വില്‍ക്കാനുണ്ട് പുസ്തകങ്ങള്‍!

ഇത് വരെ സ്വപ്നത്തില്‍ പോലും ചെയ്യാന്‍ തോന്നാത്ത ഒരു കാര്യമാണ് ഇപ്പോള്‍  ഞാന്‍  ചെയ്തത്. കൈയിലെ പുസ്തകങ്ങൾ കിട്ടിയ  വിലയ്ക് വില്‍ക്കാന്‍ കൊടുത്തു എന്നതാണത്. ഹൈടെക് സിറ്റി ചുറ്റുന്നതിനിടയിൽ  വാങ്ങിക്കൂട്ടിയ  പുസ്തകങ്ങളാണ് കോട്ടി മാർക്കറ്റിൽ പോയപ്പോള്‍ വിറ്റത്. അങ്ങനെ  കിട്ടിയ തുക  പോക്കറ്റിൽ ഇട്ടു നടന്നപ്പോള്‍ ആദ്യമൊന്നും തെല്ലു കുറ്റബോധം തോന്നിയില്ല. ഹോസ്റ്റല്‍ റൂമിൽ കുന്നു കൂടിയ പുസ്തകങ്ങളും, വസ്ത്രങ്ങളും എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ടു കുറെ നാളുകളായിരുന്നു.  ഹൈദരാബാദ് നഗരസഭയുടെ (GHMC) Wall  of Kindness എന്ന പദ്ധതിയില്‍ ചേര്‍ന്ന്‍ പഴയ തുണിത്തരങ്ങള്‍ കൊടുത്തുതീര്‍ക്കാന്‍ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. 

ഒരു ശനിയാഴ്ചയാണ് പുസ്തകവില്പനയ്ക് കോട്ടിയില്‍ പോയത്. പഴയ പുസ്തകങ്ങള്‍ തുച്ഛമായ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന സ്ഥലമാണത്. പലതും പ്രതീക്ഷിച്ചു പോയ എന്നെ നിരാശപ്പെടുത്തുന്ന വിലയാണ് അവിടെ നിന്നും ലഭിച്ചത്. പുസ്തകം കൊടുക്കണോ എന്ന് ഒരു നിമിഷം ആലോചിച്ചു. ഇത്രയും ഭാരം താങ്ങി തിരികെ പോകാന്‍ വയ്യ എന്നുറപ്പിച്ച ഞാന്‍ ഒടുവില്‍ കിട്ടിയ വിലയ്ക്ക് പുസ്തകം വില്പനയ്ക്ക് വെച്ചു.


നഷ്ടമാക്കിയ അവസരം

ഇപ്പോള്‍ ആലോചിക്കുമ്പോൾ വിൽകേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. മറ്റു പലതും ചെയ്യാനുള്ള അവസരമാണ് കളഞ്ഞു കുടിച്ചത്‌. വായിക്കാൻ ആഗ്രഹമുണ്ടായിട്ടും, അതിനു സാധിക്കാതെ പോകുന്ന കുട്ടികള്‍ക്ക് ഈ പുസ്തകങ്ങള്‍ ഒരു പക്ഷെ പ്രയോജനം ചെയ്തേനെ. നാട്ടിലെ വായനശാലയില്‍ എത്തിച്ചു കൊടുത്തിരുന്നെങ്കില്‍, അതുമല്ലെങ്കിൽ എതെങ്കിലും സ്കൂളുകള്‍ക്ക് കൈമാറിയിരുന്നെങ്കില്‍... പക്ഷെ എന്ത്‌ പറയാന്‍? എല്ലാം വിറ്റു കളഞ്ഞില്ലേ!

കോട്ടി മാര്‍ക്കറ്റ്


ഹൈദരാബാദില്‍ പല നൂറ്റാണ്ടുകളായി കച്ചവടം പൊടിപൊടിക്കുന്ന ഇടമാണ് കോട്ടി. ഇവിടെ കിട്ടാത്തതായ സാധനങ്ങള്‍ ഒന്നുമില്ലെന്നു വേണം പറയാന്‍. കുറേ നാള്‍ മുന്പ് ഒരു സംഘം മാര്‍വാടികള്‍ കുടിയേറി കച്ചവടം ആരംഭിച്ചതാണ് ഇന്ന്‍ കോട്ടിയായി പരിണമിച്ചത് എന്ന്‍  പ്രദേശവാസികള്‍ പറയുന്നു. സാധനസാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ മിക്കവാറും ആളുകള്‍ കോട്ടിയെയാണ് ആശ്രയിക്കാറ്.

ഇവിടെ പുസ്തക വാങ്ങലുകൾ പ്രധാനമായും തൂക്കം നോക്കിയാണ്  നടക്കുന്നത്.  അതായത്, പുസ്തകത്തിന്റെ മൂല്യമല്ല, മറിച്ച് അതിന്‍റെ ഭാരം അടിസ്ഥാനമാക്കിയാണ് വിലയിടുന്നത്. പല അപൂര്‍വ്വ പുസ്തകങ്ങളും ഇങ്ങനെ ചുളുവിലയ്ക്ക് സ്വന്തമാക്കാന്‍ വില്‍പ്പനക്കാരനും, വാങ്ങുന്നയാള്‍ക്കും സാധിക്കുന്നു. ഇപ്പോള്‍ പറഞ്ഞ കണക്കു പ്രകാരം, എന്‍റെ  രണ്ടു കിലോ പുസ്തകങ്ങള്‍ക്ക്   കിട്ടിയ  തുക അധികമാവാനേ തരമുള്ളു!

ഇതെല്ലാം പറയുമ്പോൾ ഞാൻ എത്രമാത്രം മാറിയിരിക്കുന്നു എന്ന് തെല്ലു ആശ്ചര്യത്തോടെ ഓർത്തുപോവുകയാണ്. പുസ്തകങ്ങൾ ഒരഭിനിവേശമായി കൊണ്ടുനടന്ന കുട്ടിയില്‍  നിന്ന്  ഇപ്പോള്‍ പുസ്തകവില്‍പ്പനയില്‍ എത്തി നിൽക്കുന്നു! കാലം ഒരാളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അനവധിയാണ്.

കിട്ടുന്ന തുകയുടെ വലിപ്പം മുന്നില്‍ കണ്ടല്ല വില്‍പ്പനയ്ക്ക് മുതിര്‍ന്നത് എന്നാദ്യമേ വ്യക്തമാക്കിയിരുന്നല്ലോ.. പുസ്തകം വിറ്റ തുകയ്ക്ക്  കുട്ടികള്‍ക്ക് പുസ്തകം വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒന്നോര്‍ത്താല്‍ ഇതാണ് നല്ലത്. അവരുടെ താല്പര്യത്തിനു ഇണങ്ങുന്ന പുസ്തകങ്ങള്‍ മാറ്റിവാങ്ങാന്‍ ഒരവസരമായല്ലോ!


കോട്ടി മാര്‍ക്കറ്റ്. ചിത്രം:  ജി രാമകൃഷ്ണ

 പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കോട്ടിയിലെ ചില ഇടങ്ങള്‍.

  

പിന്‍പുറം

സുഹൃത്ത് വിപിന്‍റെ നിര്‍ദേശപ്രകാരം കുറിക്കുന്നത്.

എന്താണ് wall of kindness?

ഹൈദരാബാദ് നഗരസഭയായ GHMC തുടങ്ങിവെച്ച ഒരു സംരംഭമാണിത്. നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ ഇതിനായി
 ക്രമീകരിച്ച മതിലുകളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ
ഉപയോഗിച്ച  സാധനങ്ങള്‍ (ജനങ്ങള്‍ക്ക് വേണ്ടുന്ന  ആവശ്യ വസ്തുക്കള്‍ ഉദാ- തുണിത്തരങ്ങള്‍, ചെരുപ്പ്, പുതപ്പ്)  നിക്ഷേപിക്കാവുന്നതാണ്. ഇത് GHMC പ്രവര്‍ത്തകര്‍ അവരുടെ രാത്രികാല വസതിയില്‍ കഴിയുന്നവര്‍ക്ക് വീതിച്ചു നല്‍കുന്നു. 

 കൂടാതെ, വീടില്ലാത്ത ജനങ്ങള്‍ക്ക് GHMC സ്ഥാപിച്ചിരിക്കുന്ന ബോക്സുകളില്‍ നിന്ന് ആരുടേയും അനുവാദത്തിനു കാക്കാതെ സാധനങ്ങള്‍ എടുക്കാവുന്നതാണ്‌.





കൂടുതല്‍ അറിയാന്‍ : https://telanganatoday.com/hyderabad-gets-wall-of-kindness സന്ദര്‍ശിക്കുക.

വാങ്ങാന്‍ ഉദ്ദേശിക്കുന്ന പുസ്തകങ്ങള്‍


പ്രധാനമായും ചിത്രകഥകള്‍ ആണ്  മനസ്സില്‍. മുതിര്‍ന്ന കുട്ടികള്‍ ആരും തന്നെ നമ്മുടെ ലിസ്റ്റില്‍ ഇപ്പോളില്ല എന്നതിനാലാണ് ഈ തീരുമാനമെടുക്കുന്നത്. ചിത്രകഥകള്‍ ഏതെല്ലാമെന്ന് കുട്ടികളുടെ കൂടെ അഭിപ്രായം ആരാഞ്ഞ ശേഷം തിരഞ്ഞെടുക്കുന്നതാണ്.

വില്പ്പനയ്ക്ക് വെച്ച പുസ്തകങ്ങള്‍



  • ടാറ്റാ നാനോ കാരിന്റെ പിറവിയെക്കുറിച്ചുള്ള പുസ്തകം
  • ഡിക്ഷ്നറികള്‍
  • How to improve your memory 
  • Books on spirituality
  • Improve your wordpower- Norman Lewis








Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ