പ്രകാശം പരക്കട്ടെ, ഭക്ഷണം ജയിക്കട്ടെ!
വീട്ടിലെ രുചിയോട് എല്ലാവർക്കുമെന്നപോലെ എനിക്കുമുണ്ട് പ്രത്യേകമായ താൽപ്പര്യം. അടുപ്പമുള്ളവരോട് ഒപ്പമിരുന്ന് അന്നമുണ്ണുമ്പോൾ വയറു പോലെ മനസ്സും തൃപ്തിയണയുന്നു. തീൻമേശയെ സ്വാദിഷ്ഠമാക്കുന്നത് വ്യത്യസ്തമായ വിഭവങ്ങൾ മാത്രമല്ല, അവ പങ്കിടുന്ന ആളുകൾ കൂടെയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ ഉപ്പോ എരിവോ പുളിയോ കൂടിയോ കുറഞ്ഞോ പോയാലും പരാതി പറയാതെ അവിടെയിരുന്ന് കഴിച്ചു തീർക്കുന്നതിന് കാരണം അത് തന്നെയാണ്. കിട്ടുന്ന ഭക്ഷണം ശാപ്പിട്ട് മുന്നോട്ട് പോകുന്നു. കുട്ടിക്കാലത്ത് രുചിയുടെ പേരിൽ അമ്മൂമ്മയെ ഒന്നുരണ്ടു തവണ ബുദ്ധിമുട്ടിക്കേണ്ടതായി വന്നിട്ടുണ്ട്. ചുരുങ്ങിയ ചിലവിൽ ഒതുങ്ങി ജീവിക്കുന്ന പ്രകൃതമായത് കൊണ്ടാവാം പൊതുവെ എല്ലാ ഭക്ഷണത്തോടും ഇണങ്ങിനിൽക്കാൻ സാധിക്കുന്നത്. സസ്യാഹാരം ശീലിച്ചത് എന്റെ സ്വന്തം തീരുമാനമായിരുന്നു. 2010 ഫെബ്രുവരി 26. അന്നാണ് മുഴുവൻ-സമയ സസ്യാഹാരിയായി മാറിയത്. പണ്ട് എല്ലാവരെയും പോലെ ചിക്കൻ ഫ്രെയും ബീഫും കക്കായിറച്ചിയും ഒക്കെകഴിക്കുമായിരുന്നു. ഒമ്ലെട്ടും മീറ്റ് റോളും ബുൾസൈയും രുചിച്ചാണ് സ്കൂൾ കാലം ആഘോഷിച്ചത്. ആദ്യമായി കഴിച...