മരണം ഒരു കടംകഥ, പ്രതീക്ഷ ഒരു കച്ചിത്തുരുത്ത്

പല മരണങ്ങളും  ഉത്തരമില്ലാ കടംകഥകളാണ്. ചില ചോദ്യങ്ങൾ മാത്രം അവശേഷിപ്പിച്ച് അവ കടന്നുകളയുന്നു. അതിഭീകരമായ മാനസിക കുരുക്കിലേക്ക് ചിലപ്പോൾ ചിലരെ നയിക്കുന്നു. എന്താണ് ആ ചോദ്യങ്ങൾ?  അവർക്ക് മരിക്കാൻ മാത്രം പ്രായം ആയിരുന്നോ, അവരെ പരിചരിക്കാൻ നമുക്ക് കഴിഞ്ഞോ, നമ്മൾ അവരെ നന്നായി പരിഗണിച്ചോ, നമ്മൾ എന്നാണ് മരിക്കുക എന്നിങ്ങനെ പല സംശയങ്ങളും നമ്മളെ മധിക്കാറുണ്ട്. ചില മരണങ്ങൾ ചിലർക്ക് ഓർമ്മ പുതുക്കൽ കൂടെയായി മാറുന്നത് അതുകൊണ്ടൊക്കെയാവാം. നഷ്ടപ്പെടുന്ന ഓർമ്മകളുടെ യാഥാർഥ്യ ചിത്രമാണ് മരണം വരച്ചു കാട്ടുന്നത്. 

ചിലപ്പോഴൊക്കെ, കാച്ചിക്കുറുകിയ കഥ പോലെയാണ് നമ്മുടെ ജീവിതം. അതിന് ആദിമധ്യാന്തമായ ഘടനയുണ്ട്. എങ്ങനെ പിറന്നുവെന്നതാണ് അതിന്റെ ആരംഭം. എങ്ങനെ മരണപ്പെട്ടു എന്നതാണ് അതിന്റെ അവസാനം. ആ കഥയ്ക്ക് താളവും വേഗവും ഒഴുക്കും സംഘർഷങ്ങളും ഉണ്ട്.  ഒരു പക്ഷെ, ഒരാൾ വിട പറയുമ്പോഴാണ് അത് പൂർണ്ണതയെത്തുന്നത്. ഒരാളുടെ അസാന്നിധ്യത്തിലാണ് ഒരാളുടെ സംഭാവനകൾ ഓർക്കാനും സ്മരിക്കാനും നമുക്ക് കഴിയുന്നത്. അത് മനുഷ്യരായ നമ്മുടെ പരിമിതിയാണ്. 

പലർക്കും മരണത്തെപ്പറ്റി നാലക്ഷരം വായിക്കാൻ പേടിയാണ്, മടിയാണ്, വെറുപ്പ് പോലുമാണ്. ചില മനുഷ്യരെയെന്ന പോലെ ചില മരണങ്ങളെയും നമുക്ക് ഭയമാണ്. എന്നാൽ ഭയത്തിന് കീഴടങ്ങാത്ത വന്യശക്തിയാണ് മരണം. മരണത്തിന് ഒരിക്കലും മരിക്കാന്‍ കഴിയില്ല. മരിച്ചവര്‍ക്ക് തിരിച്ചുവരാനും സാധിക്കില്ല. അതുകൊണ്ട് മരണത്തെ അടുത്തറിയുന്നത് ജീവിതം നന്നാക്കാൻ നമ്മളെ സഹായിക്കുന്ന വരമാണ്.  



എന്റെ മരണസങ്കൽപ്പങ്ങൾ 

മരണമെന്നത് പകല്‍ പോലെ ആവര്‍ത്തിക്കുന്ന പ്രതിഭാസമാണ്. അതില്‍ നിന്ന്  ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയുകയില്ല. അതുകൊണ്ട്, നമ്മുടെയൊപ്പമുള്ള എല്ലാവരും ഏത് നിമിഷവും ഓർമ്മയായേക്കാമെന്ന യഥാർഥ്യബോധ്യം പേറി വേണം നമ്മള്‍ മുന്നോട്ട് പോകേണ്ടത്. നമുക്ക് അടുപ്പമുള്ള ചിലരുടെ വേർപാട് ചിലപ്പോൾ സിനിമാദൃശ്യങ്ങൾ പോലെ ഓർമ്മകളിൽ കടന്നുവന്നേക്കാം. അത് ആളുകളുമായി പങ്കുവെയ്ക്കാൻ 
പലർക്കും ഭയമാണ്. പക്ഷെ, വാസ്തവം എന്തെന്നാല്‍, മരണത്തെ പേടിക്കാതെ മുൻപോട്ട്  നടക്കാൻ ബലവും ധൈര്യവും ഊർജവും നൽകേണ്ടത്  മരണമെന്ന ജീവിതയാഥാർഥ്യം തന്നെയാണ്.

ജനിച്ചു വീഴുന്ന മനുഷ്യർ മരിച്ചുപോവാതെ തരമില്ല. പാട്ടം കൊടുത്ത് കുടിയിരിക്കുന്ന ശരീരത്തിൽ നിന്ന്  എന്നെങ്കിലുമൊരുനാൾ ഇറങ്ങി കൊടുക്കാതെ ഒഴിഞ്ഞുമാറാൻ നമുക്കാർക്കും അനുവാദമില്ല. കരാർ തീരുമ്പോൾ പുതുക്കാൻ നിൽക്കാതെ എഴുന്നേറ്റ് മാറി അടുത്തയാൾക്ക് ഇരിപ്പിടം കൈമാറുകയാണ് നമ്മുടെ ജോലി.

പിരിഞ്ഞു പോവും മുൻപ്  ചിലത് ചെയ്താൽ കൊള്ളാം എന്ന് നമ്മൾ ആഗ്രഹിക്കുന്നു. അവ വിശദമായി തുറന്നെഴുതുന്നത് പലരെ കൊണ്ടും സാധിക്കുന്ന കാര്യമല്ല. ചില ഓർമ്മകൾ സ്വകാര്യമായി സൂക്ഷിക്കാനാണ് പലർക്കും താൽപ്പര്യം. നമ്മളിൽ പലർക്കും ഒച്ചപ്പാടുകളോട് വിമൂഖതയാണ്. പക്ഷെ ചില സ്വകാര്യ നിമിഷങ്ങളിൽ ചില ആഗ്രഹങ്ങൾ നമ്മൾ ചിലരുമായി പങ്കുവെച്ചിട്ടുണ്ടാവാം. എന്നാല്‍ അത് കൊണ്ട് എല്ലാമായെന്ന് ധരിക്കാൻ നമുക്കാവില്ല. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? കാരണം ഒന്നേയുള്ളൂ. ഒരിക്കൽ ഉള്ള് പിടഞ്ഞു നമ്മൾ പറഞ്ഞ വാക്കുകൾ അവരുടെ ഓർമ്മയിൽ പതിഞ്ഞതിന് എന്താണ് നമ്മുടെ ഉറപ്പ്? നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷെ നമ്മൾ സാക്ഷിയായ എല്ലാ സംഭവങ്ങളും ആളുകളുടെ ഓർമ്മപ്പുസ്തകത്തിൽ ഇടം പിടിക്കാറില്ല. ചിലപ്പോഴൊക്കെ അത് തിരിച്ചറിയാന്‍ നമുക്ക് അവസരങ്ങള്‍ ലഭിക്കാറുണ്ട്. അതിലൂടെ മനസ്സിലായ ഒരു വിചാരമെന്നത് ചില മനുഷ്യര്‍ കേൾക്കുന്നത് നമ്മളുടെ വാക്കുകളല്ല, അവരുടെ തന്നെ താല്‍പര്യങ്ങളാണ്. 
അതുകൊണ്ട് മനസ്സ് തുറന്നാലും ചില കാര്യങ്ങൾ കേൾക്കപ്പെടാതെയും ഓര്‍ക്കപ്പെടാതെയും പോകും എന്നതാണ് ചരിത്രം പറയുന്നത്. 

ആരുമില്ലാത്ത ആളുകൾ 

മരണത്തിന് മുന്നിൽ നമ്മൾ ഒറ്റയ്ക്കാണ്. അവിടെ കൂട്ടെന്ന് പറയാൻ  ആരുമുണ്ടാവില്ല. പക്ഷെ ജീവിച്ചിരിക്കുമ്പോൾ നമ്മൾ മരണത്തിലേക്ക് തള്ളി വിടുന്ന കുറെയാളുകളുമുണ്ട്. ചിലരെ പരിഹസിച്ചും പഴിച്ചും അവഗണിച്ചും നമ്മൾ ഇഞ്ചിഞ്ചായി നുറുക്കുന്നു. ഒന്ന് മരിച്ചാൽ മതിയെന്ന് അവർ മനസ്സിൽ ഒരായിരം ആവർത്തി പറയുന്നുണ്ടാവാം. പക്ഷേ അവർ ആരാണ്? ആരുമാവാതെ പോയ ചിലയാളുകൾ ആണ് അവര്‍. അവരുടെ ലോകം മുറികൾക്കുള്ളിൽ ചുരുങ്ങിപ്പോവുന്നു. ചുവരുകളുടെ സംരക്ഷണത്തിൽ അവർ ദുഃഖങ്ങൾ ഒതുക്കി നിർത്തുന്നു.അവരുടെ നിശബ്ദ സാന്നിധ്യം നമ്മളിൽ ഭാവവ്യത്യാസം ഉണ്ടാക്കുന്നില്ല. ഈ ലോകത്ത് അവര്‍ ഉള്ളതും ഇല്ലാത്തതും നമുക്ക് വർത്തമാനവുമല്ല. 


സ്വകാര്യ ജീവിതവും സാമൂഹിക ജീവിതവും തമ്മിലുള്ള അകലം കുറഞ്ഞതോടെ  സന്തോഷവും സന്താപവും നേട്ടങ്ങളും പങ്കിടാൻ നമുക്ക് സമയവും മാർഗങ്ങളുണ്ട്. പക്ഷെ ആരുമില്ലാത്തവർക്ക് അവ ഇന്നും കൊട്ടിയടക്കപ്പെട്ട വമ്പൻ വാതിലുകളാണ്. അവരെ ആരും തിരിച്ചറിയുന്നില്ല. 
പക്ഷെ അവർക്കും കാഴ്ചകൾ കാണണ്ടേ? യാത്രകൾ ചെയ്യേണ്ടേ? ചിലയാളുകൾ അതിന് മുതിരാറുണ്ട്. മുൻപ് ഒരുപാട് പേർ നടന്നുനീങ്ങിയ ഒറ്റയടി പാതയിലൂടെ വെയിലേറ്റാണ്  അവരുടെ യാത്ര. പക്ഷേ ഒറ്റയ്ക്കുള്ള അവരുടെ സഞ്ചാരത്തെ വിധിയെഴുതും മുൻപ് ഒന്നോർക്കുക. അതിന് നമ്മൾ യോഗ്യതയുള്ളവരാണോ?

ചില ആളുകളുടെ വേർപാട് കഥയില്ലാത്ത മനുഷ്യരുടെ കടന്നുപോകലായാണ് അനുഭവപ്പെടാറുള്ളത്. എന്നുമെന്നും കണ്ടിട്ടും ഒന്നുമൊന്നും അറിയാൻ പറ്റാതെ പോയ പലരിൽ ചിലരാണ് അവർ. അവരെ നമ്മളോ നമ്മളെ അവരോ അറിയാൻ സാധിക്കാതെ പോയത് അവർക്കും നമുക്കുമിടയിലെ മതിലുകൾ ഭേദിക്കാൻ കഴിയാതെ പോയത് കൊണ്ട് ആയിരിക്കും. പക്ഷെ, ഒന്നറിയാം. അന്തിമ മണി മുഴങ്ങുമ്പോൾ ആരുമല്ലാത്ത ഒരാളായി വിടവാങ്ങുന്ന അവരും സമൂഹത്തിന്‍റെ നല്ലൊരു യാത്രയയ്പ്പ്  അർഹിക്കുന്നുണ്ട്. അവരുടെ കഥകൾ  പറയാൻ അവർ തുനിയുകയോ അവരുടെ ജീവിതം കേൾക്കാൻ നമ്മൾ  മുതിരുകയോ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ, കഥയില്ലാത്ത മനുഷ്യരായി അവർ  വിട ചൊല്ലുകയില്ലായിരുന്നു. ജീവിതത്തിൽ അറിയാമായിട്ടും ചെയ്യാതെ ബാക്കി വയ്ക്കുന്ന അനേകം കാര്യങ്ങളിൽ ഒന്നാവാം ഒരു പക്ഷേ അതും...


മരിച്ചുകഴിഞ്ഞാൽ...

മരണശേഷം നമ്മുടെ മനസ്സിന് എന്ത് സംഭവിക്കും എന്നത്  ഇന്നും അജ്ഞാതമാണ്. ആ വാതിൽ ഇന്നും അടഞ്ഞു തന്നെ കിടക്കുന്നു. പക്ഷെ ഒന്നോർത്താൽ, അതുപോലെയാണ് നമ്മളിൽ തന്നെ പലരുടെയും ജീവിതവും കടന്നുപോവുന്നത്. അർഥമില്ലാതെ എത്ര വേഷങ്ങൾ നമ്മൾ പലർക്കായി കെട്ടിയാടുന്നു? അങ്ങനെയുള്ള ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നുമുള്ള മോചനമാണ് മരണം എങ്കിൽ അതിനെ വരിക്കാൻ ചിലരെങ്കിലും തയ്യാറാവുന്നു. അവരെ മരിക്കാതെ വിടണമെന്ന് നമുക്ക് ആഗ്രഹിക്കാം. 
പക്ഷേ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമ്മൾ ആദ്യം ചെയ്യേണ്ടത് അവർ ജീവിക്കുന്നയിടം അവർക്ക് ഇഷ്ടമാവും വിധം നിലനിർത്തുകയാണ്. 


വേർപാടിന്‍റെ വേദന

ജീവിതമെന്നത് അറിയും തോറും ഭ്രമിപ്പിക്കുന്ന അതിമോഹമാണെങ്കിൽ മരണമെന്നത് കാലം തെറ്റി പെയ്യുന്ന തോരാമഴയാണ്. അവ മനുഷ്യനെ നിസ്സഹായതയുടെ കൊടുമുടി കയറ്റുന്നു. മനസ്സും ശരീരവും മരവിപ്പിച്ച ചില വേർപാടുകൾക്ക് നമ്മൾ  മൂകസാക്ഷിയാണ്. മരിച്ചവരെ ഓർക്കുമ്പോൾ  തനിച്ചാണെന്ന് നമുക്ക് തോന്നാം.പക്ഷെ, അത് ജീവിതനിയമമാണ്. എന്തെന്നാൽ, കാലചക്രത്തിന്റെ വിചിത്ര വിധിയിൽ കാണിയുടെ പരിവേഷമാണ് നമ്മൾക്കും കിട്ടിയിട്ടുള്ളത്. 

എങ്ങനെ മരിക്കാം?

ആളുകളെ ആഴത്തിൽ സ്നേഹിച്ചാൽ നമ്മുടെ വിടവാങ്ങൽ ചിലപ്പോൾ അവർക്ക് ഹൃദയം തകർക്കുന്ന വേദനയാണ് പകർന്നു നല്‍കുക. എന്നാൽ, ആരാലും ഓർക്കപ്പെടാതെ ഭൂമിയിൽ നിന്ന് പോവാമെന്ന് ചിന്തിച്ചാൽ ആരുമില്ലാത്തതിന്‍റെ അനാഥത്വം നമ്മളെ ഒരൊഴിയാബാധ പോലെ ചിലപ്പോൾ പിന്തുടരും. അതിനെയെല്ലാം മറികടക്കാൻ നമ്മുടെ മരണം സാധാരണ ഓർമ്മയായി മനുഷ്യരിൽ അവശേഷിപ്പിച്ച്  മടങ്ങാൻ നമുക്ക് സാധിച്ചാൽ അത് വിജയത്തിന്‍റെ പടിവാതിലാണ്. അപ്പോള്‍
മരണം മറ്റൊരു ജീവിതത്തിലേക്കുള്ള യാത്രയാണെന്ന് നമുക്ക് വെളിപാടുണ്ടാകും. നമ്മുടെ പ്രിയപ്പെട്ടവർക്ക് അത് തുണയും താങ്ങുമാണ്.

അങ്ങനെ ചിന്തിക്കാൻ എന്ത് ചെയ്യാം? തനിച്ചായി ജീവിക്കാതെ പലര്‍ക്കായി ജീവിക്കുന്നതാണ്  ആദ്യ പടി. അതിനായി എന്ത് ചെയ്യണം? വലിയ ലോകങ്ങള്‍ 
തേടുന്നതിനൊപ്പം ചെറിയ സന്തോഷങ്ങൾ 'ചെറിയ' മനുഷ്യരുമായും
പങ്കിടണം. ചിലരുടെയെല്ലാം വഴികാട്ടിയാകണം. അവര്‍ക്ക് വെളിച്ചമാവണം. വഴികാട്ടിയെന്നാല്‍ ഉപദേശകന്‍ മാത്രമല്ല വഴിയൊരുക്കാന്‍ സഹായിക്കുന്ന, ഇതാണ് വഴിയെന്ന്‍ കാട്ടുന്ന ചൂണ്ടുപലകയായും സങ്കല്‍പ്പിക്കാം.  

പലയാളുകള്‍ക്കായി പല കാര്യവും പങ്കിടുമ്പോള്‍ ഒറ്റയ്ക്കാണെന്ന വിചാരത്തില്‍ നിന്ന്‍ മോചനം നേടുന്നു. ജീവിതത്തിന് താളവും ലയവും കണ്ടെത്താനാകുന്നു. ഒടുവിൽ ക്രമേണ മറ്റ് കാര്യങ്ങൾ എന്ന പോലെ മരണത്തെ സാധാരണ കാര്യമായി കാണാന്‍ നമുക്ക് കഴിയുന്നു. മറയുന്നത് ശരീരമാണ്.. ശരീരം മാത്രം. ഓർമ്മകൾക്ക് മരണമുണ്ടോ?'

മരണത്തിന്റെ കഥ പറഞ്ഞ സിനിമ

മരണത്തിനെ കാത്തിരിക്കുന്ന മനുഷ്യന്‍റെ സിനിമയാണ് 'വിട പറയും മുൻപേ'. 1981ൽ തിയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രം ഒരു ചെറുകഥ പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ചെന്നൈയിലെ (പഴയ മദ്രാസ്) ഓഫീസാണ് കേന്ദ്ര പശ്ചാത്തലം. അതിന് സമീപത്തുള്ള കടൽത്തീരമാണ് ലൊക്കേഷൻ. ഓഫീസിലെ കഥാപാത്രങ്ങളും അവരെ ഭരിക്കുന്ന മാനേജറും അദ്ദേഹത്തിന്‍റെ വിരസമായ ജീവിതരീതികളും കുടുംബജീവിതവും ചേര്‍ന്ന കഥയെ മുന്നോട്ട് നയിക്കുന്നത് കഥാനായകനായ സേവ്യറും അയാളുടെ രഹസ്യങ്ങളും 
ചേര്‍ന്നാണ്. ഈ മോഹൻ സിനിമയില്‍ മുഖ്യ കഥാപാത്രമായ സേവ്യറിനെ അവതരിപ്പിച്ചത് നെടുമുടി വേണുവാണ്. ആ മഹാനടന്‍ അനശ്വരമാക്കിയ 
പഴയ കാല ചിത്രങ്ങൾ തേടിപ്പോയതാണ് ഈ സിനിമ കാണാനുണ്ടായ കാരണം. 





Comments

  1. മരണത്തെ അടുത്തറിയുന്നത് ജീവിതം നന്നാക്കാൻ നമ്മളെ സഹായിക്കുന്ന വരമാണ്.

    ReplyDelete

Post a Comment