ടിങ്കു

വീട്ടില്‍ സ്ഥിരമായി വന്നിരുന്ന, ഞങ്ങളോടൊക്കെ വല്ലാത്ത അടുപ്പം കാട്ടിയിരുന്ന പൂച്ചക്കുട്ടിയാണ് ടിങ്കു. പ്ലസ്‌ ടു പരീക്ഷാചൂടില്‍ അവന്‍റെ സാന്നിധ്യം അന്ന് വല്ലാത്ത ഒരാശ്വാസം തന്നിരുന്നു. കറുപ്പും, വെളുപ്പും ഇടകലര്‍ന്നതാണ് അവന്‍റെ രൂപം. ആളുടെ പമ്മിപമ്മിയുള്ള നടത്തവും, അടുത്ത വീട്ടിലെ പട്ടിയെ കാണുമ്പോള്‍ ഉള്ള പേടിച്ചോട്ടവും കാണാന്‍ ബഹുരസമാണ്. ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ വളര്‍ത്തിയിരുന്ന ഒരു പൂച്ചയോന്നുമല്ല ടിങ്കു. ഏതോ ഒരു മഴക്കാലത്ത് വീടിന്‍റെ ഓരം പറ്റി നിന്ന ഇവനെ കണ്ടതാണ് ആദ്യഓര്‍മ്മ. പിന്നെ വൈകുന്നേരങ്ങളില്‍ അവന്‍റെ വരവ് പതിവായി. കൊറിക്കാന്‍ എടുക്കുന്ന സാധനങ്ങളില്‍ ഒരു പങ്ക് അവനും ഉള്ളതായി.  പിന്നീട് രാവിലെ ചായകുടിക്കാനും,  ഉച്ചയ്ക്ക് കിട്ടുന്ന ചോരുരുളയ്ക്കും വേണ്ടി ദിവസവും വന്നു തുടങ്ങി. ഇതിനിടയ്ക്ക് വീട്ടില്‍ കഴിഞ്ഞിരുന്ന എലികളുടെ കഷ്ടകാലം തുടങ്ങിയിരുന്നു. ഇവന്‍ വീട്ടിലെ ഒരംഗം ആണെന്ന തോന്നല്‍ വീട്ടുകാര്‍ക്കും വന്നുതുടങ്ങി.  പൊതുവേ അത്ര പൂച്ചപ്രിയയല്ലാത്ത അമ്മൂമ്മ പോലും ടിങ്കുവിനെ തിരക്കാന്‍ തുടങ്ങി.
പ്ലസ്‌ടു കഴിഞ്ഞു കോളജില്‍ ചേര്‍ന്നതോടെ വീട്ടിലേക്കുള്ള വരവ് വല്ലപ്പോഴും ആയി. ടിങ്കുവുമായുള്ള സമയം ചിലവിടല്‍ അങ്ങനെ കുറഞ്ഞു.ഫോണ്‍ വിളിക്കുമ്പോള്‍ ടിങ്കുവിന്‍റെ വിശേഷങ്ങള്‍ തിരക്കിയിരുന്നു. ആള്‍ക്ക് ഇതിനിടയില്‍ പിങ്കി എന്ന് ഞങ്ങള്‍ വിളിക്കുന്ന പൂച്ചയുമായി ഒരടുപ്പം ഉണ്ടായി. പിങ്കിക്ക് അതിനകം മീശപ്പൂച്ച (അതും ഞങ്ങള്‍ ഇട്ട പേരാണ്) എന്ന ഒരു പൂച്ചയുമായി അടുപ്പം ഉണ്ടായിരുന്നു.
ഇരു പൂച്ചകള്‍ക്കും തമ്മില്‍ കാണുന്നത് കലി യായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരു ദിവസം ഞങ്ങള്‍ കണ്ടത് മൂക്കില്‍ നിറയെ ചോരയൊലിപ്പിച്ച് വരുന്ന ടിങ്കുപൂച്ചയെയാണ്.  ദേഹം മുഴുവന്‍ നീരായിരുന്നു.
അതൊന്ന് മാറിവരാന്‍ കുറെ ദിവസങ്ങള്‍ വേണ്ടി വന്നു. കുറച്ചു നാള്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ പോയി. പിന്നെ തുടര്‍ച്ചയായി കുറെ ദിവസം ഇവനെ കാണാനില്ല. അങ്ങനെ പതിവുള്ളതല്ല. എന്തെന്ന ആലോചനയില്‍ ഇരിക്കെയാണ് ആ കാഴ്ച്ച കാണുന്നത്. പാടവരമ്പില്‍ ടിങ്കുവിന്‍റെ ജീവനറ്റ ശരീരം. ഇതെങ്ങനെ സംഭവിച്ചു എന്നാദ്യം മനസ്സിലായില്ല. പിന്നെയോര്‍ത്തപ്പോള്‍, പാടവരമ്പില്‍ വിഷമടിച്ചതും, അവിടെ എലികള്‍ ഇറങ്ങി നടന്നിരുന്നതും ഓര്‍മ്മയില്‍ വന്നു. ടിങ്കുവിനെ കുഴിച്ചിടാന്‍ എന്തോ മനസ്സ് വന്നില്ല. പണ്ടൊരു എലിക്കുട്ടിക്ക് ഞങ്ങള്‍ പിള്ളേര്‍ നല്‍കിയ ശവമടക്ക് അപ്പോള്‍ ഓര്‍മ്മ വന്നു.
ടിങ്കു പോയത് വീട്ടില്‍ പലര്‍ക്കും വിഷമമുണ്ടാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇവനെ അന്വേഷിച്ച് ഗര്‍ഭിണിയായ പിങ്കിപ്പൂച്ച ഇടയ്ക്കിടെ വീട്ടില്‍ ഏന്തിവലിഞ്ഞു നോക്കിയിരുന്നത് എന്‍റെ ശ്രദ്ധയില്‍പെട്ടിരുന്നു. അടുത്ത ദിവസം ടിങ്കുവിന്‍റെ ശരീരത്തിനരികെ പിങ്കി നില്‍ക്കുന്നത് കണ്ടു. ദിവസങ്ങള്‍ കഴിഞ്ഞു. പിങ്കി നാല് പൂച്ചക്കുഞ്ഞുങ്ങളെ പ്രസവിച്ചു. അതിലൊന്നിന് ടിങ്കുവിന്‍റെ രൂപമായിരുന്നു...

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ