ക്രിക്കറ്റ് എന്ന ദേശീയ വികാരം

'Our wounds have healed'. തുടരെ മൂന്ന്‌ ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനോട്
 ദയനീയമായി പരാജയപ്പെട്ട വിന്‍ഡീസ് ടീമിനെ ഒറ്റയ്ക്ക് തിരിച്ചു നടത്തിയ ബ്രയാന്‍ ലാറയുടെ 400 റണ്‍ പ്രകടനം സ്റ്റേഡിയത്തില്‍ കണ്ട ഒരു കാണി എഴുതിയ ബാനറിലെ വാചകങ്ങളാണ് മുകളില്‍ കുറിച്ചത്. ക്രിക്കറ്റ് എന്നതിനെ ഒരു കളി മാത്രമായി ചുരുക്കാന്‍ എന്നും മടിച്ചിരുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും. അവിടെ ചെന്നാല്‍ ക്രിക്കറ്റ് ശ്വസിക്കുന്ന ആളുകളെ നിങ്ങള്‍ കണ്ടുമുട്ടുമെന്ന്‍ പലരും പറഞ്ഞതിനെ ഒരതിശയോക്തിയായി കാണാനാവില്ല. ഇരു രാജ്യങ്ങളും എന്തുകൊണ്ടാണ് ക്രിക്കറ്റിനെ ഇത്ര പ്രണയിച്ചത്? സാമാന്യയുക്തിക്ക് തോന്നിയ ഒരു കാര്യം പറയാം. ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ കുറെ നാള്‍ കഴിഞ്ഞ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഈ മത്സരങ്ങള്‍ ഒരു തരം മധുരപ്രതികാരത്തിനുള്ള അവസരമായിരുന്നു. 1983ല്‍ ഇന്ത്യ ലോകകപ്പ്‌ നേടുന്നതിനും നാളുകള്‍ക്ക് മുന്‍പേയുള്ള കാര്യത്തെക്കുറിച്ചാണ് പറയുന്നത്. അക്കാലത്ത് ക്രിക്കറ്റ് ജനപ്രിയമായിരുന്നില്ല എന്ന് പൂര്‍ണ്ണമായും കരുതാനാവില്ല. ലോകകപ്പ്‌ വിജയം നല്‍കിയ അടിത്തറയില്‍ ഇന്ത്യയിലെ ക്രിക്കറ്റ് വളര്‍ച്ച പ്രാപിച്ചു. കളര്‍ ടെലിവിഷന്‍റെ കടന്നുവരവ്, ഹോക്കി, ഫുട്ബോള്‍ മുതലായ കളികളുടെ ജനപ്രീതിയില്‍ അക്കാലത്ത് വന്ന ഇടിവ് എന്നീ കാരണങ്ങള്‍ ഇതിന് സഹായകമായി.


ഉദാരവല്ക്കരനത്തിന്‍റെ കാലത്ത്  ക്രിക്കറ്റ് നടത്തിയ കുതിച്ചുചാട്ടം ഏവരെയും അമ്പരപ്പിച്ചെങ്കില്‍, അതിന്‍റെ പ്രധാന ക്രെഡിറ്റ് അക്കാലത്ത് ഷാര്‍ജയില്‍ പതിവായി നടത്തിയിരുന്ന ഇന്ത്യ-പാക്ക് മത്സരങ്ങള്‍ക്ക് ഉള്ളതാണ്. പാക്കിസ്ഥാനെ ക്രിക്കറ്റില്‍ 
തറപറ്റിച്ചത്തിന്‍റെ കഥകള്‍ ആവേശത്തോടെ ഓര്‍ത്തെടുക്കുന്ന ഒരച്ചനോ, മാമനോ നമ്മുടെ വീട്ടിലും കണ്ടെന്നിരിക്കും.

അക്കാലത്ത് തന്നെ ഇന്ത്യയില്‍ സച്ചിന്ജ്വരം ആരംഭിച്ചിരുന്നു. സച്ചിനെ ഇന്ത്യന്‍ ദേശിയതയുടെ പ്രതീകമായി ഉയര്‍ത്തിക്കാട്ടാനുള്ള മത്സരങ്ങള്‍  രാഷ്ട്രീയനേതൃത്വവും, പരസ്യക്കമ്പനികളും ചേര്‍ന്ന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. സച്ചിനെ മാതൃകാപുരുഷനായി ആദരിച്ച വീട്ടമ്മമാരും അന്ന് കുറവല്ല.

2007,2011 വര്‍ഷങ്ങളിലെ ടി-ട്വന്‍റി, 50 ഓവര്‍ ലോകകപ്പ്‌ നേടാനായത്  ക്രിക്കറ്റിന്‍റെ ഇന്ത്യയിലെ മേധാവിത്വം അരക്കിട്ടുറപ്പിച്ച നിമിഷങ്ങളായിരുന്നു. ടി ട്വന്‍റി വിജയതെതുടര്‍ന്ന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഐപിഎല്‍ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പണം കൊയ്യുന്ന ലീഗുകളില്‍ ഒന്നാണ്. നിലവില്‍, ബോളിവുഡിനൊപ്പമോ, അതിന്‍റെ മുകളിലോ നില്‍ക്കാനുള്ള ശേഷി ഇന്ത്യന്‍ ക്രിക്കറ്റിനുണ്ട്.

ഈ സന്ദര്‍ഭത്തില്‍ 1996 ലോകകപ്പ്‌ സെമിഫൈനല്‍ തോല്ക്കുമെന്നായപ്പോള്‍ ഈഡന്‍ ഗ്രൗണ്ടില്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ കാണികളേയും, 2007 ലോകകപ്പ്‌ ആദ്യറൗണ്ട് പുറത്താവലില്‍ പ്രതിഷേധിച്ച് കളിക്കാരുടെ വീടിനു മുന്നില്‍ വമ്പന്‍ പ്രതിഷേധം നടത്തിയവരേയും ഓര്‍ക്കേണ്ടതുണ്ട്.
 അവരെപ്പോലെ ക്ഷമ നശിച്ച അനേകമായിരം ആളുകള്‍ ചേര്‍ന്നതാണ് ഇന്നാട്ടിലെ ക്രിക്കറ്റ്സമൂഹം. കൂടാതെ, ഒത്തുകളി വിവാദത്തില്‍ പെട്ട കളിക്കാര്‍ പോതുമധ്യത്തില്‍ അപമാനിതരായത്‌ ഇതിന്‍റെ കൂടെ ചേര്‍ത്ത് വായിക്കാവുന്നതാണ്. എല്ലാം വിരല്‍ ചൂണ്ടുന്നത് ഒരു കാര്യത്തിലേക്കാണ്. മൈതാനത്തില്‍ ഇറങ്ങുന്ന ഓരോ കളിക്കാരനും തങ്ങളുടെ തന്നെ പ്രതിനിധികള്‍ ആണെന്ന്‍ ജനം കരുതുന്നു. അത് അങ്ങനെ തന്നെയാണെന്ന്‍ മാധ്യമങ്ങളും ആവര്‍ത്തിക്കുന്നു.


ഇനി ഇതിന്‍റെ ഒരു മറുവശം പറഞ്ഞു കൊണ്ടവസാനിപ്പിക്കാം.2019-23 കാലയളവില്‍ ഇന്ത്യയും പാക്കിസ്ഥാനുമായി നടക്കേണ്ട പരമ്പരകള്‍ ഇനി നടക്കാനിടയില്ലെന്ന്‍ ഏകദേശം ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വൈദേശികബന്ധം കലുഷിതമായിരിക്കുന്നു എന്ന പേര് പറഞ്ഞാണ് ഈ തീരുമാനം കൈക്കൊണ്ടത്. 2011 ലോകകപ്പ്‌ സെമിഫൈനലിനിടെ അന്നത്തെ ഇന്ത്യ-പാക്‌ പ്രധാനമന്ത്രിമാര്‍ കളി നടന്ന പഞ്ചാബിലെ സ്റ്റേഡിയത്തില്‍ നടത്തിയ ചര്‍ച്ചകള്‍ കണ്ട ഏതൊരു സാധാരണ ക്രിക്കറ്റ്‌ പ്രേമിക്കും ഈ ഗെയ്മിന്‍റെ പവര്‍ എന്താണെന്ന്‍ മനസ്സിലായ സന്ദര്‍ഭമായിരുന്നു അത്. അങ്ങനെയൊരു കാഴ്ച്ച ഇനി എന്നെങ്കിലും ആവര്‍ത്തിക്കുമോ? മറുപടി കാലത്തിന് വിട്ടുകൊടുക്കുന്നു.










ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ