മനസ്സിനോ വലിപ്പമുണ്ടോ? 

സാമൂഹികപരിഷ്ക്കർത്താവും, ആത്മീയ ആചാര്യനുമായ ശ്രീനാരായണഗുരുവിനെ ദർശിച്ചവർക്ക് അദ്ദേഹത്തിന്റെ കണ്ണുകളിൽ തളം കെട്ടിയിരുന്ന വിഷാദഭാവത്തെ കാണാതിരിക്കാൻ കഴിഞ്ഞിരുന്നില്ല. ജ്ഞാനിയും, ലോകജീവിതത്തെ അടുത്തറിയുകയും ചെയ്‌ത അദ്ദേഹം എന്തുകൊണ്ടാണ് ദുഃഖിതനായി കാണപ്പെട്ടത്? അപരന്റെ ദുഃഖം തന്റേതായി കരുതിയ ഗുരുദേവന് മനുഷ്യന്റെ വ്യാകുലതകളെക്കുറിച്ചു ചിന്തിക്കാതെ ഒരു സമയമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ചിന്തകൾ അദ്ദേഹത്തിന്റെ  മുഖത്ത് പ്രതിഫലിച്ചു കണ്ടതാണ് നമ്മൾ ദുഃഖഭാണ്ഡമായി കരുതിയത്. ഒരാളുടെ ദുഃഖം അയാളിൽ മാത്രമായി ഒതുങ്ങുമെന്ന് കരുത്താനാവുമോ?ഇല്ല. അയാളുടെ അടുപ്പക്കാരിൽ ദുഖത്തിന്റെ കണികകൾ പതുക്കെ ദൃശ്യമാവുന്നു. വിഷാദം ഒരാളിൽ നിന്ന് മറ്റെയാളിലേക്ക് പടരുന്നു.

ദുഃഖമുഖരിതമായ ഒരു സമൂഹത്തിൽ ജീവിക്കുക എന്നത് ദുസ്സഹമാണ്. പ്രളയനാളുകളും, സുനാമിയും നേരിട്ട കാലത്ത് എത്രയെത്ര മനുഷ്യരുടെ  കണ്ണുനീരാണ് നമ്മൾ കണ്ടത്? ദുഃഖാവസ്ഥയിൽ കഴിയുന്ന ഒരു സമൂഹത്തിന് കര കയറാൻ വലിയ സമയദൈർഖ്യം ആവശ്യമായി വരും. സമൂഹത്തിന്റെ ദുഃഖം കണ്ടില്ലായെന്നു നമ്മൾ കരുതുമ്പോൾ കരുണ വറ്റിയ ഭരണാധികാരികൾ ജനങ്ങൾക്ക് മേൽ കുതിര കയറും. ഹിറ്റ്ലറെപ്പോലെയുള്ള ഏകാധിപതികൾ സമൂഹത്തിന്റെ ദുഃഖത്തെ (ജൂതരെ കൊലപ്പെടുത്തൽ) മുൻനിർത്തിയാണ് അധികാരത്തിൽ കടിച്ചുതൂങ്ങിക്കിടന്നത്.  

സുഖമുണ്ടെങ്കിൽ ദുഖവുമുണ്ട് എന്നൊരു ചൊല്ല് നമ്മളിൽ ചിലർക്കെങ്കിലും പരിചിതമാണ്. ദുഖമില്ലാതെ ജീവിതമില്ലെന്ന യാഥാർഥ്യബോധമാണ് ഇതെഴുതിയയാളെ ഇങ്ങനെ ചിന്തിപ്പിച്ചതെന്ന് കരുതുന്നു. ദുഃഖത്തെ അറിയാതെയുള്ള ജീവിതം ഒരു ജീവിതമല്ലെന്ന് സമ്മതിക്കുമ്പോഴും ദുഃഖം മാത്രമാണോ ജീവിതം എന്ന സംശയം ചിലർക്കെങ്കിലും ബാക്കിനിൽക്കുന്നെങ്കിൽ അതിന് ആരെയാണ് പഴിക്കേണ്ടത്?  പക്ഷെ, ദുഖിച്ചിരിക്കാതെ, ദുഃഖത്തിലെ 'ചിരിയെ' കണ്ടെത്തുന്ന ജാലവിദ്യ സ്വന്തമാക്കിയാൽ ദുഖത്തിന്റെ കയപ്പുനീരിന് രുചിവ്യത്യാസം അനുഭവപ്പെട്ടേക്കാം.

എന്താണത്? ദുഖത്തെ വിഷാദമായി കണക്കാക്കുന്നത് പതിയെ കുറച്ചുകൊണ്ടുവന്ന് ജീവിതത്തിന്റെ കൂടെ നിർത്തുക. ദുഖമെന്ന വികാരം ചിരപരിചിതമാവുന്നതോടെ ദുഃഖത്തിന്റെ മേലുള്ള പേടിയും കുറഞ്ഞുവരും. ഒടുവിൽ ദുഃഖം പുഞ്ചിരിക്ക് വേണ്ടി വഴിമാറും. ചാർളി ചാപ്ലിനെ പോലെ ബഷീറിനെ പോലെ ദുഃഖം ദുഃഖമായി മാത്രം കാണാതെ ജീവിക്കുന്നവരുടെ പുഞ്ചിരിക്കുന്ന മുഖങ്ങൾ ഓർമ്മവരുന്നു. മഹാന്മാർ മാത്രമല്ല സ്വന്തം ജീവിതത്തിലെ സാധാരണ മുഖങ്ങളും ഓർമ്മയിൽ കടന്നുവരുന്നു. അവരുടെ പുഞ്ചിരിയിലെ സന്തോഷവും ദുഖത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച ചിരിയും കാണുമ്പോൾ ജീവിതത്തോട് സ്നേഹം തോന്നുന്നു. സുഖദുഃഖങ്ങൾ മാറിമാറിയുന്ന ഭൂമിയിൽ ഭാരങ്ങളില്ലാതെ ജീവിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്...

   



 



Comments

  1. കയറ്റിറക്കങ്ങൾ പോലെയാണ് ഓരൊ സുഖദുഃഖങ്ങളും

    ReplyDelete

Post a Comment

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ