വിശ്വാസി/അവിശ്വാസി

ദൈവത്തെ മനസ്സിലാക്കാൻ ആത്മീയകാര്യങ്ങളിൽ വലിയ അറിവില്ലാത്ത ഒരുവൻ നടത്തുന്ന ശ്രമമാണ്. നമ്മൾ കണ്ടിട്ടില്ലാത്ത ഒന്നിനെ എങ്ങനെ വിശ്വസിക്കും? ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ ലോകത്തു പട്ടിണിയും, പരാധീനതകളും എന്തിന് തടയാതെ ഇരിക്കുന്നു? ദൈവം വിചാരിച്ചാൽ ഇവിടെ തിന്മകൾ ഇല്ലാതാവില്ലേ? ദൈവത്തെ എങ്ങനെയാണു കാണുക? പല സന്ദർഭങ്ങളിലായി നമ്മളിൽ പലരും ചോദിച്ചിട്ടുള്ള ചില കാര്യങ്ങളാണ്.
ഇതിനു മതഗ്രന്ഥങ്ങൾ നൽകുന്ന ഉത്തരം ഏതാണ്ട് സമാനമാണ്. "ദൈവം ഈ ലോകത്തെ സൃഷ്ടിച്ചു. ഇവിടെയുള്ള സകലചരാചരങ്ങളിലും വസിക്കുന്നത് ദൈവമാണ്. അവയെ സ്നേഹിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നതിന് തുല്യമാണ്. ഇവിടെ നടക്കുന്ന പ്രശ്നങ്ങൾ പലതും നമ്മൾ തന്നെ വരുത്തിവെച്ചതാണ്. അതിനെ മറ്റൊരാൾ വന്നു പരിഹരിച്ചുകൊള്ളണം എന്ന് കരുതുന്നതിൽ വലിയ അർഥമില്ല. ഒരുമിച്ചു നിന്ന്, ഗ്രന്ഥങ്ങളിൽ പറയും പ്രകാരം/ പ്രവാചകർ കാട്ടിയ വഴി പിന്തുടർന്നാൽ ഈ പ്രശ്‍നങ്ങൾ കുറെയൊക്കെ ചെറുത്തുനിൽക്കാൻ നമുക്ക് കഴിയും. അതുപോലെ പുതിയ പ്രശ്നങ്ങൾ വരാതിരിക്കാനും അത് സഹായിക്കും."  


ചോദ്യങ്ങൾ ചോദിക്കാത്ത മനുഷ്യർ 
വിശ്വാസി/അവിശ്വാസി ആളുകളുടെ എണ്ണമെടുത്താൽ വിശ്വസികൾക്കാകും മുൻ‌തൂക്കം. എന്താണ് കാരണം? മനുഷ്യന്റെ ഉള്ളിൽ 'ഭയം' എന്ന വികാരത്തിനുള്ള സ്ഥാനം വളരെ വലുതാണ്. ആദിമമനുഷ്യൻ ഭയത്തിൽ നിന്ന് മോചനം നേടാനാണ് ആരാധന തുടങ്ങിയത് എന്ന് പറയപ്പെടുന്നു. ഭയം ഉള്ളിടത്തു ചോദ്യം ചെയ്യലുകൾ കുറവാണ്. നിലവിലുള്ളതിനെ അവർ അംഗീകരിച്ചുപോരാൻ നോക്കും. പല മതങ്ങളിലും നിലനിൽക്കുന്ന അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്താൻ പല വിശ്വസികളും മടിക്കുന്നത് എന്തുകൊണ്ടാണ്? മറുഭാഗം  പറയുന്ന വാദങ്ങളേക്കാൽ അവർ വില കൊടുക്കുന്നത് ഒരു പക്ഷെ മതമേലധികാരി പറയുന്ന വാക്കുകൾക്കാകും. അവർ പറഞ്ഞതിനെ ചോദ്യം ചെയ്യാൻ പോകുന്നതിൽ നിന്ന് മനസ്സ് പിടിച്ചുനിർത്തുന്നു. ചോദ്യം ചെയ്‌താൽ ദൈവകോപം വരുമോ എന്ന് പേടിച്ചാണോ അത്? ഇതിൻ്റെ ഒരു പ്രശ്നം എന്തെന്നാൽ പല അനാചാരങ്ങൾക്കും മതത്തിന്റെ ലൈസൻസ് കിട്ടാൻ നമ്മളും ഒരു കാരണമാകുന്നു എന്നതാണ്. ചോദ്യങ്ങൾ ചോദിക്കാതെ പോയാൽ ഏത് മതവും, ഏത് വിശ്വസവും അവർ ജീവിക്കുന്ന കാലത്തോട് സംവദിക്കുന്നില്ല എന്ന് പറയണം.

ദൈവത്തെ അറിയാൻ 
എന്തെങ്കിലും ഒരു കാര്യം നിലനിൽക്കുന്നോ ഇല്ലയോ എന്ന് പരിശോധിക്കാൻ ആദ്യം ചെയ്യേണ്ടത് അതിനെ അറിയുക എന്നതാണ്. മതഗ്രന്ഥങ്ങളോ, വിശ്വാസികളോടോ സംസാരിച്ചു ദൈവത്തെ അവർ എങ്ങനെ കാണുന്നു എന്നറിയാൻ ശ്രമിക്കുക. ഞാനും പരീക്ഷിച്ചുനോക്കിയിട്ടുള്ള സംഗതിയാണ്. 
അവർ പലർക്കും ദൈവം 'പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു വലിയ  ശക്തിയാണ്.'  
പല ചിന്തകർക്കും ദൈവം എന്നാൽ പരമമായ സത്യമാണ്. എനിക്ക് എന്താണ് ദൈവം? മനസ്സ് തുറക്കാൻ ഒരു മാധ്യമം എന്ന് പറയാം. അങ്ങനെയാണ് ചെറുപ്പത്തിൽ ദൈവചിന്ത മുളയ്ക്കുന്നത്. നമ്മുടെ ബുദ്ധിമുട്ടുകൾ കണ്ടു നമ്മളെ സഹായിക്കാൻ കൂടെ നിൽക്കുന്ന ഒരാൾ ഉണ്ടെന്ന തോന്നൽ വിഷമഘട്ടങ്ങളിൽ തുണയ്‌ക്കെത്തിയിട്ടുണ്ട്. എന്നാൽ ആചാരങ്ങളോട് അന്നും ഇന്നും അകലം പാലിച്ചുനിൽക്കാനാണ് തോന്നിയിട്ടുള്ളത്. ഒരു കാലമെത്തിയപ്പോൾ 'അതിരില്ലാത്ത സ്നേഹമാണ് ദൈവം' എന്ന് തോന്നി. നമുക്ക് ചുറ്റുമുള്ളതിനെ നിർമ്മലമായി, ആത്മാർഥമായി സ്നേഹിക്കുന്നതാണ് ആരാധന എന്ന് വിശ്വസിച്ചു. അങ്ങനെയൊരു വിശ്വസപ്രമാണത്തിൽ ആണിപ്പോഴും മുന്നോട്ട് നടക്കുന്നത്.

ദൈവവാദിയും, യുക്തിവാദിയും തമ്മിൽ  
ദൈവവാദിയെയോ, യുക്തിവാദിയെയോ തിരുത്തേണ്ട ആവശ്യം 
ഉള്ളതായി തോന്നുന്നില്ല. ഇരുവർക്കും അവർ അങ്ങനെ ആയതിൽ അവരവരുടെ കാരണങ്ങൾ ഉണ്ട്. അത് ക്ഷമയോടെ കേട്ട്, അതാത് വിഷയത്തിൽ അൽപ്പം കാര്യങ്ങൾ അറിയാനാണ് താല്പര്യം. 
ഇരുകൂട്ടരും ചേർന്ന അർഥവത്തായ സംഭാഷണങ്ങൾ എൻ്റെ ശ്രദ്ധയിൽ അധികം വന്നിട്ടില്ല. ഒച്ചപ്പാടുകളും, തർക്കവും കൊണ്ട് ഉത്തരം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് എന്നാണ് ഇതുവരെയുള്ള അനുഭവം പഠിപ്പിക്കുന്നത്. ദൈവം എന്ന പരമമായ സങ്കൽപ്പത്തെ ഭക്തിമാർഗം മനസ്സിലാക്കിയവർക്ക് ആ ശക്തി  തിരിച്ചറിയാൻ വിശദീകരണങ്ങൾ വേണ്ടിവരാറില്ല. പ്രാർഥനയാണ് അവരുടെ സംവേദനമാധ്യമം. എന്ത് പ്രശ്നങ്ങൾ വന്നാലും ഈശ്വരനിലുള്ള വിശ്വാസം അവർ തള്ളിക്കളയുന്നില്ല.  
യുക്തിവാദികൾ ദൈവത്തെ ശാസ്ത്രീയതയുടെ, തെളിവുകളുടെ അടിസ്ഥാനത്തിൽ അറിയാൻ ശ്രമിക്കും. ഇവർ നേരിടുന്ന ഒരു വിമർശനം എന്നത് അവർ ഈശ്വരനെ അറിയാൻ ഉപയോഗിക്കുന്ന ചിന്താരീതിക്കും (ലോജിക്) അപ്പുറമാണ് ദൈവം എന്ന യാഥാർഥ്യം എന്നതാണ്. യുക്തിവാദികൾ ഈ ചിന്തയെ തള്ളിക്കളയുന്നു. ഇല്ലാത്ത ഒരു സങ്കൽപ്പത്തിന്മേൽ മനുഷ്യൻ തന്റെ സമയവും, ഊർജവും പാഴാക്കുന്നതായി വിമർശിക്കുന്നു. 

ദൈവത്തെ കണ്ടവരുണ്ടോ? 
ഒരു രൂപമില്ലാത്ത ഒന്നിനെ എങ്ങനെ വിശ്വസിക്കും? പ്രപഞ്ചത്തിൽ പ്രവഹിക്കുന്ന ഈ ശക്തിയെ ശാസ്ത്രം കണ്ടെത്തിയിട്ടില്ലേ? പിന്നെയും എന്തിനാണ് കെട്ടുകഥകളിൽ വിശ്വസിക്കുന്നത്? അങ്ങനെ പല ചോദ്യങ്ങൾ വിശ്വാസി നേരിടേണ്ടി വന്നേക്കാം. ഒരു ക്രിയേറ്റർ/ എല്ലാം സൃഷ്ടിച്ചയാൾ ആണ് ദൈവം എന്ന് വിചാരിക്കുക. നമുക്ക് ചുറ്റുമൊന്ന് കണ്ണോടിക്കുക. ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളാണ് നമുക്ക് ചുറ്റും കാണുന്നത്. പല കാര്യങ്ങളും നിലനിൽക്കുന്നു എന്നറിയാം. പക്ഷെ എങ്ങനെ എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്കാൻ പറ്റാറുണ്ടോ? ഉദാഹരണത്തിന് സ്നേഹം എന്ന ചിന്തയെ തന്നെയെടുക്കാം. എവിടെയോ നടന്ന ഒരു വാർത്ത കാണുമ്പോൾ ചിലപ്പോഴൊക്കെ ഉള്ളുരുകില്ലേ? അതിൽ ഉൾപ്പെട്ട ആളുകളെയോ, ആ സ്ഥലത്തെയോ പറ്റി കേട്ടുകേഴ്വി പോലും കാണുകയില്ല. പക്ഷെ അവരുടെ വേദന നമ്മുടെയും നോവായി മാറുന്നു. ചിലപ്പോൾ നമ്മൾ മനസ്സിൽ കൊണ്ടുനടന്ന ചില വിഷമതകൾ അവരുടെ രൂപത്തിൽ കണ്ടപ്പോൾ നമ്മൾ പ്രതികരിച്ചതാകാം. പക്ഷെ, ഒന്നുറപ്പാണ്. സ്നേഹമില്ലാതെ അധികകാലം ഓടാൻ ഈ ലോകത്തിന് കഴിഞ്ഞുകൊള്ളണം എന്നില്ല. സ്നേഹത്തെ പല മനുഷ്യരുടെ മുഖങ്ങളിൽ കാണുന്നതിന് നമുക്ക് പ്രയാസമില്ല. അപ്പോൾ ദൈവത്തിന് ഒരു രൂപം ഉണ്ടായിരിക്കണം എന്ന് വാശി പിടിക്കുന്നത് എന്തിന് വേണ്ടിയാണ്?
ചില സങ്കല്പങ്ങൾ വ്യക്തം ആവാൻ ആ സങ്കല്പങ്ങൾ ചിട്ടപ്പെടുത്തിയത്  എന്തുകൊണ്ടാണോ അതേ മാർഗ്ഗം കൊണ്ട് തന്നെ അതിനെ അറിയുകയാണ് മെച്ചപ്പെട്ട വഴി. അതല്ലാതെ നമുക്ക് പരിചിതമായ ചിന്താരീതിയിൽ നിന്നുകൊണ്ട് എല്ലാം അറിയണം എന്ന് പറയുന്നതിൽ വലിയ കഴമ്പില്ല. നദിയിലിറങ്ങി മുങ്ങിക്കുളിക്കുമ്പോഴല്ലേ അതിൻ്റെ  വിശേഷതകൾ മനസ്സിലാകൂ? കരയിൽ നിന്ന് കാഴ്ച കാണുമ്പോൾ 'അനുഭവം' നടക്കുന്നില്ലല്ലോ.                 
സമൂഹ വ്യവസ്ഥിതിക്ക് നേരെ കണ്ണടയ്ക്കാതെ, മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു വഴി കണ്ടേത്താൻ അയാളെ സഹായിക്കുകയാണ് മതങ്ങളുടെ/ മതപ്രചാരകരുടെ കടമ     
ആത്മീയ അനുഭവങ്ങൾ 
ചില മനുഷ്യരോട് സംസാരിക്കുമ്പോൾ തോന്നാറുണ്ട് - നമ്മൾ കീറാമുട്ടിയായി കരുതുന്ന പല പ്രശ്നങ്ങളും എത്ര ലളിതമായാണ് അവർ കൈകാര്യം ചെയ്യുന്നത്. ആത്മീയതയെപ്പറ്റി ചില സുഹൃത്തുക്കൾക്ക് വളരെ വ്യക്തത നിറഞ്ഞ കാഴ്ചപ്പാടുകളുണ്ട്. അതിന് അവരെ സഹായിച്ചത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. 
ആത്മാന്വേഷണം - ഞാൻ എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന വഴിയിൽ ദൈവത്തെ കൂട്ടുപിടിക്കുന്നവർ. 
വായന, പഠനം, പ്രഭാഷണം - മതഗ്രന്ഥങ്ങളും, മറ്റ് പുസ്തകങ്ങളും വായിച്ചു കാഴ്ചപ്പാട് രൂപപ്പെടുത്തിയവർ. 
നിരീക്ഷണം - ചില ആളുകൾ അവരുടെ കാഴ്ചപ്പാടുകൾ വികസിക്കുന്നത് നിരീക്ഷണങ്ങളിലൂടെയാണ്. 
അവരിൽ ചിലർ ദൈവത്തെ കണ്ടിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. ചിലർക്ക് കണ്ടില്ലയെങ്കിലും കുഴപ്പമില്ല. അവരുടെ കൂടെയുള്ളതായി എപ്പോഴും കരുതുന്നു. ചിലർക്ക് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നയാളെ അറിയാൻ തുനിയുന്നത് അവരുടെ ഉള്ളിലേക്ക് തന്നെയുള്ള തിരിഞ്ഞുനോട്ടമാണ്. സ്വയം വികസിക്കുന്നതോടെ അവരുടെ ആത്മീയ കാഴ്ചപ്പാടുകളും വിശാലമാകുന്നതായി അവർക്ക് അനുഭവപ്പെടാം, അനുഭവപ്പെടാതിരിക്കാം.  
പല കാര്യങ്ങളും ജീവിതത്തിൽ വേണമെന്ന് ഉദ്ദേശത്തിൽ ചെയ്യുന്നതല്ല. ചിലത് വഴിയേ വന്നുചേരുന്നതാണ്. പല വലിയ ആളുകളെപ്പോലെ സ്വപ്നദർശനം കിട്ടി എന്നൊന്നും അവകാശമില്ല. പക്ഷെ, നിനച്ചിരിക്കാത്ത സന്ദർഭത്തിൽ, ചില നന്മകൾ കിട്ടിയ സന്ദര്ഭങ്ങളുണ്ട്. ഒറ്റയ്ക്ക് കഷ്ടപ്പെടുത്താതെ പലരുടെ രൂപത്തിൽ സഹായങ്ങൾ തേടിവന്നിട്ടുണ്ട്.  
ചിലയാളുകൾക്ക് നമ്മൾ ഉപകാരമാവുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന ഒരു പ്രത്യേകതരം പ്രകാശം, അത് നൽകുന്ന ആനന്ദം എനിക്ക് മറ്റേത് ഇടത്തു പോയാലും കിട്ടില്ല. എന്നെ സംബന്ധിച്ച് അതിനു വലിയ മൂല്യമുണ്ട്. ജീവിതത്തിൽ വിലമതിക്കാനാവാത്ത സമ്പാദ്യമായി അതിനെ കാണുന്നു.  
അവിടെയാകും ഞാൻ എന്നെ കണ്ടെത്തുന്നത്. 

ബഹുസ്വരത
ആരോഗ്യകരമായ ഒരു സമൂഹവളർച്ചയ്ക്ക് ബഹുസ്വരത ഒരു അത്യാവശ്യ ഘടകമാണ്. പല വീക്ഷണങ്ങൾ നിലനിൽക്കുന്നത് മനുഷ്യനെ കൂടുതൽ സംശയാലുവാക്കുന്നു. ചോദ്യങ്ങൾ ചോദിയ്ക്കാൻ പ്രേരണ നൽകുന്നു. നേരത്തെ പറഞ്ഞതുപോലെ അതാത് കാലങ്ങളിലെ സാമൂഹിക യാഥാർഥ്യങ്ങളോട് സംവദിക്കാതെ ഒരു മതത്തിനും മുന്നോട്ട്പോകാൻ പറ്റില്ല.  
ഉദാഹരണത്തിന് ജാതിയുടെ കാര്യമെടുക്കാം. ഒരു മനുഷ്യൻ ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചത് കൊണ്ട് വലുതോ, ചെറുതോ ആകുന്നില്ല. അവിടെ മതത്തിന്റെയോ, ഈശ്വരന്റെയോ പേരിൽ അവരെ വേർതിരിക്കുന്നത് ഓരോ മതവും മുന്നോട്ട് വെയ്ക്കുന്ന പരമമായ സ്നേഹം എന്ന സങ്കൽപ്പത്തിന് വിരുദ്ധമാണ്. ആളുകളെ പല തട്ടുകളായി കാണുന്നവർക്കിടയിൽ എങ്ങനെ സ്നേഹം നിലനിൽക്കും? തീവ്രവാദത്തിന്റെ കാര്യവും ഇതുപോലെയാണ്. ഒരു മതത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ വെള്ളം ചേർത്ത് ആളുകളെ തമ്മിലടിപ്പിക്കാൻ പല കൂട്ടരും മുന്നോട്ടിറങ്ങുന്നു. അതിന് അവർ ആയുധമാക്കുന്നത് മതത്തെയാണ്. 
മനുഷ്യദുരിതങ്ങൾ എങ്ങനെ നേരിടണം എന്ന് മതങ്ങൾ പഠിപ്പിച്ചുതരുന്നുണ്ടോ? ആളുകൾ എപ്പോൾ വേണമെങ്കിലും നമ്മളെ വിട്ടുപോകാം എന്നും, ശരീരം നശ്വരമാണ് എന്ന് പറയുന്നു. അതോടൊപ്പം  
നമ്മളെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു. നമ്മൾ കാര്യമായി സ്നേഹിക്കുന്ന ഒരു വ്യക്തി നമ്മളെ വിട്ടുപോയാൽ അത് നമ്മളെ വേദനിപ്പിക്കും. ചിലരിൽ ആ വേദന വളരെകാലം നിനനിൽക്കും. ആത്മീയത പിന്തുടരുന്നവർക്ക് detachment (അകന്നു നിന്ന് കാര്യങ്ങൾ കാണൽ) ആവശ്യമെന്ന് അറിയാം. അങ്ങനെ പറ്റാത്തവർക്ക് മനഃശാന്തി കിട്ടാൻ എന്ത് ചെയ്യാം? ഫലം പ്രതീക്ഷിക്കാത്ത പ്രാർഥന ആകും മറുപടി. അറിയില്ല.  
മതം എന്ന സങ്കല്പം ജീവിതം എന്ന യാഥാർഥ്യത്തോട്, അവിടെ നമ്മൾ നേരിടുന്ന കാര്യങ്ങളോട് എങ്ങനെ സംവദിക്കുന്നു എന്നതാണ് പ്രധാനം. നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ എന്തെങ്കിലും ക്രിയാത്മകമായ മാറ്റം മതത്തിന് കൊണ്ടുവരാൻ കഴിയും എങ്കിൽ, അത് അവിടെയാണ് പ്രവർത്തിക്കേണ്ടത്. സമൂഹ വ്യവസ്ഥിതിക്ക് നേരെ കണ്ണടയ്ക്കാതെ, മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു വഴി കണ്ടെത്താൻ അയാളെ സഹായിക്കുകയാണ് മതങ്ങളുടെ/ മതപ്രചാരകരുടെ കടമ.      
  
  








 


 

   






Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ