നിറങ്ങൾ

നമ്മുടെ ലോകത്ത് ആകെ കറുപ്പ്, വെളുപ്പ് എന്നീ രണ്ട് നിറങ്ങൾ മാത്രമാണെങ്കിൽ എങ്ങനെയിരിക്കും? സിനിമാസംവിധായകർ പറയും - "ജീവിതത്തിൻ്റെ കയ്പ്പൻ യാഥാർഥ്യങ്ങൾ സ്‌ക്രീനിൽ കാട്ടാൻ ബ്ളാക്ക് ആൻഡ് വൈറ്റിലും നല്ല നിറം വേറെയില്ല." ദുരിതങ്ങൾ മാത്രം നിറഞ്ഞതാണോ നമ്മുടെ ജീവിതം? പല അനുഭവങ്ങളുടെ കൂടിച്ചേരലാണ് നമ്മുടെ ഓരോ ദിനവും. അതുകൊണ്ട്, പല വർണ്ണങ്ങൾ ഉള്ളതാണ് അതിന് ഭംഗി. 
കേവലം കാഴ്ചാപരമായ സുഖം മാത്രമാണോ നിറങ്ങൾ നൽകുന്നത്? അത് നമ്മളെ സൗന്ദര്യത്തെ തിരിച്ചറിയാൻ സഹായിക്കുന്നു. പ്രകൃതിയെ നാം അറിയുന്നത് നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് ആണല്ലോ. അവയിൽ കണ്ണ് കൊണ്ട് കാണുന്ന കാര്യങ്ങൾ (visual memory) മനസ്സിൽ കൂടുതൽ നാൾ നിൽക്കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. നിറമില്ലാത്ത പൂക്കളെ 
നമ്മൾ നോക്കിനിന്നെന്നു വരുമോ?
കാഴ്ച്ച കിട്ടിയവർക്ക് മാത്രമാണ് ഇതെല്ലാം ആസ്വദിക്കാൻ ആവുന്നത്. അന്ധത ഉള്ളവർക്ക് നിറമേതെന്ന് അറിയാൻ ഒരു വഴിയില്ല. കാഴ്ച്ച ഉള്ളത് വലിയ ഒരനുഗ്രഹമാണ്. നിങ്ങൾക്ക് പരസഹായമില്ലാതെ പല കാര്യങ്ങളും ചെയ്യാൻ പറ്റാതെപോകുമ്പോൾ, ഇരുട്ടിൽ വസ്തുവകകൾ പരതിനോക്കുമ്പോൾ,  
നമുക്ക് കിട്ടിയ ഭാഗ്യത്തിൻ്റെ വില നാം മനസിലാക്കുന്നു.

പ്രിയപ്പെട്ട നിറം     
ഇഷ്ടനിറത്തെ ചൂണ്ടിക്കാട്ടുക വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. നമ്മൾ ചേർത്തുപിടിക്കുന്ന ചില കാഴ്ചകൾ നോക്കാം. ആകാശത്ത് മനോഹരമായ 
പെയിന്റിങ് തീർക്കുന്ന മഴവില്ലിന് പല വർണ്ണങ്ങളാണ്.മാനത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്ക് ഇരുട്ടിൻ്റെ കറുപ്പിലല്ലേ സൗന്ദര്യം കൂടുതൽ ഉള്ളത്?  
ഒരു പക്ഷെ, നമ്മൾ കണ്ടുശീലിച്ച (conditioned) സൗന്ദര്യ-സങ്കല്പങ്ങളാണ് നമ്മളെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത് എന്ന് തോന്നിയേക്കാം. ഒരു 
നിറത്തിനോട്  പ്രത്യേകമായ ഇഷ്ടം ഇതുവരെ തോന്നിയിട്ടില്ല.  പല നിറങ്ങളുടെ കൂടിച്ചേരലിനോട് ഒരു ഇഷ്ടക്കൂടുതൽ ഉണ്ടെന്ന് പറയാം.എല്ലാ നിറങ്ങളെയും, ഒറ്റയ്ക്ക് നിൽക്കുമ്പോളും, കൂട്ടത്തിൽ പെടുമ്പോഴും ആസ്വദിക്കാൻ കഴിയാറുണ്ട്.

നിറങ്ങൾ പോലെ വൈവിധ്യം നിറഞ്ഞവരാണ് നമ്മൾ മനുഷ്യർ. ഓരോ ആളും, മറ്റൊരാളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. എല്ലാവരും, പലരാകുന്ന ഒരു ലോകക്രമത്തിനാണ് കൂടുതൽ ഭംഗി

നിറങ്ങൾ പറയുന്നത്
നിറങ്ങൾ നമ്മോട് എന്തെങ്കിലും പറയുന്നുണ്ടോ? നിറങ്ങൾ പോലെ വൈവിധ്യം നിറഞ്ഞവരാണ് നമ്മൾ മനുഷ്യർ. ഓരോ ആളും, മറ്റൊരാളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. എല്ലാവരും, പലരാകുന്ന ഒരു ലോകക്രമത്തിനാണ് കൂടുതൽ ഭംഗി. ഒരേപോലെ ചിന്തിക്കുന്ന, വസ്ത്രം ധരിക്കുന്ന, പെരുമാറുന്ന
ആളുകൾ ജീവിക്കുന്ന നാട്ടിൽ വിരസത പെരുകും. പല തരമാൾക്കാർ 
കൂടിച്ചേരുമ്പോഴാണ് ഈ ലോകം മഴവില്ല് പോലെ സുന്ദരമാവുന്നത്.
എല്ലാ കാഴ്ചകളും സുന്ദരമായിരിക്കണം എന്നില്ല. ബംഗാൾ -ഒഡീഷ തീരത്തു വലിയ നാശം വിതച്ച Amphan ചുഴലിക്കാറ്റ് അവിടം വിട്ട നാൾ ആകാശം പിങ്ക് നിറത്തിൽ കാണപ്പെട്ടു. പല മാധ്യമങ്ങളിലും ഈ വാർത്ത വലിയ പ്രാധാന്യത്തോടെ കൊടുത്തു. അതിൻ്റെ ചിത്രങ്ങൾ ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. കുറച്ചുനേരത്തേക്ക് ദുരിതത്തിൽ പെട്ട ആളുകളെ നാം മറന്നു. അവരുടെ വാർത്തകൾ, വിഷമതകൾ നമുക്ക് അപ്രസക്തമായി!
കറുപ്പും, വെളുപ്പും നിറഞ്ഞ ദിനങ്ങൾക്ക് അൽപ്പം വർണ്ണം കിട്ടുന്നത് സന്തോഷകരമായ കാര്യമാണ്. പക്ഷെ, മറ്റൊരാളുടെ ജീവിതത്തിൽ ഇരുട്ട് വീഴ്ത്തി ആഘോഷിക്കുന്ന ഹൃദയശൂന്യരാവാൻ നമ്മൾ തുനിയരുത്.





  






Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ