വിശപ്പ്
പട്ടിണി കിടക്കേണ്ടി വരുന്ന ഒരാളുടെ മാനസികാവസ്ഥയെക്കുറിച്ചു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? കേവലം പണമില്ലായ്മ എന്ന അവസ്ഥ മാത്രമാണോ അവർക്ക് ആഹാരം കിട്ടാതിരിക്കാൻ കാരണം? ഒരു ദിവസം മുഴുവൻ പലതിനോടും മല്ലിട്ട്, ഒടുവിൽ ഒന്നും കഴിക്കാതെ, വെറും വയറ്റിൽ കിടന്നുറങ്ങുന്ന ദശലക്ഷങ്ങൾ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. എല്ലാ വർഷവും പട്ടിണിനിരക്ക് കുറയുന്നതായി ഗവർണ്മെന്റ് കണക്കുകൾ നിരത്തുന്നു. പക്ഷെ, കഴിഞ്ഞ ദിവസം വാർത്തയിൽ കണ്ടത് പോലെ മണ്ണ് തിന്ന് വിശപ്പടക്കുന്ന കുറെ മനുഷ്യർ ഇവിടെ ആരുടെയും കണ്ണിൽപ്പെടാതെ പോകുന്നു. വിശപ്പുമായി ബന്ധപ്പെട്ട ഒരോർമ്മ ഹൈദരാബാദിൽ മാലിന്യക്കൂനയിൽ ഭക്ഷണം തേടിയ ഒരമ്മയുടെയും, കുഞ്ഞിന്റെയും മുഖങ്ങളാണ്. പൊതിച്ചോറ് എന്ന കാരൂറിന്റെ കഥയിൽ സ്വന്തം വിദ്യാർത്ഥിയുടെ ഉച്ചയൂണ് മോഷ്ടിച്ച അധ്യാപകന്റെ ഗതികേട് ഉയർത്തിക്കാട്ടുന്നുണ്ട്. അട്ടപ്പാടിയിൽ പട്ടിണിമരണങ്ങൾ നാൾക്കുനാൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വിശപ്പകറ്റുന്ന കാര്യത്തിൽ കേരളം ഇനിയും മുന്നോട്ട് പോകാനുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ്. ഓപ്പറേഷൻ സുലൈമാനി, ചേർത്തലയിൽ തുടങ്ങിയ ജനകീയ ഭക്ഷണശാല എന്നിങ്ങനെ ഇവിടെ പട്ടിണിയകറ്റാൻ നടപ്...