വായനയുടെ ലോകം

Courtesy: Berlin-based street artist Alias 

ചെറിയ പ്രായം  മുതൽ എഴുതുന്ന ആളുകളെ വലിയ ഇഷ്ടമാണ്. നിത്യജീവിതത്തിലെ സാധാരണസംഭവങ്ങൾ എഴുത്തുരൂപത്തിൽ വായിക്കുമ്പോൾ പലതും രസകരമായി തോന്നാറുണ്ട്. ഇത് കേൾക്കുമ്പോൾ വലിയ വായനക്കാരനാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നതിന് മുൻപ് തന്നെ പറയട്ടെ! അധികം പുസ്തകങ്ങൾ വായിക്കുന്ന പ്രകൃതമല്ല. ചില വായനകൾ മനസ്സിൽ സൂക്ഷിക്കും. വായിച്ചപ്പോൾ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങൾ ഒന്നോർത്തുനോക്കും.
അയൽക്കാരുടെ സഹായത്താൽ രൂപപ്പെട്ട ഒരു തരം വായനയാണ് എന്ന് പറയാം. കഞ്ഞിപ്പാടത്തെ അയൽവീട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുത്തുമായിരുന്നു. അതിലെ ബാലപംക്തി പേജിൽ എപ്പോഴോ കണ്ണുടക്കി. അതുപോലെ വിംസിയുടെ കായികലോകം എന്ന പംക്തിയും സ്ഥിരമായി നോക്കുമായിരുന്നു. 
വൈശ്യംഭാഗത്തെ അയൽവീട്ടിൽ അമ്പിളിഅമ്മാവൻ എന്ന കുട്ടികളുടെ മാസിക കിട്ടും. ക്രിക്കറ്റ് കളിച്ചു കഴിഞ്ഞു അവിടെയിരുന്നു വായിച്ചുതീർക്കും.ഇടയ്ക്ക് വീട്ടിലും കൊണ്ടുപോകും. വീട്ടിൽ ബാലരമയും,ബാലഭൂമിയും വരുത്തിയിരുന്നു.  
കൂട്ടുകാരൻ ജിത്തുവിൻ്റെ വീട്ടിൽ വരുത്തിയ യുറീക്ക മാസികയും വായിച്ചുപോന്നിരുന്നു. അൽപ്പം വളർന്നപ്പോൾ, നന്ദുവിനെ പോലെയുള്ള കൂട്ടുകാർ വായിക്കാൻ സ്പോർട്സ് മാസിക നൽകി സഹായിച്ചിരുന്നു. 
അച്ചടിപുസ്തകങ്ങളുടെ വായന തുടങ്ങുന്നത് അഞ്ചു വയസ്സുള്ളപ്പോളാണ്. ഒരു വെള്ളിയാഴ്ച, കോണ്ടിനെന്റൽ പുബ്ലിക്കേഷൻസിൻ്റെ കുട്ടികളുടെ ക്ലാസിക്കുകൾ എന്ന സീരീസുമായി അച്ഛൻ വീട്ടിലെത്തുന്നു. പുറം കവർ കാണാൻ നല്ല ഭംഗിയാണ്. അകത്തു നിറയെ ചിത്രങ്ങളാണ്. നല്ല രസമായി വായിച്ചുപോകാം. ഹക്കിൾബെറിഫിന്നിൻ്റെ സാഹസങ്ങൾ, ലോകം ചുറ്റാൻ എൺപത് ദിവസം, ഭൂഗോള കേന്ദ്രത്തിലേക്ക് ഒരു യാത്ര, ഫ്രാങ്കൻസ്റ്റീൻ, രാജകുമാരനും നിസ്വനും, രണ്ടു നഗരങ്ങളുടെ കഥ - ലോകപ്രശസ്തമായ ചില രചനകളുടെ ലളിതമായ വിവർത്തനങ്ങൾ. ഓരോ കഥാപാത്രവുമായി സ്വയം സങ്കല്പിച്ചൊക്കെ നോക്കി. മഹച്ചരിതമാല സീരീസിൽ പുറത്തിറങ്ങിയ ഗാന്ധി, നേതാജി, ധ്യാൻചന്ദ്, ലിങ്കൻ, നബി ജീവചരിത്രങ്ങൾ വായിച്ചിട്ടുണ്ട്. 
ഏഴാം ക്ലാസ്സ് അവധിക്കാലത്തു അമ്മയുടെ ഒരു സ്റ്റുഡന്റ്‌  എനിക്ക് വായിക്കാൻ 'ടോട്ടോച്ചാൻ' തന്നുവിട്ടു. വീടിൻ്റെ  പടിഞ്ഞാറുവശത്തുള്ള സേലൻമാവിൽ, കിടക്കാൻ പറ്റുന്ന തരം ഊഞ്ഞാൽ കെട്ടി, മാങ്ങയും രുചിച്ചുകൊണ്ടാണ് ആ പുസ്തകം വായിച്ചുതീർത്തത്. അതുകൊണ്ട് തന്നെ ആ പുസ്തകത്തെപ്പറ്റി ഇന്നും മധുരമുള്ള ഓർമ്മകളാണ്.പതിനൊന്നാം ക്ലാസ്സിൽ വായിച്ച ആൻ ഫ്രാങ്കിൻ്റെ ഡയറി മറ്റൊരു പ്രധാനപ്പെട്ട ഓർമ്മയാണ്. 
ഇതിനിടെ, പാഠപുസ്തകത്തിലെ ചില കഥകൾ മനസ്സിൽ പതിഞ്ഞിരുന്നു. മാധവിക്കുട്ടിയുടെ നെയ്പ്പായസം, ഒവി വിജയൻ്റെ കടൽത്തീരത്ത്, തകഴിയുടെ വെള്ളപ്പൊക്കത്തിൽ, കാരൂരിൻ്റെ ഉതുപ്പാൻ്റെ കിണർ, സന്തോഷ് ഏച്ചിക്കാനത്തിൻ്റെ കൊമാല. ഇംഗ്ലീഷിൽ, ഹെമിങ്‌വേയുടെ ഓൾഡ് മാൻ ആൻഡ് ദി സീ, ഓ ഹെൻറിയുടെ ലാസ്റ്റ് ലീഫ് എന്നീ രചനകൾ അന്ന് പ്രിയപ്പെട്ടവയായിരുന്നു. 
കോളേജ് കാലത്തെ വായന ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, പത്രങ്ങളിലും ചുരുങ്ങി. ബഷീർ, ടാഗോർ, ജിബ്രാൻ എന്നിവരുടെ കൃതികൾ തേടിപ്പിടിച്ചു വായിച്ചു. ചേതൻ ഭഗത്, ഖാലിദ് ഹൊസൈനി,  പൗലോ കൊയെലോ,  നിക്കോളാസ് സ്പാർക്സ് പോലുള്ളവരുടെ രചനകളും അന്ന് വായിച്ചിരുന്നു.  ഗാന്ധിയുടെ പുസ്തകങ്ങളും അന്നാളുകളിൽ നോക്കിയിരുന്നു. യൂണിവേഴ്സിറ്റി നാളുകളിലാണ് നെഹ്‌റു, അംബേദ്കർ, രാമചന്ദ്ര ഗുഹ, എം എൻ വിജയൻ, കെ പി അപ്പൻ - ഇവരെ വിശദമായി വായിക്കുന്നത്. അക്കാലത്തു വായിച്ച 'ബിയോണ്ട് എ ബൗണ്ടറി' എന്ന സി എൽ ആർ ജെയിംസ് പുസ്തകം മികച്ച വായനാനുഭവം സമ്മാനിച്ചു. 
പഠനകാലത്തിന് ശേഷം പുസ്തകവായന തീരെ കുറഞ്ഞു. സുഹൃത്തുക്കൾ പറഞ്ഞും, സോഷ്യൽ മീഡിയയിലൂടെയും ഒത്തിരി പുസ്തകങ്ങൾ പരിചയപ്പെടാറുണ്ട്. ചിലതൊക്കെ വായിക്കണമെന്ന് തോന്നാറുമുണ്ട്. ഫോണിൽ AnyBooks എന്ന ഫ്രീ ആപ്പിൻ്റെ ബലത്തിൽ കുറച്ചു പുസ്തകങ്ങൾ
ഡൗൺലോഡ് ചെയ്തിട്ടിട്ടുണ്ട്.    
എന്തിന് വായിക്കണം എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടത് നമ്മൾ തന്നെയാണ്. പുസ്തകവായന ആസ്വദിച്ചിരുന്നത് കൊണ്ടാണ് ഞാൻ ഈ ശീലം തുടർന്നത്. വായിക്കാൻ കൊതിക്കുന്ന പുസ്തകം കയ്യിൽ കിട്ടുമ്പോൾ, ഇഷ്ടമുള്ള പുസ്തകത്തെപറ്റി ആളുകൾ ഉള്ളു തുറന്നു സംസാരിക്കുമ്പോൾ, അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ അറിയുമ്പോൾ കിട്ടുന്ന സന്തോഷം, സംതൃപ്തി. ഇതൊക്കെയാണ് എൻ്റെ  വായനയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

     
  




    

   

      
     

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ