ശമ്പളമില്ലാത്ത ജോലികൾ

ഇല്ലാത്ത പണം കൊടുത്ത് വിദ്യാഭ്യാസം ചെയ്തിട്ട്
നേടുന്ന ജോലി നമുക്ക് കഷ്ടതകൾ മാത്രം നൽകുന്നതിനെപ്പറ്റി ഓർത്തുനോക്കിയിട്ടുണ്ടോ? ചെറുപ്പകാലം മുതൽ നമ്മൾ നേടാൻ ആഗ്രഹിക്കുന്ന ഒരു തൊഴിൽ  - അത് കിട്ടിയ ശേഷവും നമ്മുടെ പല പ്രശ്നങ്ങൾ അതുപോലെ നിലനിൽക്കുന്നത് എന്തുകൊണ്ടാണ്?
നമ്മുടെ നാട്ടിൽ അവസരങ്ങൾക്ക് കാത്തുനിൽക്കുന്നവരെപ്പോലെ തന്നെ കഷ്ടപ്പെടുന്നവരാണ് കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർ അനുഭവിക്കുന്നത്. വീട്ടിൽ ആരെങ്കിലും ഒരാവശ്യം പറയുമ്പോൾ കൊടുക്കാൻ കാശില്ലാതെ വരുമ്പോൾ മനസ്സിൽ വരുന്ന ബുദ്ധിമുട്ട് ആര് മനസ്സിലാക്കാൻ?

Credit: The Hindu  
മാലാഖ എന്ന വിളിപ്പേര് നൽകി തുച്ഛശമ്പളം കൊടുത്തു വിടുന്ന നഴ്‌സുമാരുടെ കാര്യം നോക്കാം. ചില സ്ഥാപനങ്ങളിൽ അവർക്ക് കൊടുക്കുന്ന ശമ്പളം 5000 രൂപയാണ്. ഷിഫ്റ്റ് സംവിധാനമോ,
ആവശ്യത്തിന് വിശ്രമമോ കിട്ടാത്ത യന്ത്രത്തെപ്പോലെ പണിയെടുക്കുന്ന ഇവർക്ക് കിട്ടുന്ന ശമ്പളം നമ്മളിൽ ചിലരുടെ രണ്ട് ദിവസത്തെ ബേസിക്ക് സാലറിയാണ്.
വീട്ടിലൊരാൾക്ക് അസുഖം വന്നാൽ ലീവ് കിട്ടുമെന്നതിന് ഒരു ഉറപ്പുമില്ല. തൊഴിലിടങ്ങളിൽ ഇവർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയമിച്ച സമിതി സമർപ്പിച്ച റിപ്പോർട്ട് മേശപ്പുറത്തുണ്ട്. പക്ഷെ, എന്ത് തൊഴിൽ സുരക്ഷയാണ് ഇവർക്ക് ലഭിക്കുന്നത്? പ്രത്യേകിച്ച് ഒരു കാരണമില്ലാതെ പല നഴ്‌സുമാരെയും പിരിച്ചുവിടുന്നത് നമ്മൾ കാണുന്നതാണ്. കോടതി കയറാൻ താല്പര്യമില്ലാതെ അവരിൽ പലരും അന്യസംസ്ഥാനങ്ങളിലോ, വിദേശനാടുകളിലോ ജോലി ചെയ്യും. അതാണിവിടെ പതിവായി നടക്കുന്നത്.
അൺഎയ്‌ഡഡ്‌ സ്‌കൂളിലെ അധ്യാപകരുടെ അവസ്ഥ ഇതിൽ നിന്ന് വ്യത്യസ്തമല്ല. കുറഞ്ഞ ശമ്പളം, കൂടുതൽ ജോലി - പല ടീച്ചർമാർക്കും ഇതൊക്കെ പുറത്തു പറയാൻ മടി കാണും. ചില സ്ഥാപനങ്ങൾ ഗസ്റ്റായി വരുന്ന അധ്യാപകർക്ക് ശമ്പളം  പിടിച്ചുവെയ്ക്കും. ഭാവിതലമുറയെ വാർത്തെടുക്കാൻ നിയോഗിക്കപ്പെട്ടവർ  സ്വന്തം ഭാവി എന്താകുമെന്ന അനിശ്ചിതത്വത്തിലാണ് ഇവിടെ ജോലി ചെയ്യുന്നത്.



മാധ്യമപ്രവർത്തനമേഖലയിലെ സ്ഥിതി വളരെ കഷ്ടമാണ്. വിശ്രമമില്ലാത്ത ജോലിയുടെ കൂടെ കൃത്യമായ ശമ്പളം കിട്ടാതെ വരുന്ന അവസ്ഥ എത്ര ഭീകരമാണ്. പെട്ടെന്നൊരു സുപ്രഭാതത്തിൽ കമ്പനി പിരിച്ചുവിട്ട് ജോലിക്കായി അലയേണ്ടിവരുന്നത് വളരെ പ്രയാസമാണ്. മുഖ്യധാരാ മാധ്യമങ്ങൾ ഒഴികെ, കൃത്യമായി അർഹിക്കുന്ന ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങൾ തുലോം കുറവാണ്.


Representative image

ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നവർക്കുള്ള ഒരു സമാനമനോഭാവം പറയാം. ഒരാൾ പോയാൽ അയാൾക്ക് പകരം വേറൊരാൾ വരുമെന്ന ബോധ്യമാണ് അവർക്കുള്ളത്. എത്ര ലാഭം നേടിയാലും ഇല്ലാത്ത ദാരിദ്ര്യത്തിൻ്റെ കണക്ക് പറഞ്ഞു അവരുടെ ഭാഗം ന്യായീകരിക്കുന്നു. എല്ലാത്തിനും സർക്കാർ സഹായം വേണമെന്ന പതിവ്പല്ലവി ഉരുവിടുന്നു. മുൻപ് സൂചിപ്പിച്ച മൂന്ന് തൊഴിലുകൾക്കും കൊടുക്കേണ്ട മിനിമം ശമ്പളം എത്രയെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്.  ഒരു സ്ഥാപനത്തിന് കിട്ടുന്ന ലാഭത്തിൻ്റെ ന്യായമായ വിഹിതം അവിടെ ജോലി ചെയ്യുന്നവർക്ക് അവകാശപ്പെട്ടതാണ്. നിങ്ങൾ വഹിക്കുന്ന നഷ്ടത്തിൻ്റെ ഭാരം അവരുടെ മേൽ കെട്ടിവെയ്ക്കാതെ നീങ്ങണം.

നിർദ്ദേശങ്ങൾ 
  • കേരളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക പിന്തുണ, ഉപദേശക സഹായം കൊടുക്കുന്ന സർക്കാർ കേന്ദ്രങ്ങൾ ഇവിടെ ആവശ്യമാണ്. അവ പ്രവർത്തിക്കാനാവശ്യമായ മൂലധനം കമ്പനികളിൽ നിന്ന് തന്നെ സമാഹരിക്കുക.
  •  മിനിമം ശമ്പളം കൊടുക്കാത്ത സ്ഥാപനങ്ങൾക്ക് മേൽ പിഴ ചുമത്തുക,
  •  എല്ലാ ആഴ്ചയും വീക്ക് ഓഫ് നിർബന്ധമാക്കുക.
  • ശമ്പളം  വൈകിച്ചാൽ നടപടികൾ  എടുക്കുക. 
  • ശമ്പളവിതരണം സംബന്ധിച്ച വിവരങ്ങൾ ഒരു സോഫ്റ്റ്‌വെയർ സഹായത്തോടെ സർക്കാരിന് കൈമാറുക.  
നമുക്കായി അലയുന്നവരെ സംരക്ഷിക്കേണ്ട ചുമതലയിൽ നിന്ന് നമുക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. തൊഴിൽ സുരക്ഷ, ജോലിസംതൃപ്തി എന്നിവ ഉറപ്പുവരുത്തുന്ന സംസ്ഥാനമെന്ന നിലയിലേക്ക് നമ്മുടെ കേരളം വളരണം.




Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ