കഥകളുടെ സുൽത്താൻ
മലയാളം അനായാസം എഴുതാൻ എന്ത് ചെയ്യണമെന്ന് ആലോചിച്ചിട്ടുണ്ടോ? ബഷീറിനെ വായിക്കൂ എന്നാണ് ഉത്തരം. വായിക്കുന്നയാൾക്ക് മനസ്സിലാവുന്നതാണ് നല്ല രചനയുടെ ലക്ഷണമെങ്കിൽ അദ്ദേഹം എഴുത്തിൻ്റെ ഒരു സർവകലാശാലയാണ്. എങ്ങനെയാണ് ബഷീർ എഴുതിയിരുന്നത് എന്നറിയാമോ? ചുറ്റുമുള്ളതിനെ നിരീക്ഷിച്ച്, അതിൽ നിന്ന് ജീവനുള്ള കഥാപാത്രങ്ങളെ കണ്ടെത്തുന്നു. അദ്ദേഹത്തിൻ്റെ പല രചനകൾക്കും കാല-ദേശ ഭേദം മറികടക്കാൻ കഴിയുന്നെങ്കിൽ അതിന് കാരണം അവ മനുഷ്യനോട് ചേർന്ന് നിൽക്കുന്നു എന്നത് കൊണ്ടാണ്. ഹാസ്യം, ട്രാജഡി, അനുഭവം, രാഷ്ട്രീയം, പ്രണയം - അദ്ദേഹം സാഹിത്യത്തിൽ കൈ വെച്ച മേഖലകളിൽ എല്ലാം മലയാളിക്ക് ഓർക്കാൻ ഒരു വിശേഷപ്പെട്ട വായനാനുഭവം സമ്മാനിച്ചു.
എങ്ങനെയാണ് ബഷീർ എഴുതുന്നത് എന്നറിയുമോ? ഒരു കഥയുടെ രൂപം മനസ്സിൽ കിട്ടിയാൽ ഒന്ന്/രണ്ട് ദിവസം അതിനെ അവിടെത്തന്നെ വളരാൻ അനുവദിക്കും. പിന്നെയാണ് കടലാസ്സിൽ പകർത്തുന്നത്. ആദ്യ ഡ്രാഫ്റ്റ് വായിച്ച ശേഷം കുറെ തിരുത്തലുകൾ നടത്തും. വലിച്ചുനീട്ടലുകളോ, ആവശ്യത്തിൽ അധികം വർണനകളോ കൊടുക്കില്ല. കഥയിൽ ആവശ്യമില്ലാതെ ഒരു വാക്ക് പോലും ഉണ്ടാകരുതെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. അത് വായനയുടെ ഒഴുക്കിന് തടസ്സം വരുത്തും എന്നദ്ദേഹം വിശ്വസിച്ചിരുന്നു. രചന പൂർത്തിയായാൽ ഒരു ദിവസം കഴിഞ്ഞ് വീണ്ടും വായിച്ചുനോക്കും. മനസ്സിൽ കണ്ട കഥ ഏകദേശം പകർത്തിയിട്ടുണ്ട് എന്ന് ബോധ്യമാകും വരെ തിരുത്തലുകൾ തുടർന്നുപോകും. അതാണ് കഥകളുടെ എണ്ണത്തിൽ കുറവ് കാണാനാകുന്നത്. പക്ഷെ, രചനാമേന്മയിൽ ഓരോന്നും പ്രത്യേകം എടുത്തുനിൽക്കും.
ബഷീറിനെ വായിക്കുന്നത്
ഏഴാം ക്ലാസിലെ മലയാളം നാളുകളിലാണ് 'തേൻമാവ്' എന്ന കഥ പഠിക്കുന്നത്. വരുംതലമുറയ്ക്കായി മരുഭൂമി പോലൊരു പ്രദേശത്ത് മാവിൻ തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു വൃദ്ധനെയാണ് ആ രചനയിൽ പരിചയപ്പെടുത്തുന്നത്. അടുത്ത കൊല്ലം, ബാല്യകാലസഖിയുടെ ഒരധ്യായം പഠിക്കാൻ കിട്ടി. അത് വായിച്ചുകഴിഞ്ഞപ്പോൾ ബാക്കിയുള്ള ഭാഗം ക്ലാസ്സിൽ വായിക്കാമെന്ന് സെബാസ്ററ്യൻ സാർ പറഞ്ഞു. ഓരോ അധ്യായം കഴിയുമ്പോഴും ആകാംക്ഷ കൂടിവന്നു. അവസാനഭാഗങ്ങൾ എത്തിയപ്പോൾ ക്ലാസ്സാകെ നിശബ്ദം. അവസാന അധ്യായം സാറാണ് വായിച്ചത്. സാറിൻ്റെ ദൃഢമായ സ്വരത്തിൽ മജീദും, സുഹ്‌റയും ഒരുമിക്കാതെ പോകുന്നത് ഞങ്ങൾ അറിഞ്ഞു. പത്താം ക്ലാസിൽ പാത്തുമ്മയുടെ ആട് മലയാളം പാർട്ട് രണ്ടിൽ പഠിക്കാൻ ഉണ്ടായിരുന്നു. എത്ര ആവർത്തി വായിച്ചുകാണുമെന്ന് നിശ്ചയമില്ല. മലയാള വ്യാകരണം അറിയില്ല എന്നതിന് അപകർഷത തോന്നിയ എനിക്ക് "ഒരു പളുങ്കൂസ് വ്യാകരണം" എന്ന് ബഷീർ അബ്ദുൽ ഖാദറിനോട് പറയുന്ന ഭാഗം നന്നേ പിടിച്ചു. ഒരു കൂട്ടുകുടുംബത്തിൽ കുറെ നാളത്തെ ഇടവേളകൾ കഴിഞ്ഞു താമസത്തിനെത്തുന്ന എഴുത്തുകാരൻ അവിടെ നടക്കുന്ന സംഭവങ്ങൾ മനോഹരമായി വരച്ചിടുന്നു.
വിശ്വവിഖ്യാതമായ മൂക്ക് വായിച്ചപ്പോൾ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് വളരെ യോജിച്ച കഥയാണല്ലോ എന്ന് മനസ്സിലായി. മൂക്ക് എന്നത് ഇവിടെ ഒരു പ്രതീകമാണ്. അതിനെ മുതലെടുത്തു ഏണിപ്പടികൾ കയറുന്ന ആളുകൾ നമുക്ക് ചുറ്റും തന്നെയുണ്ട്. ആനവാരിയും പൊൻകുരിശും, ശബ്ദങ്ങൾ, അനർഘ നിമിഷം - ഓരോ രചനയിലും എടുത്തു പറയാൻ എന്തെങ്കിലും കാണും.
ബഷീർ എന്ന മനുഷ്യൻ
മാങ്കോസ്റ്റിൻ മാഞ്ചുവട്ടിൽ ഗ്രാമഫോൺ റെക്കോർഡ് കേട്ടിരിക്കുന്ന അദ്ദേഹത്തിൻ്റെ ചിത്രം മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞിരിക്കുന്ന ഒന്നാണ്. അദ്ദേഹത്തിനെ കാണാൻ ആർക്കും, എപ്പോഴും വരാം. വരുന്നവരെയെല്ലാം വർത്തമാനം പറയാൻ ക്ഷണിക്കും. കുട്ടികൾക്ക് ചാമ്പക്കായയോ, പേരക്കയോ, മാങ്ങയോ, കയ്യിൽ സൂക്ഷിച്ചിരിക്കുന്ന മിട്ടായിയോ കൊടുക്കും. അദ്ദേഹത്തിൻ്റെ വീട്ടിൽ ആളുകളില്ലാതെ കാണുന്നത് വളരെ അപൂർവമായിരുന്നു.
തനിക്ക് കിട്ടുന്ന കത്തുകൾക്ക് രസികൻ മറുപടികൾ അയ്ക്കാൻ അദ്ദേഹത്തിന് താല്പര്യമായിരുന്നു. രാവിലെയും, വൈകിട്ടും നടക്കാനിറങ്ങും. നാട്ടുകാരോട് വിശഷങ്ങൾ ചോദിച്ചും, പെട്ടിക്കടയിൽ ചായ കുടിച്ചും, വായനശാലയിൽ അൽപ്പനേരം പത്രങ്ങൾ നോക്കിയും സമയം ചിലവഴിക്കും. 1994ൽ അദ്ദേഹം മരിക്കുന്നതിന് അടുത്ത് വരെ ഈ ജീവിതരീതി തുടർന്നുപോന്നിരുന്നു.
2020ൽ ബഷീർ
ഏതു കാലത്തും വായിക്കാൻ പറ്റുന്ന കൃതികളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. അദ്ദേഹത്തിൻ്റെ രചനകൾക്ക് ആരാധകർ കൂടുന്നതേയുള്ളൂ. പുസ്തകങ്ങൾ ഇപ്പോഴും ബെസ്റ്റ് സെല്ലറുകളായി വിൽക്കപ്പെടുന്നു. ബഷീറിയൻ ജീവിതം ആളുകൾ ആഘോഷിക്കുന്നു. അദ്ദേഹത്തിൻ്റെ രചനകളിൽ ഗവേഷണങ്ങൾ നടക്കുന്നു. ബഷീർ മലയാളിയുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു.

Comments
Post a Comment