സഞ്ചാരവും യാത്രയും ഒന്ന് തന്നെയാണോ? ആവോ, അറിയില്ല!


 സഞ്ചാരവും, യാത്രയും തമ്മിലുള്ള വ്യത്യസ്തത വെളിവാകുന്നത് വൈകിയാണ്. സഞ്ചാരം അനന്തമായ യാത്രയാണ്. യാത്ര പല അനുഭവങ്ങളുടെ ശേഖരവും. 

കൈയ്യിൽ വളരെക്കുറച്ചു സാധനസമഗ്രികൾ കരുതിയാണ് ഞാൻ ചുറ്റിക്കറങ്ങാനിറങ്ങുന്നത്. ചിലവുകൾ  ചുരുക്കി, സാവധാനം ഓരോ സ്ഥലവും കണ്ടുത്തീർത്ത്, അടുത്ത യാത്രയ്ക്കായി തയ്യാറെടുക്കുന്നു. ഒരു യാത്രയിൽ നിന്ന് അടുത്തതിലേക്ക് വർഷങ്ങളുടെ ഇടവേള കണ്ടേക്കാം.

"ഒന്നാനാം ഉല്ലാസയാത്ര പോയപ്പോൾ
ഒരു നാരങ്ങ, നൂറ് പാവക്ക, രണ്ട് ചെണ്ടുമല്ലി,
ഒരു കുഞ്ഞാറ്റക്കുരുവിയെ ഞങ്ങൾ കണ്ടു"

എന്റെ ഓർമ്മയിലെ ആദ്യ ഉല്ലാസയാത്രകളിലൊന്നിൽ വാഹനത്തിലിരുന്ന എല്ലാവരും ഒത്തുചേർന്ന് പാടിയ ഒരു പാട്ടാണ്. ഗ്രാമത്തിന്റെ ഇട്ടാവട്ടത്ത് നിന്നും പുതിയ കാഴ്ചകൾ കാണാൻ ഇതുവരെ പോയിട്ടില്ലാത്ത ഇടങ്ങളിൽ എത്താൻ പോകുന്നല്ലോ എന്നോർക്കുമ്പോഴെല്ലാം ഉള്ളൊന്ന് കോരിത്തരിക്കും. വാഹനത്തിൽ 'നല്ലകുട്ടിയായി' അടങ്ങിയിരിക്കാമെന്ന് ആഗ്രഹിച്ചാലും മനസ്സിലെ സംശയങ്ങൾ ചോദ്യരൂപത്തിൽ പുറത്തുവരും. അടുത്തിരുന്നയാളിനെ സ്വസ്ഥമായി സ്ഥലം കാണാൻ ഞാൻ അനുവദിച്ചിരുന്നില്ല.
ബസിൽ അന്ന് ഞങ്ങൾ പോയത് തേക്കടി കാണാനാണ്. വാഹനം തേക്കടിയിലെത്തിയപ്പോൾ തണുത്ത കാറ്റ് തകൃതിയായി വീശുന്നുണ്ടായിരുന്നു. വലിയ മരങ്ങൾക്കും, തടാകത്തിനുമിടയിൽ ഒരു സ്ഥലത്ത് ഞങ്ങൾ കൂട്ടം കൂടി ചോറുപോതിയഴിച്ചു. ചോറ് തുറന്നത്  ഓർമ്മയുണ്ട്. വാനരപ്പട വാലും തൂക്കി, സാധനവും പൊക്കിയെടുത്ത് ഒരൊറ്റ പാച്ചിൽ.. അടുത്ത് ഭക്ഷണം കഴിക്കാനും ഇടമില്ല. മനസ്സലിവ് തോന്നിയിട്ടോ, വയറു നിറഞ്ഞിട്ടോ എന്നറിയില്ല. ചില പൊതികൾ താഴേക്ക് വലിച്ചെറിഞ്ഞു. കുരങ്ങ് തൊട്ട ഭക്ഷണം എങ്ങനെ കഴിക്കുമെന്ന് പറഞ്ഞ് കൂടെ വന്നവരാരും ആ ഭക്ഷണം തൊട്ടുനോക്കിയില്ല.
തേക്കടിയിൽ വനത്തിലൂടെ കുറെ ദൂരം രസിച്ചുനടന്നു. കാട്ടിലെ ചില പഴങ്ങൾ ശാപ്പിട്ടു. ഉച്ചയ്ക്ക് എവിടെ നിന്നോ ചോറുപോതികൾ എത്തിച്ചു. ഊണും കഴിഞ്ഞ് മറയൂർ ലക്ഷ്യമാക്കി വണ്ടി തിരിച്ചു. മലയും, വനവുമില്ലാത്ത നാട്ടിൽ നിന്ന് അത്തരം കാഴ്ചകളുള്ളിടത്തേക്ക് കൂട്ടയാത്ര ചെയ്യുകയാണ്. അവിടെ എത്തിയപ്പോൾ കണ്ണിൽ പതിഞ്ഞ നീലാകാശത്തിന് സ്വപ്നങ്ങളിൽ മാത്രം കണ്ട ആകാശത്തിന്റെ മുഖചാരുത ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു. മലനിരയിലെ പൂവുകൾക്ക് പ്രത്യേക അഴകാണ്. പ്രകൃതിക്ക് മാല ചാർത്തിയ സൗന്ദര്യം!

രണ്ടാം യാത്രയിലെ മധുരമായ ഒരോർമ്മ ആതിരപ്പള്ളിയിലെ വെള്ളം തെറിപ്പിച്ചുള്ള കുളിയാണ്. കുട്ടികളും, മുതിർന്നവരും, കുഞ്ഞുങ്ങളെപ്പോലെ പെരുമാറുന്നത് കണ്ടുരസിച്ചു. അവിടെ അടുത്തുള്ള ഒരു കടയിൽ പോയി ഒരു ഊത്ത് വാങ്ങിച്ചതും, അതൂതി വാഹനത്തിൽ രസിച്ചുനടന്നതും ഓർക്കുന്നു.

മൂന്നാം യാത്ര പോയത് കന്യാകുമാരിക്കാണ്. മൂന്ന് സമുദ്രങ്ങളുടെ സംഗമസ്ഥാനം. കപ്പൽ കയറി വിവേകാനന്ദപ്പാറയിൽ എത്തി. ജീവിതത്തിലെ ആദ്യ കപ്പൽയാത്ര. അവിടെ കണ്ട സൂര്യാസ്തമയത്തിന് വശ്യമായ സൗന്ദര്യം ഉണ്ടായിരുന്നു. ഒരു ആഗ്രഹാരത്തിലാണ് രാത്രി തങ്ങിയത്.

അച്ഛന്റെ ജോലിസ്ഥലത്ത് നിന്നും, അച്ഛൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളുമായ്‌ ടൂർ പോയത് വളരെ സംഭവബഹുലമായ ഒരനുഭവമാണ്. കോയമ്പത്തൂരും, പാലക്കാടും, തൃശൂരും, ഊട്ടിയും കണ്ണ് തീരുവോളം കണ്ടുതീർത്തു. ഇഷ്ടവിഭവങ്ങൾ കൂടുതലിഷ്ടത്തോടെ ഭക്ഷിച്ചു.

വലുതായപ്പോൾ തനിയെ യാത്ര ചെയ്യാൻ തുടങ്ങി. സ്വന്തം സംസ്ഥാനം കടന്നു പുറത്തു വന്നു.ഓരോ യാത്രയും കൂടുതൽ പുതുമകൾ നൽകാൻ തുടങ്ങി. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ സ്ഥലങ്ങളോട് കൂടുതൽ വൈകാരികബന്ധം അനുഭവപ്പെടുന്നു.  എന്റെ മാത്രം തോന്നലോയെന്ന് അറിയില്ല. ഒറ്റയ്ക്കുള്ള യാത്രയിൽ ആളുകളോട് കൂടുതൽ വിശദമായി ഇടപെടാനുള്ള അവസരങ്ങൾ ലഭിക്കുന്നു. സമയത്തേക്കുറിച്ച് വേവലാതികളില്ല. ആരെയും കാത്തിരിക്കുകയും വേണ്ട. കൂട്ടത്തിൽ പോവുമ്പോൾ ഒരുത്സവലഹരിയാണ്. പാട്ട് പാടിയും, പഴയതും, പുതിയതുമായ കഥകൾ പറഞ്ഞും സമയം നീങ്ങുന്നു.
ഓരോ ശനിയാഴ്ച വൈകുന്നേരവും വാഹനമെടുത്ത് റോഡിലൂടെ ചുറ്റാനിറങ്ങും. ചിലപ്പോളൊക്കെ ബസുകളിലാണ് യാത്ര. എപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കണം എന്നാഗ്രഹമില്ല. സന്തോഷവും, ആനന്ദവുമാണ് എല്ലാ യാത്രകളുടെയും സത്തയെന്ന്  വിശ്വസിക്കുന്നില്ല. മനസ്സ് തട്ടുന്നതോ, നീറിനോവിക്കുന്നതോ, അനുഭവസമ്പന്നമോ ആയ യാത്രകൾക്ക്  പത്തരമാറ്റ് മൂല്യമാണ്. ഒരു യാത്രയിൽ നിന്ന് അടുത്ത യാത്രയിലേക്കുള്ള ഇടവേളയിലാണ് കഴിഞ്ഞ യാത്രകളുടെ അനുഭവം തെളിഞ്ഞുവരുന്നത്. അതുകൊണ്ട് ഇടതടവുകളില്ലാതെ യാത്ര ചെയ്യുന്നതിലുമിഷ്ടം യാത്രാനുഭവങ്ങളിൽ മുങ്ങിക്കുളിക്കാനാണ്.
യാത്രകൾ ചെയ്യുന്നത് കുറഞ്ഞപ്പോൾ യാത്രാപ്പരിപാടികൾ, വീഡിയോ എന്നിവ കണ്ടാണ് ഇഷ്ടം നിലനിർത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ യാത്ര എന്ന പ്രതിവാര പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. മാങ്ങാട് രത്നാകരൻ ആയിരുന്നു അവതാരകൻ. ചിന്ത രവിയുടെ എന്റെ കേരളത്തിന്‌ ശേഷം ഏഷ്യാനെറ്റ് അവതരിപ്പിച്ച യാത്രാവിവരണ പരമ്പരയാണ്.കേരളത്തിലെ നാടും നഗരവും നാട്ടാരും ചേരുന്ന പരിപാടി.
നാടിന്റെ സംസ്കാരവും, സ്പന്ദനവും തേടിയുള്ള അന്വേഷണമാണ് ഓരോ യാത്രയും.
ഞാനൊരു സഞ്ചാരിയൊന്നുമല്ല. ഇടതടവുകൾ ഇല്ലാതെ സ്ഥലങ്ങൾ കാണാൻ എനിക്ക് തോന്നാറില്ല. ഇടനേരങ്ങളിൽ യാത്ര പോവാൻ ഇഷ്ടമാണ്. എന്തെന്നാൽ 
ഓരോ യാത്രയും പല കഥകളുടെ കൂടിച്ചേരലാണ്. കഥാപാത്രങ്ങൾ ജീവിച്ചവരോ മരിച്ചവരോ ആവാം. സങ്കൽപ്പികവുമാകാം. പക്ഷെ, ജീവനുള്ള, തുടിക്കുന്ന ഓർമ്മകളായി യാത്രകൾ നിലനിൽക്കുന്നു. അതാവാം യാത്രകൾ ചെയ്യാൻ കമ്പമുള്ളത്. 

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ