വീടോർമ്മ
ഒരു നൂറ്റാണ്ടിലേറെക്കാലം പഴക്കമുള്ള ഒരു പുരയിൽ ജനിച്ചുവളരാൻ അവസരം ലഭിച്ച അപൂർവ്വഭാഗ്യവാനാണ് ഞാൻ. പുതിയവീട് എന്ന ഞങ്ങളുടെ കുടുംബവീട്ടിലെ ഓരോ ഓർമ്മയും എന്റെ ഉള്ളിനോട് വളരെ ചേർന്നുനിൽക്കുന്നതാണ്. അറയും, പുരയും, വരാന്തയും, തടിത്തൂണും, കുളവുമുള്ള തലയെടുപ്പുള്ള വീടിനെ ആരും ഒന്ന് നോക്കിനിന്നുപോവും. ആ വീട്ടിൽ ജനിച്ചുവളർന്ന എന്റെ ബന്ധുമിത്രാദികൾ, ഭവനസന്ദർശനം നടത്തിയിട്ടുള്ള വിശിഷ്ടവ്യക്തിത്വങ്ങൾ- ഇവരുടെ പറഞ്ഞതും, കേട്ടതുമായ ഓർമ്മചീന്തുകൾ മനസ്സിൽ സൂക്ഷിക്കുന്നു. പല തലമുറകളുടെ വളർച്ചയ്ക്കും, താഴ്ചയ്ക്കും മൂകസാക്ഷിയായ ആ വീട് ഒരോർമ്മയാവാൻ പോവുകയാണ് എന്നതും, അതിന് കാരണക്കാരൻ ഞാനുമാണ് എന്നതുമാണ് പുതിയ വർത്തമാനം. ഇനി അധികം നാളുകളില്ല. പുതിയവീട് പൂർണ്ണമായും പൊളിച്ചു ആ സ്ഥാനത്തു പുതിയ ഒന്ന് നിർമ്മിക്കാൻ തീരുമാനിച്ചതാണ് അതിന് കാരണം. പൊക്കത്താഴ്ചകൾ നിറഞ്ഞ, കുമ്മായക്കെട്ടിൽ പണിത ചരിത്രപ്രാധാന്യമുള്ള വീടാണ് പുതിയവീട്. സൗകര്യകുറവുകൾ നിലനിൽക്കുമ്പോഴും, വീടിന് പ്രൗഢഗംഭീരമായ ചന്തം ചാർത്താൻ നീണ്ട വരാന്തയിൽ തടിയിൽ നിർമ്മിച്ച തൂണും, മുൻവശത്തെ അറയു...