മഞ്ജുള




ഞാനും മഞ്ജുളയും തമ്മിൽ ആറു മാസത്തെ പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ, നിർമ്മാണതൊഴിലാളിയായ അമ്മയും, ഒന്നര വയസ്സുള്ള അനിയൻ ബണ്ണിയുമൊത്തു വളരെ കുറച്ചു നാൾ കാമ്പസിൽ ഒരു ചെറിയ ഷെഡ്
കെട്ടി, അവിടെ കഴിഞ്ഞ ആ 15 വയസ്സുകാരിക്ക് എങ്ങനെയാണ് ഞങ്ങളൊക്കെ അവളുടെ അണ്ണന്മാരും, അക്കമാരും ആയത് എന്നു ചോദിച്ചാൽ വ്യക്തമായ ഒരു മറുപടി നൽകാനാവില്ല.
ഞങ്ങൾ നടത്തിയിരുന്ന അനൗപചാരിക വിദ്യാഭ്യാസ പരിപാടിയിലെ സജീവ സാന്നിധ്യം ആയിരുന്നു അവൾ. എപ്പോഴും സംശയങ്ങൾ ചോദിക്കുന്ന, ഉത്സാഹിയായ ഒരു കുട്ടി. വീട്ടുജോലികളും തീർത്ത്, അനിയനെയും ഒരുക്കി വൈകുന്നേരങ്ങളിൽ ഞങ്ങൾ വരാൻ കാത്തിരിക്കും. നീലിമയെ കാണുമ്പോൾ വിടർന്ന കണ്ണുകളോടെ അക്ക എന്നു വിളിച്ചു ഓടിവരും. വീട്ടിലെ പ്രശ്നങ്ങൾ കാരണം സ്‌കൂൾ വിദ്യാഭ്യാസം ചെയ്യാൻ പറ്റിയിട്ടില്ല. പക്ഷെ എന്നെങ്കിലും ഒരിക്കൽ മറ്റുള്ളവരെ പോലെ സ്‌കൂളിൽ പോകാനും, പഠിച്ചു ടീച്ചർ ഉദ്യോഗം നേടാനും അവൾ ആഗ്രഹിച്ചു.
ആ വർഷം ഞങ്ങൾ നടത്തിയ അഡ്മിഷൻ പരിപാടിയിൽ മഞ്ജുളയുടെ പേരാണ് ആദ്യം ചേർത്തത്. പക്ഷെ അഡ്മിഷൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ അവൾക്ക് നാട്ടിലേക്ക് തിരികെ പോവേണ്ടി വന്നു.
തനിക്ക് സമ്മാനമായി കിട്ടിയ മെഡൽ കഴുത്തിലണിയിക്കുമ്പോൾ അവൾ കരച്ചിൽ അടക്കാൻ പാടുപെടുകയായിരുന്നു. അവളും ബണ്ണിയും പോയത് അരുണിനെ പോലെ പല സുഹൃത്തുക്കളെയും അന്ന് വിഷമിപ്പിച്ചു.
പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോൾ മഞ്ജുളയുടെ ഫോണ് വന്നു. അനിയൻ വലുതായതോടെ തന്റെ വീട്ടുത്തരവാദിത്തങ്ങൾ കുറഞ്ഞെന്നും, സ്‌കൂളിൽ പോകാൻ തുടങ്ങിയെന്നും സന്തോഷത്തോടെ പറഞ്ഞു.
മഞ്ജുളയെ ഇപ്പോൾ ഓർക്കാൻ കാരണം അവളുടെ വീട് നിന്നിരുന്ന സ്ഥലത്തു കുറെ നാളുകൾ കൂടി ഇന്നലെ പോയിരുന്നു.
ചെറിയ പ്രായത്തിൽ, ഭാരിച്ച ഉത്തരവാദിത്തങ്ങൾ പേറുന്ന കുഞ്ഞുങ്ങളെ മാനിക്കാൻ നാം പഠിക്കണം. പറ്റുമെങ്കിൽ, അവരെ അറിയാൻ ശ്രമിക്കണം.മറ്റൊന്നിനുമല്ല, നമ്മളിൽ പലരുടെയും ജീവിതം എത്ര ഭാഗ്യകരമാണെന്ന്‌ ഇടയ്ക്കെങ്കിലും ഓർക്കുന്നത് നല്ലതാണ്.

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ