ഹ്യൂമൻസ് ഓഫ് തിരുവനന്തപുരം
2011ൽ ജേർണലിസത്തിൽ ഡിഗ്രി ചെയ്യാനാണ് ഇവിടെ എത്തുന്നത്. അപ്പച്ചി ഇവിടെ സ്ഥിരതാമസം ആയിട്ട് കുറെ കൊല്ലങ്ങൾ കഴിഞ്ഞിരുന്നു. കോളേജ് ഹോസ്റ്റലിൽ അൽപ്പം ചിലവേറുമല്ലോയെന്ന് കരുതി ഇവാനിയോസ് കാമ്പസിന് അടുത്തുള്ള പ്രീമിയർ ഹോസ്റ്റലിലാണ് താമസം ആരംഭിച്ചത്.
പിന്നീടുള്ള മൂന്ന് വർഷക്കാലം അവിടെയാണ് കഴിഞ്ഞുകൂടിയത്.
ഒരു പുതിയ നഗരത്തിൽ നിൽക്കുന്നതിൻ്റെ അപരിചിതത്വം കാര്യമായി ഇല്ലാതെ പോയത് ഇവിടെ നിന്ന് കിട്ടിയ സൗഹൃദങ്ങൾ കാരണമാണ്. ഒഴിവ് ദിവസങ്ങളിൽ കനകക്കുന്നിൽ കൂട്ടുകാർ കൂടും. അവിടെ ഓരോന്നും പറഞ്ഞു ഇങ്ങനെ ഇരിക്കും. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രധാന കേന്ദ്രമാണ് കനകക്കുന്ന്. പല പ്രധാന പരിപാടികളും ഇവിടെയാണ് നടത്താറുള്ളത്. മ്യൂസിയം, മൃഗശാല, പ്ലാനറ്റേറിയം, പാളയം പള്ളി, ജുമാ മസ്ജിദ്, സെൻട്രൽ ലൈബ്രറി, യൂണിവേഴ്‌സിറ്റി ലൈബ്രറി, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം - ഇതെല്ലാം കനകക്കുന്നിൻ്റെ ചുറ്റുവട്ടത്താണ്. ചില വൈകുന്നേരങ്ങളിൽ കൂട്ടുകാർ ഉള്ളപ്പോൾ ഇവിടങ്ങളിലൂടെ നടക്കും. മുഖത്ത് ചെറിയ കാറ്റ് വീശും. കൂടെ നടക്കുന്നത് പ്രിയപ്പെട്ട ആരെങ്കിലും അയാൽ വളരെ സുഖമാണ്. ഓരോ വിശേഷങ്ങൾ പറയും. അന്നത്തെ സൗഹൃദങ്ങളിൽ ഒളിച്ചുകളികൾ കുറവായിരുന്നു. ചില ആളുകൾ അവരുടെ മനസ്സ് തുറക്കുന്നത് ഇത്തരം നടത്തങ്ങൾക്കിടയിലാണ്. അവരെ ഇപ്പോഴും ഓർക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുക അങ്ങനെ നടന്ന നാളുകളാണ്.
കോളേജ് കാലം ആദ്യമൊക്കെ ഡിപ്പാർട്ട്മെന്റിൽ ഒതുങ്ങിക്കൂടി. പിന്നെ പതിയെ പതിയെ പരിപാടികളിൽ സജീവമാവാൻ തുടങ്ങി. അറ്റൻഡൻസ് കിട്ടുമെന്നത് ഒരായുധമാക്കി കോളേജിലെ പഠ്യേതര പ്രവർത്തനങ്ങളിൽ കൂടെക്കൂടി. അങ്ങനെ ചിലയാളുകളെ പരിചയപ്പെടാൻ അവസരം കിട്ടി.
അപ്പോഴും അന്തർമുഖത വിട്ടുകളഞ്ഞിരുന്നില്ല. അവിടെ 2011/ 14 ബാച്ചിൽ പഠിച്ച ___ അറിയുമോ എന്ന് ചോദിച്ചാൽ ഭൂരിപക്ഷം ആളുകളും കൈ മലർത്താനാണ് സാധ്യത. ഒരിക്കൽ മൂന്നാം വർഷം ഡിഗ്രീ ചെയ്യുമ്പോൾ ക്രിക്കറ്റ് കാണാൻ ബസേലിയോസ് ഗ്രൗണ്ടിൽ പോയി. അവിടെ അത്യാവശ്യം പ്രശസ്തനായ ഒരു രണ്ടാം വർഷ വിദ്യാർത്ഥി അടുത്തുണ്ടായിരുന്നു. അയാൾ ഞാൻ ജൂനിയർ ആണെന്ന ധാരണയിൽ അവൻ, ഡേയ് എന്നൊക്കെ സംബോധന ചെയ്യാൻ തുടങ്ങി. ഞാൻ അതത്ര കാര്യമായി എടുത്തില്ല. അൽപ്പ സമയം കഴിഞ്ഞു ഒരു കൂട്ടുകാരൻ ഇത് കേൾക്കാൻ ഇടയായി. അയാൾ അവിടെയെത്തി എന്നെ പരിചയപ്പെടുത്തി. ഈ വിദ്യാർത്ഥിക്ക് കുറച്ചുനേരം എൻ്റെ മുഖത്തു നോക്കാൻ വലിയ മടി തോന്നിയെന്നത് വേറെ കാര്യം.
ക്ലാസ്സ് കഴിഞ്ഞാൽ നേരെ ഡേവിഡ് ഏട്ടൻ്റെ കടയിൽ പോകും. അവിടെ കിട്ടുന്ന നാരങ്ങാവെള്ളം വളരെ പ്രശസ്തമാണ്. മധുരവും, ഉപ്പും സമാസമം ചാലിച്ചു തയ്യാറാക്കുന്ന 'മിക്സ്' ഡ്രിങ്കിന് ആവശ്യക്കാർ കൂടുതലാണ്. വൈകുന്നേരം കോളേജ് കുട്ടികളെ കൊണ്ട് കട നിറയും. പല കൂട്ടുകാരെയും കൊണ്ട് ഇവിടെ വന്ന് നാരങ്ങാവെള്ളം കുടിക്കുമായിരുന്നു. ഇടയ്ക്ക് ഒറ്റയ്ക്കും വരുമായിരുന്നു. കാമ്പസിൽ അന്തർമുഖരും, ബഹിർമുഖരും, പാരമ്പര്യവാദികളും, വിപ്ലവകാരികളും, എഴുത്തുകാരും, കലാകാരും, പ്രകടനപരതരും, സ്വപ്നജീവികളും സുഖമായി കഴിഞ്ഞിരുന്നു. ചില വൈകുന്നേരങ്ങളിൽ, ഫ്രണ്ട് സ്റ്റെപ്‌സിലോ, പുൽത്തകിടിയിലോ, അവിടെയുള്ള മരങ്ങളിൽ കയറിയിരുന്നോ, അല്ലെങ്കിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ മുന്പിലോ, സ്‌റ്റെപ്സ് ജങ്ക്ഷൻ സമീപത്തോ ഇരുന്ന് വിശേഷങ്ങൾ പറയും.
പൊരുതുന്നവരുടെ നാട് കൂടെയാണ് തിരുവനന്തപുരം. ഇവിടെ ജീവിക്കുന്ന സാധാരണക്കാരായ അമ്മച്ചിമാരുണ്ട്. വീടുകൾ തോറും പച്ചക്കറികൾ വിൽക്കുന്ന, പട്ടം, പാളയം മാർക്കറ്റ്, മെഡിക്കൽ കോളേജ് ഇടങ്ങളിൽ മീൻ വിറ്റു വരുമാനമാർഗ്ഗം കണ്ടെത്തുന്നവർ. ചിലർ സ്വന്തമായി ചെറിയ പെട്ടിക്കടകളോ, ഹോട്ടലോ നടത്തുന്നു. 'മക്കളെ' എന്നാണ് നമ്മളെ വിളിക്കുന്നത്. വലിയ സ്നേഹമാണ്. ഇവിടങ്ങളിൽ എപ്പോൾ പോയാലും എന്തെങ്കിലും വാങ്ങിയിരിക്കും. ചാല ചന്തയിൽ ഇവരെ കൂട്ടത്തോടെ കാണാം. എല്ലാവരുടെയും പക്കൽ നിന്ന് സാധനം വാങ്ങാൻ പണം തികയില്ലല്ലോ. ആവശ്യങ്ങളും പരിമിതം. പക്ഷെ, തോറ്റുകൊടുക്കാതെ അവർ ജീവിക്കുന്നത് കാണുമ്പോൾ തന്നെ വലിയ ആത്മവിശ്വാസമാണ്. നമ്മളുടെ പ്രായത്തിൽ ഉള്ള മക്കളോ, ചെറുമക്കളോ അവർക്ക് കാണും. അവരെ ആശ്രയിക്കാതെ, അല്ലെങ്കിൽ അവരെയും പോറ്റി ജീവിതം ജീവിച്ചുതീർക്കുന്ന പോരാളികൾ.
ആൺ/ പെൺ വ്യത്യാസം കാണാതെ നല്ല സൗഹൃദങ്ങൾ വളരാൻ സഹായിച്ച നാടാണ് തിരുവനന്തപുരം. ഇപ്പോൾ പലരും പരാതിപ്പെടുന്നത് പോലെ സദാചാര ആങ്ങളമാർ ഉള്ള നാടായിരുന്നില്ല. തിരുവനന്തപുരത്തെ രാത്രിക്കടകൾ - അവിടെ കിട്ടുന്ന ദോശ, രസവട, കട്ടൻചായ - അതിൻ്റെ സുഖം
രുചിച്ചു തന്നെയറിയണം.
മറ്റു ജില്ലകളിൽ നിന്ന് ഈ നാടിനെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം ഇവിടെ സജീവമായ ട്രാൻസ്‌പോർട്ട് ബസുകളാണ്. മിനിറ്റു തോറും ഓരോരോ ബസുകൾ വന്നുകൊണ്ടിരിക്കും. ആദ്യകാഴ്ചയിൽ ഒരു ചെറിയ നഗരം എന്ന് തോന്നിയേക്കാം. പക്ഷെ കൂടുതൽ അറിയുമ്പോൾ ആകും ഈ നഗരം ഇത്ര വലുതായിരുന്നോ എന്ന് ബോധ്യപ്പെടുന്നത്. സെക്രട്ടറിയേറ്റ് സമരങ്ങളുടെ പേരിലോ, ഇവിടെ ആളുകൾ സംസാരിക്കുന്ന ഭാഷയുടെ പേരിലോ, പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ പേരിലോ മാത്രം അറിയപ്പെടേണ്ട ഒരു തലസ്ഥാനമല്ല. നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി സജീവമായ കുറെ സ്ഥലങ്ങൾ ഇവിടെയുണ്ട്. അവയുടെ പെരുമ പലപ്പോഴും ജില്ലയ്ക്ക് ഉള്ളിൽ ഒതുങ്ങിപ്പോകുന്നു. ആളുകളുടെ കാര്യവും ഏതാണ്ട് സമാനമാണ്. ഭാഷ എന്ന സ്റ്റീരിയോടൈപ്പ് ലേബലിൽ ഇവരെ 'ചികയുന്നു'. കേൾക്കാൻ സുഖമുള്ള ഭാഷയാണ് തിരുവന്തപുരത്തുകാർ സംസാരിക്കുന്നത്. അതിന് സുന്ദരമായ ഒരു താളമുണ്ട്. വളഞ്ഞ വഴികൾ ഇല്ലാത്ത, നേരെ വാ നേരെ പോ പ്രകൃതമാണ് ഇവിടെ മിക്കവരിലും കാണാനായിട്ടുള്ളത്. നന്നായി പെരുമാറുന്നവരോട് അവർ തിരിച്ചും മര്യാദ കാട്ടും. വലിയ അഭിനയമോ, കപടതകളോ കാണിക്കാത്ത ആളുകളെയാണ് ഞാൻ കണ്ടുമുട്ടിയത്.
ഈ നഗരം വിട്ടിട്ട് വർഷം ആറ് കഴിഞ്ഞിട്ടും നഗരത്തിൽ നിന്ന് നേടിയ പലതും ഇപ്പോഴും കൂടെയുണ്ട്. തിരുവനന്തപുരം ജീവിക്കാൻ രസമുള്ള നാടാണ്. സൗഹൃദങ്ങളുടെ, ഭക്ഷണത്തിൻ്റെ, യാത്രകളുടെ, വായനയുടെ, വ്യത്യസ്തതയുടെ, ബന്ധങ്ങളുടെ, സിനിമകളുടെ ഒരു സുന്ദരമായ ലോകം നിങ്ങളെ കാത്തിരിക്കുന്നു. സാഫല്യം കോംപ്ലക്സ്, ചാല എന്ന വഴിവാണിഭത്തെരുവ്, നഗരത്തിലെ സിനിമാ തിയേറ്ററുകൾ, ഐഎഫ്എഫ്കെ (അന്താരാഷ്ട്ര ചലച്ചിത്രമേള) എന്നിവയുമായി ബന്ധപ്പെട്ട് വളരെ നല്ല ഓർമ്മകൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. നാടിനെപ്പറ്റി കേൾക്കുന്ന മുൻധാരണകളിൽ നിന്ന് മാറിനടന്നാൽ ഈ നഗരത്തെ, ഇവിടെ കഴിയുന്ന മനുഷ്യരെ നിങ്ങളും ഇഷ്ടപ്പെട്ടു തുടങ്ങും.


Comments
Post a Comment