ഓസീസ് സമ്മർ

2003 - ക്രിക്കറ്റ് പ്രേമം അസ്ഥിക്ക് പിടിച്ച വർഷം! ക്രിക്കറ്റ് മാത്രം 
കാണുകയും, കളിക്കുകയും, ചിന്തിക്കുകയും ചെയ്ത നാളുകൾ. ക്രിക്കറ്റ് ഇല്ലാതെ ഒരു ദിവസം പോലും അന്ന് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. 

2003 മുതൽ 2010 വരെയുള്ള സ്പോർട്സ് മാസികകൾ പലതും മനപ്പാഠമായിരുന്നു.  പിന്നിൽ നിന്ന് പത്രം വായിച്ചുതുടങ്ങിയ  കാലം. അന്ന് വായിച്ച ലേഖനങ്ങൾ ഇടയ്ക്കിടെ ഓർമ്മയിലെത്താറുണ്ട്. കളിയെഴുത്തിനെ കൊതിയോടെ കണ്ടുതുടങ്ങിയ ദിനങ്ങൾ...


ആ വർഷം ഡിസംബറിലാണ് ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പര ആദ്യമായി  കാണുന്നത്. മത്സരം പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ചാലുടനെ ടിവിക്കു മുന്നിൽ ചടഞ്ഞിരിക്കാൻ
തുടങ്ങും. നാട്ടിലെ അമ്പലത്തിൽ ഏഴു ദിവസത്തെ സപ്‌താഹവായന നടക്കുന്നത് ആ നാളുകളിലാണ്. അന്ന് ഇന്റർനെറ്റ് സജീവമല്ലാതിരുന്നത് കൊണ്ട് കളിയുടെ വിവരങ്ങൾ അറിയാൻ വീട്ടിൽ തിരിച്ചുപോകുകയോ, കൂട്ടുകാരുടെ വീടുകൾ ആശ്രയിക്കുകയോ വേണം.

ആ ദിവസങ്ങളിൽ എവിടെ പോയാലും
കളിയുടെ സ്കോർ വിവരങ്ങൾ അറിയാൻ വല്ലാതെ ആവേശം കൊണ്ടിരുന്നു.
പരമ്പര 1-1 നു അവസാനിച്ചെങ്കിലും, അവസാനപരമ്പരയിൽ വിജയിച്ചതിന്റെ പേരിൽ ഇന്ത്യൻ ടീം ട്രോഫി സ്വന്തമാക്കി. 

ഗാംഗുലിയുടെ നേതൃത്വപാടവം, ദ്രാവിഡിന്റെ അഡ്ലെയ്ഡ് ഇന്നിങ്സ്, അഗാർക്കറിന്റെ ആറ് വിക്കറ്റുകൾ, ലക്ഷ്മണിന്റെ ചില മിന്നുന്ന ഇന്നിങ്സുകൾ, സെവാഗും, ഗാംഗുലിയും നേടിയ സെഞ്ച്വറികൾ, കുംബ്ലെയുടെ ബൗളിംഗ് പ്രകടനം, സച്ചിൻ കുറിച്ച ഇരട്ടശതകം, ഇർഫാൻ പത്താന്റെ ടെസ്റ്റ് അരങ്ങേറ്റം, ഓസീസ് നായകൻ സ്റ്റീവ് വോയുടെ വിടവാങ്ങൽ പരമ്പര - ചില വ്യക്തിഗത പ്രകടനങ്ങളാലും, ഇരുടീമുകളും വീറോടെ പൊരുതിയതിനാലും വളരെ ഉയർന്ന നിലവാരം പുലർത്തിയ ഒരു പരമ്പരയാണ് അന്ന് കാണാനായത്. ടിവിയിൽ രാത്രി 9നുള്ള സണ്ണീസ് നൈറ്റ്സ് എന്ന ഹൈലൈറ്റ്സ് പ്രോഗ്രാം മുടങ്ങാതെ കണ്ടിരുന്നതും, അമ്പലപ്പുഴ അമ്പലത്തിൽ കളഭമഹോത്സവം കൂടാൻ പോയിട്ടും
സംഗീത പരിപാടിയിൽ പങ്കെടുക്കാതെ ജനുവരി മാസത്തെ മാതൃഭൂമി സ്പോർട്സ് മാസികയിൽ കണ്ണുനട്ടിരുന്നതൊക്കെ ഈ കളിയോടുള്ള അടുപ്പവും, ആവേശവും മൂലമാണ്. മത്സരഫലം നോക്കാതെ കളിയെ സ്നേഹിച്ച കാലം. ഒരുവിധം എല്ലാ ക്രിക്കറ്റ് പരമ്പരകളും പിന്തുടർന്നിരുന്നു. വർഷങ്ങൾ കഴിയും തോറും കളിയോടുള്ള ഇഷ്ടം കൂടിവന്നു.

ഇന്ത്യൻ ടീം പിന്നീട് ഇന്നേ നാൾ വരെ അഞ്ച് തവണ ഓസ്‌ട്രേലിയയിൽ ടെസ്റ്റ്‌ പര്യടനം നടത്തി.   2007, 2011, 2014 പരമ്പരകളിൽ
ടീം പരാജയം രുചിച്ചെങ്കിലും 2011 പരമ്പരയിൽ മാത്രമാണ് കളിയുടെ സമസ്ത മേഖലയിലും ഇന്ത്യ പിന്നിൽ 
 പോയത്. മറ്റു രണ്ട് പരമ്പരകളിലും ആരാധകർക്ക് ആഹ്ലാദിക്കാൻ ചില നിമിഷങ്ങൾ സമ്മാനിച്ചാണ് ടീം മടങ്ങിയത്.
സൈമണ്ട്സിനു എതിരെ നടന്ന 'വംശീയ അധിക്ഷേപം', അമ്പയറിങ് പിഴവ്- കളിക്കളത്തിനു പുറത്തുള്ള വിഷയങ്ങൾ മൂലം വിവാദമായ പരമ്പരയെന്ന പേരിലാണ് 2007 സീരീസ് ശ്രദ്ധ പിടിച്ചുപറ്റിയത്. ആ പാരമ്പരയിലെ പെർത്ത് ടെസ്റ്റ് വിജയം സ്വാതന്ത്ര്യദിനത്തിന് ടിവിയിൽ പതിവായി ടെലികാസ്റ്റ് ചെയ്തിരുന്നു. 

എന്നാൽ, ഇന്ത്യ കളിച്ചതിൽ ഏറ്റവും മോശം ക്രിക്കറ്റ് കാണാനിടയായ പരമ്പരയാണ് 2011 സീരീസ്. ആ പരമ്പര 4-0 നു അടിയറവ് പറഞ്ഞതോടെ ദ്രാവിഡും, ലക്ഷ്മണും ക്രിക്കറ്റ് ജീവിതത്തോട് വിട പറഞ്ഞു. 

പിന്നീട് 2014 പരമ്പരയിൽ ഇന്ത്യ നന്നായി പൊരുതി. അഡ്ലെയ്ഡ് ടെസ്റ്റ് പല കാരണങ്ങളാലും സവിശേഷമായിരുന്നു. സമനിലയ്ക്ക് വേണ്ടിയല്ലാതെ വിജയം മാത്രം ലക്ഷ്യമിട്ട് കളിച്ചിട്ടും മത്സരം കൈവിട്ടപ്പോൾ നിരാശയോടെ തളർന്നിരുന്നു. വിരാട് കോഹ്ലി രണ്ടിന്നിങ്സിലും പൊരുതി നേടിയ സെഞ്ച്വറികൾക്ക് ഇന്ത്യയെ വിജയതീരത്ത് എത്തിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ കരിയറിൽ ഏറ്റവും മികച്ച അഞ്ച് പ്രകടനങ്ങളിൽ ഒന്നായി ആ മത്സരം ഓർമ്മിക്കപ്പെടും. 
ആ പരമ്പരയിലാണ് കോലി ഇന്ത്യയുടെ 
ക്യാപ്റ്റൻ സ്ഥാനം ധോണിയിൽ നിന്ന് ഏറ്റെടുക്കുന്നത്. ഇതിഹാസതാരങ്ങളായ  സച്ചിൻ-ദ്രാവിഡ്‌-ലക്ഷ്മൺ ത്രയത്തിൽ നിന്ന് ബാറ്റിംഗ് ഉത്തരവാദിത്തം രഹാനെ, പൂജാര, കോലി എന്നിവർ ഏറ്റെടുക്കുന്നതിന് സാക്ഷ്യം വഹിച്ച  പരമ്പരയായിട്ടും ഓസീസ് 2-0 മാർജിനിൽ വിജയം പിടിച്ചെടുത്തു.

എന്നാൽ 2018 പരമ്പരയിൽ കളി മാറി. ഓസീസ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ബലഹീനമായ ബാറ്റിംഗ് നിരയെയാണ് ആ പരമ്പരയിൽ കണ്ടത്. ഒരുവശത്തു ഇന്ത്യൻ പേസർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടേയിരുന്നു. മറുവശത്ത് പുജാരയും, കോലിയും, പന്തും, മായങ്കും റണ്ണുകൾ സ്‌കോർ ചെയ്തുകൊണ്ടുമിരുന്നു. 
പന്ത് ചുരണ്ടൽ വിവാദത്തിൽ സസ്പെൻഷൻ നടപടി നേരിട്ട സ്മിത്തും, വാർണറും ഇല്ലാതെ ദുർബ്ബലമായ ഓസീസിനെതിരെ ഇന്ത്യ പൊരുതി നേടിയ 2-1 ജയത്തിന് 
മാറ്റ് കുറവായിരുന്നില്ല. സ്റ്റാർക്ക്, കമ്മിൻസ്, ഹേസൽവുഡ്, ലയോൺ കൂട്ടുകെട്ടിനെതിരെ അവരുടെ നാട്ടിൽ നേടിയ ജയത്തെ  ചരിത്രമുഹൂർത്തമായി അംഗീകരിക്കാൻ പലരും ആദ്യമൊന്ന് മടിച്ചെങ്കിലും, റെക്കോർഡ് ബുക്കിൽ ഇന്ത്യ
ഓസീസ് മണ്ണിൽ നേടുന്ന ആദ്യ പരമ്പരവിജയം അതായിരുന്നു.  

2020-21 പരമ്പര ഇവയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. ആദ്യമത്സരത്തിൽ 36 റണ്ണിൽ ഒതുങ്ങിയ, ടീമിന്റെ നായകനെ നഷ്ടമായ, പ്രമുഖ കളിക്കാരെല്ലാം പരിക്കിന് പിടിയിലായിട്ടും  ആവേശപരമായ തിരിച്ചുവരവ് നടത്തി ട്രോഫി വീണ്ടെടുത്ത സമാനതകളില്ലാത്ത ചരിത്രമാണ് മത്സരപരിചയം 
കുറവായ ഒരു പറ്റം യുവാക്കളുടെ ടീം ഗാബയിൽ രചിച്ചത്. ക്രിക്കറ്റ് ജീവവായുവായി കരുതുന്ന ആരാധകർ ഏറെ കാലം നെഞ്ചിലേറ്റാൻ പോകുന്ന വിജയം...

ചെറുപ്പത്തിന്റെ ചോരത്തിളപ്പും, പരിചയസമ്പത്തിന്റെ കരുത്തും ഒത്തുചേർന്നപ്പോൾ ടീം ഇന്ത്യ കളിച്ച ഗെയിമിന്റെ സൗന്ദര്യം വല്ലാതെ ഉയർന്നു. മെൽബണിലെ ജയവും, സിഡ്നിയിലെ ജയതുല്യമായ സമനിലയും, ഓസീസ് കോട്ട പിളർത്തി ഗാബയിൽ നേടിയ ചരിത്രവിജയവും ഈ ടീമിനെ എക്കാലത്തെയും പ്രിയപ്പെട്ട ടീമുകളിൽ ഒന്നാക്കുന്നു. പുജാര, രഹാനെ, ഗിൽ, വിഹാരി, അശ്വിൻ, പന്ത്, ജഡേജ, സിറാജ്, സുന്ദർ, ഷാർദുൽ, ബുമ്ര, നടരാജൻ രോഹിത് തുടങ്ങി പരമ്പരയിൽ ഇന്ത്യൻ ജെഴ്സി അണിഞ്ഞ ഒട്ടുമിക്ക കളിക്കാരും വിജയത്തിൽ നിർണ്ണായക സംഭാവനകൾ നൽകി. ഇന്ത്യ കളിച്ചത് ഒന്നാന്തരം ടീം ഗെയിം തന്നെയെന്ന് കളിയെഴുത്തുകാരും, ആരാധകരും വിധിയെഴുതും. ആവേശവും, നെഞ്ചിടിപ്പും കളിയുടെ അവസാന മണിക്കൂർ വരെ നീണ്ടുനിന്നു. ഒടുവിൽ, ഹേസൽവുഡ് എറിഞ്ഞ പന്ത് മിഡ്‌ഓഫീലൂടെ ബൗണ്ടറിയിലേക്ക് പായിച്ച
റിഷഭ് പന്തിന്റെ ബലത്തിൽ ഇന്ത്യ ചരിത്രം കുറിച്ചപ്പോൾ ഒരു ലോകകപ്പ് വിജയിച്ച പ്രതീതിയാണ് മനസ്സിൽ വന്നത്.

കളിയുടെ സൗന്ദര്യം അത്രമേൽ ആഴത്തിൽ പതിഞ്ഞ ഒരു പരമ്പര അവസാനിച്ചപ്പോൾ ജയിച്ചത് 
ടെസ്റ്റ് ക്രിക്കറ്റ് കൂടെയാണ്.  ഈ വിജയം ടെസ്റ്റിന് കൂടുതൽ ആരാധകരെ സമ്മാനിക്കാൻ സഹായിക്കട്ടെ. തോൽ‌വിയിൽ തളരാതെ, 
കരുത്ത് ചോരാതെ, ഏകാഗ്രമായി  മുന്നേറാൻ നമുക്കെല്ലാം  സാധിക്കും എന്നതാണ് പരമ്പരയിൽ നിന്ന് പഠിച്ച  ജീവിതപാഠം. അടുത്ത ഓസീസ് പര്യടനത്തിനുള്ള കാത്തിരിപ്പ് ഇവിടെ തുടങ്ങട്ടെ.   

 

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ