കേരളത്തിലെ ആദ്യ വനിതാ പത്രപ്രവർത്തക
മാധ്യമവിദ്യാർഥികളോടാണ് ഈ ചോദ്യം. ആരാണ് കേരളത്തിലെ ആദ്യ വനിതാ പത്രപ്രവർത്തക? കഴിഞ്ഞ ദിവസം അന്തരിച്ച മൂവാറ്റുപുഴ സ്വദേശി അമ്മിണി ശിവറാം എന്ന പേര് അധികമാരും അറിയാൻ ഇടയില്ല. പത്രങ്ങൾ പോലും ആ മരണം വലിയ വാർത്തയാക്കിയില്ല.
![]() |
| അമ്മിണി ശിവറാം, ഭർത്താവ് ശിവറാം. |
ചരമക്കോളത്തിൽ അമ്മിണിയുടെ മരണം റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ് - "ഫ്രീ പ്രസ് ജേർണലിൽ പ്രവർത്തിച്ച, ഇന്ത്യൻ എക്സ്പ്രസ് മുൻ അഹമ്മദാബാദ് എഡിറ്റർ ___ ഭാര്യയാണ് അമ്മിണി." ഈയടുത്ത് എക്കണോമിക്സ് നോബൽ സമ്മാനം അഭിജിത് ബാനർജിയും, ഭാര്യ എസ്തറും പങ്കിട്ടപ്പോൾ, എസ്തറിനെ അഭിജിത്തിൻ്റെ നിഴലിൽ നിർത്തിയുള്ള റിപ്പോർട്ടിങ് ഓർക്കുക. സ്ത്രീകളുടെ നേട്ടങ്ങൾ പുരുഷൻ്റെ തണലിൽ മതിയെന്ന വിധത്തിൽ വാർത്തകൾ കൈകാര്യം ചെയ്യുന്നത് തിരുത്തപ്പെടേണ്ട പ്രവണതയാണ്.
അമ്മിണി മരിച്ചു രണ്ട് നാൾ കഴിഞ്ഞപ്പോൾ ഇതേ പത്രങ്ങളിൽ അനുശോചനക്കുറിപ്പുകൾ വന്നു. ന്യൂസ് റൂമിൽ ഇന്ന് സ്ത്രീപ്രാതിനിധ്യം വർധിക്കാൻ കാരണം ആദ്യനാളുകളിൽ ഈ തൊഴിൽ ചെയ്ത അമ്മിണിയും, ലീല മേനോനും പോലുള്ള വ്യക്തികളും, അവർ നാടിന് നൽകിയ സംഭവനകളുമാണ്. ഇതിലും ഉചിതമായ ഒരു യാത്രയയപ്പ് അവർ അർഹിച്ചിരുന്നു എന്നതാണ് വാസ്തവം.
ഫ്രീ പ്രസ് ജേർണലിലെ ജോലി
എറണാകുളം സെയിന്റ് തെരേസാസ് കോളജിൽ ബിരുദവും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഇന്നത്തെ ബി എഡ് കോഴ്‌സിന് സമാനമായ ബി ടി പഠിക്കാൻ അമ്മിണിയുടെ സഹോദരി ലിസ്സൻ പറഞ്ഞിട്ട് മുംബൈയിൽ എത്തിയതാണ് വഴിത്തിരിവ്. ഫ്രീ പ്രസ് ജേർണലിൽ അന്ന് എഡിറ്റർ ഇൻ ചാർജായ എ ബി നായരാണ് മാധ്യമലോകത്തേക്കുള്ള വഴി തുറന്നുകൊടുത്തത്. ടി ജെ എസ് ജോർജ്, ബാൽ താക്കറെ, അപ്പാ റാവു, പി കെ രവീന്ദ്രനാഥ് എന്നിവർക്കൊപ്പമാണ് പത്രപ്രവർത്തനം. ആദ്യകാലങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ച ശേഷം അവരുടെ കഴിവ് തിരിച്ചറിഞ്ഞ എഡിറ്റർ വനിതാപേജിൻ്റെ മുഴുവൻ ചുമതല അവരെ ഏൽപ്പിച്ചു. ആ ജോലി അവർ ഭംഗിയായി നിർവഹിച്ചിരുന്നു. സർക്കുലേഷനിൽ കാര്യമായ വർധനവും വന്നു.
അതിനിടെയാണ് പത്രത്തിൻ്റെ ഒന്നാം പേജിൽ സോപ്പുപൊടിയുടെ പരസ്യം കൊടുക്കാൻ തീരുമാനം വരുന്നത്. ഇതിൽ പ്രതിഷേധിച്ചു, 1953ൽ അമ്മിണിയുൾപ്പടെ ഒരു കൂട്ടം പത്രപ്രവർത്തകർ അവരുടെ ജോലി രാജി വെച്ചു. ദേശീയബോധം, ആദർശം എന്നിവയിലൂന്നിയ പത്രപ്രവർത്തനമായിരുന്നു അന്നുണ്ടായിരുന്നതെന്ന് പിന്നീട് അമ്മിണി എഴുതി. ഇന്ന് കാലം മാറി. പരസ്യങ്ങളില്ലാതെ പത്രത്തിന് നിലനിൽപ്പില്ല എന്ന ഗതിയായി. മാറുന്ന കാലത്തോട് പൊരുത്തപ്പെട്ടുകൊണ്ടാണ് തൻ്റെ ശിഷ്ടകാല പത്രപ്രവർത്തനം അവർ നടത്തിയത്. ഇന്ത്യൻ എക്സ്പ്രസിൽ ഫ്രീലാൻസായി ലേഖനങ്ങൾ നൽകി. 2007ൽ തൻ്റെ ആത്മകഥയായ 'മൈ ടൗൺ, മൈ പീപ്പിൾ' പ്രസിദ്ധീകരിച്ചു.
കരിയർ വിടാനുള്ള തീരുമാനം
മകന് പത്തു വയസ്സ് തികയും വരെ കരിയറിൽ നിന്ന് മാറിനിൽക്കാൻ ഭർത്താവ് ആവശ്യപ്പെട്ടതാണ് തൊഴിലിൽ നീണ്ട ഇടവേളയ്ക്ക് കാരണം. അന്നാളുകളിലെ ജോലി അമ്മിണി ഓർക്കുന്നു. " ആദ്യമൊക്കെ ഈ തൊഴിൽ എനിക്ക് പറ്റുമോയെന്ന ആശങ്കയുണ്ടായിരുന്നു. എൻ്റെ കുടുംബസുഹൃത്താണ്
റിപ്പോർട്ടറുടെ കോപ്പിയിലെ തെറ്റുകൾ തിരുത്തുന്നതാണ് എൻ്റെ ജോലിയെന്ന് പറഞ്ഞുതന്നത്. അവിടെ ജോലി ചെയ്യുന്ന ഒരേയൊരു വനിത എന്ന നിലയിൽ ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയിരുന്നു. ടെലിപ്രിന്റർ മെസേജിലെ തെറ്റുകൾ തിരുത്തുന്നതാണ് ആദ്യം കിട്ടിയ ജോലി. അതൊന്നും പത്രത്തിൽ വരില്ല. ഒരിക്കൽ ഒരു ഫീച്ചർ എഴുതാൻ ജോർജ് ആവശ്യപ്പെട്ടു. ചെറുപ്പത്തിൽ മരണപ്പെട്ട അമ്മയുടെ ഓർമ്മകളാണ് എഴുതിയത്. അതിന് നല്ല സ്വീകാര്യത
ലഭിച്ചു. ഒരു പ്രത്യേക വനിതാ പേജ് തുടങ്ങാൻ അവർ തീരുമാനിക്കുന്നു. എനിക്കാണ് ചാർജ് ലഭിച്ചത്. വീക്കിലി പേജായി തുടങ്ങിയ ശേഷം ജനപ്രീതി കൂടുന്നത് കണ്ടപ്പോൾ ദിവസവും പേജ് ഇറക്കാൻ തീരുമാനമായി."
സംഭാവനകൾ
ഒരു പുരുഷ കേന്ദ്രീകൃത തൊഴിലിടത്തിൽ സ്വന്തമായൊരു ഇടം കണ്ടെത്തി, അതുവരെ കാര്യമായി റിപ്പോർട്ട് ഇല്ലാതിരുന്ന സ്ത്രീപക്ഷ വിഷയങ്ങളിൽ ഒരു പേജ് തന്നെ കൊണ്ടുവരാൻ അവർക്കായി. അതിന് വായനക്കാരുടെ പിന്തുണയും ലഭിച്ചു. കൂടുതൽ വനിതകൾ ഈ രംഗത്ത് കടന്നുവന്നു. വനിതാ മാധ്യമരംഗം മുന്നോട്ട് നീങ്ങാൻ ഇത് കാരണമായി.
ഒരു ചരമവാർത്തയിൽ ഓർക്കപ്പെടേണ്ട പേരല്ല അമ്മിണി ശിവറാമിന്റേത്.

അമ്മിണി ശിവറാമിനെ കുറിച്ച് ആദ്യമായി അറിയുകയാണ്
ReplyDelete:)
Delete