അമ്മ



സ്വന്തം അമ്മയെപ്പറ്റി ഒരു കുറിപ്പ്! അതെഴുതാന്‍ Mother's Day തന്നെ വേണ്ടിവന്നത് എന്തു കൊണ്ടാണ് എന്ന് എനിക്ക് തന്നെ അറിയില്ല.
ഒരു കുട്ടി ജനിക്കുന്നതിനും വളരെ മുന്‍പ് തന്നെ അമ്മയുമായി കമ്മ്യുണിക്കേറ്റ് ചെയ്യുന്നു എന്ന് ശാസ്ത്രം പറയുന്നു. ആ കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ സപ്പോര്‍ട്ട് പ്രകടമായും അല്ലാതെയും കിട്ടിക്കൊണ്ടിരിക്കും.

പത്താം ക്ലാസ് പരീക്ഷാസമയത്ത് കടുത്ത പനി വന്ന് പരീക്ഷ എഴുതാനാവുമോ എന്ന് എല്ലാവരും സംശയം പ്രകടിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് താങ്ങായി നിന്നത് അമ്മ പകര്‍ന്നു തന്ന ധൈര്യമാണ്. പഠിക്കാന്‍ ഇരിക്കുമ്പോള്‍ ചെറുതായി ഒന്ന് തലോടും. പരീക്ഷ എഴുതാന്‍ പോവുമ്പോള്‍ കൂടെ വരും.
തീരെ ചെറുതായിരുന്ന കാലത്ത് അമ്മയെയും, അച്ഛനെയും കുറെ കാലം ആശുപത്രിയില്‍ ഓടിച്ച കഥകള്‍ അമ്മയാണ് പറഞ്ഞു തന്നിട്ടുള്ളത്.
ഒരു അമ്മയാവുക എന്നത് എത്ര സന്തോഷകരമായ ഒരു അനുഭൂതി ആണെന്ന് ആദ്യമായി അറിഞ്ഞത് അനിയത്തിയുടെ ജനനസമയത്താണ്. അച്ഛന് ജോലി ഉള്ളത് കൊണ്ടും, വീട്ടുജോലികള്‍ ഏറെ ഉണ്ടായിരുന്നത് കൊണ്ടും അമ്മയ്ക്ക് വേണമെങ്കില്‍ സ്വന്തം വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടാമായിരുന്നു. അവിടെയും, ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് വീട്ടുജോലികളും, സ്വന്തം ഇഷ്ടമേഖലയായ സംഗീത അധ്യാപനവും കൂടെക്കൊണ്ടുപോവാന്‍ കഴിഞ്ഞ 15 കൊല്ലമായി അമ്മയ്ക്ക് സാധിക്കുന്നു.
അച്ഛനും, അമ്മയും തമ്മിലുള്ള മനോഹരമായ കെമിസ്ട്രി ആണ് അമ്മയെക്കൊണ്ട് ഇതിനൊക്കെ സാധിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ആയ പ്രായത്തില്‍ അമ്മുമ്മയും, ഇപ്പോള്‍ അനിയത്തിയും വീട്ടുജോലികള്‍ ചെയ്യാന്‍ സഹായിക്കുന്നുണ്ട്.
അച്ഛൻ ഇല്ലാതെ അമ്മയില്ല എന്നറിയാം. ഏതൊരമ്മയും ഏറ്റവും കൂടുതൽ വില കൽപ്പിക്കുന്നത് അവരുടെ ഭർത്താവിനെ ആയിരിക്കും എന്ന് കേട്ടിട്ടുണ്ട്. അമ്മയും, അച്ഛനും ഓരോ കാര്യങ്ങളും ചർച്ച ചെയ്യുന്നത് കേട്ടിരിക്കാന്‍ നല്ല രസമാണ്. പണ്ട് രാവിലെ ഇരുവരും സംസാരിക്കുമ്പോൾ, അടുത്ത മുറിയിൽ പുസ്തകത്തിൽ കണ്ണും നട്ടിരുന്നു കമന്റ്‌ പാസാക്കിയിരുന്ന ഒരു കാലമുണ്ട്.
അമ്മയുടെ സ്നേഹം ചെറുപ്പത്തില്‍ തന്നെ നഷ്ടമായ കുട്ടികളുണ്ട്. അവര്‍ക്ക് അമ്മയും, അച്ഛനും ഒരാള്‍ തന്നെയാണ്. സ്കൂളില്‍ പഠിച്ചിരുന്ന ഒരു കൂട്ടുകാരനോട് എനിക്ക് വല്ലാത്ത വിഷമം തോന്നാന്‍ ഇങ്ങനെയൊരു സംഭവം കാരണമായി.
'അമ്മ അറിയാന്‍' എന്ന ചലച്ചിത്രം കണ്ടിട്ടുണ്ടോ? കൂട്ടുകാരന്‍റെ മരണവിവരം അയാളുടെ അമ്മയെ അറിയിക്കാന്‍ പോവുന്ന ചില രാഷ്ട്രീയപ്രവർത്തകരുടെ സംഭവകഥയാണ്. നെയ്പ്പായസം എന്ന കമല സുറയ്യയുടെ രചന വായിച്ചവര്‍ക്ക്, അത് മനസ്സിനെ എത്ര കണ്ട് നീറിക്കുന്ന വായനാനുഭവം ആണെന്ന് നന്നായി അറിയാം.
ഈ അടുത്ത്‌ കണ്ട C/O സൈറാബാനു എന്ന സിനിമയുടെ അവസാനം അതിലെ മുഘ്യകഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. തൻ്റെ മകൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാത്ത ഒരമ്മയെ പറ്റിയുള്ള ആശങ്കയാണ് ആ സംഭാഷണം.
2016ൽ ആത്മഹത്യ ചെയ്ത ഹൈദരാബാദ് സർവ്വകലാശാല വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ മരണം പോലെ വേദനിപ്പിക്കുന്നതായിരുന്നു അമ്മ രാധികാ വെമുലയുടെ ജീവിതം. ജെ എൻ യു വിദ്യാർത്ഥിയായ മകൻ നജീബിനെ കാണാതായി വര്ഷം മൂന്നായിട്ടും, പടിവാതിലുകൾ കയറിയിറങ്ങാൻ വിധിക്കപ്പെട്ട അയാളുടെ അമ്മയെ ഈ അവസരത്തിൽ ഓർത്തു പോവുന്നു.
ഇത് വായിക്കുമ്പോള്‍ എല്ലാ അമ്മമാരും സ്നേഹത്തിന്‍റെ നിറകുടങ്ങള്‍ ആയിക്കൊള്ളണം എന്നില്ലല്ലോ എന്ന മറുചോദ്യം ഉയര്‍ന്നേക്കാം. എങ്കിലും, ചില ആളുകൾ ചെയ്യുന്ന തെറ്റിന് ഒരു വലിയ ശരിയെ പഴിക്കുന്നതിൽ വലിയ കാര്യം ഇല്ല എന്നാണ് എൻ്റെ പക്ഷം. എന്നെ സംബന്ധിച്ച് അമ്മയുടെ സ്നേഹം എന്നത് ഒരു വലിയ സത്യമാണ്.
മാതാപിതാക്കളെ നോക്കാതെ, അവരെ വൃദ്ധമന്ദിരങ്ങളിൽ തള്ളുന്ന മക്കളോട് അവരെ വളർത്തിവലുതാക്കാൻ ഇവർ പെട്ട പാടിനെപ്പറ്റി എപ്പോഴെങ്കിലും ഒന്ന് ആലോചിച്ചുനോക്കിയാൽ കൊള്ളാം എന്നേ പറയാനുള്ളൂ .
അമ്മമാർ നമുക്ക് എത്ര പ്രിയപ്പെട്ടവർ ആണെന്ന് അവരെ അറിയിക്കേണ്ടേ? ഈ കുറിപ്പ് ഒരു പ്രചോദനമായി കണ്ട് അമ്മയെപ്പറ്റി രണ്ട് വരി എഴുതാൻ ആർക്കെങ്കിലും തോന്നിയാൽ, മടിക്കാതെ ചെയ്യുക. അതെ, "അമ്മമാരാണ് താരം."




Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ