പാപ്പാലയിലെ എന്‍.എസ്.എസ് ക്യാമ്പ് ഓര്‍മ്മകള്‍




ഡിഗ്രീ പഠനകാലത്താണ് എന്‍. എസ്. എസ് എന്ന വിദ്യാര്‍ഥികളുടെ ദേശീയ-സേവനസംഘടനയില്‍ അംഗമാകുന്നത്. ഗാന്ധിജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പരിപാടിയാണ് എന്‍. എസ്. എസ്. സ്കൂള്‍- കോളജ് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിക്കപ്പെടുന്നു. ഒരു ബാച്ചില്‍ പരമാവധി നൂറ് അംഗങ്ങള്‍ക്കാന് അവസരം.

കോളജ് ഹാളില്‍ നടന്ന orientation പ്രോഗ്രാമിന് ശേഷം ആവര്‍ത്തിച്ചു കേട്ട ഒരു ചോദ്യമാണ് എന്ന് മുതല്‍ ക്യാമ്പിനു തുടക്കമാവും എന്നത്. ഒടുവില്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് NSS കോളജ്- ഇന്‍-ചാര്‍ജ്- ഫാ ഷോജി വര്‍ഗീസ്‌ തന്നെ സ്ഥലവും, സമയവും അറിയിച്ചു. തിരുവനന്തപുരത്തെ, കിളിമാനൂരിനു സമീപം പാപ്പാല എന്ന ഗ്രാമത്തിലാണ് ക്രിസ്മസ് വെക്കേഷന്‍ സമയത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിനു ആദ്യം തിരഞ്ഞെടുത്ത നിരവധി പേര്‍ പല കാരണങ്ങള്‍ പറഞ്ഞു പിന്മാറി. ക്യാമ്പിനു വരാൻ പലർക്കും പല കാരണങ്ങൾ ആയിരുന്നു. വീട്ടിൽ നിന്ന് മാറിനിൽക്കുന്ന അനുഭവം തേടിയെത്തിയ ചിലർ, എൻ എസ് എസ് അനുഭവങ്ങൾ ആസ്വദിക്കാൻ എത്തിയ ചിലർ,  പങ്കെടുത്താല്‍ ലഭിക്കുന്ന grace markല്‍ കണ്ണ് വെച്ച് വന്നവർ, ക്യാമ്പ് അനുഭവങ്ങള്‍ മുന്‍പ് സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് പറഞ്ഞു കേട്ടതിന്‍റെ വെളിച്ചത്തില്‍ എത്തിയവർ-- അങ്ങനെ നീളുന്നു.

ക്യാമ്പ് ഫീല്‍ഡ് വിസിറ്റിന്‍റെ ഭാഗമായി പാപ്പാലയില്‍ പോയ ടീം അംഗങ്ങള്‍ അജണ്ടയില്‍ അതു വരെ ഇല്ലാതിരുന്ന ഒരു കാര്യം ഒന്നിച്ചുനടത്തണം എന്ന ആവശ്യം പറഞ്ഞാണ് വന്നത്. വീടെന്നു വിളിക്കാനാവാത്ത ടര്‍പോളിന്‍ ഷീറ്റ് കൊണ്ട് ചുറ്റും മറച്ച ഒരു കൂരയില്‍ അരക്ഷിതരായി കഴിയുന്ന ഒരു കുടുംബത്തിനു നമ്മള്‍ ചേര്‍ന്ന് ഒരു വീട് പണിയണം എന്നതായിരുന്നു ആ ആവശ്യം. അതിന്‍റെ വരും-വരായ്കളെക്കുറിച്ച് സംസാരിച്ച് മുന്നോട്ട് പോയ ചര്‍ച്ച 'നമ്മുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയല്ലേ അവിടെ കഴിയുന്നത്' എന്ന് നിറകണ്ണു കളോടെ ചോദിച്ച ആതിരയുടെ വാക്കുകളാണ് വീട് പണിഞ്ഞേ തീരു എന്ന തീരുമാനത്തില്‍ എന്‍. എസ്. എസിനെ കൊണ്ടെത്തിക്കുന്നത്.
പിന്നെ കണ്ടത് ഫണ്ടിനായുള്ള പരക്കംപാച്ചിലാണ്. ക്യാമ്പ് ചിലവിനത്തില്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ലഭിക്കുന്ന നാല്‍പ്പതിനായിരം രൂപയ്ക്ക് ക്യാമ്പ് ചിലവ് തന്നെ പിടിച്ചു നിര്‍ത്താനാവുമോ എന്ന ആശങ്ങയിലാണ് ഞങ്ങളില്‍ പലരും. അപ്പോഴാണ്‌ വീട് പണിയുന്നതിനു ആവശ്യമുള്ള തുക ലക്കി ഡ്രോ കൂപ്പണ്‍ വിറ്റ് കണ്ടെത്താമെന്ന നിര്‍ദേശം അലന്‍ മുന്നോട്ട് വെയ്ക്കുന്നത്. പിന്നെ ഒരു മാസം എല്ലാവരും ഉത്സാഹിച്ചുനിന്നതിന്‍റെ ഫലമായി ഒരു ലക്ഷം രൂപ പിരിച്ചു കിട്ടി.
അപ്പോഴേക്കും ക്യാമ്പ് തീയ്യതി ഇങ്ങടുത്ത് വന്നു. ഉച്ചയോടെ കോളജിലെത്തി. എല്ലാവരും വന്നുതുടങ്ങുന്നതേയുള്ളൂ. വരുന്നവരുടെയെല്ലാം കയ്യില്‍ നിറയെ ലഗേജാണ്. വൈകുന്നേരം പാപ്പാല ലക്ഷ്യമാക്കി വാഹനം തിരിച്ചു. അവിടെ ചെന്നയുടന്‍ ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനം നടന്നു. തുടര്‍ന്ന് സീനിയറായ ഷിനു പി കെ യുടെ നെതൃത്വത്തില്‍ പരസ്പ്പരമുള്ള  പരിചയപ്പെടല്‍ , ഐസ് ബ്രേക്കിംഗ് സെഷന്‍ എന്നിവ ഭംഗിയായി നടന്നു. രാത്രിഭക്ഷണത്തിന് ശേഷം, വിദ്യാർത്ഥിനികൾ അവര്‍ക്കായി ഒരുക്കിയ ഹോസ്റ്റലിലേക്കും, മറ്റുള്ളവര്‍ ക്യാമ്പ് മുറിയില്‍ തന്നെ പായ വിരിച്ച് കിടന്നുറങ്ങുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ ഉറക്കം പേരിനു മാത്രമായിരുന്നു. നാടന്‍ പാട്ടുകളും, കഥ പറച്ചിലും കൊണ്ട് ഞങ്ങൾ നേരം വെളുപ്പിച്ചു.
പിറ്റേന്ന് രാവിലെയാണ് നാട്ടിലെ ജലക്ഷാമം എത്ര രൂക്ഷമാണെന്ന് മനസ്സിലായത്. കുളിക്കാന്‍ പോയ  ഞങ്ങള്‍ അവിടെ കണ്ടത് മെലിഞ്ഞുണങ്ങിയ, പേരിനു മാത്രം അല്‍പ്പം വെള്ളമുള്ള ഒരു കുളത്തെയാണ്. കുളത്തില്‍ ഇറങ്ങുക എന്നത് തന്നെ ഒരു സാഹസമാണ്. കാരണം, സമീപത്ത് നിറയെ കുപ്പിചില്ലുകളാണ്. അതോടെ ചിലര്‍ കുളിശ്രമം ഉപേക്ഷിച്ച് കരയ്ക്ക്‌ കയറി!
കുളി കഴിഞ്ഞ് പ്രഭാതഭക്ഷണത്തിന് ശേഷം ക്യാമ്പ് സെഷനുകള്‍ ആരംഭിച്ചു. അതിനു ശേഷം നാട്ടിലെ പ്രമുഖരെ ഷീനച്ചന്‍ പരിചയപ്പെടുത്തി. പാപ്പാല പള്ളിയുടെ നേതൃത്വം അന്ന് ഷീനച്ഛനാണ് വഹിച്ചിരുന്നത്. ഇപ്പോള്‍ ഒരു സ്‌കൂളിൽ
പ്രധാനാദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു വരുന്നു. പരിചയപ്പെട്ടവരില്‍ ഏറെ പേരെയും ആകര്‍ഷിച്ചത് അജിസാര്‍ എന്ന് എല്ലാവരും വിളിക്കുന്ന അജിയെട്ടനാണ്. നാടിന്‍റെ  എതാവശ്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരാൾ ആണ് അദ്ദേഹം.
പിറ്റേദിവസം വീടിനു തറക്കല്ലിട്ടു. ഞങ്ങളെ സഹായിക്കാന്‍ ഷീന്‍ അച്ഛന്‍ പറഞ്ഞതനുസരിച്ച്  നാട്ടിലെ ചെറുപ്പക്കാര്‍ ഒത്തുകൂടിയിരുന്നു. പണിയാനുള്ള സാധനസാമഗ്രികള്‍ ഇറക്കിവെയ്ക്കാന്‍ തുടങ്ങി. കുത്തനെയുള്ള സ്ഥലമായത് കൊണ്ട് ആളുകള്‍ വരിവരിയായി നിന്ന് സാധനങ്ങള്‍ കൈമാറി. മറ്റു ചിലര്‍ സിമന്‍റ് കുഴയ്ക്കാനും, അടിത്തറയോരുക്കാനും സഹായിച്ചു. വീടുപണിക്ക് ആവശ്യമായ വെള്ളം കുറച്ച് മാറി ഒരു കിണറ്റില്‍ നിന്ന് വേണം കോരിയെടുക്കാന്‍. അതിനു പെണ്‍കുട്ടികള്‍ മുന്‍കയ്യിട്ടിറങ്ങി. അപ്പോഴൊക്കെ, ചിലയാളുകള്‍ ക്ഷീണം പറഞ്ഞു മാറിനിന്നെങ്കിലും, പിന്നീട് ആരും നിര്‍ബന്ധിക്കാതെ വന്നു ജോലികളില്‍ ഏര്‍പ്പെട്ടു.

ക്യാമ്പിന്‍റെ നാലാം ദിവസമാണ് പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, തെന്മല എക്കോ ടൂറിസം സെന്‍റര്‍ എന്നിവിടങ്ങളിലേക്ക് ഞങ്ങള്‍ പ്രകൃതി പഠന യാത്ര നടത്തിയത് . മറക്കാനാവാത്ത ഒരനുഭവമാണ് ക്യാമ്പിന് വന്ന പലര്‍ക്കും ആ യാത്ര സമ്മാനിച്ചത്. ക്യാമ്പ് വിശേഷങ്ങള്‍ വിസ്തരിക്കാന്‍ തുടങ്ങിയാല്‍ കുറിപ്പിന് നീളമിനിയും കൂടും. കുറഞ്ഞ സമയം കൊണ്ട് ഒരു ക്രിസ്മസ് ചന്ത ഒരുക്കാന്‍ ഞങ്ങളെ വെല്ലുവിളിച്ച ബ്രഹ്മനായകം സാറിനെ അത് നടത്തിക്കാട്ടി വിസ്മയിപ്പിക്കാനായത് സുഖമുള്ള ഒരോര്‍മ്മയാണ്. ക്രിസ്മസ് തലേന്ന് നിറയെ കേക്കുകളുമായി ക്യാമ്പിനു വന്ന ഷേര്‍ളി മിസ്സിനെ കുട്ടികള്‍ കയ്യടിച്ചാണ് വരവേറ്റത്.
സ്വതവേ ആരോടും അധികം മിണ്ടാട്ടമില്ലാത്ത അശ്വതി മുതല്‍ വായ തുറന്നാല്‍ പിന്നെ നിര്‍ത്താത്ത അമര്‍  വരെ നീളുന്ന വ്യത്യസ്ത സ്വഭാവക്കാരായ ക്യാമ്പ് അംഗങ്ങളാണ് ഏഴ് ദിവസം ഇണക്കങ്ങളും, പിണക്കങ്ങളും ആയി കഴിഞ്ഞത്. ക്യാമ്പസിലെ പല മിണ്ടാപ്പൂച്ചകളും കലമുടയ്ക്കുന്ന കാഴ്ച ഞങ്ങളില്‍ പലരെയും തെല്ലൊന്ന് അതിശയിപ്പിച്ചു.
ഏഴാം ദിവസമായപ്പോഴേക്കും വീടുനിര്‍മ്മാണം ഏറെക്കുറെ കഴിഞ്ഞിരുന്നു. ഇനി പ്ലമ്പിംഗ്-വയറിംഗ് പണിയാണ് ബാക്കിയുള്ളത് എന്ന സ്ഥിതി വന്ന്. അത് ഞങ്ങള്‍ നടത്താമെന്ന നാട്ടുകാരുടെ വാക്ക് വിശ്വസിച്ച് ഞങ്ങള്‍ പടിയിറങ്ങി. പിന്നീട് എല്ലാവരുടെയും ശ്രമഫലമായി, ജനുവരി 26നു ആ കുടുംബത്തിനു പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധിച്ചു.
ക്യാമ്പിന്‍റെ അവസാനദിവസം, കരച്ചിലടക്കാന്‍ പ്രയാസപ്പെടുന്ന കുറെ കൂട്ടുകാരെ കണ്ടാണ്‌ ഉണര്‍ന്നത്. ഇങ്ങനെ ഇനി എന്നാവും ഒത്തുകൂടുക എന്നോര്‍ത്താണോ അവര്‍ കരഞ്ഞത്? അറിയില്ല. ഞങ്ങള്‍ക്ക് പോകാനുള്ള ബസ് വന്നു. നാട്ടുകാരോട് യാത്ര പറഞ്ഞു ബസ്സില്‍ കയറി. ക്യാമ്പിന്‍റെ നടത്തിപ്പിന് ചുക്കാന്‍ പിടിച്ച ഷോജി ഫാദരിനും, സരിന്‍ സാറിനും, റെജീന മിസ്സിനും, ഷാന്‍ ഫാദറിനും നന്ദി പറഞ്ഞ ശേഷം വണ്ടിയില്‍ കയറി. പിന്നെ ബസ്സില്‍ ഇരുന്ന് ആടിപ്പാടിയ കൂട്ടുകാരുടെ ഇടയിലേക്ക് ഊളിയിട്ടു.



എഴുതാതെ ബാക്കിവെച്ചത്


മെസ്സി എന്ന് എല്ലാവരും വിളിക്കുന്ന ക്യാമ്പിലെ മി. വര്‍ക്കഹോളിക്ക് ആയ വിപിന്‍ യു വി യുടെ ഒറ്റയാള്‍  പ്രകടനം.

അഖില്‍, അമര്‍ എന്നിവരുടെ നാടന്‍പാട്ടുകള്‍. സാബിത്  കാട്ടിക്കൂട്ടിയ ചില തമാശകള്‍.

അവസാന ദിവസം നടന്ന എന്‍ എസ് എസ് കള്‍ച്ചറല്‍ നൈറ്റ്.

ക്യാമ്പിനെ നടുക്കിയ ഡല്‍ഹി കൂട്ടപീഡന കേസ്.

ക്യാമ്പ് അംഗങ്ങൾ ഒന്നിച്ചൊരു ഉച്ചഭക്ഷണം.




വീടുനിര്‍മ്മാണത്തിന്‍റെ  വിവിധ ഘട്ടങ്ങള്‍
: ചിത്രം: അരവിന്ദ് ജി.എസ് 











Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ