ട്രോളർമാരുടെ ശ്രദ്ധയ്ക്ക്
കൊറോണക്കാലത്ത് നെറ്റ് തുറന്നാൽ ട്രോളുകളുടെ പെരുമഴയാണ്. വിഷയം എന്തുമാകട്ടെ - ട്രോൾ രൂപത്തിൽ അതിനെ അവതരിപ്പിച്ചാൽ കൂടുതൽ ആളുകളിൽ എത്തപ്പെടുന്നു. കേരളത്തിലെ പല സർക്കാർ സംവിധാനങ്ങളും ഇന്ന് ട്രോളുകളെ വലിയ തോതിൽ ഉപയോഗപ്പെടുത്തുന്നു. ട്രോളുകൾ വിനോദത്തിനുള്ളതാണ്, അവയെ സീരിയസ് ആയെടുക്കരുത് എന്നൊക്കെ ഇതിഷ്ടപ്പെടുന്നവർ പറയുമെങ്കിലും ചില കാര്യങ്ങൾ തുറന്നുപറയുന്നതിൽ വിരോധം തോന്നരുത്. സ്ത്രീകളെ അവഹേളിക്കുന്ന തരം ട്രോളുകൾ തമാശയായി കാണാൻ പറ്റാറില്ല. ഒരാളുടെ പേഴ്‌സണൽ സ്‌പേസിൽ കൈ കടത്തുന്ന രീതിയാണത്. സ്‌കൂളുകളിൽ പഠിക്കുന്ന കാലത്ത് പല തരം കളിയാക്കലുകൾ കേട്ടിട്ടുള്ളവരാണ് നമ്മൾ. അന്നൊക്കെ, അതിനെ തമാശരൂപത്തിൽ എടുത്തവരും, മനസ്സിൽ വിഷമത്തോടെ കൊണ്ടുനടന്നവരും ഉണ്ട്. ഇങ്ങനെ ചെയ്‌തിരുന്നവരുടെ പ്രധാനവാദം എന്നത് മനസ്സ് അൽപ്പം ബലമാകാൻ ഇതാവശ്യമാണ് എന്നതായിരുന്നു. ഒരു സുഹൃത്തിനെ അങ്ങനെ വിളിച്ചാൽ എന്താണ് കുഴപ്പമെന്ന് പലരും കരുതും. പക്ഷെ, വിളിച്ചത് കൂട്ടുകാരായത് മൂലം മിണ്ടാതെ വിഷമമടക്കുന്നവരോട് നിങ്ങൾ എന്താണ് ചെയ്യുന്നത്? അന്ന് നമ്മൾ വിളിച്ച പല പേരുകളും ഇന്നോർക്കുമ്പോൾ അരോചകമായി തോന്നാറുണ്ടോ?
സെലിബ്രിറ്റികളായാൽ ട്രോൾ ചെയ്യപ്പെടുന്നതിൽ എന്താണ് കുഴപ്പം? അവർ പബ്ലിക്ക് ഫിഗറുകൾ അല്ലേ? അവർക്ക് ഇതൊന്നും പ്രശ്നമാകാൻ പോകുന്നില്ല എന്നാണോ കരുതുന്നത്? സ്ത്രീകളെ തിരഞ്ഞുപിടിച്ചു ട്രോള് ചെയ്യുന്നയാളുകളുടെ ഉദ്ദേശം അത്ര നിഷ്ക്കളങ്കമാണെന്ന് വിചാരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഒരു അഭിമുഖം കണ്ടെത്തുന്നു. അതിൽ സ്ഥാനത്തും, അല്ലാത്തയിടത്തും ചില സിനിമാരംഗങ്ങൾ തിരുകിക്കയറ്റുന്നു. ആ വ്യക്തിയെ കളിയാക്കിയുള്ള മെസ്സേജുകൾ കമന്റ് ബോക്സിൽ പ്രവഹിക്കുന്നു. സ്ത്രീകളെ ഉന്നം വെയ്ക്കുന്ന ട്രോളുകൾക്കാണ് കാഴ്ചക്കാർ ഏറെയും. മലയാളി പൊളിയാണ് എന്ന് ആത്മഹര്ഷം കൊള്ളൂന്നവരോട് ഇങ്ങനെ ചില സാഡിസ്റ്റ് രീതി ചേർന്നവർ കൂടെയാണ് നമ്മൾ എന്ന് ഓർമ്മപ്പെടുത്തട്ടെ.
ഇങ്ങനെയുള്ള വീഡിയോകൾ കണ്ട് ഇൻസ്പയർ ആകുന്ന ചിലർ അവരുടെ കൂട്ടുകാരെ/പരിചയക്കാരെ അവഹേളിക്കുന്ന മീമുകൾ/ട്രോളുകൾ ചെയ്യുന്നു. നിരുപദ്രവകാരികളായവയെ വെറുതെ വിടുന്നു. ഒരു നേരമ്പോക്കിന് കൊള്ളാം. പക്ഷെ, ചില ട്രോളുകളുണ്ട്. ഒരാൾ പറഞ്ഞ കാര്യങ്ങളെ വേറെ പലതുമായി ബന്ധപ്പെടുത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരാം ട്രോളുകൾ. ഉദാഹരണങ്ങളിലേക്ക് പോകുന്ന ജോലി വായിക്കുന്നവർക്ക് വിടുന്നു. ഒരാളെ ശരീരത്തിൻ്റെ, നിറത്തിൻ്റെ, ജെൻഡറിൻ്റെ പേരിൽ അവഹേളിക്കുന്ന, അത് കണ്ടാൽ പൊട്ടിച്ചിരിക്കുന്ന ആളുകൾ ജീവിക്കുന്ന സമൂഹത്തിന് കാര്യമായ എന്തോ പറ്റിയിട്ടുണ്ട്.
നിങ്ങളുടെ വേണ്ടപ്പെട്ടവരെ അപമാനിക്കുന്നതിൽ എന്ത് സന്തോഷമാണ് നിങ്ങൾക്ക് കിട്ടുന്നത്? നിങ്ങളുടെ രീതികൾ നോക്കി എല്ലാവരും അവരവരെ നിയന്ത്രിക്കണം എന്നാണോ പറയുന്നത്? ട്രോളുകൾ പൊളിയാണ്. ആരെയും വേദനിപ്പിക്കാത്തപ്പോൾ മാത്രം! നിങ്ങൾ ചെയ്യുന്ന കോമഡി എല്ലാർക്കും തമാശയായി തോന്നില്ല എന്ന് മനസ്സിലാക്കൂ. ഒരാളെ വേദനിപ്പിക്കുന്ന പൊട്ടിച്ചിരിക്ക് വലിയ അർത്ഥമൊന്നുമില്ല.

Comments
Post a Comment