ചില സസ്യാഹാരവിശേഷങ്ങള്‍
അതിനും കുറെ നാള്‍ മുന്‍പ് മീന്‍ ഒഴിവാക്കിയിരുന്നു. ഇത് രണ്ടും ഒഴിവാക്കാനുള്ള പ്രധാന കാരണം മൃഗങ്ങളെ കൊല്ലുന്നതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയാതെ പോയത് കൊണ്ടാണ്. ഇപ്പോള്‍ മനസ്സില്‍ വരുന്നത് ഒരു മറുചോദ്യമാണ്. കഴിക്കാന്‍ മറ്റൊന്നും കിട്ടാതെ പോകുന്ന, അല്ലെങ്കില്‍ ഇവ പ്രധാനമായി ലഭിക്കുന്ന മേഖലയില്‍ നിന്ന് വരുന്നവര്‍ എന്ത് ചെയ്യണം? കുഴയ്ക്കുന്ന ചോദ്യമാണ്. ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് മാത്രം കഴിയുന്നവരോട് ഒരു സുപ്രഭാതത്തില്‍ അത് വെടിയാന്‍ പറയുന്നത് അംഗീകരിക്കാന്‍ പ്രയാസമാണ്.
മാംസാഹാരം കഴിക്കുന്നത് ഒരു വലിയ പാതകം ആണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഒരാള്‍ എന്ത് കഴിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് അഭിപ്രായം പറയാന്‍ കഴിയില്ല എന്ന് വിശ്വസിക്കുന്നു. നമ്മള്‍ കഴിക്കുന്ന ഭക്ഷണം എന്ത് തന്നെയായാലും അത് നമ്മുടെ താല്‍പ്പര്യപ്രകാരം ആണ് കഴിക്കുന്നത് എങ്കില്‍, അത് അംഗീകരിക്കുക എന്നതാണ് എന്‍റെ രീതി.
നമ്മളില്‍ ബഹുഭൂരിപക്ഷം വരുന്ന ആളുകള്‍ രുചിയെ അടിസ്ഥാനമാക്കി കഴിക്കാന്‍ ശീലിച്ചു പോന്നിട്ടുള്ളവരാണ്. അത് കൊണ്ട് തന്നെ, കഴിക്കുന്ന ഭക്ഷണത്തിന്‍റെ പിന്നിലെ കഥകള്‍ നമ്മള്‍ അങ്ങനെ ശ്രദ്ധിക്കാറില്ല. അതു കൊണ്ടാവും, മൃഗങ്ങൾ നേരിടുന്ന ക്രൂരത എന്ന കാരണത്തിൽ മാംസഭക്ഷണം കഴിക്കുന്നത് നിർത്താൻ അധികമാരും തയ്യാറാവാത്തത്.
ഭക്ഷണശീലത്തിൽ വന്ന മാറ്റം
സസ്യാഹാരം ശീലിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഒരു മാറ്റം എന്നത് രുചി നോക്കാതെ കഴിക്കാന്‍ ശീലിച്ചു തുടങ്ങി എന്നതാണ് . ഇതേ കാര്യം ചില വെജിറ്റേറിയന്‍ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിട്ടുമുണ്ട്. ഇതൊക്കെ പറയുമ്പോള്‍ എന്നെ ഒരു ഭക്ഷണപ്രിയന്‍ അല്ലെന്നു മാത്രം
എഴുതിതള്ളരുത് കേട്ടോ! അമ്മുമ്മ വെയ്ക്കുന്ന താളുതീയലിനും, അമ്മയുടെ മാമ്പഴപ്പുളിശേരിക്കും, അപ്പച്ചിയുടെ സാമ്പാറിനും, ഇപ്പോള്‍ അനിയത്തി നടത്തുന്ന ചില പാചക പരീക്ഷണങ്ങള്‍ക്കും മുന്നില്‍ ഈ പറഞ്ഞ ന്യായമൊന്നും പോയ്‌പ്പോവില്ല.
ഈ ഭക്ഷണശീലം കൊണ്ട് പലയാളുകള്‍ക്കും അല്‍പ്പം ബുദ്ധിമുട്ട് നേരിട്ടു എന്നത് ശരിയാണ്. വീട്ടില്‍ ഒരാള്‍ക്ക് വേണ്ടി ഭക്ഷണത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇന്ന് വരെ വന്നിട്ടില്ല. കാരണം വേറെയും സസ്യഭക്ഷണം മാത്രം കഴിക്കുന്ന ആളുകളുണ്ട്. എങ്കിലും, മറ്റു വീടുകളില്‍ അതിഥിയായി ചെല്ലുമ്പോള്‍ അവര്‍ക്ക് ഒന്നും സ്പെഷ്യല്‍ നല്‍കാന്‍ പറ്റിയില്ലല്ലോ എന്ന് പരിഭവം പറയാറുണ്ട്.
സൗഹൃദസദസ്സുകളില്‍ ഈ ശീലത്തെ പഴി പറയാത്ത അടുത്ത സുഹൃത്തുക്കള്‍ ആരും തന്നെയില്ല. മെലിഞ്ഞ ശരീരപ്രകൃതമുള്ള എനിക്ക് ആവശ്യമായ വിറ്റാമിനുകള്‍/ കാത്സ്യം എങ്ങനെ ലഭിക്കും എന്നൊക്കെ അവര്‍ ചോദിക്കും. ചിലപ്പോള്‍ നിങ്ങള്‍ക്കും ഇതേ ചോദ്യം ഉണ്ടാവാം. പരിപ്പ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ആവശ്യമായ ആരോഗ്യം ലഭിക്കുമെന്ന ഡോക്ടര്‍മാരുടെ വാക്ക് ഈ അവസരങ്ങളില്‍ ഞാന്‍ എടുത്ത് പ്രയോഗിക്കാറുണ്ട്.
ഇനി ഒരു പ്രധാന വിഷയത്തിലേക്ക് കടക്കാം. ബീഫ് നിരോധനം ഒരു രാഷ്ട്രീയപ്രശ്നമായി മുഴങ്ങിക്കേട്ട സമയത്താണ് 'ചീപ്പ് പ്രോട്ടീന്‍ ' എന്ന് ആളുകള്‍ വിശേഷിപ്പിക്കുന്ന ഭക്ഷണയിനങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. പേരു സൂചിപ്പിക്കുന്നത് പോലെ, കുറഞ്ഞ വിലയ്ക്ക് അവര്‍ക്ക് ലഭിക്കാവുന്ന പോഷക ആഹാരങ്ങള്‍, മൃഗങ്ങളുടെ പേര് പറഞ്ഞു നിഷേധിക്കുന്നത് വലിയ തെറ്റല്ലേ എന്നാണ് ചോദ്യം. ആണെന്ന് രണ്ടാമത് ആലോചിക്കാതെ തന്നെ പറയാം. നേരത്തേ സൂചിപ്പിച്ചത് പോലെ, ഒരാളുടെ ആഹാരത്തിന്‍റെ തിരഞ്ഞെടുപ്പിനെ താഴ്ത്തിക്കെട്ടാനോ, കുറച്ചുകാണാനോ നമുക്ക് കഴിയില്ല. പൂര്‍ണ്ണമായി ഗുണം ചെയ്യുന്ന, അല്ലെങ്കില്‍ പൂര്‍ണ്ണമായി ദോഷപ്രദമായ ഒരു ഭക്ഷണം എന്നത് ഒരാസാധ്യമായ കാര്യമാണ് എന്ന് ഭക്ഷ്യ വിദഗ്ദ്ധന്മാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. പിന്നെ നമ്മള്‍ കഴിക്കുന്ന ഭക്ഷണം, നമ്മുടെ നാട്ടില്‍ എങ്ങനെ വന്നു എന്നതിന് തന്നെ ഒരായിരം കാരണങ്ങള്‍ കണ്ടെന്നു വന്നേക്കാം.
അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. എല്ലാ ജീവനും വില ഒന്നല്ലേ? ഒന്നിന്റെ ജീവൻ എടുത്തു കൊണ്ട് മാത്രമേ മറ്റൊന്നിനു വളരാൻ സാധിക്കുമെന്നാണോ? നമ്മൾ കഴിക്കുന്ന പല പഴവർഗ്ഗങ്ങളും പിന്നീട് വളർന്നു വരുന്നില്ലേ? അതിനായി, കഴിക്കുന്ന
ഫലത്തിന്റെ ഉള്ളിൽ തന്നെ അതിനു വളരാൻ വേണ്ട സംവിധാനം പ്രകൃതി ഒരുക്കിയിട്ടുണ്ട്. പക്ഷെ മൃഗങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ..
പച്ചക്കറി മാത്രം കഴിക്കുന്നത് പണച്ചിലവുള്ള ഏര്‍പ്പാടായി കരുതുന്നവരുണ്ട്. വാസ്തവത്തില്‍ ഗുണമേന്മയുള്ള നല്ല പച്ചക്കറികള്‍ നമ്മളുടെ കണ്ണില്‍ പതിയാതെ പോകുന്നത് കൊണ്ടുള്ള ഒരു തെറ്റിധാരണ മാത്രമായേ ഇതിനെ കാണാനാകൂ. പച്ചക്കറിക്ക് മറ്റു സംസ്‌ഥാനങ്ങളെ കുറെയൊക്കെ ആശ്രയിക്കുന്ന സംസ്ഥാനമായ കേരളത്തില്‍ പോലും, കുറഞ്ഞ വിലയ്ക്ക് പച്ചക്കറികിറ്റുകള്‍ ലഭ്യമാണ്. പിന്നെ സീസണ് അനുസരിച്ച് പല പച്ചക്കറികളും മിതമായ നിരക്കില്‍ വാങ്ങാന്‍ കിട്ടും.
ഒരു കാര്യം കൂടെ പറഞ്ഞുകൊണ്ട് നിര്‍ത്താം. പൂര്‍ണ്ണമായ സസ്യാഹാരം അന്ധമായി പ്രോല്‍സാഹിക്കാന്‍ താല്പര്യമില്ല. അതുകൊണ്ട് തന്നെ, മാംസാഹാരം വെടിയാന്‍ പറയുന്ന വേഗന്‍ (Vegan) മൂവ്മെന്റിന്‍റെ ഭാഗമല്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ആസ്വദിക്കുന്നതിന് ആരും എതിരല്ല. ജീവന്‍ അപഹരിച്ചുള്ള ഭക്ഷണതീറ്റയ്ക്ക് ഒരു കണക്ക് വെയ്ക്കുന്നത് ജീവജാലങ്ങളുടെ സുരക്ഷയ്ക്ക് കാരണമാവും എന്ന് മറന്നു പോവരുത് എന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് ഉള്ളത്.

Comments
Post a Comment