ഘർ വാപ്പസി
ജോലി ചെയ്യുന്നയിടത്ത് ജീവിതം വളർത്താൻ ഇഷ്ടത്തോടെയും, ഇഷ്ടമില്ലാതെയും നമ്മൾ ഒരുങ്ങുന്നു.
ഒരു ജോലി കിട്ടുക വലിയ പ്രയാസമാണ്. തൃപ്തിയുള്ള ശമ്പളത്തിൽ ഇഷ്ടമുള്ള സ്ഥലത്ത് ജോലി ചെയ്യാനാവുക അതിലും കടുപ്പമാണ്. ഓണവും, വിഷുവും, പെരുന്നാളും, ക്രിസ്മസും, ദീപാവലിയുമൊക്കെ വെളിനാട്ടിൽ ഒറ്റയ്ക്ക് ചിലവഴിച്ചപ്പോളൊക്കെ എന്നെ വേട്ടയാടിയ ഒരു ചോദ്യത്തിന് ഇനി അവസാനമാവുകയാണ്. അഞ്ച് വർഷത്തോളമായി കാണുന്ന ഒരു പകൽക്കിനാവിന്റെ സാക്ഷാത്ക്കാരം! നാട്ടിലൊരു ജോലി!
നാട്ടിലൊരു വലിയ സ്ഥാപനത്തിൽ പെരുമയുള്ള ജോലി എന്നത് എന്നെ സംബന്ധിച്ച് ഒരു പ്രധാന ആവശ്യം ആയിരുന്നു. ഇഷ്ടമുള്ള വിഷയം പഠിക്കാൻ ഇഷ്ടത്തോടെ പറഞ്ഞുവിട്ട വീട്ടുകാരോട്, പഠിക്കാൻ പുറകിലായപ്പോൾ പ്രതീക്ഷ കൈവിടാതിരുന്ന സഹപാഠികളോട്, ഇഷ്ടവിഷയമെടുത്തപ്പോൾ ഒപ്പം നിന്ന അധ്യാപകരോട്, എന്നെ വളർത്തി വലുതാക്കിയ എന്റെ നാടുകളോട്,
വായിച്ചു ഭ്രമിച്ച പുസ്തകങ്ങളോട്, കഥകൾ പറഞ്ഞ കണ്ണുകളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അവർ പ്രതീക്ഷിക്കുന്ന മറുപടി പറയാൻ എന്റെ ഹൃദയം എന്നും തുടിച്ചിരുന്നു.
"നാട്ടിൽ ജോലിയൊന്നുമായില്ലേ?"
പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയിട്ടും പ്രതീക്ഷ കൈവിടാൻ നിന്നില്ല. എന്നെങ്കിലും ഒരു നാൾ അതെന്നെ തേടിയെത്തുമെന്ന് മനസ്സിൽ ആരോ മന്ത്രിച്ചു. ഓരോ പരാജയശ്രമവും എനിക്ക് മാനസികമായി കരുത്ത് നൽകി. എന്റെ കുഞ്ഞുമോഹങ്ങൾ പൂവണിയുന്ന നിമിഷം എനിക്കന്യമല്ലെന്ന് മനസ്സിനോട് ആരോ വിളിച്ചുപറയുന്നത് പോലെ തോന്നി. അതുകൊണ്ട് ശുഭപ്രതീക്ഷ മനസ്സിൽ നിന്ന് എടുത്തുകളയാൻ
തോന്നിയില്ല.
എന്തിന് നാട്ടിൽ ജോലി?
ആകാശം വെട്ടിപ്പിടിക്കാനോ, ഉയർന്നുപറക്കാനോ അല്ല.. എന്നെ അറിയുന്ന ഇടത്ത് എനിക്ക് ഇണങ്ങുന്ന ഒരു ജോലി. അതിന് വേണ്ടിയാണ് ഞാൻ
വിശന്നു കാത്തിരുന്നത്. വ്യക്തിപരവും,
വൈകാരികപരവുമായ പല സ്വപ്നങ്ങൾക്കും നമ്മുടെ അകത്തളമായ ജന്മനാട്ടിൽ നിൽക്കുമ്പോഴാണ് ചെറുതും, വലുതുമായ ചില മോഹങ്ങളും, ചുമതലകളും തോളിലേറ്റാൻ സാധിക്കുക. ആ ബോധ്യമാണ് നാട്ടിൽ തളച്ചിടുന്ന ഒരു തൊഴിലിനായി പരതാൻ എന്നെ പ്രചോദിപ്പിച്ചത്.
തൊഴിൽതേടൽ എല്ലാവരുടെയും പോലെ സംഭവബഹുലമായിരുന്നു. പല വികാരങ്ങൾ കൂടിച്ചേർന്ന ഒരു സിനിമ പോലെ എനിക്കത് അനുഭവപ്പെട്ടേക്കാം.
ചില അവസരങ്ങൾ പാതിവഴിയിൽ
തട്ടിവീണു, ചിലവ പൂർത്തിയാക്കാൻ നിർഭാഗ്യവശാൽ സാധിച്ചില്ല, ചിലവ എപ്പോഴും അകന്നുനിന്നു. അന്ന് തുണയായത് മനോധൈര്യമാണ്.
വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന നാളിൽ ഒരു ദിവസം അപ്രതീക്ഷിതമായി
ഒരു പത്രവാർത്തയിൽ കണ്ണുടക്കുകയും, ഇഷ്ടജോലിക്ക് അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുമ്പോഴും മനസ്സിന്റെ ഉള്ളിൽ പ്രതീക്ഷയുടെ തിരിനാളം കെടാതെ സൂക്ഷിച്ചിരുന്നു.
ഇഷ്ടകോളേജിൽ ചേർന്ന ദിവസം ഞാൻ ഓർത്തു. സാധാരണമായ ജീവിതസാഹചര്യത്തിൽ വളർന്ന എനിക്ക് അന്നതിന് കെൽപ്പുണ്ടോയെന്ന് സംശയിച്ച കുറെ നാളുകൾ. ഒരു രണ്ടാമവസരത്തിന് തുനിയാതെ കോളേജ്പടി ചവിട്ടിയതിന് പിന്നിൽ പുസ്തകത്തോട് മുഖം കൂർപ്പിച്ചു ഊണും, ഉറക്കവും, ഉല്ലാസവുമില്ലാതെ
കുറെനാൾ വായന തുടർന്ന കൗതുകവാനായ കുട്ടിയുടെ അക്ഷീണശ്രമമുണ്ടായിരുന്നു. മത്സരപരീക്ഷകൾ എഴുതുമ്പോഴും, ഇന്റർവ്യൂ അംഗങ്ങൾ തൊടുത്ത ചോദ്യങ്ങൾ നേരിടുമ്പോഴും
പതറാതെ സഹായിച്ചത് ഒരിക്കൽ പടർന്നു പന്തലിച്ചിരുന്ന, പിന്നീടെപ്പോഴോ ആഴം നഷ്ടമായ എന്റെ വായനയാണ്. വായിച്ചു നേടിയ അറിവ് എനിക്ക് പുത്തൻ ഉണർവ്വേകി. എന്നെ വളർത്തിവലുതാക്കിയ
ജിജ്ഞാസയും, സ്വപ്നസഞ്ചാരിയായ ഇളംമനസ്സുമാണ് വായിച്ചു തളർന്നപ്പോൾ
മനസ്സിന് ആശ്വാസം പകർന്നത്. എന്റെ പ്രതീക്ഷകൾ എന്നെ കാൽ വഴുതാതെ മുന്നോട്ട് നടത്തി.
ഓരോ പുതിയ കാര്യങ്ങളും ഓരോ വലിയ ഉത്തരവാദിത്തങ്ങളാണ്. ജനിച്ച നാട്ടിൽ ജീവിച്ചുകൊണ്ട് ജോലി ചെയ്യുമ്പോൾ
ഉള്ളിൽ നഷ്ടബോധം തോന്നുകയില്ല.
പ്രിയപ്പെട്ടവരെയും, കൊതിപ്പിക്കുന്ന ഓർമ്മകളെയും അടുത്ത് നിർത്തി ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ കഴിയുന്നത് ഈ പരക്കംപാച്ചിലിനിടയിൽ ഒരു സുഖമാണ്. ചൂട് കടുക്കുമ്പോൾ തൊണ്ട നനയ്ക്കാൻ തണുത്ത ഇളനീർ കിട്ടുന്നതുപോലെയൊരു സുഖം.
ഘർ വാപ്പസി, അഥവാ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ ഓർമ്മ നിറയെ നാട്ടിൽ വരാൻ മോഹിച്ച ദിവസങ്ങളും, നാട്ടിൽ നിന്ന് അകന്നുപോകുമോയെന്ന പഴയ ആശങ്കയുമാണ്. നാട് പഴയ നാടല്ലെന്നും പുതിയ മാറ്റങ്ങൾ നാടിനെയാകെ മാറ്റിമറിക്കുന്നുവെന്നും ബോധ്യമുണ്ട്.
നാടിന്റെ വെല്ലുവിളികൾ സധൈര്യം
നേരിടാൻ പുറംനാട്ടിലെ അനുഭവങ്ങൾ മനസ്സിന് കരുത്താവട്ടെ.
നാടും നാട്ടാരുമൊന്നും പഴയതാവില്ല ,എങ്കിലും ഗൃഹാതുരത താലോലിച്ച് ജീവിക്കുവാൻ നാട് തന്നെയാണ് നല്ലത് ...
ReplyDelete