അമ്മൂമ്മക്കിളി വായാടി

'തമ്പുരാട്ടിയേ,' അമ്മൂമ്മയെ ചില പഴയ ആളുകൾ അങ്ങനെയാണ് വിളിച്ചിരുന്നത്. കുട്ടിയായ എനിക്ക് സ്വാഭാവികമായും സംശയം തോന്നി. 'അമ്മുമ്മയെ എന്തിനാ അവർ അങ്ങനെ വിളിച്ചത്?'
'അതിപ്പോ എന്താ പറയുക. പണ്ട് അങ്ങനെ വിളിച്ചു ശീലിച്ചത് ഇപ്പോഴും ചെയ്യുന്നു,' ചിരിച്ചുകൊണ്ടുള്ള മറുപടി. ഞാൻ അങ്ങനെ ചോദിക്കാൻ സ്വാഭാവികമായി മറ്റൊരു കാരണം കൂടെയുണ്ട്. 2001 വേൾഡ് ട്രേഡ് സെന്റർ അക്രമണാനന്തര കാലം. അന്നത്തെ അറിവില്ലായ്‌മ ആകാം. അമ്മുമ്മയെ ബിൻലാദി എന്നാണ് കളിയാക്കി വിളിച്ചിരുന്നത്. ചില കാര്യങ്ങൾ പറഞ്ഞാൽ വിട്ടുതരില്ല. അങ്ങനെ ചെയ്യണ്ട എന്ന് പറഞ്ഞുകളയും. അതാണ് ഈ പേരിടാൻ അന്ന് കാരണം.
ഒരു വാഹനാപകടത്തിൽ പരസഹായമില്ലാതെ നടക്കാൻ പറ്റാതിരുന്ന അപ്പൂപ്പന് നിഴലും, വെളിച്ചവുമായിരുന്നു അമ്മൂമ്മ. "ഭാരതിയെ," പതിഞ്ഞ സ്വരത്തിൽ അപ്പൂപ്പൻ വിളിക്കും. അമ്മൂമ്മ വിളി കേൾക്കും. ചെയ്തുകൊണ്ടിരുന്ന പണി ആരെയെങ്കിലും നോക്കാൻ ഏൽപ്പിച്ചു അപ്പൂപ്പൻ്റെ അരികെ ഓടിയെത്തും. രാവിലെ അഞ്ചിന് തുടങ്ങുന്ന ദിനചര്യ. ഒരു കട്ടൻ മോന്തിയശേഷം അടുക്കളയിൽ അമ്മയെ സഹായിക്കും. 7.30 ന് അപ്പൂപ്പനെ വെളിക്കിറങ്ങാൻ കൊണ്ടുപോകും. മുറിയിലെ തന്നെ ഒരു ബേസിനിൽ ആണ് പല്ല് തേയ്ക്കുന്നതും, വായ കഴുകുന്നതും. 8.30 ന് പ്രാതൽ. ഷുഗർ ഉള്ളത്കൊണ്ട് ചില നിയന്ത്രണങ്ങൾ  പാലിക്കുന്നു.
2009ലാണ് അപ്പൂപ്പൻ്റെ മരണം. ന്യൂമോണിയ ആയിരുന്നു. ഒരു മാസത്തിലധികം ആശുപത്രിവാസം അനുഭവിച്ചു കഴിഞ്ഞാണ് ഒരു തിങ്കളാഴ്ച്ച പോയത്. പിന്നെയുള്ള 11 വർഷങ്ങൾ അമ്മൂമ്മ വിഷമം കാട്ടാതെ പിടിച്ചുനിന്നു. ചെറുപ്പത്തിൽ കുറെയേറെ ദുഃഖം അനുഭവിച്ചയാളാണ്. അതൊക്കെ എന്നോട് പറയും. ചെറുമക്കളിൽ എന്നോടാണ് വാത്സല്യം കൂടുതലെന്ന്‌ അമ്മുമ്മയുടെ മക്കളും, മരുമക്കളും പറയും. ചില കാര്യങ്ങൾ സമ്മതിപ്പിക്കാൻ എന്നെയാണ് കണ്ടിരുന്നത്. പണ്ടൊക്കെ ഇഷ്ടമുള്ളവരോട്
ഒത്തിരി സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു. ഇപ്പോൾ സംസാരം നന്നേ കുറഞ്ഞു. ഇവിടെ നിന്ന് പോകുന്നതിനെപ്പറ്റി എന്നോട് പറയും. ഞാൻ ശ്രദ്ധിച്ചു കേൾക്കും. അങ്ങനെ ഒരു പീരിയോഡിക്ക് സൈക്കിൾ പോലെ ജീവിതം തുടരുമ്പോളാണ് അമ്മുമ്മയ്ക്ക് ഒരു പുതിയ കൂട്ട് വരുന്നത്. അമ്മുമ്മയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ, "ആരാ വന്നിരിക്കുന്നത് എന്നറിയില്ലെങ്കിലും എൻ്റെ  കാര്യത്തിൽ വലിയ ശ്രദ്ധയാണ്." ഒരു ചെറിയ കിളിയാണ് കക്ഷി. രാവിലെ 7.30 ന് പൂമുഖപ്പടിയിൽ വന്ന ശേഷം വിളി തുടങ്ങും. ദേഹം തുടച്ച ശേഷം അമ്മുമ്മ അവിടെ സോഫായിൽ വന്നിരിക്കും. അതുവരെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. അമ്മുമ്മ പറയും 'മതി.' അപ്പോൾ പറന്നുപോകും. അവിടെ കണ്ണാടിയിൽ മുഖം നോക്കാൻ വരുന്നതാണ് എന്ന് പറയുമ്പോഴും, അമ്മുമ്മയുടെ കാര്യങ്ങൾ ഓർമ്മപ്പെടുത്താൻ ഒരലാറം പോലെ ഈ കിളി വരുന്നത് വീട്ടിലെല്ലാർക്കും സന്തോഷമാണ്. രാവിലെ കഴിഞ്ഞാൽ ഉച്ചസമയവും, വൈകുന്നേരവും രണ്ട് റൗണ്ടുകൾ കൂടെയുണ്ട്. അമ്മൂമ്മ എന്തൊക്കെയോ മനസ്സിൽ ചോദിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്.
ചെറുമക്കൾ ആരും വീട്ടിൽ സ്ഥിരമായി കാണാറില്ല. ഞാനും, അപ്പച്ചിയുടെ മകനും വളരെ അപൂർവ്വമായിട്ടാണ് വീട്ടിൽ ചെല്ലുന്നത്. ജോലിത്തിരക്കും, ലീവ് കിട്ടാനുള്ള ബുദ്ധിമുട്ടുമാണ് കാരണം. അങ്ങനെ ഒറ്റപ്പെടൽ അനുഭവപ്പെട്ടപ്പോൾ, ഇങ്ങനൊരു കൂട്ടുണ്ടായത് അമ്മുമ്മയ്ക്കും നല്ലതാണെന്ന് തോന്നി. 'ഇന്ന് അമ്മൂമ്മയുടെ ആള് വന്നോ?' മിക്ക ദിവസവും ഫോണിൽ ആദ്യം ചോദിക്കുന്ന കാര്യമാണ്. 'ആ..വന്നു..ആരുടെ ഭാഗ്യം കൊണ്ടാണെന്ന് അറിയില്ല ഈ പ്രായത്തിൽ ഇങ്ങനെ ഒരു കൂട്ട് വന്നല്ലോ.' ഇതുവരെ തുറന്നുപറഞ്ഞില്ലെങ്കിലും ആ കിളിയിൽ അപ്പൂപ്പനെയാണ് അമ്മൂമ്മ കാണുന്നത് എന്ന് നല്ല ബോധ്യമുണ്ട്.
2021 ജൂൺ 28, അമ്മൂമ്മ യാത്രയായതിന്റെ പിറ്റേന്ന് മൃതശരീരം സ്വീകരണമുറിയിൽ കിടത്തിയപ്പോൾ മുറ്റത്ത് ആ കിളി തലങ്ങും വിലങ്ങും പറക്കുന്നുണ്ടായിരുന്നു. 

Representative image: Birds of Kerala  
     












   




   

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ