സംഘശക്തി
ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് പരക്കെ അറിയപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ കാലടിയിലാണ് ഈ സംഭവം നടക്കുന്നത്. മിന്നൽ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിന് ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങി അവിടെ ഒരു പള്ളി സെറ്റ് നിർമ്മിച്ചു. കോവിഡ് കാലത്ത് ഷൂട്ടിങ് നിയന്ത്രണം ആണല്ലോ. ആ സമയം മുതലാക്കി ആ സെറ്റ് അടിച്ചുതകർത്ത ശേഷം അതേപ്പറ്റി പേരും നമ്പറും സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യണമെങ്കിൽ അതിൻ്റെ പിന്നിലെ ആളുകൾ ചില്ലറക്കാരായിരിക്കില്ലല്ലോ.
ഒരു വലതുപക്ഷ സംഘടനയുടെ നേതാക്കൾ എന്ന് പറയപ്പെടുന്ന ആളുകളാണ് 'ശിവൻ്റെ മണ്ണിൽ ഒരു പള്ളിക്ക് സ്ഥാനമില്ല' എന്നാഹ്വാനം ചെയ്‌തത്. കേരളത്തിൽ കഴിഞ്ഞ കുറെ നാളുകളായി വലതുപക്ഷവിശ്വാസികളുടെ എണ്ണം പെരുകുകയാണ്. നാടിനെപ്പറ്റിയുള്ള അഭിമാനങ്ങളിൽ ഒന്ന് ഇവിടെ പ്രകടമായ മതമൈത്രിയാണ്. ഓണവും, ക്രിസ്മസും, റംസാനും നമുക്ക് ഒന്നുപോലെയാണ്. എന്നാൽ, ആളുകളെ ഭിന്നിപ്പിച്ചു സംഘടനയെ വളർത്തുന്നതാണ് അവരുടെ രീതി. പണ്ട് ബ്രിട്ടീഷുകാർ ഹിന്ദുക്കളെയും, മുസ്ലീങ്ങളെയും അകറ്റാൻ ഉപയോഗിച്ച അതെ മാർഗ്ഗം.
സംവാദം
ഒരു സാധാരണ സംഘിയോട് തർക്കിക്കാൻ പോയാൽ സമയനഷ്ടമല്ലാതെ കാര്യമായി ഒരു ഗുണവും കിട്ടാൻ പോകുന്നില്ലെന്നത് അനുഭവിച്ചു മനസ്സിലായ സത്യമാണ്. അവരുടെ വിശ്വാസപ്രമാണങ്ങൾ ആരും ചോദ്യം ചെയ്യാൻ പാടില്ല. അത് മാത്രമല്ല അതിനെ അംഗീകരിക്കുകയും വേണം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചപ്പോൾ നമ്മൾ ഹിന്ദുക്കൾ എന്തിന് മുസ്ലീമിന് വേണ്ടി ശബ്ദമുയർത്തണം എന്നൊരാൾ ചോദിച്ചു. ഒരു മതത്തെ 'സംരക്ഷിക്കാൻ' മറ്റു വിശ്വാസങ്ങളെ തള്ളിപ്പറയുകയല്ല വേണ്ടത്. സ്വന്തം മതം അനുശാസിക്കുന്ന വിശ്വാസപ്രമാണങ്ങൾ മനസ്സിലാക്കി, ജീവിതത്തിൽ പകർത്തി നാടിനു മാതൃകയാക്കുകയാണ് വേണ്ടത്. തമ്മിൽ തല്ലാനും, അടിച്ചുതകർക്കാനും ഏത് മതമാണ് പഠിപ്പിക്കുന്നത്?
അസഹിഷ്ണുത
ഹൈന്ദവ ആശയങ്ങൾ പിന്തുടരുന്ന ഭാരതീയ ജനതാ പാർട്ടി 2014ൽ അധികാരമേറ്റ മുതലാണ് ഇങ്ങനെയുള്ള സംഭവങ്ങൾ വർദ്ധിച്ചുവന്നത്. സംഘികൾ പല വിധമാണ്. ചിലരെ നയിക്കുന്നത് സ്വന്തം മതത്തോടുള്ള അന്ധമായ ആരാധനയാണ്. മറ്റു മതങ്ങൾ 'നമ്മുടെ മതത്തെ' തകർക്കുന്നു എന്ന് കേട്ട മാത്രയിൽ കയറെടുക്കും.അവർക്ക് മറ്റ് മതങ്ങളോടും അവയുടെ ആചാരങ്ങളോടും പരമപുച്ഛമാണ്. സ്വന്തം മതത്തിൻ്റെ വിശ്വാസരീതികൾ ചോദ്യം ചെയ്യുന്നവരും അവർക്ക് ശത്രുക്കളാണ്.
പിന്നൊരു കൂട്ടം എന്നത് 'നമ്മുടെ മതമാണ് നാടിൻ്റെ സംസ്ക്കാരം' എന്ന് കരുതുന്നവരാണ്. ഇന്ത്യയുടെ 'പാരമ്പര്യം' സംരക്ഷിക്കാൻ ഹിന്ദുമതത്തിന് മാത്രമേ സാധിക്കൂ എന്നവർ ചിന്തിക്കുന്നു. അയോദ്ധ്യ വിഷയമടക്കം ബിജെപിയെ പിന്തുണയ്ക്കാൻ ഇക്കൂട്ടർ ഒരുങ്ങുന്നു.
ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരുണ്ട്. അവർക്ക് മറ്റു മതക്കാർ ഹിന്ദുമതത്തിൻ്റെ താഴെ നിൽക്കുന്നതാണ് താൽപ്പര്യം. കാരണം 'ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രം' ആണല്ലോ. ഹിന്ദുക്കൾ വിൽക്കുന്ന സാധനങ്ങൾ മാത്രമേ അവർ വാങ്ങൂ.
ഇവ ചോദ്യം ചെയ്യുന്നവർ നമ്മുടെ വിശ്വാസങ്ങൾ സംബന്ധിച്ച് ധാരണ ഇല്ലാത്തവരോ, കപട ലിബറൽ ചിന്താഗതിക്കാരോ ആണെന്ന് മുദ്ര കുത്തുന്നു.
വ്യക്തിയെയാണ്, അവരുടെ ചിന്തയെയല്ല അവർ എതിർക്കുന്നത്. ഒരു മതത്തിൽ വിശ്വസിക്കാൻ ആ മതസംഘടനയുടെ ഭാഗം ആകണം എന്ന് കരുതേണ്ട കാര്യമുണ്ടോ? പ്രത്യേകിച്ചും ആ മതം പറയുന്ന വിശ്വാസപ്രമാണങ്ങൾ പാലിക്കാത്തവർ അത് നയിക്കുമ്പോൾ? ഉദാഹരണങ്ങൾ സഹിതം ചൂണ്ടിക്കാട്ടാം.
- വിദ്വേഷ പ്രസംഗം: എല്ലാ മതവും പറഞ്ഞു പഠിപ്പിക്കുന്നത് മറ്റു വിശ്വസങ്ങളെ ബഹുമാനിക്കാനാണ്. ഇവിടെ ഈ മതപ്രചാരകർ വാദിക്കുന്ന ചില കാര്യങ്ങൾ കേൾക്കാം. "റംസാൻ നാളിൽ എന്തിന് ലോക്ക്ഡൗൺ ലഘൂകരിക്കുന്നു? അങ്ങനെ വിഷുവിന് ചെയ്‌തിരുന്നില്ലല്ലോ?" അർത്ഥസത്യങ്ങൾ പ്രചരിപ്പിച്ചു ആളെ കൂട്ടുന്നതിന് മുൻപ് ഇത് ഇങ്ങനെയാണോ എന്നൊന്ന് പരിശോധിക്കണ്ടേ? എല്ലാ ആഘോഷ നാളിലും ഇളവുകൾ കൊടുത്തിട്ടുണ്ടെന്ന് അപ്പോൾ കാണാം. ഇതുപോലെ നാനാവിധം കള്ളക്കഥകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന ഇവരുടെ ഐടി സെല്ലിന് കാഴ്ചക്കാർ ഉണ്ട്. ഒന്ന് ചോദിക്കട്ടെ? നിങ്ങളുടെ സുഹൃത്ത് ബഷീറിക്ക എന്ന് മുതലാണ് നിങ്ങൾക്ക് ഒരു മുസ്‌ലീം ആയത്?
- നുണ പ്രചാരണം: "കേരളത്തിലെ ദേവസ്വം ബോർഡിന് കീഴിലെ അമ്പലങ്ങളിലെ വരുമാനം ഹിന്ദുക്കൾക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് അമ്പലങ്ങൾ പുതുക്കിപ്പണിയാൻ ഉപയോഗിക്കുക." കേൾക്കുമ്പോൾ ഇവരുടെ ആവശ്യം ന്യായമെന്ന് ചിലർക്ക് തോന്നാം. വസ്തുത എന്തെന്നാൽ, കാലാകാലങ്ങളായി സർക്കാർ ചെയ്യുന്ന ഒരു കാര്യത്തെയാണ് ഇവർ ആരോപണമായി ഉന്നയിക്കുന്നത്. അമ്പലങ്ങൾ പുതുക്കുന്നതും, ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതും പിന്നെ ഏത് പണം ഉപയോഗിച്ചാണ്? ഒരു ഉദാഹരണം ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ. ഇങ്ങനെ പല പല സംഭവങ്ങളും നമുക്ക് കാണാം.
- ചരിത്രത്തിലെ വെള്ളം ചേർക്കൽ: ചില ഇല്ലാക്കഥകൾ ഉണ്ടെന്ന് നമ്മൾ വാദിച്ചു എന്ന് കരുതുക. നമ്മളെ വിശ്വസിക്കുന്ന ചിലർ അതിനെ ശരിയെന്ന് ധരിക്കാൻ ഇടയുണ്ട്. ഉദാഹരണത്തിന് ഗാന്ധിയെ വധിച്ച ഗോഡ്‌സെയെ ഒരു ദേശീയവാദിയായി ഇന്ന് പല സംഘപ്രവർത്തകരും ബഹുമാനിക്കുന്നു. പക്ഷെ ഒന്നോർത്താൽ, വിഭജനസമയത്ത് പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ന്യായമായി കിട്ടേണ്ട അവകാശം ചോദിച്ചതിനാണ് ഇയാൾ ഗാന്ധിയെ വധിക്കാൻ തുനിഞ്ഞത് എന്ന് മനസിലാക്കാം. അതായത് വർഗീയ ചിന്തയാണ് ഇന്ത്യ ആരാധിക്കുന്ന ഒരു ദേശീയനേതാവിനെ വധിക്കാൻ തുനിയാൻ കാരണം. ജവഹർലാൽ നെഹ്‌റുവിനെ വ്യകതിപരമായി അധിക്ഷേപിക്കുന്ന സംഘപ്രവർത്തകരും, അദ്ദേഹം കഴിവ്‌കെട്ട പ്രധാനമന്ത്രി ആണെന്ന് വാദിക്കുന്നവരും ഇന്ന് കുറവല്ല. എന്നാൽ ചരിത്രം പഠിക്കുന്ന ഒരാൾക്ക് ആധുനിക ഇന്ത്യയെ ഒരുക്കാൻ നെഹ്‌റു നൽകിയ സംഭാവനകൾ വിസ്മരിക്കാൻ കഴിയില്ല. തങ്ങളുടെ പരാജയങ്ങൾ മറ്റുള്ളവർക്ക് മേൽ കെട്ടിവെയ്ക്കുന്ന രീതി ആദർശരാഷ്ട്രീയം ഭൂഷണമാക്കിയവർക്ക് ചേർന്നതല്ല.
കേരളത്തിലെ വളർച്ച
എങ്ങനെയാണ് സംഘികൾക്ക് കേരളത്തിൽ വേരോട്ടമുണ്ടായത്? നരേന്ദ്രമോദി തരംഗം രാജ്യമാകെ അലയടിച്ച നാളുകളിലാണ് കേരളത്തിലെ ബിജെപി ഘടകം വളർച്ച കൈവരിക്കുന്നത്. മോദിയുടെ ഇമേജ് പാർട്ടിക്ക് ഗുണം ചെയ്തു. അതിനുശേഷം കേരളത്തിലെ ചില സമുന്നതരായ സമുദായ നേതാക്കളുമായി ധാരണയിലെത്താൻ ശ്രമിച്ചു. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരെ തങ്ങളുടെ കൂടെക്കൂട്ടാൻ അവർ പലതും ചെയ്തു. ഹിന്ദു ഭൂരിപക്ഷം വസിക്കുന്ന നാട്ടിൻപുറങ്ങളിലെ ക്ഷേത്ര ഭരണം ഏറ്റെടുത്തു. അത് ഗ്രാമപഞ്ചായത്തു തിരഞ്ഞെടുപ്പുകളിലും മറ്റും വോട്ടുകളായി പ്രതിഫലിച്ചു. ശബരിമല പോലെയുള്ള വിഷയങ്ങളിൽ വിശ്വസിസമൂഹത്തെ പ്രതിനിധീകരിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കാനായി.
ഇനിയെന്ത്
സംഘശക്തി വളരുമോ തളരുമോ എന്നത് നിൽക്കട്ടെ. അവരുടെ സ്വാധീനശക്തി അവഗണിക്കാൻ ഇനി കഴിയില്ല. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ അവർക്ക് പിന്തുണയുമായി കൂടെയുണ്ട്. അത് വോട്ടുകളായി പ്രതിഫലിക്കാത്തത് ഈയാളുകൾ പല നാടുകളിലായി ഭിന്നിക്കപ്പെട്ട് നിൽക്കുന്നതിനാലാണ്. രാജഭരണം നല്ലതെന്ന് വിശ്വസിച്ച, കേന്ദ്ര ഭരണം ഇഷ്ടപ്പെടുന്ന, ഉന്നതകുലജാതരായ ഒരു സമൂഹം ഇവിടെയുണ്ട്. അവരുടെ വിശ്വസങ്ങളോട് ചേർന്നുപോകാൻ സംഘശക്തിക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. അത് എത്രത്തോളം വളരുന്നു എന്നതിനെ ബന്ധപ്പെട്ടാകും മറ്റുവിഭാഗങ്ങളിലേക്ക് പടർന്നുകയറാൻ അവർക്കുള്ള സാധ്യത. ജനം ടിവി പോലെയുള്ള മാധ്യമങ്ങൾ, ഫേസ്‌ബുക്ക് പോലെയുള്ള ഇടങ്ങൾ അവർ ഇതിനായി വളർത്തിക്കൊണ്ടുവരുന്നു.
നിങ്ങൾ ആരെ പിന്തുടരുന്നു എന്നത് നിങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാടാണ്, സ്വാതന്ത്ര്യമാണ്. അതിനെ ബഹുമാനിക്കുന്നു. പക്ഷെ, ഒരു നാടിൻ്റെ കാതലായ മൂല്യങ്ങളെ തകർത്തെറിയുന്ന പ്രവർത്തനം തുടർന്നാൽ അതിനെതിരെ ശബ്ദമുയർത്താൻ വിമൂഖത കാട്ടരുത്. മനുഷ്യരാണ്, ജീവിതമാണ് വലുത്. മതമല്ല!

പൊളിച്ചത് ഒരു സ്വപ്നമാണ്...
ReplyDelete