വായനശാല: പുസ്തകപ്രേമികളുടെ പറുദീസ
വായനയെ ഒരു അഭിനിവേശമായി കൊണ്ടുനടന്ന കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകളാണ് ഓരോ വായനശാലകളും എനിക്ക് സമ്മാനിക്കുന്നത്. നാട്ടിലെ മാങ്ങയ്ക്ക് മധുരം ഏറും എന്ന് പറയുന്നത് പോലെ ആദ്യമായി വായനയിലേക്ക് കൈ പിടിച്ചു നടത്തിയ സ്ഥാപനങ്ങളോട് എങ്ങനെ കൂറ് തോന്നാതിരിക്കും? രാജു സാര്‍ നടത്തിയിരുന്ന കഞ്ഞിപ്പാടം എയ്ഞ്ചല്‍ EMSല്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട കുറെ കഥകളും, അവ മനോഹരമായി പറഞ്ഞു തന്ന അധ്യാപകരും വായനയെ ഒരാസ്വാദ്യകരമായ അനുഭവമായി മാറ്റാന്‍ സഹായിച്ചു.
ഞങ്ങള്‍ കുട്ടികള്‍ ചേര്‍ന്ന് വീടിനു സമീപം നിന്ന മാവിന്‍റെ തണലില്‍ ഒരു കൂര പോലൊന്ന് കെട്ടി, പുസ്തകങ്ങള്‍ ഞായറാഴ്ച തോറും വെച്ചിരുന്നത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. അതിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തിരുന്നത് അയല്‍ക്കൂട്ടത്തിന്‍റെ സ്ഥാപകന്‍ ആയ ഡി പങ്കജാക്ഷക്കുറുപ്പ് സാര്‍ ആയിരുന്നു. അന്ന് അദ്ദേഹം നല്‍കിയ പിന്തുണ ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നു. പക്ഷെ, പിന്നീട് അത് തുടര്‍ന്ന് കൊണ്ടുപോവാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.
ആദ്യമായി മെമ്പർഷിപ്പ് എടുക്കുന്നത് കഞ്ഞിപ്പാടം കെ വിജയന്‍ സ്മാരക വായനശാലയിലാണ്. അന്നവിടെ, പഴയ പഞ്ചായത്ത് മെമ്പര്‍ ആയ, ഞങ്ങളെല്ലാം ഉണ്ണിചേട്ടന്‍ എന്ന് വിളിക്കുന്ന, ഉണ്ണികൃഷ്ണന്‍ ആയിരുന്നു ലൈബ്രറിയന്‍. മഹാന്മാരുടെ ജീവചരിത്രം ലളിതമായി പറഞ്ഞിരുന്ന മഹച്ചരിതമാല സീരീസിലെ പുസ്തകങ്ങളാണ് പ്രധാനമായും വായിച്ചിരുന്നത്. വായനശാലയില്‍ പോയി തിരികെ വരുമ്പോള്‍ കുമാര്‍ ചേട്ടന്‍റെ കടയില്‍ നിന്ന് മിട്ടായി വാങ്ങി പോക്കറ്റിലിട്ട് വീട്ടിലേക്ക് ഒരു ഓട്ടമാണ്. പുസ്തകം വായിക്കാനാണ് ആ ഓട്ടം. അങ്ങനെ വായിച്ച നബി, എബ്രഹാം ലിങ്കന്‍, ധ്യാന്‍ചന്ദ്, ബുദ്ധന്‍ എന്നിവരുടെ ജീവിതാനുഭവങ്ങള്‍ പിന്നീട് ഏറെ ഗുണം ചെയ്തു. കഞ്ഞിപ്പാടം എല്‍.പി. സ്കൂളിനു എതിരെ കാണുന്ന രണ്ടു-നിലക്കെട്ടിടത്തില്‍ ആണ് ഈ വായനശാല സ്ഥിതി ചെയ്യുന്നത്. മറ്റേതു വായനശാലയും പോലെ, വര്‍ഷം തോറും പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്‍റ്തുക ഉപയോഗിച്ചാണ് പുസ്തകങ്ങള്‍ വാങ്ങിയിരുന്നത്. വായനശാലയുടെ വായനാമുറിയില്‍ ചെറുപ്പക്കാര്‍ പിഎസ് സി പരീക്ഷയ്ക്ക് പരിശീലനം നടത്തിയിരുന്നു.
രാവിലെ പത്രം വായിക്കാന്‍ മുതിര്‍ന്ന ആളുകളാണ് ഇവിടെ പ്രധാനമായും എത്തിയിരുന്നത്. നാട്ടിലാകെ പത്രമിടാന്‍ ഒരാള്‍ മാത്രം ആയിരുന്നത് കൊണ്ട് പത്രം എത്തുമ്പോള്‍ മണി 10 കഴിയും. പത്രത്തിന്‍റെ വരവും കാത്ത് താഴെ കടയില്‍ നിന്ന് ചായയും കുടിച്ചു അവര്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നുണ്ടാവും.
വൈശ്യംഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന, പേരോര്‍മ്മയില്ലാത്ത വായനശാല മനസ്സിലിടം നേടിയത് ലൈബ്രറിയന്‍റെ ഹൃദ്യമായ പെരുമാറ്റം കൊണ്ടായിരുന്നു. അവിടെ പോയിരുന്നത് അമ്മവീട്ടില്‍ വെക്കേഷന് വന്നുനില്‍ക്കുമ്പോള്‍ ആയിരുന്നു. അവിടെ നിന്നും വായിക്കാനായി
കൊണ്ടുവന്ന 'പഠിക്കാന്‍ പഠിക്കാം', 'കുഞ്ഞുണ്ണി മാഷും കുട്ട്യോളും', 'ഒരു കുടയും കുഞ്ഞുപെങ്ങളും' എന്നീ പുസ്തകങ്ങള്‍ അന്ന് സമ്മാനിച്ച വായനാനുഭവം വിവരിക്കാന്‍ എന്‍റെ കൈവശം വാക്കുകള്‍ ഇല്ല.
പിന്നീട് യുപി, ഹൈസ്കൂള്‍, പഠനകാലത്ത് സ്കൂള്‍ ലൈബ്രറി, പറവൂര്‍ പബ്ലിക്ക് ലൈബ്രറി എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ പോയിരുന്നു. 1947 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ലൈബ്രറിയാണ് പറവൂര്‍ പബ്ലിക്ക് ലൈബ്രറി. ഇവിടെ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഇന്നും സജീവമായി നടക്കുന്നു. ഒരു നിത്യസന്ദര്‍ശകന്‍ ആയിരുന്നില്ല എങ്കിലും, വായനശാലയുമായി ബന്ധപ്പെട്ട് നടന്ന 'കടല്‍തീരത്ത്' ഹ്രസ്വചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്തതായി ഓര്‍ക്കുന്നു. ഇപ്പോള്‍ വായനശാലയുടെ എഴുപതാം വാര്‍ഷിക പരിപാടികള്‍ നടന്നുവരികയാണ്.
ഹയര്‍ സെക്കണ്ടറി കാലത്ത് പ്രധാന ആശ്രയം ലിയോ തേര്‍ട്ടീന്ത് സ്കൂള്‍ ലൈബ്രറി ആയിരുന്നു. സ്കൂളില്‍ നിന്നാണ് ആദ്യമായി ആന്‍ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകള്‍ വായിക്കുന്നത്. പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കുന്ന ശീലം ഇവിടെ മുതലാണ് തുടങ്ങുന്നത്. ഞങ്ങള്‍ പഠിക്കുമ്പോള്‍, കമ്പ്യൂട്ടര്‍ ലാബിനു സമീപം ഒരു മൂലയിലായിരുന്നു ലൈബ്രറിയുടെ സ്ഥാനം. പിന്നീട് പുതിയ കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള വായനാമൂല വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ ഡിഗ്രിക്ക് ചേര്‍ന്നതോടെ വായനാലോകം കൂടുതല്‍ വിപുലമായി. കാമ്പസ് ലൈബ്രറി, പാളയത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി എന്നിവിടങ്ങളില്‍ മെമ്പര്‍ഷിപ്പ് എടുത്തിരുന്നു. ഇന്ത്യയിലെ ആദ്യ പബ്ലിക്ക് ലൈബ്രറിയാണ് 1829ല്‍ സ്വാതിതിരുനാളിന്‍റെ കാലത്ത് തുറന്ന സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി. ഒരു വലിയ പുസ്തകശേഖരമാണ് ഇവിടെയുള്ളത്, ഞാന്‍ പോയിട്ടുള്ളതില്‍, ഏറ്റവും തിരക്ക് കണ്ട ലൈബ്രറിയും ഇത് തന്നെയാണ്. കാമ്പസ് വിദ്യാര്‍ഥികളുടെ സങ്കേതമായ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ അന്ന് മെമ്പര്‍ ആയിരുന്നില്ല.
ഇതിനിടയ്ക്ക് നാട്ടില്‍ വരുമ്പോള്‍ ആണ് കേരളത്തിലെ ആദ്യ സഹകരണ ഗ്രന്ഥശാല ആയ അമ്പലപ്പുഴ പികെ മെമ്മോറിയല്‍ വായനശാലയില്‍ അംഗമാകുന്നത്. അക്ഷരസ്നേഹിയും, പേരു കേട്ട ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ പിഎന്‍ പണിക്കര്‍ മുന്‍കൈയ്യെടുത്ത് 1938ല്‍ സ്ഥാപിച്ച വായനശാലയാണിത്. ഗ്രന്ഥശാല പ്രസ്ഥാനം ആരംഭിച്ചതിന് ശേഷം രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ ആദ്യത്തെ വായനശാല എന്ന ഖ്യാതിയും ഈ വായനശാലയ്ക്ക് അവകാശപ്പെട്ടതാണ്. ഇവിടെ ചേരാന്‍ വളരെ വൈകിപ്പോയി എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. നിശ്ചയമായും ചേര്‍ന്നിരിക്കേണ്ട വായനശാലകളുടെ പട്ടികയിലാണ് പികെ മെമ്മോറിയലിന്‍റെ സ്ഥാനം.
പിന്നീട് ഉപരിപഠനാര്‍ത്ഥം ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എത്തിച്ചേര്‍ന്നു. അപ്പോഴേക്കും വായന എന്നത് പേരിന് മാത്രമായി ചുരുങ്ങിയിരുന്നു. കാമ്പസിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ലൈബ്രറിയില്‍ ഇടയ്ക്ക് പോയി പുസ്തകങ്ങള്‍ മറിച്ചുനോക്കിയിരുന്നു. അവിടെയും മാഗസിന്‍ വായനയാണ് പിന്തുടര്‍ന്നത്. വിവിധ വിഷയങ്ങളില്‍ പെട്ട നിരവധി പുസ്തകങ്ങള്‍ അവിടെ ലഭ്യമായിരുന്നു. ഇഷ്ടമുള്ള പുസ്തകം ഓണ്‍ലൈനില്‍ നേരത്തേ ബുക്ക് ചെയ്ത്, ആര്‍ത്തിയോടെ വായിച്ച കൂട്ടുകാരെ ഞാന്‍ അവിടെയാണ് കണ്ടത്.
ഓരോ ലൈബ്രറിയും വ്യത്യസ്തമായ വായനാനുഭവങ്ങള്‍ ആണ് സമ്മാനിച്ചത്. നാട്ടിലെ വായനശാലയില്‍ ഇരുന്ന് വായിച്ച പുസ്തകങ്ങള്‍, ഇതു വരെ മുന്നോട്ട് നടക്കാന്‍ ഏറെ സഹായിച്ചു. പികെ മെമ്മോറിയല്‍, പറവൂര്‍ പബ്ലിക്ക് ലൈബ്രറി എന്നിവിടങ്ങളില്‍ പുസ്തകങ്ങള്‍ എടുക്കാന്‍ വരുന്നവരുടെ എണ്ണം, വായനയെ സീരിയസായി കാണുന്നവര്‍ ഇന്ന് ചുരുക്കമാണെന്ന പൊതുധാരണയെ കുറച്ചെങ്കിലും ചോദ്യം ചെയ്യുന്നുവെന്ന്‍ കരുതുന്നു.
ആളുകള്‍ക്ക് ഒത്തുകൂടാനുള്ള ഇടം എന്ന നിലയ്ക്ക് നാട്ടിലെ വായനശാലകളുടെ പ്രസക്തി ഇന്നും നശിച്ചു പോയിട്ടില്ല. 2014ലെ കണക്ക് പ്രകാരം, കേരളത്തില്‍ 600ന് അടുത്ത് വായനശാലകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതായി കാണുന്നു. അവയെ ഒന്നിച്ചുകൂട്ടി, വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുകയും, പല വായനശാലകളും ഇപ്പോള്‍ നടത്തിവരുന്നത് പോലെ, വിദ്യാര്‍ഥികള്‍ക്ക് പഠന കേന്ദ്രങ്ങളും,വീട്ടമ്മമാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനവും തുടങ്ങുന്നത്
ഗ്രാമീണമേഖലകളില്‍ കൂടുതല്‍ അംഗങ്ങള്‍ ചേരുന്നതിന് സഹായകമാവുമെന്ന് കരുതുന്നു. കൂടാതെ, കുട്ടികള്‍ക്ക് കല അഭ്യസിക്കുന്നതിനും, councelling കേന്ദ്രങ്ങള്‍ തുറക്കുന്നതിനും വായനശാലകൾ പ്രയോജനപ്പെടുത്താവുന്നതാണ്. പുസ്തകങ്ങള്‍ വായിക്കാനുള്ള ഇടം എന്നതില്‍ ഒതുക്കിനിര്‍ത്താതെ ഇവയെ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആയും, മറ്റു അനുബന്ധപരിപാടികള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ തുടങ്ങുന്നതിനും അവസരം നല്‍കുന്നത് വായനശാലകളില്‍ താല്‍പ്പര്യം വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. വായനശാലകളെ അയല്‍ക്കൂട്ടങ്ങളും, സ്കൂളുകളുമായി ബന്ധിപ്പിക്കുന്ന പരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആസൂത്രണം ചെയ്യുന്നത് ഇവയെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് സഹായകകരമാവും.
![]() |
| പറവൂര്‍ പബ്ലിക്ക് ലൈബ്രറി |
![]() |
| കഞ്ഞിപ്പാടം കെ വിജയന്‍ സ്മാരക ഗ്രന്ഥശാല |
![]() |
| പി കെ മെമ്മോറിയല്‍ വായനശാല, അമ്പലപ്പുഴ |
![]() |
| സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, പാളയം, തിരുവനന്തപുരം |




Comments
Post a Comment