ഓസീസ് സമ്മർ
2003 - ക്രിക്കറ്റ് പ്രേമം അസ്ഥിക്ക് പിടിച്ച വർഷം! ക്രിക്കറ്റ് മാത്രം കാണുകയും, കളിക്കുകയും, ചിന്തിക്കുകയും ചെയ്ത നാളുകൾ. ക്രിക്കറ്റ് ഇല്ലാതെ ഒരു ദിവസം പോലും അന്ന് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. 2003 മുതൽ 2010 വരെയുള്ള സ്പോർട്സ് മാസികകൾ പലതും മനപ്പാഠമായിരുന്നു. പിന്നിൽ നിന്ന് പത്രം വായിച്ചുതുടങ്ങിയ കാലം. അന്ന് വായിച്ച ലേഖനങ്ങൾ ഇടയ്ക്കിടെ ഓർമ്മയിലെത്താറുണ്ട്. കളിയെഴുത്തിനെ കൊതിയോടെ കണ്ടുതുടങ്ങിയ ദിനങ്ങൾ... ആ വർഷം ഡിസംബറിലാണ് ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പര ആദ്യമായി കാണുന്നത്. മത്സരം പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ചാലുടനെ ടിവിക്കു മുന്നിൽ ചടഞ്ഞിരിക്കാൻ തുടങ്ങും. നാട്ടിലെ അമ്പലത്തിൽ ഏഴു ദിവസത്തെ സപ്‌താഹവായന നടക്കുന്നത് ആ നാളുകളിലാണ്. അന്ന് ഇന്റർനെറ്റ് സജീവമല്ലാതിരുന്നത് കൊണ്ട് കളിയുടെ വിവരങ്ങൾ അറിയാൻ വീട്ടിൽ തിരിച്ചുപോകുകയോ, കൂട്ടുകാരുടെ വീടുകൾ ആശ്രയിക്കുകയോ വേണം. ആ ദിവസങ്ങളിൽ എവിടെ പോയാലും കളിയുടെ സ്കോർ വിവരങ്ങൾ അറിയാൻ വല്ലാതെ ആവേശം കൊണ്ടിരുന്നു. പരമ്പര 1-1 നു അവസാനിച്ചെങ്കിലും, അവസാനപരമ്പരയിൽ വിജയിച്ചതിന്റെ പേരിൽ ഇന്ത്യൻ ടീം ട്രോഫി സ്വന്തമാക്കി....