പളുങ്കൂസ് പ്രേമം
പ്രണയം തുറന്നുപറയുമ്പോഴാണോ അതോ മനസ്സിൽ സൂക്ഷിക്കുമ്പോഴാണോ അത് പൂത്തുലയുക? നമുക്ക് ഒരാളോട് തോന്നുന്ന ഇഷ്ടം തുറന്നു പറഞ്ഞും ഇഷ്ടം പറയാതെ അകലെ നിന്നും നമുക്ക് പ്രണയിച്ചിരിക്കാം. പ്രണയം വിരിയുന്നത് പുതിയൊരു ലോകപിറവി പോലെയാണ്. രണ്ട് വിഭിന്നമായ ലോകങ്ങൾ കൂടിച്ചേർന്ന് പിറവികൊള്ളുന്ന മൂന്നാം ലോകമാണ് ചില പ്രണയബന്ധങ്ങൾ.
രണ്ട് വ്യക്തികളുടെ പ്രണയത്തിന് രാഷ്ട്രീയത്തിന്റെ അതിരുകൾ ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് സമത്വചിന്തയെന്ന മൂല്യത്തിലുറച്ചു നിൽക്കുന്ന ബന്ധമാവണം നമ്മുടെ ഓരോരുത്തരുടേയും പ്രണയമെന്ന് അടിവരയിടാൻ ആഗ്രഹിക്കുന്നു. എന്താണ് പ്രണയത്തിന് വേണ്ട സമത്വം? ഒരാളുടെ ഇഷ്ടങ്ങൾ മറ്റൊരാളിൽ അടിച്ചേൽപ്പിക്കുന്നതോ ഒരാളുടെ രീതികൾ അനുസരിച്ച് മറ്റെയാൾ അയാളെ പരിമിതപ്പെടുത്തുന്നതോ അസമത്വമാണ്. അതിൽ പ്രണയത്തിന്റെ അംശം കലരുമ്പോഴും സ്വപ്രണയത്തെക്കാൾ വലുതല്ല മറ്റൊരു പ്രണയവും.
ഒരാൾ ഒരാൾക്ക് മേൽ കുതിര കയറുന്നത് പോലെയുള്ള ബന്ധങ്ങളിൽ പ്രണയത്തിന്റെ പ്രവാഹമല്ലല്ലോ, അടിമത്തത്തിന്റെ ചങ്ങലകൾ അല്ലേ നമുക്ക് കാണാൻ കഴിയുക. അത്തരം ബന്ധങ്ങളിൽ ഒരു ഭാഗത്ത് വീർപ്പുമുട്ടൽ അനുഭവിക്കുന്നയൊരാൾ ഉണ്ടാകുമെന്നതാണ് പ്രണയത്തിന്റെ വേദന. കരിമ്പ് കഴിച്ചു തുപ്പും പോലെ ഒരാളുടെ മധുരം മുഴുവൻ ഊറ്റിയെടുത്തിട്ട് ഒഴിയുന്ന ഏർപ്പാട് അധമമാണ്.
ഇത് പറയുമ്പോഴും പ്രണയം പ്രപഞ്ചത്തിലേക്കുള്ള കിളിവാതിൽ തന്നെയാകുന്നു. പ്രപഞ്ചം എന്നാൽ ചുറ്റുമുള്ള ജീവൻ തുടിക്കുന്ന ലോകം തന്നെ. ലോകത്ത് എവിടെ പോയാലും പ്രണയമുണ്ട്. പ്രകൃതിയിലുമുണ്ട് പ്രണയം. അന്തരീക്ഷം സമുദ്രജലത്തെ പ്രാപിക്കുമ്പോൾ നമുക്ക് മഴ ലഭിക്കുന്നു. കിളികളും ചെടിയും പ്രണയം പങ്കിടുമ്പോൾ പൂക്കൾ വിരിയുന്നു. പ്രണയിക്കുക ഒരു സാധാരണ കാര്യമാവുന്നു. പ്രണയം ഇല്ലാത്തതാണ് അസാധാരണം എന്ന് പറയാം. പ്രണയത്തിൽ പ്രാപിക്കുക അലസസുന്ദരമായ അനുഭൂതിയാവുന്നു.
പ്രണയത്തിന്റെ കുറുക്കുവഴികൾ
ഒരാളുടെ ആത്മാനുഭവമാണ് പ്രണയം. അത് മറ്റൊരാൾക്ക് പകർന്നാൽ പ്രണയത്തിന്റെ ആഴം നഷ്ടപെടുമെന്ന് ഭയക്കുന്ന അപൂർവ്വജീവികൾ നമ്മുടെ ഇടയിലുണ്ട്.
നേരെ വരാനും നേരെ പോകാനും പറയുന്ന ഇന്നത്തെക്കാലത്ത് അവരുടെ ഈ കുറുക്കുവഴികൾ നമുക്ക് അജ്ഞാതമായി അനുഭവപ്പെട്ടേക്കാം. പക്ഷെ സത്യം എന്താണെന്നാൽ, അവരാണ് നിശബ്ദപ്രണയത്തിന്റെ കാവലാളുകൾ. പ്രണയിച്ച് പ്രണയിച്ച് പ്രണയം പറയാൻ മറന്നുപോവുന്നവർ!
പ്രണയിതാക്കൾ കടന്നുപോവുന്ന പല അനുഭവമുഹൂർത്തങ്ങളിലൂടെയും പ്രണയത്തെ പ്രണയിക്കുന്നവർ കടന്നുപോവുന്നു. അവരുടെ പ്രണയമെന്നത് പ്രാർഥന പോലെ പുണ്യകരമായ എന്തോ ആണെന്ന് അവർ കരുതുന്നു. പ്രാർഥിക്കുന്ന ചിലർ ആത്മീയാനുഭൂതി നേടുന്നത് പോലെ പ്രണയത്തെ പ്രണയിച്ച് അവർ പ്രണയാനുഭൂതി സ്വന്തമാക്കുന്നു. ഗന്ധർവ്വനെ പ്രണയിക്കുന്നത് കാൽപ്പനികസുന്ദരമെങ്കിൽ പ്രണയത്തെ പ്രണയിക്കുന്നത് എങ്ങനെ പമ്പരവിഡ്ഢിത്തമായി മാറുന്നു? വ്യക്തികളെ പ്രണയിക്കാത്ത മനുഷ്യരെ എന്തുകൊണ്ടാണ് സമൂഹം അമ്പരപ്പോടെ തുറിച്ചുനോക്കുന്നത്? അവരെ അവരുടെ
വഴിക്ക് സ്വൈര്യമായി നടത്താൻ നമ്മുടെ അറിവില്ലായ്മ (അതൊരു കുറവായി ധരിക്കരുത്) നമ്മളെ അനുവദിക്കാത്തതാവാം.
കുട്ടിക്കാലത്തെ പ്രണയങ്ങൾക്ക് നമ്മളെ നന്നായി കുളിർകൊള്ളിക്കാൻ കഴിയും. ബാല്യകാലസഖിയിലെ മജീദിനെയും സുഹറയെയും പോലെ പ്രണയിച്ചുനടന്ന ഇന്നലെകൾ നമ്മുടെ ഓർമ്മപ്പുസ്തകത്തിലെ പ്രധാന അധ്യായമാണ്. കലപില പറയുന്ന സ്കൂൾ കാലത്തെ പ്രണയത്തിന് വസന്തകാലത്തിന്റെ സ്വരൂപമാണ്. വലിയ ഭാരങ്ങളില്ലാതെ സ്വച്ഛമായി ഒഴുകുന്ന ഹൃദയബന്ധം. മത്സരബുദ്ധിയുടെ ആധിക്യത്തോടെ വെയിലേറ്റ് വാടുന്ന കൗമാരനാളിൽ അവ അൽപ്പം കലഹമുഖരിതമായി മാറുന്നു. അനാവശ്യമെന്ന് പിന്നീട് തോന്നാവുന്ന വാഗ്വാദങ്ങൾ. ആഗ്രഹങ്ങളും ആവശ്യങ്ങളും തോരാമഴ പോൽ തുടിക്കുന്ന യൗവനനാളിൽ പ്രണയത്തിന് സങ്കീർണ്ണസ്വഭാവം കൈവരുന്നു.
വിരസതയും വിസ്മയനിമിഷങ്ങളും മാറിയും തിരിഞ്ഞും കടന്നുവരുന്നു. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം പോലെ.
എല്ലാമൊഴിഞ്ഞു തണുപ്പ് എന്ന ഒറ്റപ്പെടലിൽ കഴിയുന്ന
വർദ്ധക്യത്തിലെ ചില പ്രണയങ്ങൾക്ക് മഞ്ഞുകാലം പോലെ വിറവാർന്ന മട്ടും ഭാവവുമാണ്. പക്ഷെ ആ തണുപ്പിനുമുണ്ട് കരുതലെന്ന കവചത്തിന്റെ സുരക്ഷ, സുഖം.
പ്രണയമൊരു പ്രതിഭാസമാണ്
ചിലപ്പോൾ തോന്നാറുണ്ട് - പ്രണയം അടുക്കും തോറും അകന്നുപോവുന്ന വിചിത്രാനുഭവം ആണെന്ന്. പുറമെ പ്രണയിക്കുന്നതായി ഭാവിക്കുന്ന പലരുടെയുമുള്ളിൽ ജ്വലിക്കുന്ന അഗ്നിപർവ്വതം എന്നെ അങ്ങനെ ചിന്തിപ്പിക്കുന്നു.
പ്രണയം പലർക്കും പിടി തരാത്ത സമസ്യയാണ്. നമ്മളോട് പ്രണയം തുറന്നുപറയുന്നവരോട് തിരിച്ച് അങ്ങനെ തോന്നാതെ അവരെ തള്ളികളഞ്ഞു മറ്റൊരു പ്രണയം കണ്ടെത്തി നമ്മൾ മുന്നോട്ട് പോകുന്നു. ആ പ്രണയിതാവിൽ നിന്ന് ഉണ്ടാകുന്ന അവഗണനകളും കുറവുകളും ചിലപ്പോൾ സഹിച്ചുപെരുമാറുന്നു. പ്രണയിക്കുമ്പോഴാണ് ഏറ്റവും ധീരത പ്രകടമാവുന്നത്. ലോകത്ത് എന്ത് നടന്നാലും എനിക്കൊരു കൂട്ടുണ്ട് എന്ന ബോധ്യം നമുക്ക് വല്ലാത്ത ധൈര്യവും കരുത്തും നൽകുന്നു. എന്നാൽ പ്രണയിക്കുമ്പോൾ നമുക്ക് ഉണ്ടായിരുന്ന ധീരത പ്രണയം ഒടുങ്ങുമ്പോൾ എവിടെയോ പോയിമറയുന്നു. നമ്മുടെ കരുത്തിനെ നമ്മൾ പോലും ചോദ്യം ചെയ്യുന്നു. ഞാൻ എങ്ങനെ അവർക്ക് വേണ്ടാതായെന്ന് ചിന്തിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നു.
ചില പ്രണയതിരസ്കാരങ്ങൾ നമ്മളെ തളർത്തിക്കളയുമ്പോഴും അതിൽ സുഖമുള്ള നോവ് അടങ്ങിയിരിക്കുന്നു. ഒരാൾ നമ്മളെ സ്നേഹിക്കാത്തത് നമ്മുടെ കുറ്റമോ അവരുടെ ഗുണമോവല്ല. എല്ലാ പ്രണയങ്ങളും ഒരുമിക്കപ്പെടാൻ പാടുള്ളവയല്ല എന്നതൊരു അലിഖിതനിയമമാണ്.
ചില പ്രണയങ്ങൾ അകലചരമം
അടിയേണ്ടവയാണ്. ചിലവ കലഹ-മുഖരിതമായി നിൽക്കേണ്ടവയാണ്. ചിലവ പറയാതെ പോവേണ്ടവയാണ്. ഇഷ്ടത്തോടെയോ അല്ലാതെയോ അതിൽ പങ്കുകൊള്ളുന്നു നമ്മൾ.
ഒരാൾ നമ്മളെ നിരസിക്കുമ്പോൾ നോവുന്നത് ഒന്നല്ല, രണ്ട് മനസ്സുകളാണ്. ചിലത് വേണ്ടായെന്ന് പറയുന്നത് നമുക്ക് വല്ലാത്ത വേദനയാണ്. നമ്മൾ നിരസിക്കപ്പെടുമ്പോൾ വിധിയെ പഴിക്കാതെ വഴിയിൽ നിന്ന് എഴുന്നേറ്റുമാറുകയാണ് മാന്യത.
പ്രണയം ഒരർഥത്തിൽ പ്രപഞ്ചത്തെ കണ്ടെത്തലാണ്. നമ്മുടെയുള്ളിൽ നമ്മൾ കാണാതെപോവുന്ന പല സംഗതികൾക്കും ജീവൻ ലഭിക്കാൻ പ്രണയം ഒരു കാരണമായാൽ നമ്മൾ നമ്മുടെയുള്ളിലെ പ്രപഞ്ചത്തിലേക്ക് കാലെടുത്തു വെയ്ക്കുകയാണെന്ന് അനുമാനിക്കാം.
പ്രണയത്തിനുമുണ്ടൊരു മനഃശാസ്ത്രം. ആളുകളെ പഠിച്ചാണ് പ്രണയം വളരുക.
നമുക്ക് വേണ്ടപ്പെട്ട ആളുകളുടെ മനസ്സ് വായിക്കാനും അവരുടെ ഇഷ്ടങ്ങൾ തിരിച്ചറിയാനും അവരെ തൃപ്തിപ്പെടുത്താനും നമ്മൾ ശ്രമിക്കുന്നു. നമ്മുടേതിന് വിഭിന്നമായ താൽപ്പര്യങ്ങൾ ചിലപ്പോഴൊക്കെ അംഗീകരിക്കാൻ പ്രണയം ഒരു കാരണമായിത്തീരുന്നു.
ചിലപ്പോൾ തോന്നും, ജീവിതത്തോടും ജീവനോടുമുള്ള അനന്തമായ പ്രാർഥനയാണ് പ്രണയം എന്ന്. ഒരു വ്യക്തിയെ ഉപാധികളില്ലാതെ സ്നേഹിക്കാനായാൽ അത് ആരാധനയ്ക്ക് സമമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പ്രണയമൊരു ജീവിതയാഥാർഥ്യമാണ്. എപ്പോഴെങ്കിലും സംഭവിക്കുമെന്ന് ഉറപ്പുള്ള ഒരു വസന്തം. അത് മനുഷ്യനോടോ മൃഗത്തോടോ ആശയത്തോടോ വസ്തുവിനോടോ പ്രകൃതിയോടോ സംഗീതത്തോടോ യാത്രയോടോ കായികയിനങ്ങളോടോ ശരീരത്തോടോ ഒക്കെ ആയെന്ന് വരാം. നമുക്ക് പ്രണയത്തെ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം. അതിനെ വാഴ്ത്തുകയോ വീഴ്ത്തുകയോ തിരിഞ്ഞുനടക്കുകയോ ആവാം. എന്നാൽ
അപ്പോഴും പ്രണയം പ്രണയമായിത്തന്നെ നിലകൊള്ളും എന്നാണ് ചരിത്രത്തിന്റെ സുവിശേഷം.
PS: പ്രണയത്തെ പ്രണയിച്ച പ്രിയ കൂട്ടുകാരിക്ക് :)
"കലപില പറയുന്ന സ്കൂൾ കാലത്തെ പ്രണയത്തിന് വസന്തകാലത്തിന്റെ സുന്ദരരൂപമാണ്. വെയിലേറ്റ് വാടുന്ന കൗമാരനാളിൽ പ്രണയം കലഹമുഖരിതമായി മാറുന്നു. തൊരാമഴ പോലെ തുടിക്കുന്ന യൗവനനാളിലെ പ്രണയത്തിൽ പൊട്ടലും ചീറ്റലും നിറയുന്നു. വർദ്ധക്യത്തിലെ പ്രണയത്തിന് മഞ്ഞുകാലം പോലെ വിറവാർന്ന തണുപ്പൻ മട്ടും ഭാവവുമാണ്. " .... I think you should fall in love seriously before making such connections between love and age!
ReplyDeleteYes, I will try. I just want it to happen organically, not by taking any individual effort. Talking about the connection, my intention is not to generalize love experiences but my thought is to associate love with seasons. Like how a season does not remain the same but changes its forms (like heavy rain, light rain etc). But I hope you enjoyed reading.
Deleteകമന്റിനും വിശദമായി സംസാരിച്ചതിനും നന്ദി പറയേണ്ടതില്ലെന്ന് അറിയാം.. ഉള്ളടക്കത്തിൽ വന്ന പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുമല്ലോ..
ReplyDelete