വെള്ളപ്പൊക്കം: കുട്ടനാടുകാരന്‍റെ കണ്ണീര്‍


മഴക്കാലം വന്നാല്‍ കുട്ടനാടുകാരുടെ ഉള്ളൊന്നു പിടയ്ക്കും. കാലാകാലങ്ങളായി നാശം വിതയ്ക്കുന്ന വെള്ളപ്പൊക്കമാണ്
ഇതിന് കാരണം. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാട്ടില്‍ വെള്ളം കയറാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ ഏറെയായി. വീട്ടിലെ ഏറ്റവും  മുതിര്‍ന്നവരോട് ചോദിച്ചാല്‍ കൊല്ലവര്‍ഷം 1099ലെ ഭീതിജനകമായ പേമാരിയുടെ ഓര്‍മ്മകള്‍ പറഞ്ഞു തന്നെന്നു വരാം.

വെള്ളപ്പൊക്കം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍

കൃഷിയെ ആശ്രയിക്കുന്നവരുടെ എണ്ണം മുന്‍പത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും ഒരുപാട് കുട്ടനാടുകാര്‍ക്ക് ഇന്നും അന്നം നല്‍കുന്ന തൊഴിലാണ് ഇത്. വെള്ളം കയറുന്നതോടെ കൃഷി നശിക്കാന്‍ സാധ്യത കൂടുന്നു. "ഇതെല്ലാം കാണുമ്പോള്‍ വലിയ വിഷമം തോന്നാറുണ്ട്. പല കര്‍ഷകരും അവരുടെ ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ എടുത്താണ് കൃഷിക്ക് വക കണ്ടെത്തുന്നത്. അത് ഒന്നുമാകാതെ പോകുമ്പോള്‍ അവര്‍ക്ക് സംഭവിക്കുന്ന നഷ്ടത്തെ ചെറുതായി കാണാന്‍ കഴിയില്ല," കുട്ടനാട് സ്വദേശിനിയായ ഒരു വീട്ടമ്മയുടെ വാക്കുകളാണിവ.

കൃഷി നാശം സംഭവിക്കുന്നവര്‍ക്ക് ലഭിക്കേണ്ട നഷ്ട്ടപരിഹാരം സമയാസമയം വിതരണം ചെയ്യുന്നുണ്ടോ എന്ന് അധികാരികള്‍ ഗൗരവമായി  പരിശോധിക്കേണ്ടിയിരിക്കുന്നു.  പലയിടങ്ങളിലും സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് നഷ്ടപരിഹാരവിതരണം എങ്ങുമെത്താതെ പോകുന്നതായി ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സഹായം, അതെത്ര വലുതായാലും ചെറുതായാലും സമയത്തു ലഭിക്കുമ്പോൾ മാത്രമാണ് പ്രയോജനപ്പെടുക എന്നോർക്കണം.

മഴക്കാലത്ത് ഒഴുകിയെത്തുന്ന മലിനജലം കലര്‍ന്ന് ജലജന്യരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ ഇവ കുട്ടനാട് പ്രദേശങ്ങളില്‍  പകരാനുള്ള സാധ്യത കൂടുതലാണ്. എല്ലാ വര്‍ഷവും മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ ആശുപത്രി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളപ്പൊക്കം മൂലം ആശുപത്രിയിൽ പോകാൻ പറ്റാതെ രോഗം മൂർച്ഛിക്കുന്ന സംഭവങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. വെള്ളത്തിൽ ഒഴുകി നടക്കുന്ന ഫ്ലോറ്റിങ് ക്ലിനിക്കുകൾ, വീടുകൾ തോറുമുള്ള ആരോഗ്യ പ്രവർത്തകരുടെ സന്ദർശനം ഇതൊക്കെ പരീക്ഷിച്ചു നോക്കാവുന്നതാണ്.

വെള്ളപ്പൊക്കം വരുത്തിവെയ്ക്കുന്ന സാമ്പത്തിക പ്രശ്നങ്ങളാണ് മറ്റൊരു ആശങ്ക. പല വീടുകളിലും ആളുകള്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെ പോകുന്നത് മൂലം വരുമാനം നിലയ്ക്കുന്നു.  ഇടത്തരം/ താഴ്ന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളെ  വെള്ളപ്പൊക്കം വല്ലാതെ വലയ്ക്കുന്നു. കൂടാതെ, വെള്ളപ്പൊക്കത്തില്‍ തകരുന്ന റോഡുകള്‍, മറ്റു നഷ്ടങ്ങള്‍  ഇവ ഗവർണ്മെന്റ് തലത്തിലും നഷ്ടങ്ങൾ വരുത്തിവെയ്ക്കുന്നു.
വെള്ളം കയറിയ റോഡിലൂടെ  വള്ളം  തുഴഞ്ഞ് ഓഫീസില്‍ പോകുന്ന കാഴ്ച്ച കണ്ടിട്ടുണ്ടോ? ആലപ്പുഴ- ചങ്ങനാശ്ശേരി എസി റോഡില്‍ മഴക്കാലത്ത് കാണുന്ന കാഴ്ചയാണ് ഈ പറഞ്ഞത്. സോഷ്യല്‍ മീഡിയ വന്നതോടെ ഈ ദുരിതയാത്രയെക്കുറിച്ചു കൂടുതല്‍ ആളുകള്‍ അറിഞ്ഞുവെങ്കിലും, സ്ഥിതി ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.


ഓര്‍മ്മ

വെള്ളപ്പൊക്കത്തിന്‍റെ പല ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനുണ്ട്. കുട്ടിക്കാലത്ത്, മറ്റെല്ലാവരെയും പോലെ അന്നാളുകളില്‍ കിട്ടിയിരുന്ന അവധിദിവസങ്ങളില്‍ ആയിരുന്നു കണ്ണ്. വീടിനകത്ത് കയറി വരുന്ന തവള, നീര്‍ക്കോലി ഇവയെ ആട്ടിയോടിക്കാനുള്ള ജോലി ഞങ്ങള്‍ക്കാണ്. വൈകുന്നേരമായാല്‍ ചങ്ങാടവുമെടുത്ത്  കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങും. അന്നൊന്നും വെള്ളം കയറിയാലുള്ള നാശനഷ്ടങ്ങളെക്കുറിച്ച് കാര്യമായൊന്നും ആലോചിച്ചിരുന്നില്ല. ഈ നാളുകളില്‍ മരിക്കുന്ന ആളുകള്‍ക്ക് അന്ത്യവിശ്രമം ഒരുക്കാന്‍ പോലും കഴിയാത്തത്ര നിസ്സഹായരാണ് ഇവിടുത്തെ ഗ്രാമവാസികള്‍ എന്നൊക്കെ പിന്നീടാണ് മനസ്സിലായത്.

കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്‍റെ ഭീകരത വ്യക്തമായി ചിത്രീകരിച്ച കഥയാണ് തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍'. ഇന്ന്, പണ്ടുകാലത്തെ അപേക്ഷിച്ച് വെള്ളത്തിന്‍റെ ഒഴുക്ക് തടയാന്‍ കുറെയൊക്കെ സംവിധാനങ്ങള്‍ ഉണ്ട്. അതൊന്നുമില്ലാതിരുന്ന ഒരു കാലത്തിന്‍റെ നേര്‍ക്കാഴ്ചയാണ്‌ ഈ കഥ.

എന്‍റെ നാടിന്‍റെ അവസ്ഥ

അപ്പര്‍കുട്ടനാടിന്‍റെ ഭാഗമായ കഞ്ഞിപ്പാടത്ത്‌, മറ്റെല്ലായിടങ്ങളിലും എന്ന പോലെ വെള്ളപ്പൊക്കഭീഷണി നിലനില്‍ക്കുന്നു. പല വീടുകളിലും വെള്ളം കയറി, വീട്ടുകാര്‍ക്ക് പുറത്തുപോവാന്‍ പറ്റാത്ത അവസ്ഥയാണ്. നാട്ടിലെ പ്രൈമറി സ്കൂളില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ശക്തമായ മഴയില്‍  ഒഴുകിയെത്തിയ മലവെള്ളം തിരിച്ചു വിടാന്‍ വഴിയില്ലാതെ പോയതാണ് വെള്ളപ്പൊക്കത്തിനു
കാരണം. അടുത്ത ദിവസങ്ങളില്‍ മഴ ശമിച്ചാല്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ.


ഇനി ചെയ്യാവുന്നത്

ഒരു ഭാഗത്ത് കടലും, മറുഭാഗത്ത് വെള്ളത്താലും ചുറ്റപ്പെട്ട ജില്ലയാണ് ആലപ്പുഴ. പ്രകൃതി ഒന്ന് കലി തുള്ളിയാല്‍ ചക്രശ്വാസം വലിക്കുന്ന ജില്ലയാണിത്. മതിയായ മുന്‍കരുതല്‍ സംവിധാനങ്ങളുടെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. വെള്ളപ്പൊക്കത്തെ ശക്തമായി ചെറുത്ത സ്ഥലങ്ങളെ നമുക്ക് മാതൃകയാക്കാന്‍ സാധിക്കുന്നതാണ്.

കൂടാതെ, പ്രശ്നബാധിത പ്രദേശങ്ങളെ നേരത്തേ തിരിച്ചറിഞ്ഞ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അധികാരികള്‍ തയ്യാറാകണം. ഇതിന് പ്രാദേശിക നേതാക്കള്‍, നാട്ടുകാര്‍  ഉള്‍പ്പെടുന്ന കമ്മറ്റികള്‍  രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍  നടത്താവുന്നതാണ്.

 കൃഷി നടക്കാത്ത പാടങ്ങളില്‍ കൂടുതല്‍ വെള്ളം കയറാതെ നോക്കുന്നത് വെള്ളപ്പൊക്കം തടയാന്‍  കുറച്ചൊക്കെ സഹായിക്കും. വെള്ളത്തിന്‍റെ ഒഴുക്ക് തിരിച്ചുവിടാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ തുറക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യും.












കടപ്പാട്: ദി ഹിന്ദു

ചിത്രം: ദി ഹിന്ദു
വെള്ളത്താല്‍ ചുറ്റപ്പെട്ട കഞ്ഞിപ്പാടം. ചിത്രങ്ങള്‍: രാധേഷ്, കഞ്ഞിപ്പാടം







Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ