എഴുത്തുപെട്ടി@ 100


പരീക്ഷയിൽ മുഴുവൻ മാർക്ക് നേടുന്ന വിദ്യാർത്ഥി, സെഞ്ച്വറി നേടുന്ന ക്രിക്കറ്റ് താരം, ഒരു മില്യൺ വ്യൂസ് കിട്ടുന്ന സിനിമാഗാനം, ____ ശമ്പളം കിട്ടുന്ന തൊഴിലാളി, പിറന്നാൾ ആഘോഷിക്കുന്ന പ്രിയതാരം. ഇവരിൽ പൊതുവായ ഘടകം എന്താണെന്ന് ശ്രദ്ധിച്ചോ? നമ്പർ, അഥവാ എണ്ണക്കണക്ക്. സ്റ്റാറ്റിസ്റ്റീഷ്യന്മാർ പൊതുവെ പറയുന്ന ഒരു വാചകമുണ്ട് - 'അക്കങ്ങൾ കളവു പറയില്ല.' ആദ്യനോട്ടത്തിൽ വളരെ ശരിയെന്ന് തോന്നുന്ന ഒരു ചിന്തയാണത്. 
അക്കങ്ങളെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വളച്ചൊടിക്കാൻ കഴിയും എന്ന് തിരിച്ചറിയാൻ അടുത്ത കാലത്തെ ജിഡിപി കണക്കുകൾ നോക്കിയാൽ മതിയാകും. രാജ്യത്തിൻ്റെ വളർച്ചാനിരക്ക് താഴാതെ പോകാൻ കണക്കെടുപ്പിൽ ചില വ്യത്യാസങ്ങൾ വരുത്തിച്ചേർത്തു. ആളുകളുടെ ജീവിതനിലവാരത്തിൽ കാര്യമായ മാറ്റം വരുത്താതെ രാജ്യം വളർച്ചയുടെ പാതയിലാണെന്ന് എഴുതിച്ചേർത്തു. പ്രതിമാസം കുറഞ്ഞത് അൻപതിനായിരം രൂപ വരുമാനമുള്ളവരാണ് ഇന്ത്യയിലെ മധ്യവർഗം എന്ന ധനമന്ത്രി നിർമ്മലയുടെ വാദവും, മൽസ്യത്തൊഴിലാളികൾ മധ്യവർഗവിഭാഗത്തിൽപെടുന്നത് മൂലം പ്രത്യേക പാക്കേജിന് അർഹരല്ല എന്ന വിലയിരുത്തലും വല്ലാതെ അത്ഭുതപ്പെടുത്തിയ ചില കണക്കുകളാണ്. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണല്ലോ അവർക്ക് അവകാശങ്ങൾ നിഷേധിക്കുന്നത്. ഇന്ത്യയുടെ ദാരിദ്ര്യരേഖാക്കണക്കുകളും വളരെ അശ്രദ്ധയോടെ രൂപപ്പെടുത്തിയതാണെന്ന് പരിശോധിച്ചാൽ മനസ്സിലാകും. ഇപ്പോൾ ദിവസവും കോവിഡ്-19 കേസുകൾ വിലയിരുത്തുമ്പോൾ ഇന്ത്യയിൽ എണ്ണം കൂടുന്നതായി കാണാം. അതിന് സർക്കാർ നൽകുന്ന ന്യായീകരണം ലോകരാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ വ്യാപനനിരക്കാണ് ഇന്ത്യയിൽ ഉള്ളതെന്നാണ്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാൻ കണക്കുകൾ തിരിമറി ചെയ്താൽ സാധിക്കും. ഇന്ത്യയിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ നമ്മുടെ സർക്കാർ പുലർത്തിയ ജാഗ്രതക്കുറവ് വലിയ കുഴപ്പങ്ങൾ വരുത്തിവെച്ചു. അക്കങ്ങളെ പാടെ അവഗണിക്കാൻ കഴിയില്ല എന്നർത്ഥം.  
ഇതിന് ഒരു മറുവശമുണ്ട്. ചില നാഴികക്കല്ലുകൾ നമുക്ക് നമ്മളോടുള്ള  ഓർമ്മപ്പെടുത്തലുകളാണ്. നാം നടത്തിയ പരിശ്രമങ്ങളുടെ, കണ്ട കാഴ്ചകളുടെ, നടന്ന വഴികളുടെ അടയാളമാണ്. ഇത് എഴുത്തുപെട്ടിയുടെ നൂറാമത് കുറിപ്പാണ്. ഒരു സെഞ്ചുറി നേടിയ കളിക്കാരൻ്റെ സന്തോഷമാണോ ഇപ്പോൾ മുഖത്ത് കാണുന്നത്? അടിച്ചു പായിക്കാമായിരുന്ന പന്തുകൾ നഷ്ടപ്പെടുത്തിയതിൻ്റെ നിരാശയോ? 
ഇവിടെ എഴുതിയതത്രയും ശരിയാണെന്ന അവകാശവാദങ്ങളില്ല. അറിഞ്ഞ/ അനുഭവിച്ച കാര്യങ്ങൾ രസച്ചരട് മുറിയാതെ കുറിച്ചിടാനാണ് ഇത് വരെയും ശ്രമിച്ചുപോന്നത്. എഴുതിയ കാര്യങ്ങളോട് നീതി പുലർത്തി എന്നു കരുതുന്നില്ല. പല പ്രധാന വിഷയങ്ങളിലും പല കാര്യങ്ങളും പറയാതെ പോയത് തിരിച്ചറിയുന്നു. ചിലപ്പോഴൊക്കെ പഴയ കുറിപ്പുകളിൽ കൂട്ടിച്ചേർക്കലുകൾ വരുത്താറുണ്ട്. ഈ ബ്ലോഗ് തുടർന്നുപോകുന്നത് ഈ കുറിപ്പുകൾ വായിക്കാൻ ഒരു വലിയ വായനസമൂഹം ഉള്ളത് കൊണ്ടുമല്ല. ചില അനുഭവങ്ങൾ നമ്മൾ ഇവിടം വിട്ടു പോയാലും, നിലനിൽക്കട്ടെയെന്ന് ഒരാഗ്രഹം! അല്ലെങ്കിൽ അത്യാഗ്രഹം! എഴുത്ത് ഒരു ആശ്വാസമാണ്. പിന്നിട്ട കാലത്തോടുള്ള കടപ്പാടാണ്, സംവാദമാണ്, കലഹമാണ്, വരും നാളുകളിലേക്കുള്ള കാത്തിരിപ്പാണ്, കണ്ണാടിയാണ്.     


           

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ