പീഡനത്തിന്‍റെ മതം



"അതു കൊണ്ട്, പ്രിയപ്പെട്ട നാട്ടുകാരേ, ഞാന്‍ വീണ്ടും പറയുകയാണ്‌. ഒരു പീഡനത്തെ മതത്തിന്‍റെ കണ്ണിലൂടെ കാണുന്നവര്‍ ദേശദ്രോഹികളാണ്."

നേതാവ് കത്തിക്കയറുകയാണല്ലേ? ഞാന്‍ ചോദിച്ചു.. "ഇതൊക്കെ ചെറുത്... ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു എന്ന ഭാവത്തില്‍ അയാള്‍ എന്നെയൊന്നു തുറിച്ചു നോക്കി.

"അപ്പോള്‍ ഈ പീഡനത്തിന് മതം ഒന്നില്ല അല്ലേ?" ചോദ്യം ആള്‍ക്കൂട്ടത്തില്‍ നിന്നാണ്.

"ഉറപ്പായും ഇല്ല". നേതാവ് മറുപടി കൊടുത്തു.

"പിന്നെന്താ ------ സംഭവത്തില്‍ പ്രതികളുടെ പക്ഷം ചേര്‍ന്ന്‍ ജാഥ നടത്തിയത്?

"അത്, നിയമം അനുശാസിക്കുന്ന പരിരക്ഷ എല്ലാവര്‍ക്കും കിട്ടണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധം ഉള്ളത് കൊണ്ടാണ്."

"ഇതേ നിര്‍ബന്ധം ഞങ്ങള്‍ക്കും ഉള്ളത് കൊണ്ടല്ലേ കേസിന് പോയത്. കേസ് പാടില്ല എന്ന് പറഞ്ഞല്ലേ നിങ്ങള്‍ സമരം ചെയ്തത്?"

"അത് വാസ്തവവിരുദ്ധമായ ഒരാരോപണമാണ്. നീതിക്ക് വേണ്ടി ഏതറ്റം വരെയും ഞങ്ങള്‍ പൊരുതും."

ആരുടെ നീതിക്ക്? ആ ചോദ്യത്തോടെ അല്‍പ്പനേരം അയാളുടെ വായടഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ..

"നിയമം പ്രഖ്യാപിക്കുന്നത് വരെ ആരും കുറ്റവാളികളായി മാറുന്നില്ല". നേതാവ് പ്രതികരിച്ചു.

"അതെങ്ങനെ ശരിയാവും സാര്‍. കഴിഞ്ഞയാഴ്ച  ബഹുമാനപ്പെട്ട മന്ത്രിക്ക് ജാമ്യം നിഷേധിച്ചപ്പോള്‍  നാട്ടിലെ നീതിവിഭാഗം താറുമാറായി എന്നല്ലേ താങ്കള്‍ പറഞ്ഞത്? ഇപ്പോള്‍ പെട്ടെന്ന്‍ ഇങ്ങനെ പറയാന്‍..


"നീതിന്യായ വ്യവസ്ഥയോടാണ് ഞങ്ങള്‍ക്ക് കൂറ്. അല്ലാതെ അത് നടപ്പാക്കുന്ന ജഡ്ജികളോടല്ല." നേതാവിന്‍റെ ആ മറുപടിക്ക് ലഭിച്ച നിലയ്ക്കാത്ത കൈയ്യടി എന്നെ ഒന്ന് ചൊടിപ്പിച്ചു.

"നിങ്ങള്‍ക്കെതിരെ തിരിയുമ്പോള്‍ മാത്രമാണല്ലോ നിങ്ങള്‍ ജുഡിഷ്യറിയെ വിമര്‍ശിക്കുന്നത്," ചോദ്യങ്ങളുടെ മൂര്‍ച്ച കൂടുന്നു.

അപ്പോഴാണ് അപ്രതീക്ഷിതമായ ആ മറുപടി വന്നത്.

 " നമ്മള്‍ പറഞ്ഞു വന്നത് ----------  വിഷയത്തെക്കുറിച്ചാണല്ലോ..ഈ സംഭവ ത്തില്‍   വാസ്തവത്തിൽ പ്രതി ചേർക്കപ്പെടേണ്ടത് കുട്ടിയുടെ മാതാപിതാക്കളാണ്. 10 വയസ്സില്‍ താഴെ പ്രായമുള്ള അവളെ തനിച്ചു പുറത്തു വിടാൻ അവർക്കെങ്ങനെ ധൈര്യം വന്നു? മാത്രമല്ല, അങ്ങനെ പുറത്തു വിടുന്നത് നമ്മുടെ മൂല്യങ്ങള്‍ക്ക് എതിരാണ്. എന്നിട്ടും കുറ്റപത്രത്തില്‍ ഇവരുടെ പേരുകള്‍ വരണം എന്ന് ഞങ്ങള്‍ എപ്പോഴെങ്കിലും പറഞ്ഞോ? കുട്ടി മരിച്ചതിന്‍റെ പേരില്‍ അവര്‍ക്ക് ലഭിക്കേണ്ട മാനുഷികപരിഗണനയെക്കുറിച്ച് ഞങ്ങള്‍ നല്ല പോലെ ബോധവാന്മാരാണ്."


ഇനി കൂടുതലൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയതിനാലാവണം, ആരും മറുത്തൊന്നും പറഞ്ഞില്ല. പിറ്റേന്ന്, നേതാവിന്‍റെ വാക്കുകള്‍ മത്തങ്ങാവലിപ്പത്തില്‍ പത്രങ്ങളില്‍ വന്നു. ഒരു മാപ്പുപറച്ചില്‍  പ്രതീക്ഷിച്ചിരുന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അടുത്ത വാര്‍ത്ത പുറത്തു വന്നു. " കോടതി വിധി പ്രകാരം  രാജി വെച്ചു പോയ മന്ത്രിക്ക് പകരക്കാരനായി, ടിയാന്  സംസ്ഥാനത്തിന്‍റെ ശിശുക്ഷേമ മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു."





പ്രതികരണക്കുറിപ്പ്


മുന്‍പെങ്ങും ഉണ്ടാവാത്ത വിധം പീഡനങ്ങള്‍ക്കെതിരെ പൊതുജനശബ്ദം ഉയര്‍ന്നു വരുന്ന കാഴ്ചയാണ് 2012 ഡല്‍ഹി കൂട്ട ബലാത്സംഗത്തിനു ശേഷം രാജ്യത്ത് കണ്ടത്. ഈ വിഷയത്തില്‍ പ്രതികരണമറിയിച്ച് നിരവധി പേര്‍ തെരുവിലിറങ്ങി നടത്തിയ പ്രതിഷേധപ്രകടനങ്ങളുടെയും
ജുഡിഷ്യറിയുടെ ഇടപെടലിന്‍റെയും ഫലമായാണ് കേന്ദ്രം  'പോക്സോ' നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം, മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പീഡനത്തിനിരയായ കുട്ടിക്ക് 23  ദിവസം കൊണ്ട് നീതി ലഭിച്ച വിവരം മാധ്യമങ്ങളില്‍ വന്നിരുന്നു. പീഡകര്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞൊരു ശിക്ഷയും പാടില്ല എന്നാണ് പൊതുജനവികാരം എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്.
ഇപ്പോള്‍ ഈ കുറിപ്പ് എഴുതാന്‍ കാരണം, സോഷ്യല്‍ മീഡിയയില്‍ കണ്ട ചില പ്രതികരണങ്ങളാണ്.  ഒരു പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്ത വിഷയത്തില്‍ എഴുതിയ കുറിപ്പിന് താഴെ കമന്റ് ബോക്സില്‍ കണ്ടത്   പീഡകന്‍റെ മതത്തെ അപലപിക്കുന്ന കുറെ പോസ്റ്റുകളും അതേചൊല്ലിയുള്ള ചര്‍ച്ചകളുമാണ്. സ്വന്തം മതത്തോടുള്ള അന്ധമായ കൂറും,  മനുഷ്യന്‍ ചെയ്ത തെറ്റിനെ മതത്തിന്‍റെ കണ്ണില്‍ മാത്രം കാണുകയും ചെയ്യുന്ന കുറെയാളുകളെയാണ് അവിടെ കാണാനായത്.
ഒന്നു ചോദിക്കട്ടെ? പീഡനത്തെ അപലപിക്കുന്നതിനു പകരം മതത്തിന്‍റെ പേരു പറഞ്ഞു തമ്മിലടിക്കാന്‍ മാത്രം നമ്മള്‍ അധപ്പതിച്ചോ? കത്വ വിഷയത്തിലും ഇതിന് സമാനമായ പ്രതികരണങ്ങള്‍ കണ്ടിരുന്നതായി ഓര്‍ക്കുന്നു.  ചിലയാളുകളുടെ വില കുറഞ്ഞ പ്രതികരണമെന്ന് കണ്ട്  അതിനെ അവഗണിക്കാനാണ് അപ്പോള്‍ തോന്നിയത്. അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്ന് ഇപ്പോള്‍ ബോധ്യമായി. എന്തിനും ഏതിനും മതത്തിന്‍റെ നിറം നല്‍കുന്നത്  സമൂഹത്തെ പുറകോട്ടു നടത്തുകയേയുള്ളൂ എന്ന് നാം എന്തുകൊണ്ടു മറക്കുന്നു?  കൂടുതലൊന്നും പറയുന്നില്ല, പീഡനത്തിനു മതം എന്നൊന്നില്ല. അത്  കാണാന്‍ ശ്രമിക്കുന്നത് കണ്ണടച്ചു ഇരുട്ടാക്കുന്നതിനു സമാനമാണ്.







Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ