മാമ്പഴക്കൊതി

കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ്‌ മാങ്ങകളോടുള്ള ഇഷ്ടം. വീട്ടില്‍ പലയിനം മാവുകളുണ്ടായിരുന്നതിനാലും, കൂട്ടുകാര്‍ക്ക് മാങ്ങാപ്രേമം അന്ന് മൂത്തിരുന്നതിനാലും മാമ്പഴം തേടി ഏറെയലയേണ്ടി വന്നിട്ടില്ല. മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, സേലന്‍, ചക്കരച്ചി എന്നിവയില്‍ തുടങ്ങി ഒരു ബുധനാഴ്ച്ച നാളില്‍ ആദ്യമായി രുചിച്ച 'ബുധനാഴ്ച്ച മാങ്ങ' വരെ നീളുന്ന വിവിധയിനം മാങ്ങകള്‍. പച്ചമാങ്ങ മുളകും, ഉപ്പും ചേര്‍ത്ത്  രസിച്ചു
കഴിച്ചതിനു കയ്യും കണക്കുമില്ല. എന്തിനു പറയുന്നു, കഴിഞ്ഞ തവണ കസിന്‍സുമൊത്ത് ഒത്തു കൂടിയപ്പോള്‍ പച്ചമാങ്ങ തിന്നാന്‍ ഏവര്‍ക്കും എന്തൊരു ഉത്സാഹമായിരുന്നു!
അവധിക്കാലത്തിനു മധുരം കൂട്ടാന്‍ എത്തുന്ന വിരുന്നുകാരന്‍,  ബാല്യകാല വികൃതികള്‍ക്ക് സാക്ഷിയായ കൂട്ടുകാരന്‍, മാങ്ങയെപ്പറ്റി എത്ര പറഞ്ഞാലും
ഞങ്ങള്‍ക്ക് അധികമാവില്ല. ശവദഹനത്തിനു ചിതയൊരുക്കാന്‍ മാവ് വെട്ടുന്നത് നിറകണ്ണുകളോടെ കണ്ടുനിന്ന കുട്ടി പിന്നീട് വളര്‍ന്നു വന്നപ്പോള്‍
പരിസ്ഥിതി വാദം മുറുക്കെപ്പിടിച്ചതിന്‍റെ ക്രെഡിറ്റ്‌ സ്ക്കൂള്‍ വിദ്യാഭ്യാസത്തിനു മാത്രമുള്ളതല്ല.

രുചിയുടെ വിവിധ തരം സാധ്യതകള്‍

മാമ്പഴം കഴിക്കുന്നതിനു പല രീതികളുണ്ട്. ഫലത്തിന്‍റെ സത്ത മുഴുവന്‍
നുകരാന്‍ അവ ചീമ്പിത്തിന്നുക തന്നെ വേണം, സമയമെടുത്ത് ആസ്വദിച്ചു കഴിക്കേണ്ടവര്‍ മാമ്പഴം പൂളിക്കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ജ്യൂസ്‌
രൂപത്തില്‍ കുടിക്കേണ്ടവര്‍ക്ക് അതുമാവാം. ചോറിനു കറിയായി രുചിയുള്ള മാമ്പഴപ്പുളിശ്ശേരി കഴിച്ച കാലം ഓര്‍ക്കുന്നില്ലേ? ഉച്ചയൂണിനും, കഞ്ഞിക്കുമൊപ്പം വെറുതെ പിഴിഞ്ഞു കഴിക്കാന്‍ പറ്റുന്ന മറ്റൊരു ഫലവര്‍ഗത്തെ അറിയാമോ?
ഇനിയല്‍പ്പം ചരിത്രത്തിലേക്ക് കടക്കാം. ഇന്ത്യയില്‍ മാങ്ങാകൃഷി തുടങ്ങിയിട്ട് ഏതാണ്ട് 3,000 വര്‍ഷമെങ്കിലും കഴിഞ്ഞിുട്ടുണ്ടാമെന്ന്‍ ചരിത്രകാരന്മാര്‍ കണക്കുകൂട്ടുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മലനിരകളില്‍ ഇവ അന്ന് വ്യാപകമായി  കണ്ടിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. ബംഗ്ലാദേശിലും, മ്യാന്മാറിലും ഇവ സുലഭമായിരുന്നു. കാലക്രമേണ ഇങ്ങ് ദക്ഷിണേന്ത്യയിലും വ്യാപാരമാര്‍ഗം വന്ന് സാന്നിധ്യമറിയിച്ചു.
കേരളത്തില്‍ കച്ചവടത്തിന് വന്ന പോര്‍ച്ചുഗീസുകാരാണ് മാമ്പഴത്തെ 'Mango' എന്ന് പേരിട്ട് ലോകത്തിന്  പരിചയപ്പെടുത്തുന്നത്. ബുദ്ധനും, അലക്സാണ്ടര്‍ ചക്രവര്‍ത്തിയും, ഷാജഹാനുമൊക്കെ മാമ്പഴത്തിന്‍റെ  പേരു കേട്ട ആരാധകരായിരുന്നു എന്ന് തെളിയിക്കുന്ന രസകരമായ സംഭവകഥകള്‍ നിങ്ങള്‍ക്ക് ചരിത്രത്തില്‍ വായിക്കാന്‍ സാധിക്കും.
എന്താണ്  പഴങ്ങളുടെ രാജാവ് എന്ന വിശേഷണം മാമ്പഴത്തിന്  ലഭിക്കാനുള്ള കാരണം? അതിന്‍റെ കൊതിയൂറുന്ന മധുരമാണ്  ഇതിന് പിനില്‍ എന്ന് കരുതാനാണ്‌ എനിക്കിഷ്ടം.
ഇന്ന് മാമ്പഴത്തിന് നേരെ കല്ലെറിയുന്ന കുട്ടികളുടെ എണ്ണം കുറവാണ്. പല തൊടികളിലും നിറയെ മാങ്ങകള്‍ ആരും പറിക്കാതെ നില്‍ക്കുന്നതായി കാണുന്നു.ഇങ്ങനെയൊരു കാഴ്ച്ച ഒരു ഭാഗത്ത് ഉണ്ടെങ്കിലും,മാങ്ങയില്ലാത്ത ഒരു കാലത്തെക്കുറിച്ച് എന്നെങ്കിലും നമുക്ക് സങ്കല്‍പ്പിക്കാനാകുമോ?
കാലം തെറ്റി പൂക്കുന്ന മാമ്പൂവ് നമ്മുടെ മുന്നിലിടുന്ന ചില ആപല്‍ക്കരമായ
സൂചനകളുണ്ട്.  കാലാവസ്ഥാ വ്യതിയാനം എന്ന ആഗോള പ്രതിഭാസം വരുത്തിവെയ്ക്കുന്ന പ്രത്യാഘാതങ്ങള്‍ മറ്റെല്ലാ ഫലങ്ങള്‍ക്കുമെന്ന
 പോലെ മാമ്പഴത്തിനും ഒരു വെല്ലുവിളിയാണ്. അതിന്‍റെ വിശദവിവരങ്ങള്‍ കുറേക്കാലം മുന്‍പ്‌ 'മായുന്ന മാമ്പഴക്കാലം' എന്ന പേരില്‍ മാതൃഭൂമിയില്‍ ഫീച്ചര്‍ രൂപത്തില്‍ വന്നതായോര്‍ക്കുന്നു.
മനോഹരമായ ഒരു കാലത്തിന്‍റെ, അതിമധുരകരമായ ഒരു
ജീവിതരീതിയുടെ അടയാളപ്പെടുത്തലാണ് മലയാളിക്ക് മാമ്പഴം.  ഓരോ മാമ്പഴം കയ്യിലെടുക്കുമ്പോഴും പിന്നിട്ട നാളുകളിലേക്ക് നാം ഒന്ന് തിരിഞ്ഞുനോക്കിയെന്നിരിക്കും. അതുകൊണ്ട്, മാമ്പഴക്കൊതി ഇല്ലാതാകുന്നതിന് ഒപ്പം തന്നെ
നമ്മെ നാമാക്കിയ പലതും നാം കൈമോശം വരുത്തുന്നുവോ എന്ന് അല്‍പ്പനേരം ചിന്തിക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്: www.thebetterindia.com











ചിത്രം: വി അവിനാഷ് റാവു 


Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ