പ്രിയപ്പെട്ട ഒരിടം

ചില ഇടങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. അവയുടെ സാന്നിധ്യം നമ്മുടെ മനസ്സിനെ സ്വസ്ഥമാക്കുന്നു. ആശങ്കകളെ കാറ്റിൽ പറത്തുന്നു.

എന്റെ നാടായ കഞ്ഞിപ്പാടത്ത് കുടി കൊള്ളുന്ന ഐശ്വര്യനിബിഢമായ ഇടമായാണ് വട്ടപ്പായിത്ര ക്ഷേത്രത്തെ നോക്കിക്കാണുന്നത്. കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് അമ്പലവുമായുള്ള അടുപ്പം. ഇപ്പോഴും അമ്പലത്തോട് വല്ലാത്ത ഒരിഷ്ടം മനസ്സിൽ സൂക്ഷിക്കുന്നു. സന്ധ്യാനേരത്ത് ആൽമരത്തിലെ  ഉച്ചഭാഷിണിയിൽ നിന്ന് പ്രവഹിക്കുന്ന ഭക്തിഗാനങ്ങൾക്ക് അന്നേരം വരെയുള്ള നിരാശാബോധത്തെ മായ്ച്ചുകളയാൻ കഴിയുന്നു. അങ്ങനെ കേട്ട പാട്ടുകൾ ഇന്നും അതേ മധുരിതയോടെ കാതിൽ മുഴങ്ങുന്നുണ്ട്. 
വീട്ടിൽ നിന്ന് കഷ്ടിച്ച് രണ്ട് മിനിറ്റ് നടന്നാൽ അമ്പലമുറ്റത്ത് എത്തും.  മുറ്റത്തിന് അരികെ നന്ത്യാർവട്ടവും, അരളിച്ചെടിയും, ഗൗളീഗാത്രവുമൊക്കെ തലയെടുപ്പോടെ നിൽക്കുന്നു. കുറച്ചകലെ  ആളുകൾക്ക് വിശ്രമിക്കാനായി കളത്തട്ട് കെട്ടിയിട്ടുണ്ട്. അവിടെയിരുന്ന് വെടിവട്ടം പറയുന്ന നാട്ടുകാർ. ഇതെല്ലാം എന്റെ പഴയ കാല നാട്ടോർമ്മയിലെ സുഖമുള്ള അധ്യായങ്ങളാണ്. 
അമ്പലത്തിലെ പ്രധാന ചടങ്ങുകൾക്ക് സംബന്ധിക്കാൻ സാധിക്കുന്നത് ഒരു വലിയ കാര്യമായി കരുതിയിരുന്നു. അമ്പലത്തിൽ പോയിരുന്നതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. ഭക്തി, സൗഹൃദം, ശാന്തത അങ്ങനെ പല കാര്യങ്ങൾ..
അത്താഴപൂജ കഴിഞ്ഞുള്ള ശർക്കരപ്പായസം നുണയാൻ കാത്തിരുന്ന അന്നത്തെ പഴയ നാളുകൾ എന്നിൽ ഈശ്വരസങ്കൽപ്പത്തിന്റെ വിത്തുകൾ പാകി. അമ്പലത്തിൽ രണ്ട് വലിയ ആൽമരങ്ങൾ നിൽക്കുന്നു.  സന്ധ്യയ്ക്ക് അവിടെ വീഴുന്ന ഇലകളിൽ ഒന്നിനെ കയ്യിലെടുത്തു അതിൽ പായസം വാങ്ങും. ഇലയിൽ ഒരംശം പോലും മിച്ചം വെയ്ക്കാതെ വടിച്ചുതീർക്കും. ഈ കലാപരിപാടികൾ കഴിഞ്ഞ് വീടെത്തുമ്പോൾ ഏറെ വൈകിയിട്ടുണ്ടാകും.  
അമ്പലങ്ങളിലെ വർഷം തോറും നടക്കുന്ന സപ്‌താഹപാരായണനാളുകൾ വളരെ പ്രധാനമാണ്. അന്നാളുകളിൽ  അവിടെയാണ് ഒരു ദിവസത്തിന്റെ ഏറിയ പങ്കും ചിലവഴിക്കുന്നത്. ഒരു വശത്തു ഭാഗവത പാരായണം തകൃതിയായി നടക്കുമ്പോൾ അമ്പലത്തിലെ വിളക്കുകൾ കത്തിക്കുന്നതിനും, പുറത്ത് പ്രസാദമൂട്ടിന് പാചകമൊരുക്കുന്നതിനും മറ്റും ഞങ്ങൾ കുട്ടികൾ തിടുക്കം കൂട്ടും. ഉച്ചയ്ക്ക് ഊണ് വിളമ്പാൻ ഞങ്ങൾ തമ്മിൽ വലിയ മത്സരമാണ്. ഒരാൾ വിളമ്പുന്ന കറി ഏതെന്ന് നോക്കിയാണ് അയാളെ അടുത്ത പണി ഏൽപ്പിക്കുന്നത്.  അമ്പലത്തിലേക്ക് പൂജയ്ക്ക് ആവശ്യമായ പൂവ് ഒരുക്കുന്നതിനും, പിരിവ് തുക സമാഹരിക്കുന്നതിനും, പൂക്കൾ ശേഖരിക്കുന്നതിനും വേണ്ടി കുട്ടികൾ തന്നെ മൂന്നായി തിരിയും. ക്രിസ്മസും, രുഗ്മിണീസ്വയംവരവും, ആലപ്പുഴ ചിറപ്പും ഒരേ ദിവസം സംജാതമായാൽ രാവിലെ അമ്പലം, ഉച്ചയ്ക്ക് ചിറപ്പ്, വൈകിട്ട് കരോൾ എന്നിങ്ങനെ ആസൂത്രണം ചെയ്യും. മൂന്ന് പരിപാടികളും നമുക്ക് ഒരുപോലെ വേണ്ടപ്പെട്ടവയാണല്ലോ. 

അമ്പലവാസികൾ 

അമ്പലത്തിൽ പ്രധാനമായും ദീപാരാധന തൊഴാൻ  പോകാറുണ്ട്. അവിടെ സ്ഥിരമായി എത്തുന്ന ആളുകൾ, അവരുടെ പ്രവൃത്തികൾ ചിലതൊക്കെ കണ്ണിൽ പതിയും. തന്റെ സ്വതസിദ്ധമായ നിസ്സംഗതാഭാവത്തിൽ ഭക്തരോട് മിണ്ടുന്ന ദേവസ്വം മാനേജരും, ദേവിയെ ഭംഗിയായി ഒരുക്കുന്ന തിരുമേനിയും, അമ്പലമുറ്റത്തെ വൃത്തിയായി സൂക്ഷിക്കുന്ന സാതിച്ചേച്ചിയും, മുൻപ് അതേ തൊഴിൽ ചെയ്തിരുന്ന ഉണ്ണിയമ്മയും അമ്പലത്തിലെ പതിവ് കാഴ്ചകൾ ആണ്. അവരിൽ ചിലരൊക്കെ ഇവിടം വിട്ടുപിരിഞ്ഞെങ്കിലും അവരുടെ ഓർമ്മകൾ ഇവിടെ വരുമ്പോൾ അനുഭവപ്പെടുന്നു എങ്കിൽ അവർ ഈ ഇടവുമായി എത്ര അടുത്ത് നിൽക്കുന്നു എന്ന് വിശേഷിച്ചു പറയേണ്ടതില്ലല്ലോ.
ഇരുൾ മാഞ്ഞു തുടങ്ങുന്ന അന്തരീക്ഷത്തിൽ തന്റെ ഇടയ്ക്കയിൽ താളം പോവാതെ നിസ്സംഗഭാവത്തിൽ കൊട്ടുന്ന മണിയൻ ചേട്ടന്റെ മുഖം മനസ്സിൽ തെളിയുന്നു. എല്ല് തെളിഞ്ഞു കാണുന്ന ശോഷിച്ച ശരീരത്തിൽ ഇടതു ഭാഗത്തു  തൂക്കിയിട്ടുകൊണ്ടാണ് വായന. ശ്രീകോവിൽ വാതിൽ തുറക്കുന്ന വേളയിൽ കൊട്ടുന്നതിന്റെ മുറുക്കം കൂടും. കേൾക്കുന്ന സുഖവും അപ്പോൾ ഉച്ചസ്ഥായിയിലെത്തും.മണിയൻ ചേട്ടന്റെ കാലശേഷം ബാബു എന്ന വ്യക്തിയാണ് വായന തുടരുന്നത്. 


അമ്പലക്കാഴ്ചകൾ 

അമ്പലത്തിനകത്ത് കുറെ വർഷം മുൻപ് വരച്ച ഒരു ചുവർച്ചിത്രമുണ്ട്. ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന ദുർഗ്ഗാദേവിയുടെ ചിത്രത്തിന് പുറമെ മറ്റൊരു ചിത്രം ഉണ്ടായിരുന്നത് പെയിന്റ് ചെയ്തപ്പോൾ നഷ്ടമായി. പല ആളുകളെയും കണ്ടുമുട്ടുന്നത് അമ്പലത്തിലാണ്. അവരുമായി വർത്തമാനം പറഞ്ഞിരിക്കുന്നത് മറ്റൊരു സുഖമുള്ള സംഗതിയാണ്. 
അമ്പലവുമായി ബന്ധപ്പെട്ട മറ്റൊരു പഴയ ഓർമ്മ അമ്പലക്കുളത്തിൽ മീൻ നോക്കിയിരുന്ന ദിനങ്ങളാണ്. കുളപ്പടവ് വരെ വന്നു ആളുകളെ എത്തിനോക്കി മുങ്ങാംകുഴിയിടുന്ന പരൽമീനുകളുടെ കാഴ്ച്ച എത്ര സുന്ദരമായിരുന്നു! രാവിലെകളിൽ വെയിൽ കൊള്ളാനും, മീൻ പിടിക്കാനുമെത്തുന്ന നീർക്കാക്കകൾ, കുളത്തിന് അൽപ്പം മാറി പാടത്തു ഗരിമയോടെ നിൽക്കുന്ന പനക്കൂട്ടങ്ങൾ -- ക്യാമറക്കണ്ണുകൾക്ക് പകർത്താവുന്നതിലും ആഴത്തിൽ നമ്മുടെ മനസ്സുകളിൽ പതിയാൻ ഈ ദൃശ്യങ്ങൾക്ക് കഴിവുണ്ട്. 


ദൈവവിചാരം 
ഈ കാലയളവിൽ ഈശ്വരവിശ്വാസം സംബന്ധിച്ച ചില ചോദ്യങ്ങൾ എനിക്ക് നേരെ ഉണ്ടായപ്പോൾ എനിക്ക് ഉത്തരം കൊടുക്കാൻ തക്ക അറിവില്ലായിരുന്നു. ഈശ്വരൻ എന്താണെന്നും, ഇവിടുത്തെ വിശ്വാസ-ജീവിത രീതികൾ എന്തെന്നും എനിക്കിപ്പോഴും അറിയാൻ ഏറെ കാര്യങ്ങൾ ബാക്കിയുണ്ടെന്ന് സമ്മതിക്കാൻ എനിക്കൊരു കുറവും തോന്നുന്നില്ല. നമ്മളെ നിയന്ത്രിക്കുന്ന ഒരു അജ്ഞാത ശക്തി ഇവിടെ നമുക്ക് ചുറ്റും കുടികൊള്ളുന്നെന്നും, അത് നമ്മുടെ ഉള്ളിൽ തീർക്കുന്ന പ്രഭാവലയം പലപ്പോഴും നമ്മുടെ കണ്ണുകളിൽ പെടാറില്ലെന്ന് ഇടയ്ക്കൊക്കെ തോന്നാറുണ്ട്. എല്ലാവർക്കും ഈശ്വരൻ പല തരത്തിലാണ് അനുഭവപ്പെടുക. വിശ്വാസി അല്ലെന്ന് പറയുന്ന ആളുകളോട് എന്തിലാണ് വിശ്വസിക്കുന്നത് എന്ന് ചോദിച്ചറിയാൻ ശ്രമിച്ചിട്ടുണ്ട്. നിമിത്തങ്ങളിൽ, യാദൃശ്ചികതകളിൽ, അനുഭവസ്ഥരിൽ, ജീവിതപാഠങ്ങളിൽ, യുക്തിയിൽ, സമത്വത്തിൽ, സഹോദര്യത്തിൽ വിശ്വാസം അർപ്പിക്കുന്ന പലരെയും പരിചയപ്പെടാൻ ഇടയായി. അവരുടെ ജീവിതാനുഭവങ്ങളാണ് അവരുടെ ചിന്തയെ വളർത്തിയെടുത്തത്. ഇതെഴുതുന്നയാൾ ഒരു കടുത്ത വിശ്വാസിയായി ജീവിക്കുന്ന ആളല്ല. നമ്മുടെ സങ്കല്പങ്ങൾ ഒരാളിലും അടിച്ചേൽപ്പിക്കാൻ ഇന്നേവരെ ശ്രമിച്ചിട്ടില്ല. എന്റെ യുക്തി, കാഴ്ചപ്പാടുകൾ ചിലർക്ക് ചിരിക്കാനുള്ള മരുന്നായി തോന്നുമെങ്കിലും അതൊന്നും എന്നെ ബാധിക്കാതിരിക്കാറുണ്ട്. നമ്മൾ നിമിത്തങ്ങൾ എന്ന് പൊതുവെ വിശേഷിപ്പിക്കുന്ന ചില കാര്യങ്ങൾ 
ദൃശ്യമാവാറുള്ളതും, വൈകിയെത്തുന്ന  തിരിച്ചറിവുകൾ ഇടയ്ക്കിടെ മനസ്സിൽ  ഇരച്ചുകയറുന്നതും ഇത്തരം ചില 
ആലോചനകൾ വിരിയുന്ന വേളയിലാണ്.

 വളരെ വേണ്ടപ്പെട്ട ഒരു വ്യക്തി ഒരിക്കൽ എന്നോട് പറഞ്ഞ ഒരു കാര്യം ഓർക്കുന്നു - "നമ്മുടെ ചില ഇഷ്ടങ്ങൾ നമ്മുടെ ആശയപ്രമാണത്തിനു എതിരാണെന്ന് കരുതി അതിനെ വേണ്ടെന്ന് വെക്കേണ്ടതില്ല." ഈശ്വരനെ വിശ്വസിക്കാത്ത, അമ്പലത്തിൽ ഇടയ്ക്കൊക്കെ പോകുന്ന വ്യക്തിയാണ് ഇങ്ങനെ എന്നോട് അഭിപ്രായപ്പെട്ടത്.
"നമ്മുടെ സുഖത്തിനും, സന്തോഷത്തിനും വലുതായി മറ്റൊന്നുമില്ലല്ലോ," അപ്പോൾ ഞാൻ ഓർത്തു. 


Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ